Monday 04 April 2022 02:33 PM IST

പതിനേഴാം വയസ്സിൽ വിവാഹം, 22ൽ അമ്മയായി, ഒടുവിൽ കാൻസറും... പരീക്ഷണകാലം കടന്ന് അംബിക പിള്ള

Chaithra Lakshmi

Sub Editor

ambika-pillai-vanitha-story

ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ എസി മുറിയിലെ തണുപ്പല്ല, ഭയമാണ് െപാതിയുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരിശോധനാഫലം നോക്കി ഡോക്ടർ ശാന്തമായി പറഞ്ഞു.

‘കാൻസറാണ്. സ്തനാർബുദം.’ ആ ഒറ്റ നിമിഷം കൊണ്ട് എ ന്റെ ലോകം കീഴ്മേൽ മറിഞ്ഞു. മരണത്തോടുള്ള ഭയമായിരുന്നില്ല എന്നെ കീഴടക്കിയത്. എന്റെ മകൾ തനിച്ചായിപ്പോകുമല്ലോ എ ന്നാണ് അപ്പോൾ ഓർത്തത്.

കോവിഡിനൊപ്പം മാറിയ ജീവിതം

കുറച്ചു കാലമായി സമാധാനപൂർണമായ ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. കോവിഡ് വരുന്നതിന് തൊട്ടുമുൻപാണ് ‘അംബിക പിള്ള’ എന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കൾ വിപണിയിൽ അവതരിപ്പിച്ചത്. ഓൺലൈനിലൂടെയായിരുന്നു വിൽപന. അടുത്തിടെ ഈ ഉൽപന്നങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും ലുലു മാളിൽ നേരിട്ട് വിൽക്കാൻ തുടങ്ങി. ആ നേട്ടം ഊർജം പകർന്ന സമയത്താണ് കോവിഡിന്റെ വരവും എല്ലാം തകിടം മറിയുന്നതും.

ലോക്‌ഡൗൺ കാലത്ത് മുഴുവൻ ബ്യൂട്ടി പാർലർ അടഞ്ഞു കിടന്നു. പിന്നീട് തുറക്കാൻ അനുമതി കിട്ടിയപ്പോഴും കോവിഡ് ഭീതികൊണ്ട് പാർലറിൽ പോകുന്നത് എനിക്ക് ഒഴിവാക്കേണ്ടി വന്നു. പാർലറാകുമ്പോൾ ആളുകളുമായി അടുത്ത് ഇടപഴകേണ്ടതുണ്ടല്ലോ. സ്റ്റാഫിനോ പാർലറിലെത്തുന്നവർക്കോ പ്രശ്നമുണ്ടാകാതെ നോക്കണം. ശുചിത്വം, അണുനശീകരണം, സാമൂഹിക അകലം ഇവ കൃത്യമായി ഉറപ്പാക്കണം. ഞാൻ പാർലറിൽ നേരിട്ടു പോകാതെ അതു നടത്താനും ആകില്ല. അതുകൊണ്ട് ഡൽഹിയിലും കൊച്ചിയിലും ഉണ്ടായിരുന്ന ബ്യൂട്ടി പാർലർ അടച്ചുപൂട്ടി.

സലോണുകളിൽ നിന്നുള്ള വരുമാനം ഇല്ലാതായതോടെ പ്രതിസന്ധികൾ തുടങ്ങി. തിരുവനന്തപുരത്തെ പാർലർ മാത്രമാണ് പ്രവർത്തിക്കുന്നത്. ആ പാർലർ എന്റെ കസിനും പാർട്നറുമായ ഗോവിന്ദ് ആണ് േനാക്കുന്നത്. മറ്റു പാർലറുകൾ അടച്ച ആ സമയത്ത് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തു. ഇനി വിരമിക്കാമെന്ന്.

