ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററിന്റെ നേതൃത്വത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആർക്കിടെക്ടുമാരുടെ അന്താരാഷ്ട്ര സമ്മേളനം ‘മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവലി’ന് (എംഎഎഫ്) മാർച്ച് 28, 29 കൊച്ചിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടൽ വേദിയാകും. എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും.
2015ൽ ആരംഭിച്ച ലിവിങ് മൺസൂൺ പദ്ധതിയുടെ പത്താം വാർഷികമായാണ് ഇത് ആഘോ ഷിക്കുന്നത്. മൺസൂൺ കാലാവസ്ഥയുള്ള മേഖലകളിലെ ആർക്കിടെക്ചർ, നഗരാസൂത്രണം, കല, കരകൗശലം, സംസ്കാരം എന്നിവ സമന്വയിപ്പിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇ ന്ത്യൻ മഹാസമുദ്ര മേഖല, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ദക്ഷിണ അമേരിക്ക എന്നിവ ഉൾപ്പെടുന്ന ട്രോപ്പിക്കൽ മൺസൂൺ, റെയിൻ ഫോറസ്റ്റ് പ്രദേശങ്ങളായി അറിയപ്പെടുന്ന കോപ്പൺ ഗെയ്ഗർ മേഖല എന്നിവിടങ്ങളിലെ വിദഗ്ധർ ഒത്തു കൂടും.
കേരളം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ സമ്മേളനം നിർണായകമായി മാറുന്നു. കേരളത്തിലെ ആർക്കിടെക്ടുമാരും ലോകമെമ്പാടുമുള്ള മൺസൂൺ മേഖലകളിലെ ആർക്കിടെക്ടുമാരും തമ്മിൽ ആശയവിനിമയം നടത്തുകയും പരസ്പരം പഠിക്കുകയും സുസ്ഥിര രൂപകൽപനകൾക്കുള്ള പരിഹാരങ്ങൾ ആലോചിക്കുകയും ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്നു ഇത്.
മൂന്നാമത് മൺസൂൺ ആർക്കിടെക്ചർ അവാർഡിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച 200ൽപരം എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത 17 പ്രോജക്ടുകൾ മൂന്ന് വിഭാഗങ്ങളിലായി വിധികർത്താക്കൾക്കു മുന്നിൽ അവതരിപ്പിക്കും. ലിവിങ് മൺസൂൺ ടീമിന്റെ പുതിയ പ്രസിദ്ധീകരണത്തിന്റെ –Living Monsoon- A Memory Excursion through a Decade of Monsoon Architecture– പ്രകാശനവും നടക്കും. പൊതുജനങ്ങൾക്കായി പ്രസിദ്ധീകരണത്തിന്റെ പ്രീ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഏഴ് പുതിയ അന്താരാഷ്ട്ര അതിഥി പ്രഭാഷകരും മുൻ വർഷങ്ങളിൽ നിന്നുള്ള 18 അന്താരാഷ്ട്ര പ്രാസംഗികരും പങ്കെടുക്കും. ലോറൻസോ ഗിമെനസ് (ബ്രസീൽ), അന്ന ഹെറിംഗർ (ജർമനി), ലിയോണാർഡ് ഇങ് (സിംഗപ്പൂർ), ആദിത്യ രംഗരാജൻ (ഇന്ത്യ), അച്മദ് ടാർഡിയാന ( ഇന്തൊനീഷ്യ), ഷിമുൽ ജാവേരി (ഇന്ത്യ), ഡങ് ങോ (വിയറ്റ്നാം) എന്നിവരാണ് പ്രധാന പ്രാസംഗികർ.
ഇത്തരം കൂട്ടായ്മകളിലൂടെ കേരളത്തിലെ ആർക്കിടെക്ചറൽ സംഭാവനകളെ ആഗോളത ലത്തിൽ ഉയർത്തിക്കാട്ടുന്നതിനൊപ്പം ഗുണമേന്മയുള്ള പ്രോജക്ടുകൾ സൃഷ്ടിക്കാനുള്ള അവസരവും സംസ്ഥാനത്തിനു ലഭിക്കുന്നുവെന്ന് െഎെഎഎ കൊച്ചി സെന്റർ ചെയർമാൻ സെബാസ്റ്റ്യൻ ജോസ് പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഭിഷേക് സേവ്യർ (കൺവീനർ), ബിനേഷ് സുകുമാർ (ട്രഷറർ), അജിത് വ്യാസ്, അൻജിത് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.