പഴയ വീട്ടിൽ ബോറടിച്ചപ്പോഴാണ് ബാബു ചാക്കുണ്ണിയും കുടുംബവും ഇന്റീരിയർ പുതുക്കാൻ തീരുമാനിച്ചത്. ഓരോ സ്പേസിനെയും കൃത്യമായി നിർവചിച്ച് ആർക്കിടെക്ട് സോനു വർഗീസ് പുതിയ ഇന്റീരിയറൊരുക്കിയപ്പോള് വീട്ടുകാർ ഹാപ്പി! ഫർണിച്ചറും ആർട്വർക്കുകളും ഉൾപ്പെടുത്തി തൃശൂർ ഒല്ലൂരിലെ 3000 ചതുരശ്രയടിയുള്ള വീടിന്റെ അകത്തളത്തിന് പുതുമോടിയേകി.

എക്സ്പോസ്ഡ് ഫിനിഷിന് കോൺട്രാസ്റ്റ് നൽകാനും കാഴ്ചയ്ക്കുള്ള ബാലൻസ് നിലനിർത്താനുമായി പ്രൈം നിറങ്ങളാണ് ഇന്റീരിയറിൽ ഉപയോഗിച്ചതെന്ന് സോനു വർഗീസ് പറയുന്നു. ഫോർമൽ ലിവിങ്ങിനെ നേരത്തെ പ്രത്യേകമായി തിരിച്ചിട്ടുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അവിടുത്തെ തടി കൊണ്ടുള്ള അൾത്താരയായിരുന്നു ശ്രദ്ധാകേന്ദ്രം. പ്രെയർ ഏരിയയുടെ പ്രാധാന്യം അതേപടി നിലനിർത്തണമെന്നും ഫോക്കസ് അതു തന്നെയാവണമെന്നും വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു.

മരം കൊണ്ടുള്ള പുതിയ കുരിശ് ഈ ലക്ഷ്യം സഫലീകരിക്കുന്നതിനൊപ്പം ആ ഇടത്തിന് ആധുനിക സ്പർശമേകുന്നു. ഇവിടുത്തെ ഫീച്ചർ വോളിന് കോൺട്രാസ്റ്റായി നിറങ്ങൾ നൽകി. അതോടു ചേർന്നുള്ള ഡബിൾഹൈറ്റ് ചുമരിന് സിമന്റ് ടെക്സ്ചർ ഫിനിഷ് ചെയ്തു. സിമന്റിന്റെ ഗൗരവത്തിന് അയവു വരുത്താൻ ചുമരിൽ ആന്റിക് ഗോൾഡൻ ആർട് വർക് നൽകി. ചെടികളും അക്രിലിക് ആർട്ടുമെല്ലാം ചേർന്നപ്പോൾ അവിടം നിറപ്പകിട്ടുള്ളതായി മാറി.
ഓരോയിടത്തെയും കൃത്യമായി നിർവചിക്കുന്ന രീതിയിലാണ് ഫ്ലോറിങ്. ഫാമിലി ലിവിങ്ങിൽ ഇടുങ്ങിയ ഫർണിച്ചർ ലേ ഔട്ടായിരുന്നു നേരത്തെ. പ്രെയർ ഏരിയയും അവിടെ ഉൾപ്പെടുത്തിയിരുന്നു. ടിവി വോളിന് അഭിമുഖമായ പച്ച നിറത്തിലെ ലോ സീറ്റർ ലെതർ സോഫ നൽകി. ഗോവണിയുടെ കൈവരികൾക്ക് മെറ്റാലിക് കോഫീ ബ്രൗൺ നിറം നൽകി എടുപ്പേകി.

കിടപ്പുമുറികളെല്ലാം ഫീച്ചർ വോൾ നൽകി ഹൈലൈറ്റ് ചെയ്തു. മുകളിലെ മുറികളിൽ അതിന് പീകോക്ക് ബ്ലൂ നിറമാണ് ഉപയോഗിച്ചത്. താഴത്തെ നിലയിൽ ‘വാം ഷേഡു’കളും.
പഴയ പെബിൾ കോർട്ടിൽ നിറയെ ചെടികൾ വച്ച് പ്രകൃതിയെ അകത്തേക്ക് ആനയിച്ചു. ഇന്റീരിയറിനെ സജീവമാക്കാൻ നിറം, ആർട് വർക്, നാച്വറൽ ഫിനിഷ്, ടെക്സ്ചർ, ലൈറ്റിങ് എന്നീ ഘടകങ്ങളാണ് പൊതുവായി ഉപയോഗിച്ചത്.
ചിത്രങ്ങൾ: മിഥുൽ കിഴക്കിനിയേടത്ത്
കടപ്പാട്: സോനു വർഗീസ്, മിറർ വിൻഡോ ആർക്കിടെക്ട്സ്, തൃശൂർ, email - ots.sonu@gmail.com, ഫോൺ: 95678 06333