പതിനേഴാമത്തെ വയസ്സിലായിരുന്നു എന്റെ വിവാഹം. ഇരുപത്തിരണ്ടാം വയസ്സിൽ അമ്മയായി. ഇരുപത്തിനാലാം വയസ്സിൽ വിവാഹമോചനം നേടി. സ്വന്തം വീട്ടിൽ എത്രകാലം വേണമെങ്കിലും എനിക്ക് കഴിയാമായിരുന്നു. കൊല്ലത്തെ വ്യവസായി ഗോപിനാഥൻ പിള്ളയുടെയും ശാന്ത പിള്ളയുടെയും മകളായ ഞാൻ പക്ഷേ, സ്വന്തം കാലിൽ നിൽക്കാനാണ് മോഹിച്ചത്.

ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നതിന് ഡൽഹിയിലെത്തുമ്പോൾ മനസ്സിലെ സ്വപ്നങ്ങളും രണ്ട് വയസ്സുള്ള കുഞ്ഞുമായിരുന്നു എന്റെ ഊർജം. പരിചയമില്ലാത്ത നാട്, ഭാഷ അറിയില്ല. ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ മുടി വെട്ടാനറിയില്ല എന്ന് പറഞ്ഞ് എന്നെ പുറത്താക്കി.

ഒട്ടും എളുപ്പമായിരുന്നില്ല കരിയറിന്റെ തുടക്കം. ആ പ്രതിസന്ധികളൊന്നും എന്നെ തളർത്തിയില്ല. എനിക്കെന്റെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മൾ മാത്രം ആശ്രയമായുള്ള ഒരാൾക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനാധ്വാനം ചെയ്യുക. ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായതോടെ കഷ്ടപ്പാടുകൾ മാറി.

വിവാഹമോചനം നേടിയ ദിവസം മുതൽ ഇന്ന് ഈ നിമിഷം വരെയുള്ള എന്റെ യാത്ര മുഴുവൻ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു. എല്ലാ വെല്ലുവിളികളെയും കഠിനാധ്വാനം കൊണ്ടാണ് അതിജീവിച്ചത്.

ഇനി വിശ്രമിക്കാൻ സമയമായി എന്ന തോന്നലിലാണ് പാർലറുകൾ അടച്ചു പൂട്ടിയതും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതും. പക്ഷേ, ജീവിതത്തിൽ ഉടനീളം ഉണ്ടായ പ്രതിസന്ധികളൊന്നും ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നെ.

കാൻസറിന്റെ വരവ്

കുറേ പണമുണ്ടാക്കുന്നതോ വലിയ വീടുകളും കാറുകളും വാങ്ങുന്നതോ ഒന്നുമല്ല ജീവിതത്തിൽ പ്രധാനം. മറിച്ച് ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നു ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ടാകും എന്നെ എപ്പോഴും ഭ യപ്പെടുത്തിയിരുന്ന രോഗമാണ് കാൻസർ. ഒരുപാട് പേർ അതിജീവിക്കുന്നു. എങ്കിലും എനിക്ക് ഈ രോഗത്തോടുള്ള പേടി കൊണ്ട് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊ ക്കെ ഞാൻ പാലിച്ചിരുന്നു.

സ്തനാർബുദം തിരിച്ചറിയാനുള്ള സ്വയംപരിശോധന നടത്തേണ്ടതെങ്ങനെയെന്ന് പഠിച്ച് കൃത്യമായി ചെയ്തിരുന്നു. 40 വയസ്സിന് ശേഷം എല്ലാ വർഷവും പാപ്സ്മിയർ (ഗർഭാശയഗളത്തിലെ കാൻസർ തിരിച്ചറിയാനുള്ള പരിശോധന), രണ്ട് വർഷത്തിെലാരിക്കൽ മാമോഗ്രാം (സ്തനാർബുദം തിരിച്ചറിയാനുള്ള പരിശോധന) ഇവ മുടങ്ങാതെ ചെയ്തു. ഇടയ്ക്ക് ഫുൾ ചെക്കപ് ചെയ്തു. കോവിഡിന്റെ വരവിന് ശേഷം ഞാൻ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതേയില്ല. വല്ലപ്പോഴും അമ്മയെ കാണാൻ െകാല്ലത്ത് മാത്രം േപായി. ഹോസ്പിറ്റലിൽ പോയുള്ള പതിവ് പരിശോധനകളെല്ലാം മുടങ്ങി.

