Monday 09 December 2019 04:30 PM IST

44 ഇഞ്ച് വട്ടത്തിലുള്ള പാത്രത്തിൽ 50 വിഭവങ്ങൾ, 4 കിലോ ഭാരം, വില 1784 രൂപ; ഇത് രുചികളിലെ അമരേന്ദ്ര ബാഹുബലി

Vijeesh Gopinath

Senior Sub Editor

bahubali-meals ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചെന്നൈ മെയിൽ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ... വക്കു പൊട്ടിയ പപ്പടം പോലുള്ള കംപാർട്മെന്റാണെന്നു വിചാരിച്ചാണു കോട്ടയത്തു നിന്ന് അ കത്തേക്ക് കയറിയത്. പക്ഷേ, കോഫീഹൗസിലെ കട്‌ലറ്റിന്റെ കൂടെ കിട്ടുന്ന ടുമാറ്റോ സോസിന്റെ ചുവപ്പില്ലേ? അതിൽ‌ മുങ്ങി നിവർന്നതു പോലെ വെടിച്ചില്ല് കോച്ചുകൾ. അകത്ത് മൊത്തത്തിൽ ഒരു വെളിച്ചം ഉണ്ട്.

ഇനി വേണ്ടത് ‘നമ്പർ ട്വന്റി മദ്രാസ് മെയിലി’ലെ ഇന്നസെന്റിന്റെ മനസ്സുള്ള ഒരു ‍ടിടിഇ മാമനെയാണ്. ‘ഇന്നെങ്കില്‍ നാളെ വരും നാളേങ്കിൽ മറ്റന്നാൾ വരും എന്നെങ്കിലും എപ്പളും വരും ഠോണിക്കുഠാ...’ എന്നാ പാടുന്ന ആളാണെങ്കില്‍ പൊരിക്കും. കാരണം, മസാല ദോശയ്ക്കൊപ്പം ‘ഒളിച്ചോടി വരുന്ന’ ഉഴുന്നുവടയുടെ അവസ്ഥയിലാ ടിക്കറ്റ്. എപ്പോ വേണമെങ്കിലും കാൻസലായേക്കാം. ഒടുവിൽ ടിടിഇ വന്നു. യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും പറഞ്ഞതോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ടിക്കറ്റ് കൺഫേംഡ്...’

‘യൂട്യൂബ് സാമ്പാറി’ലൊന്നു മുങ്ങിത്തപ്പിയപ്പോൾ കിട്ടിയ മുരിങ്ങക്കാ പോലുള്ള ഒരു വിഡിയോ, അതിലെ നാൽപ്പത്തി നാലിഞ്ച് വട്ടത്തിൽ വെള്ളിത്തിളക്കമുള്ള താലി പാത്രം നിറഞ്ഞിരിക്കുന്ന അൻപത് വിഭവങ്ങൾ. പേര് ബാഹുബലി താലി. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താലി മീൽസ് എന്നാണ് പരസ്യ വാചകം. മുൻകൂട്ടി ബുക്ക് ചെയ്താലേ അതു കിട്ടൂ. ശനി, ഞായർ ദിവസങ്ങളാണെങ്കിൽ രണ്ടു ദിവസം മുൻപേ ഉറപ്പിച്ചില്ലെങ്കിൽ സംഭവം കിട്ടില്ല. താലി കിട്ടി. അപ്പോൾ പിന്നെ, തിന്നു മരിക്കാൻ‌ ടിക്കറ്റ് കൺഫേമായോ എന്നു നോക്കി നിൽക്കാൻ പറ്റുമോ? ഇല്ല, പറ്റില്ല... അങ്ങനെ പുറപ്പെട്ടതാണ്.

bahu-2

ബലിബലി... ബാഹുബലി

ചെന്നൈയിൽ ചെന്നിറങ്ങിയപ്പോഴേ രണ്ടുകാര്യം തീരുമാനിച്ചു. ഒന്ന്– മറീനാ ബീച്ചിലെ മീൻകടകൾ തുടങ്ങി മുരുകൻ ഇഡ്ഡലിയും പലതരം ബിരിയാണികളുമെല്ലാം മാടി മാടി വിളിക്കും. ‘പോരുന്നോ’ എന്നു തിരിച്ചും മറിച്ചും ചോദിക്കും, പക്ഷേ നമ്മൾ മാറ്റി പറയരുത്, പൊന്നുസ്വാമീടെ ഹോട്ടലിൽ ‘ധ്യാനം’ കൂടാൻ വന്നതാണെന്നേ പറയാവൂ...

