ഇരുന്നൂറിലേറെ വീടുകൾ വരച്ച ഒരാൾ സ്വന്തം വീട് ഡിസൈൻ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കും? എന്തൊക്കെ ഒഴിവാക്കും? ഈ ചോദ്യം ഇൻസൈറ്റ് ആർക്കിടെക്ചർ ഐഡിയാസിന്റെ സാരഥി റാസിമിനോട് ചോദിക്കാതിരിക്കാൻ വയ്യ. അനുഭവങ്ങൾ തുന്നിക്കൂട്ടിയുണ്ടാക്കിയ വീടിന്റെ വിശേഷങ്ങൾ റാസിമിൽ നിന്നുതന്നെ അറിയാം....

‘‘ പെട്ടെന്ന് ഒരു ദിവസം തുടങ്ങിയതല്ല ‘തനിഷ്’ എന്ന ഈ വീട്ടിലേക്കുള്ള യാത്ര. ഓരോ മുക്കും മൂലയും ചിത്രത്തിലെന്ന പോലെ വ്യക്തമായിരുന്നതിനാൽ നേരത്തേത്തന്നെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പലതും വാങ്ങിവച്ചിരുന്നു. ആന്റിക് ഉൽപന്നങ്ങളെല്ലാം യാത്രകളിൽ ശേഖരിച്ചതാണ്.
ധാരാളം വീടുകൾ ഡിസൈൻ ചെയ്ത അനുഭവസമ്പത്തിൽ നിന്ന് വീട്ടിൽ എന്തെല്ലാം വേണം, ഏതെല്ലാം ഒഴിവാക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. കന്റെംപ്രറി ശൈലി വേണ്ട എന്നത് അങ്ങനെ എടുത്ത തീരുമാനമാണ്. പടിഞ്ഞാറ് ദർശനമായതിനാൽ ബോക്സ് ടൈപ്പും അനുയോജ്യമല്ലായിരുന്നു. ഏതു കാലത്തും നിലനിൽക്കുന്ന ശൈലിയാകണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ പല ശൈലിയിലെയും പഴമയുടെ മിശ്രണത്തിനാണ് ശ്രമിച്ചത്. ഇന്റീരിയറിലും അങ്ങനെത്തന്നെ. കൊളോണിയൽ വീടുകളിൽ കാണുന്ന ചില ഘടകങ്ങളും ട്രെഡീഷണൽ വീടുകളിലെ ചില പ്രത്യേകതകളുമൊക്കെ ഇവിടെ കാണാം.
തട്ടായ പ്ലോട്ട് അനുസരിച്ച് വീട്
കൊല്ലം കേരളപുരത്താണ് 3000 ചതുരശ്രയടിയുള്ള ഈ വീട്. ചരിഞ്ഞ സ്ഥലമായതിനാൽ രണ്ട് തട്ടിലായാണ് വീടിന്റെ നിർമാണം.
കൂടുതൽ മുറികൾ നൽകാതെ, ഉള്ളത് വിശാലമാക്കാനാണ് ശ്രമിച്ചത്. ഓപ്പൺ അടുക്കളയുടെ മധ്യത്തിൽ ഡൈനിങ് കൊടുത്തത് പുതുമയാണെന്ന് പലരും പറയാറുണ്ട്. ഇത് ബാധ്യതയല്ലേ എന്ന സംശയങ്ങളും ഉയരാറുണ്ട്. അതിഥികൾ വരുമ്പോൾ ഓപ്പൺ കിച്ചൺ വൃത്തിയാക്കി വയ്ക്കാനുള്ള പെടാപ്പാട് പല വീട്ടുകാരും പറഞ്ഞ് അറിയുന്നതുകൊണ്ടുതന്നെ പ്രത്യേകമൊരു ഏരിയ വർക്കിങ് കിച്ചണ് വേണ്ടി മാറ്റിവച്ചു. 500 ചതുരശ്രയടിക്കു മുകളിൽ വരുന്ന യൂട്ടിലിറ്റി ഏരിയയുടെ ഭാഗമാണ് ഈ വർക്കിങ് കിച്ചൺ. ബാക്കിയുള്ള 2500 ചതുരശ്രയടിയുടെ മിനി പകർപ്പാണ് ഈ യൂട്ടിലിറ്റി എന്നു പറയാം. ചെറിയൊരു ഊണിടം, ഒരു കട്ടിൽ ഇടാനുള്ള സ്ഥലം, വാഷിങ് മെഷീനും ഫ്രിജിനുമുള്ള സ്ഥലം, കഴുകിയ തുണി വിരിക്കാനുള്ള ഇടം, പറമ്പിൽ നിന്നു കൊണ്ടുവരുന്ന പച്ചക്കറികൾ ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യം ഇതെല്ലാം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഓപ്പൺ അടുക്കളയിൽ ചൂടാക്കൽ പോലെ നിസ്സാര പാചകങ്ങളേ ആവശ്യം വരുന്നുള്ളൂ.
ജീവിതരീതി പ്രധാനം

