പൊളിഞ്ഞു തൂങ്ങിയ ഭിത്തികൾ, ഇടുങ്ങിയതും വെളിച്ചം കുറവുള്ളതുമായ മുറികൾ, ചിതൽപ്പുറ്റു നിറഞ്ഞ മുറ്റം... വീടിനെ പുതുക്കിയെടുക്കണമെന്ന് കരമനയിലുള്ള വിനോദിന് തോന്നാൻ നിരവധി കാരണങ്ങളുണ്ടായിരുന്നു.
‘ഗ്രാമം’ എന്ന പ്രദേശത്ത് തനിമ കളയാതെ പുതുക്കിയെടുത്ത അഗ്രഹാരങ്ങളിലൊന്ന് കാണാൻ ഇടയായതോടെ വിനോദ് അതിനു പിറകിൽ പ്രവർത്തിച്ച ആർക്കിടെക്ട് സത്യജിത്തിനെ സമീപിച്ചു. പൈതൃകസംരക്ഷണ ആർക്കിടെക്ചറിൽ ഗവേഷണം നടത്തുന്ന സത്യജിത്തിന്റെ കൈകളിൽ വീട് ഒരു പുനർജന്മം നേടിയെടുത്തതാണ് പിന്നീട് വീട്ടുകാർ കണ്ട കാഴ്ച.

കുഞ്ഞൻ പ്ലോട്ടുകളിൽ വലിയ വീടുകൾ അടുക്കിവച്ചിരിക്കുന്ന കോളനിയിൽ വിനോദിന്റെ 13 സെന്റ് വീട്ടിലേക്കു കയറുമ്പോൾ പുൽത്തകിടിയുടെ പച്ചപ്പും മുറ്റത്തെ സ്വിമിങ് പൂളും മഞ്ഞ മുളകളും കണ്ണിന് കുളിർമ പകരും.
വീടിന്റെ രണ്ടാമതൊരു ഭാഗമായാണ് അടുക്കള ഇവിടെ ഉണ്ടായിരുന്നത്. ഉൗണുമുറിയിൽ നിന്ന് തുറന്ന ഇടനാഴിയിലൂടെ വേണം പഴയ വീടിന്റെ അടുക്കളയിലെത്താൻ. പിണങ്ങി നിന്നിരുന്ന രണ്ടു ഭാഗങ്ങളെ ഒരു പാഷ്യോ വഴി രമ്യമായി സത്യജിത്ത് കൂട്ടിച്ചേർത്തതാണ് ഇവിടത്തെ പ്രധാന മാറ്റം.
പാഷ്യോയുടെ ഒരു വശത്ത് ഇരട്ടിപ്പൊക്കത്തിലുള്ള കോർട്യാർഡ്, ചെറിയ മീൻകുളം, വലിയ മരങ്ങൾ, ഇരട്ടിപ്പൊക്കമുള്ള ജാളി ഭിത്തി... അതിനിടയിലൂടെ അടുക്കളയിലേക്ക് കടക്കാൻ ഒരു ഒാപ്പൻ ഇടനാഴി വന്നതോടെ, വീട് ഒറ്റ യൂണിറ്റ് ആയി മാറി. ജാളിയിലൂടെയും ഇഷ്ടികയുടെ പ്രത്യേക കെട്ടിലൂടെയും ധാരാളം വെളിച്ചം ഇൗ പാഷ്യോയിലെത്തും. കാറ്റ് കയറിയിറങ്ങാനും ഇൗ ജാളി വർക് സഹായിക്കുന്നു.