രണ്ട്– ബ്രേക്ക് ഫാസ്റ്റ് ഫാസ്റ്റിങ് നടപ്പാക്കണം. അതായത്, ഉച്ചയ്ക്ക് ഫൂഡ് ഉജ്ജ്വലമാക്കാൻ പോകുമ്പോൾ എടുക്കേണ്ട പ്രത്യേകതരം ഡയറ്റാണ്. രാവിലെ ഒരു കാപ്പി മാത്രം കുടിച്ച് വിശപ്പടക്കുക. 12 മണിക്ക് യുദ്ധം ആരംഭിക്കുക.

ഗൂഗിൾ ചേച്ചി നേരെ നുങ്കമ്പാക്കത്തേക്ക് വഴി പറയുന്നുണ്ട്. വയറ്റിൽ കിടന്ന് വിശപ്പ് നിർത്താതെ ഹോണടിക്കുന്നതു കൊണ്ടാകാം ക്ഷമയുടെ നെല്ലിപ്പലകയിലാണ് നിൽക്കുന്നത്. അകലെ നിന്നേ ആ ബോർഡ് കണ്ടു, പൊന്നുസ്വാമി ബാഹുബലി താലി...

‘ബാഹുബലി 2’ ൽ ആക്രാന്തിച്ചു നിൽക്കുന്ന ആനയുടെ നെറുകയിലേക്ക് പറന്നു കയറുന്ന പ്രഭാസിനെ പോലെ രണ്ടാം നിലയിലേക്കുള്ള പടികൾ ചാടിക്കയറി. വാതിൽ തുറന്നത് കട്ടപ്പയല്ല, കെ. അനിൽകുമാർ ആണ്. ഹോട്ടലിന്റെ ഒാപ്പറേഷൻസ് മാനേജർ.

‘‘ഇന്ന് തിരക്കു കൂടുതലുള്ള ദിവ സമാണ്. ആഴ്ചയുടെ അവസാന രണ്ടു ദിവസങ്ങളിൽ ഇങ്ങനെയാണ്. ഉച്ചയ്ക്കുള്ള ബാഹുബലി താലി പന്ത്രണ്ടു മുതൽ നാലു മണിവരെ ആളുകളിരുന്നു കഴിക്കും. ഇതിൽ എന്തൊക്കെയുണ്ടെന്ന് പറഞ്ഞറിയിക്കുന്നതിനെക്കാൾ കഴിച്ചറിയുന്നതാണ് നല്ലത്. എന്നാലും എന്താണ് ‘ക ഥ’യെന്നു പറഞ്ഞു തരാം. ഘടാഘടിയൻ താലി പാത്രത്തിൽ എല്ലാ വിഭവങ്ങളും നിരത്തി വയ്ക്കും. അതിൽ നിന്നാണ് എടുത്തുകഴിക്കേണ്ടത്. നാലുപേർക്ക് പാട്ടുംപാടി കഴിക്കാം. നോൺ വെജ് വിഭവങ്ങളും വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകും. വില ജിഎസ്ടി ഉൾപ്പടെ 1784 രൂപ.’’ വാതിൽ തുറന്നാൽ രണ്ടു ചോദ്യങ്ങൾ നേരിടണം. ഒന്ന് ‘താലി ബുക്ക് ചെയ്തിട്ടുണ്ടോ?’ പിന്നെ, ‘എത്ര പേരുണ്ട് ?’ അതു കഴിഞ്ഞാൽ ടോക്കൺ തരും.

അങ്ങനെ സീറ്റു കിട്ടി. ഇനി താലി എപ്പോൾ വരും? അനിൽകുമാർ അടുക്കളവാതിൽ ചൂണ്ടിക്കാണിച്ചു. ‘‘ഇപ്പോ വരും. നോക്കിക്കോ... ’’

അകത്തു അൻപതു തരം രുചിയുടെ വൺഡേ മാച്ച് നടക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ?