ഒരു ദിവസം കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതു പോലെ തോന്നി. ഇതിന് മുൻപ് ഇങ്ങനെ ഉണ്ടായിട്ടേയില്ല. ഞാൻ ഉടനെ പതിവായി കാണുന്ന ഫിസിഷ്യനെ വിളിച്ചു കാര്യം പറഞ്ഞു. ബിപി നിലയിലെ വ്യത്യാസം കൊണ്ടാകാം തലകറക്കം അനുഭവപ്പെടുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടിലെ ബിപി മോണിറ്ററിൽ പരിശോധിച്ചപ്പോൾ ഓരോ തവണ നോക്കുമ്പോഴും ബിപി നിലയിൽ വ്യത്യാസമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ ഡോ ക്ടർ നിർദേശിച്ച മരുന്ന് രണ്ട് ദിവസം കഴിച്ചിട്ടും തലകറക്കം മാറിയില്ല.

അതോടെ കുറേക്കാലമായി മുടങ്ങിയിരുന്ന ഫുൾ ചെക്കപ് ചെയ്യാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇഎൻടി ഡോക്ടറെ കണ്ടപ്പോൾ വെർട്ടിഗോയാണ് തലകറക്കത്തിന്റെ കാരണമെന്ന് കണ്ടെത്തി. ഡോക്ടർ പറഞ്ഞു തന്ന വ്യായാമം രണ്ട് ദിവസം ചെയ്തതോടെ തലകറക്കം മാറി. അതോടെ ടെസ്റ്റുകളുടെ കാര്യം മറന്നു.

ambika-pillai-new

പരിശോധനാഫലം വന്നപ്പോൾ ആശുപത്രിയിൽ നിന്ന് വിളിച്ചു പറഞ്ഞതനുസരിച്ച് ഞാൻ ഡോക്ടറെ കണ്ടു. പരിശോധനാഫലം നോക്കി ഡോക്ടർ പറഞ്ഞു. ‘അംബികാ... മാമോഗ്രാമിൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്ട്. ഇറ്റ് ലുക്സ് വെരി സസ്പിഷ്യസ്.’ ഞാൻ അമ്പരന്നു. ‘അപ്പോയ്ന്റ്മെന്റ് എടുത്ത് ഏതെങ്കിലും േഡാക്ടറെ കാണേണ്ടതുണ്ടോ?’ ഞാൻ ചോദിച്ചു. ‘അപ്പോയ്ന്റ്മെന്റ് ഞാനെടുത്ത് തരാം. ഉ ടനെ ഓങ്കോളജിസ്റ്റിനെ കാണണം.’ മനസ്സിൽ ആശങ്കകളുടെ കാർമേഘങ്ങൾ നിറഞ്ഞ ദിവസം.

ഓങ്കോളജിസ്റ്റ് ബയോപ്സി പരിശോധന നടത്താൻ ഏർപ്പാട് ചെയ്തു. രണ്ടു ദിവസത്തിനകം റിസൽറ്റ് വന്നു. സ്തനാർബുദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഒരു മുഖമേ എന്റെ മനസ്സിൽ തെളിഞ്ഞുള്ളൂ. കവിയുടേത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾക്ക് ആരുണ്ടാകും? വലിയ കുടുംബമാണ് എന്റേത്. അമ്മ, മൂന്ന് സഹോദരിമാർ, കസിൻസ്... എല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാലും എന്റെ അമ്മ മനസ്സ് പിടഞ്ഞു. കവി ഒറ്റക്കുട്ടിയാണ്. മാതാപിതാക്കൾ വിവാഹമോചിതരും.

ambika-vanitha

കരുത്തോടെ ഞാൻ തിരികെയെത്തും

എന്റെ മുഖത്തെ തകർന്ന ഭാവം കണ്ട് ഡോക്ടർ ആശ്വസിപ്പിച്ചു. ‘അംബികാ... യു ആർ ലക്കി. വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞല്ലോ. അതുകൊണ്ട് പേടിക്കേണ്ടതില്ല.’ തലകറക്കമുണ്ടായിരുന്നില്ലെങ്കിൽ നാലോ അഞ്ചോ വർഷം കഴിഞ്ഞ് ചെക്കപ് ചെയ്യുമ്പോഴേ അർബുദം കണ്ടെത്താൻ സാധ്യതയുള്ളൂ. അപ്പോഴേക്കും കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം പടർന്നേനെ. കാര്യങ്ങൾ കൈവിട്ടു പോ യേനെ. നേരത്തെ കണ്ടെത്തിയത് കൊണ്ട് കീമോതെറപ്പി വേണ്ടി വന്നില്ല. സർജറിക്ക് ശേഷം റേഡിയേഷൻ തെറപ്പിയാണ് ചെയ്തത്.

