പുതിയ നിയമങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളുമെല്ലാം നിർമാണമേഖലയെ വളരെയധികം ബാധിച്ചിട്ടുണ്ട്. നിർമാണസാമഗ്രികളുടെ വില കുത്തനെ കൂടിയതു മാത്രമല്ല, ഗൃഹനിർമാണ വായ്പകളുടെ പലിശ നിരക്ക് വർധിച്ചതും സാധാരണക്കാരന് നിരാശകരമായ വാർത്തയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം വീട് എന്ന സ്വപ്നം മാറ്റിനിർത്തേണ്ട ഒന്നല്ല. വീട് നൽകുന്ന സന്തോഷവും സുരക്ഷിതത്വവും സുപ്രധാനമാണ് എന്നതുതന്നെ കാരണം. ഇഷ്ടാനുസരണം വീട് നിർമിക്കാൻ പണം ആവശ്യമാണ്. ഇടത്തരം സാമ്പത്തികസ്ഥിതിയുള്ളവരെ സംബന്ധിച്ച് ഇതിനുള്ള പണം മുഴുവനായി എടുക്കാൻ സാധിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ബാങ്ക് ലോണുകളെ ആശ്രയിക്കേണ്ടിവരും. കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടു പോവുകയാണെങ്കിൽ ഹോം ലോൺ വലിയ ബാധ്യതയാകാതിരിക്കും.
വരവു കണ്ട് ചെലവ്
തുടർജീവിതത്തിൽ, ദീർഘമായ കാലയളവിൽ ബാധ്യത കൂടെയുണ്ടാകും എന്ന അറിവോടെ വേണം ലോൺ എടുക്കാൻ. ജോലിയിലും ബിസിനസ്സിലും അസ്ഥിരതയുള്ളവർ, ലോൺ അടച്ചു തീർക്കാനാകുമോ എന്ന ആശങ്കയുള്ളവർ ഇവരെല്ലാം ഏറ്റവും ചെറിയ തുക എടുക്കുന്നതാണ് നല്ലത്. ഹോം ലോൺ എടുത്ത തുക തീർന്നാൽ പേഴ്സണൽ ലോൺ എടുത്ത് വീടുപണി പൂർത്തീകരിക്കാം എന്നു ചിന്തിക്കുന്നത് ബുദ്ധിയല്ല. പേഴ്സനൽ ലോണിന് പലിശ കൂടുതലാണ് എന്നതുതന്നെ കാരണം. അതിനാൽ കയ്യിലുള്ള പണവും ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന പണവും ചേർത്ത് കയ്യിൽ ഒതുങ്ങുന്ന വീട് പ്ലാൻ ചെയ്യുക.
മാസവരുമാനത്തിന്റെ 25 ശതമാനത്തിലധികം പണം ഇഎംഐ അടയ്ക്കുന്ന വിധത്തിൽ ലോൺ എടുക്കാതിരിക്കുകയാണ് നല്ലത്. അതായത് ഒരു ലക്ഷം രൂപ മാസവരുമാനമുള്ളയാൾക്ക് 25,000 രൂപ ഇഎംഐ അടയ്ക്കാവുന്ന വിധത്തിൽ ലോൺ എടുത്താൽ നിത്യജീവിതം പ്രയാസങ്ങളില്ലാതെ മുന്നോട്ടു പോകാനാകും.
സ്ഥലം വാങ്ങണം അല്ലെങ്കിൽ വീട് വയ്ക്കണം എന്ന് മുൻകൂട്ടി ചിന്തിച്ച് അതിനുവേണ്ടി ചെറിയ തുക മാറ്റിവച്ചാൽ നല്ലതായിരിക്കും. അഞ്ച് അല്ലെങ്കിൽ പത്ത് വർഷം കഴിഞ്ഞ് തുടങ്ങേണ്ട ഇഎംഐ നേരത്തേ ബാങ്കിൽ നിക്ഷേപിക്കുകയാണ് വേണ്ടത്.