വാതിൽ തുറന്നു. തടിമിടുക്കുള്ള രണ്ടുപേർ പാത്രം സൂക്ഷിച്ച് പിടിച്ചു കൊണ്ടുവരുന്നു. ഏതാണ്ട് നാലു കിലോയ്ക്കടുത്ത് ഭാരം ഉണ്ട്. മേശപ്പുറത്ത് പാത്രം നിറഞ്ഞു കവിഞ്ഞു നിന്നു. ഒരു റൗണ്ട് നോക്കി, ഒന്നും പിടികിട്ടിയില്ല. ചിക്കനും മട്ടനും പരിപ്പും പായസവും പപ്പടവും പഴവും അങ്ങനെ കിട്ടാവുന്ന രുചികൾ കൊണ്ടെല്ലാം ഒരു പൂക്കളമിട്ടതു പോലുണ്ട്. അടിപൊടി ഡിസൈൻ.

ഭക്ഷണം മുന്നിൽ വന്നാൽ സാധാരണ ഉണ്ടാവാത്ത ഒരു ലോഡ് സംശയങ്ങൾ മനസ്സിൽ കടുകുവറുത്തു. എവിടുന്നു കഴിക്കാൻ തുടങ്ങണം ? ഏതാണ് ആദ്യം കഴിക്കേണ്ടത് ? ഇതിന്റെ പേര് എന്തൊക്കെയാണ് ?

താലിക്കു പിന്നാലെ അതാ വരുന്ന കട്ടപ്പ. കൈയിൽ വാളിനു പകരം ഫോർക്കാണ്. പേര് ബാലു, ഷെഫാണ്. ഏതു ലക്ഷ്യത്തിലേക്ക് ആദ്യം വിരലുകൾ പോകണമെന്ന് ഫോർക്ക് ചൂണ്ടി ബാലു പഠിപ്പിച്ചു.

‘‘താലിക്കു പിന്നിലിരിക്കുന്നവർ വെജിറ്റേറിയനായാലും നോൺ വെജിറ്റേറിയനായാലും ഒരുമിച്ചിരുന്നു കഴിക്കാം. കാരണം രണ്ടു കൂട്ടരേയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് അറേഞ്ച്മെന്റ്.

സൂപ്പിൽ തുടങ്ങാം. രണ്ടു തരം സൂപ്പാണുള്ളത്. മട്ടനും ചിക്കനും. വെജിറ്റേറിയൻ വേണമെങ്കിൽ അതും തരാം. ഇനി നോൺ വിഭവങ്ങൾ പറയാം. ചിക്കനും മട്ടനും നാലു വീതം െഎറ്റങ്ങളുണ്ട്. ചിക്കൻ കൊളമ്പ്, റോസ്റ്റ്, ചിക്കന്‍ ബിരിയാണി, ചെട്ടിനാട് പിച്ചിപ്പോട്ട് കോഴി. മട്ടൻ കോല ഉരുണ്ടൈ, മട്ടൻ പെപ്പർ ഫ്രൈ, മട്ടൻ ബിരിയാണി പിന്നെ മട്ടൻ നല്ലി. മീനിരിപ്പുണ്ട് രണ്ടു തരത്തിൽ. ഒന്നു വറുത്തത് പിന്നെ, സൊറാ പുട്ട്. അതിനപ്പുറത്ത് മുട്ടിയുരുമ്മി മുട്ട പുഴുങ്ങിയത്, ഒാംലെറ്റ്, പിന്നെ, എഗ് പൊടി മാസ്സ്. തൈരുസാദം, സാമ്പാർ ൈറസ്...’’

അൻപതു വിഭവങ്ങളുടെ പേരും ബാലു പറഞ്ഞു കഴിഞ്ഞു. പേരുകളെല്ലാം ഒരിക്കൽ കൂടി ഒാർത്തു നോക്കി. പരീക്ഷയ്ക്ക് പഠിച്ചതെല്ലാം മറന്നുപോയ കുട്ടിയുടെ അവസ്ഥ. ഒന്നും ഒാ ർത്തെടുക്കാന‍്‍ പറ്റുന്നില്ല.