ഇൗ ഇടനാഴിയുടെ സീലിങ് ചെയ്തിരിക്കുന്നതും രസകരമാണ്. ഇഷ്ടിക കൊണ്ട് ചെയ്തിരിക്കുന്ന ‘വോൾട്ട്’ (vault) ആണ് സീലിങ്. ഇതിൽ കോൺക്രീറ്റ് തൊട്ടുതീണ്ടിയിട്ടേ ഇല്ല. താഴെ ചെറിയ ‘കോൺകേവ്’ ആകൃതിയിലുള്ള ഇത്തരം വോൾട്ടുകൾ ഒരിക്കലും വളയില്ല എന്ന് ചരിത്രം പഠിപ്പിക്കുന്നു എന്ന് സത്യജിത്ത് ആവർത്തിക്കും. പഴയ ദേവാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ ‘ഡോമു’കൾ ഇൗ രീതിയിൽ തീർത്തിരിക്കുന്നവയാണ്. ഇൗ വോൾട്ടിന്റെ മുകളിലാണ് പുതുതായി പണിത ബെഡ്റൂം.
ഉപ്പുരസമുള്ള മണലിന്റെ ഉപയോഗവും അരിച്ചെടുക്കാത്ത മണലും സിമന്റിന്റെ കുറവുമെല്ലാം ഭിത്തികളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ടായിരുന്നു. പൊട്ടിപ്പൊളിഞ്ഞും വളഞ്ഞുമുള്ള ഭിത്തികൾക്ക് ചികിത്സ വേണമായിരുന്നു.
ചിലയിടത്ത് പുതിയ പ്ലാസ്റ്ററിങ് കൊടുത്തു, ചിലയിടത്ത് ബീമുകൾ പണിതു, ചിലയിടത്ത് പുതിയ ഭിത്തികൾ പണിതു... ഇങ്ങനെയൊക്കെയാണ് 1300 ചതുരശ്രയടിയിൽ നിന്ന് വീട്ടുകാരുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ 3000 ചതുരശ്രയടിയിലേക്ക് ആർക്കിടെക്ട് വീടിനെ മാറ്റിയത്.

പുതുതായി പണിത ഭിത്തികൾ തേയ്ക്കാതെ നിർത്തിയതും കൗതുകം ജനിപ്പിക്കുന്നു. പഴയ ഫർണിച്ചറും ഇൗ ഇഷ്ടിക ഭിത്തികളും വീടിനെ കൂടുതൽ ഉൗഷ്മളമാക്കുന്നു. തെക്ക് ദർശനമായിരുന്ന വീടിനെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് തുറക്കുന്ന പോലെയാക്കി. സുസ്ഥിര നിർമാണം പ്രോത്സാഹിപ്പിക്കുന്ന സത്യജിത്, ജനലുകളും വാതിലുകളും പരമാവധി പുനരുപയോഗിച്ചിട്ടുണ്ട് ഇവിടെ. പഴയ പത്തായവും കാൽപ്പെട്ടികളും പഴമയുടെ തനിമ നഷ്ടപ്പെടുത്താതെ ഫർണിച്ചറായി ഉപയോഗിക്കുന്നു.
പുതിയ സീലിങ്ങിന് ഫില്ലർ സ്ലാബ് ടെക്നോളജി വച്ച് വാർത്തതിനാൽ കോൺക്രീറ്റും ചെലവും കുറയ്ക്കാൻ സാധിച്ചു.
ചിതലും ചിതൽപ്പുറ്റും നിറഞ്ഞ മുറ്റത്തെപ്പോലും ആർക്കിടെക്ട് പ്രസരിപ്പുള്ളതാക്കി. നഗരഹൃദയത്തിലെ 13 സെന്റിലും മുറ്റത്ത് ഒരു സ്വിമിങ് പൂളിന് സ്ഥലമൊരുക്കി. ഇന്ന് വീട്ടുകാരുടെയും കുട്ടികളുടെയും ആക്ടിറ്റിവിറ്റി കേന്ദ്രമാണ് ഇൗ പൂൾ. പഴയ യെല്ലോ ബാംബൂവിനെ നിലനിർത്തി. പുൽത്തകിടിയും പ്ലാന്റർ ബോക്സുകളും സ്റ്റോൺ വിരിച്ച നടപ്പാതകളും ഗാർഡൻ ചെയറുകളും മുറ്റം കുളിർമയുള്ളതാക്കി. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് പൂളിലേക്ക് ഇറങ്ങാൻ പാകത്തിൽ പുറത്തേക്ക് വാതിലും കൊടുത്തു. വീടിന്റെ ശ്വാസകോശമായി മാറിയിരിക്കുന്നു ഇൗ മുറ്റമിന്ന്. ചുറ്റും വീടുകളാൽ പൊതിഞ്ഞുനിൽക്കുമ്പോഴും കാറ്റും വെളിച്ചവും കുളിർമയും കഴിയുന്നത്ര വീട്ടിലെത്തുമെന്ന് ഉറപ്പാക്കിയിട്ടുണ്ട് ആർക്കിടെക്ചർ വൈദഗ്ധ്യം.
Area: 3000 sqft Owner: വിനോദ് Location: കരമന, തിരുവനന്തപുരം Design: സത്യജിത്ത് ഇബ്ൻ Email: ibnsatyajith@gmail.com