ഞങ്ങളുടെ ജീവിതരീതി അനുസരിച്ചാണ് എല്ലാ ഘടകങ്ങളും ഡിസൈൻ ചെയ്തത് എന്നതാണ് മറ്റൊരു പ്രധാനകാര്യം. വീട് കാഴ്ചയിൽ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുമെങ്കിലും നമുക്ക് പലപ്പോഴും ശീലങ്ങളെ മാറ്റാനാകില്ല. അതെല്ലാം ഉൾക്കൊണ്ടാണ് ഓരോ ഘടകവും ഡിസൈൻ ചെയ്തത്. ഉദാഹരണത്തിന് വീട്ടിൽ ഇടുന്ന വസ്ത്രങ്ങൾ തേച്ച് അടുക്കിവയ്ക്കുന്ന പതിവ് ഇവിടെയില്ല. അതുകൊണ്ടുതന്നെ, കഴുകിയ തുണി ഇട്ടുവയ്ക്കാൻ കബോർഡിനുള്ളിൽ ബാസ്ക്കറ്റ് ക്രമീകരിച്ചു. താഴത്തെ വസ്ത്രം വലിക്കുമ്പോൾ മുകളിലുള്ളതൊക്കെ വീഴാതിരിക്കാൻ ഇതു സഹായിക്കും.
അക്കേഷ്യയുടെ മികവ്
നിർമാണത്തിൽ തടി വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. ആവശ്യത്തിന് നല്ല മൂത്ത അക്കേഷ്യ കിട്ടി എന്നതാണ് കാരണം. പരിചയമുള്ള സ്ഥലത്തുനിന്നു കിട്ടിയതിനാൽ ജനൽ ഫ്രെയിമിനുപോലും അക്കേഷ്യയാണ് ഉപയോഗിച്ചത്. ഫർണിച്ചറിന് കരിംതകര ഉപയോഗിച്ചു. കബോർഡുകൾക്കു ഡബ്യൂപിസിയും. അടുക്കളയിൽ മാത്രം തേക്ക് ഉപയോഗിച്ചിട്ടുണ്ട്.
മേൽക്കൂര കോൺക്രീറ്റ് ചെയ്ത് അതിനു മുകളിലാണ് ട്രസ്സ് ചെയ്തത്. എപ്പോഴെങ്കിലും ഒരു ഓട് പൊട്ടിയാൽപ്പോലും വെള്ളം താഴേക്കെത്തില്ല എന്നതാണ് ഗുണം.
കിടപ്പുമുറി വെയിലുള്ളതും ഇല്ലാത്തതും

മൂന്ന് കിടപ്പുമുറികളാണ്. കിടപ്പുമുറികളും ഉപയോഗമനുസരിച്ചാണ് ഡിസൈൻ ചെയ്തത്. ചെറിയ കുടുംബമായതിനാൽ വീടിനുള്ളിലെ സ്വകാര്യതയ്ക്ക് ആവശ്യത്തിലധികം പ്രാധാന്യം കൊടുത്തില്ല.
സ്ഥിരം ഉപയോഗിക്കുന്ന കിടപ്പുമുറിയിലാണ് ആദ്യം തന്നെ സൂര്യൻ എത്തുക. കൂടുതൽ സമയം കിടക്കണമെന്നു തോന്നുന്ന ദിവസം മറ്റൊരു കിടപ്പുമുറി ഉപയോഗിക്കാം. അവിടെ ഉച്ചയ്ക്ക് ശേഷം മാത്രമാണ് സൂര്യവെളിച്ചം തൊടുന്നത്.
സൂര്യന്റെ സഞ്ചാരപഥം മനസ്സിലാക്കി വീട് പണിതതുകൊണ്ടാണ് ഇത്തരത്തിൽ ക്രമീകരിക്കാനായത്. നിശ്ചിത ഇടവേളകളിൽ പ്ലോട്ടിലെ സൂര്യന്റെ സ്ഥാനം അടയാളപ്പെടുത്തി അതനുസരിച്ചാണ് ജനലുകളും ഓപ്പണിങ്ങുകളുമെല്ലാം സ്ഥാപിച്ചത്. കൂടാതെ, അയൽവീടുകളുടെ സ്ഥാനം കൂടി കണക്കിലെടുത്തിരുന്നു. വീട്ടുകാരുടെയോ അയൽക്കാരുടെയോ സ്വകാര്യതയ്ക്ക് ഭംഗം വരാതെ ഓപ്പണിങ്ങുകൾ മിക്കതും വീടിന്റെ മുൻÐപിൻ വശങ്ങളിലേക്കു തുറക്കുന്നു. പടിഞ്ഞാറ് നിന്നുള്ള കാറ്റ് യഥേഷ്ടം ലഭിക്കും എന്നതും ഗുണം കിട്ടി.
ഒഴിവാക്കാൻ മടിക്കേണ്ട
എളുപ്പത്തിൽ വൃത്തിയാക്കാനും പരിപാലിക്കാനും കഴിയുന്ന വിധമാണ് ഡിസൈൻ. ലൈറ്റിങ് നന്നായി ചെയ്തെങ്കിലും ജിപ്സം സീലിങ് ഒഴിവാക്കി. ആന്റിക് ശൈലിക്ക് അനുയോജ്യമായ വിധത്തിൽ കടഞ്ഞ കാലുകളാണ് ഫർണിച്ചറിന് തിരഞ്ഞെടുത്തത്. അതുകൊണ്ട് കട്ടിലിന് ഹെഡ്ബോർഡുകൾ പോലുള്ള ആർഭാടങ്ങൾ ഒഴിവാക്കി.
പ്ലോട്ടിലെ മരങ്ങൾ ഒന്നും കളയാതെ, ലളിതമായി ലാൻഡ്സ്കേപ് ചെയ്ത് പച്ചപ്പ് സംരക്ഷിക്കാനും സാധിച്ചു. മാവിന്റെ കമ്പ് മുറിക്കാതിരിക്കാൻ ബാത്റൂമിന്റെ ഉയരം കുറച്ചു എന്നതുകൂടി പറയേണ്ടിവരും. അങ്ങനെ സ്വപ്നഭവനത്തിൽ സന്തുഷ്ടജീവിതം നയിക്കുകയാണ് ഞങ്ങൾ.
ചിത്രങ്ങൾക്കു കടപ്പാട്: പ്രവീൺ
Design: Insight Architectural ideas, Kundara, Kollam Email: insightteam2012@gmail.com Phone: 99610 61363