ബല്ലാല ദേവനെ പോലെ മട്ടൻ വറുത്തത്, അപ്പുറത്ത് പിംഗള ദേവനെപോലെ കോഴി വറുത്തത്, തൊട്ടടുത്ത് തമന്നയുടെ മഞ്ഞ സാരി നിറമുള്ള കേസരിയിരിക്കുന്നുണ്ട്. പേരൊന്നും ഇനി നോക്കണ്ട, അറ്റാക്ക്...ഹെയ്... സ രുദ്ര... സ

കഴിക്കും മുൻപ് ഒരു പ്രതിജ്ഞയെടുക്കണം. ‘‘താലി സാമ്രാ ജ്യത്തിലെ ഒരു വിഭവത്തെ പോലും ബാക്കി വയ്ക്കാതെ ഞാ ൻ കഴിച്ചു തീർക്കും.’’ യുദ്ധം അങ്ങട് തുടങ്ങട്ടെ...

bahu-1

ആദ്യം കൈ പോയത് കാലകേയന്റെ ഭാഷ പോലെ ഒരു പിടിയും കിട്ടാത്ത വിഭവത്തിലേക്ക്. ഗോട്ടി പോലെ ഇരിക്കും. അതാണ് ബാലു പറഞ്ഞ മട്ടൻ കോല. മട്ടൻ ബോളാണു സാധനം. മട്ടന്‍ മിക്സിയിൽ അരച്ച് മസാലയും ചേർത്ത് ബോളുകളാക്കി വറുത്തെടുത്തതാണെന്ന് ബാലു പറഞ്ഞു. പൊന്നു സ്വാമി ഹോട്ടലിലെ സ്പെഷൽ സംഭവമാണ് ഇത്. പിന്നെ, പേരുള്ളത് ദം ബിരിയാണിക്കാണ്.

‘‘ഒരു വർഷം മുൻപാണ് ബാഹുബലി താലി ഇവിടെ തുടങ്ങുന്നത്. പഞ്ചാബിലൊക്കെയുള്ള താലി രീതിയെ ചെന്നൈക്കാരുടെ രുചിയിലേക്ക് മാറ്റിയതാണ് ഇത്. കൂടുതലും ചെട്ടിനാട് രുചിവിഭവങ്ങളാണ് ഉൾപ്പെടുത്തിയത്. ഉച്ചയ്ക്കും വൈകീട്ടും താലിയുണ്ട്. വൈകിട്ടുള്ള താലിയിൽ ചെറിയ വ്യത്യാസം ഉണ്ട്. റൈസ് െഎറ്റങ്ങൾക്കു പകരം ചപ്പാത്തിയും നാനും വിവിധ തരത്തിലുള്ള ദോശകളുമാകും അപ്പോൾ.’’ ബാലു പറഞ്ഞു തീരുമ്പോഴേക്കും സൂപ്പടക്കും അഞ്ച് വിഭവങ്ങളുടെ കാര്യത്തിൽ തീരുമാനമായി.

കഴിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം എല്ലാ വിഭവങ്ങളും ഒറ്റയടിക്ക് തട്ടരുത്. പൊറോട്ട ചെറിയൊരു കഷണം, പിന്നെ കുറച്ചു ചോറ്, ഒരു സ്പൂൺ മട്ടൺ ബിരിയാണി. അൽപം സാമ്പാർ റൈസ്. അങ്ങനെ ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊ തുക്കി...’ എന്ന പാട്ടു പോലെ പതുക്കെ സമീപിക്കണം. അല്ലാതെ ഡപ്പാംകൂത്തിന്റെ സ്പീഡെടുത്താൽ ഈ യുദ്ധത്തിൽ നമ്മൾ തോറ്റു പോകും. കുറച്ചു റൈസ് എടുത്ത് അതിലേക്ക് ചിക്കന്റെ ഗ്രേവിയൊഴിച്ചു. നല്ല ചൂട് ചോറിൽ അതിങ്ങനെ ഒഴുകി ഒഴുകി നിന്നു. ഒരുരുള തന്നെ കിടിലനായിരുന്നു. അടുത്ത ഉരുളയ്ക്കായി ഒഴിച്ചത് മട്ടൻ കൊളമ്പായിരുന്നു. എരിവിന്റെ ആളലിനു മീതേ മല്ലിയിലയുടെ സ്വാദ് ഒരു കാറ്റുപോലെ കടന്നു പോയി.