വീട് നിർമാണഘട്ടം രണ്ടായി തിരിച്ച് സാമ്പത്തികമായി ഒരുങ്ങാം. സ്ഥലം വാങ്ങാനുള്ള പണമുണ്ടാക്കലാണ് ആദ്യ ഘട്ടം. അഞ്ച് വർഷം നിക്ഷേപിച്ച തുക കൊണ്ട് സ്ഥലം വാങ്ങാം. തുടർന്നുള്ള അഞ്ച് വർഷം കൊണ്ട് വീട് വയ്ക്കാനുള്ള പണം സമ്പാദിക്കാം. മാസാമാസം ചെറിയ തുകയാണെങ്കിലും ബാങ്ക് നിക്ഷേപങ്ങളായോ എസ്ഐപികളിലോ മ്യൂച്ചൽ ഫണ്ടുകളിലോ നിക്ഷേപിച്ച് പണം കണ്ടെത്താം. ഇത്തരത്തിൽ സ്വരൂപിക്കുന്ന തുക പൂർണമായി എടുക്കാനുണ്ടെങ്കിൽ അതനുസരിച്ച് ലോൺ കുറയ്ക്കാം.
ലോൺ ടാക്സ് ലാഭിക്കുമോ?
ഇൻകംടാക്സ് ആനുകൂല്യങ്ങൾ ലഭിക്കാൻ ലോൺ എടുക്കുന്നതു സഹായിക്കും എന്ന ചിന്തയുടെ പ്രസക്തി പുതിയ സാഹചര്യത്തിൽ നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. നിലവിൽ നമ്മുടെ നാട്ടിൽ രണ്ട് ആദായനികുതി വ്യവസ്ഥകളാണുള്ളത്. പഴയ സ്കീമും പുതിയതും. പഴയ സ്കീമിൽ നിലനിൽക്കുന്നവർക്ക് ലോണിന്റെ പ്രിൻസിപ്പലിലേക്ക് പോകുന്ന തുകയെ 80സി വിഭാഗത്തിൽ ഉൾപ്പെടുത്താം. മാത്രമല്ല പലിശയിനത്തിൽ രണ്ട് ലക്ഷത്തിനുവരെ ടാക്സ് ഇളവും ലഭിക്കും. വീട് വാങ്ങുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടിയും 80സിയിൽ ഉൾപ്പെടുത്താം. എന്നാൽ ആദായനികുതി പരിധി ഉയർത്തിയ പുതിയ വ്യവസ്ഥയിൽ ഇത്തരം നികുതി ഇളവുകൾക്ക് സ്ഥാനമില്ല. അതുകൊണ്ടുതന്നെ ‘ന്യൂ റെജീം’ പിൻതുടരുന്നവരെ സംബന്ധിച്ച് ടാക്സ് ഇളവുകൾ പ്രതീക്ഷിച്ച് ലോൺ എടുത്തു വീടുപണിയുന്നതിൽ പ്രത്യേകിച്ച് ലാഭം ഒന്നുംതന്നെയില്ല. പുതിയ സ്കീമിനാണ് ഗവൺമെന്റ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നതിനാൽ ‘ഓൾഡ് റെജീ’മിന്റെ ഭാവി എന്താകുമെന്ന് ഉറപ്പു പറയാനുമാകില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഫ്ലോട്ടിങ് നിരക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വായ്പാ പലിശനിരക്ക് ഇപ്പോൾ കൂടുതൽ ആണെങ്കിലും കുറയാനുള്ള സാഹചര്യങ്ങളാണുള്ളത്. സാമ്പത്തിക വ്യവസ്ഥ സുഗമമായി മുന്നോട്ടു പോകാൻ വരും വർഷങ്ങളിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ചർച്ചകളിലൂടെ ലോൺ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ബാങ്കിൽ നിന്ന് വാങ്ങാൻ ശ്രമിക്കണം.
ജോലിക്കാരെ സംബന്ധിച്ച് വർഷാവർഷം ശമ്പളവർധന ഉണ്ടാകും. വർധിച്ച തുക ലോൺ നേരത്തേ തീർക്കാൻ ഉപയോഗിക്കാം. അധികം അടയ്ക്കുന്ന തുക മുതലിലേക്ക് നീക്കിവച്ച് രണ്ടോ മൂന്നോ വർഷം മുൻപ് ലോൺ അടച്ചുതീർക്കാം.