അഞ്ചോ പത്തോ വർഷം ഹോർമോൺ തെറപ്പി വേണം. ആദ്യ രണ്ട് വർഷം മൂന്നു മാസം കൂടുമ്പോഴും പിന്നീടുള്ള മൂന്ന് വർഷം ആറു മാസം കൂടുമ്പോഴും പരിശോധനയുണ്ട്. പ്രശ്നങ്ങളൊന്നുമില്ലാതെ അഞ്ച് വർഷം കടന്ന ശേഷം ഡോക്ടർ പറയും ഞാൻ കാൻസറിനെ അതിജീവിച്ചെന്ന്. ഇപ്പോൾ ഞാൻ ശക്തമായി െപാരുതുകയാണ് ഈ രോഗത്തോട്. എനിക്ക് ഉറപ്പുണ്ട് േരാഗത്തെ അതിജീവിച്ച് ഏറ്റവും കരുത്തോടെ ഞാൻ തിരികെ വരും.

സർജറി, റേഡിയേഷൻ, മരുന്നുകൾ. കടുത്ത വേദനയും അസ്വസ്ഥതകളും നിറഞ്ഞ സമയമാണ് കടന്നുപോ യത്. കവി എന്റെ ജീവിതത്തിലില്ലായിരുന്നെങ്കിൽ ഞാൻ തളർന്നു പോയേനെ. മോളാണ് എന്റെ കാര്യങ്ങളെല്ലാം നോക്കിയത്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണം ഇ തെല്ലാം ഉറപ്പ് വരുത്തുന്നത് കവിയാണ്. എന്റെ കുടുംബത്തിന്റെ സ്നേഹവും എനിക്ക് ആശ്വാസമേകി.

രോഗവിവരമറിഞ്ഞ് മുംബൈ, ഡൽഹി, ദക്ഷിണേന്ത്യ ഇങ്ങനെ പല ഇടങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് വിഡിയോ കോളിലെത്തി എനിക്കു വേണ്ടി പ്രാർഥന നടത്തി. ആ കാഴ്ച കണ്ട് കണ്ണ് നിറഞ്ഞു. ‘അംബിക മാമിന് വേണ്ടി അമ്പലത്തിൽ വഴിപാട് കഴിച്ചു. പള്ളിയിൽ മെഴുകുതിരി തെളിയിച്ചു.’ ഇങ്ങനെ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ നൂറ് കണക്കിന് സന്ദേശമാണ് ദിവസവും േതടിയെത്തുന്നത്. ചുറ്റുമുള്ളവരുടെ കരുതലും സ്നേഹവും രോഗത്തോട് പൊരുതാൻ സഹായിക്കുമെന്നാണ് അനുഭവം.

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണ് ഏ റ്റവും സന്തോഷമുളള നിമിഷങ്ങളൊരുക്കുന്നതെന്ന് തോ ന്നാറുണ്ട്. ആ സമയത്ത് കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് പോലും നമ്മൾ മൂല്യം കൽപിക്കും. ചെറിയ നേട്ടങ്ങൾ വ ലിയ നേട്ടങ്ങളായി തോന്നും.

ചെറിയ വെല്ലുവിളി മറികടക്കുമ്പോൾ വലിയ വിജയം നേടിയ സന്തോഷം തോന്നും. അർബുദത്തോടുള്ള പോരാട്ടം വിജയിച്ച് പുതിയ ആളായി എത്തുമ്പോഴും ഈ നിമി ഷങ്ങളാകും എന്റെ കരുത്ത്.