പിന്നെ, മട്ടൺ ബിരിയാണിയിൽ കൈ വച്ചു. നമ്മുടെ പൊറോട്ടയ്ക്ക് അപ്പോൾ സങ്കടമാവില്ലേ. നല്ല തങ്കത്തമിഴ് സ്റ്റൈ ൽ വട്ടം കുറഞ്ഞ കട്ടിപ്പോറോട്ടയിലേക്ക് കുറച്ചു പിച്ചിപ്പോട്ട് കോഴി. ടച്ചിങ്സിനായി ഒരു ചെമ്മീൻ... പാവം വെജിറ്റേറിയൻ കൂട്ടം... അങ്ങോട്ടിതുവരെ പോകാനായിട്ടില്ല. പക്ഷേ, ഒറ്റയടിക്ക് തീർക്കാനാകില്ല. ഒരു ഇന്റർവെല്ലു വേണം.

bahu-3

ഇടിമിന്നൽ മേഘത്തിൻ തുടി...

താലിയിൽ നിന്നു തലയുയർത്തി നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചുറ്റും ആൾക്കൂട്ടമാണ്. മിക്കവരും താലിയിെല വിഭവങ്ങളോട് പൊരിഞ്ഞ യുദ്ധത്തിൽ. ചിലർ ആയുധങ്ങൾ ഒരുക്കി കാത്തിരിക്കുന്നു. അപ്പോഴാണ് ചെന്നൈ സ്വദേശി തിരുമൂർത്തിയെയും കുടുംബത്തേയും കണ്ടത്.

‘‘ഇത്രയും ഭക്ഷണം വേസ്റ്റായി പോവില്ലേ എന്നു സംശ യമുള്ളവരുണ്ടാകാം. പക്ഷേ, ഒട്ടും സംശയിക്കണ്ട. നാലോ അ ഞ്ചോ പേരുണ്ടെങ്കിൽ വയറു നിറയെ കഴിക്കാം. പിന്നൊരു ഗു ണം കൂടിയുണ്ട്. ഹോട്ടലിൽ ചെന്ന് ഭക്ഷണം ഒാർഡര്‍ ചെയ്താൽ ചിലപ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. ഉദാഹരണത്തിന് കേരളത്തിൽ നിന്നു വന്ന നിങ്ങൾ സാമ്പാർ ചോറ് ഒാർഡർ ചെയ്തെന്നു കരുതുക. ഒരു കൗതുകത്തിനു ചെയ്തതാവാം. പക്ഷേ, ഇഷ്ടപ്പെട്ടില്ലെങ്കിൽ അതു വെറുതെ കളയണ്ടി വരില്ലേ? പക്ഷേ, ഈ താലിയിൽ ഒരുപാടു വെറൈറ്റികളുണ്ട്. ചെട്ടിനാട് സ്റ്റൈൽ, പഴയ മദ്രാസ് രുചികൾ, കേസരി പോലുള്ള മധുരം... വെറൈറ്റിയും ആസ്വദിക്കാം വയറും നിറയും.’’

പെട്ടെന്ന് തൊട്ടപ്പുറത്തു നിന്നൊരു മലയാളി ശബ്ദം, ‘‘എന്നാൽ തുടങ്ങല്ലേ ബായി എന്ന്...’’ ബെംഗളൂരുവിൽ ഉള്ള റിയാസും ചങ്ങാതിയും ബാഹുബലിയെ കുറിച്ച് കേട്ട് വണ്ടിപിടിച്ചു വന്നതാണ്. ‘‘ഈ താലി കഴിക്കണമെന്ന് കുറേ നാളായി വിചാരിക്കുന്നു. ചെന്നൈയിൽ ബിസിനസ് ആവശ്യത്തിനു വരണമായിരുന്നു. ഒറ്റയ്ക്കു കഴിക്കാമെന്നാണ് ആദ്യം കരുതിയത്. ആദ്യമായതു കൊണ്ട് രണ്ടുപേരും ഒരുമിച്ച് ഫിനിഷ്‍ ചെയ്തു നോക്കട്ടെ...’’ റിയാസ് താലിക്കുള്ളിലേക്കു ചാടി.

‘നിങ്ങൾ കൂടെയുള്ളിടത്തോളം കാലം ഒരുത്തനും എന്നെ തോൽപ്പിക്കാനാവില്ല മാമാ...’ എന്ന് ബാഹുബലി കട്ടപ്പയോടു പറയുന്നത് മനസ്സിൽ ഒാർത്തായിരിക്കാം ഒരുമിച്ച് വീണ്ടും ആക്രമണം തുടങ്ങി. വെജിറ്റേറിയനിലേക്ക് കടന്നു. മാങ്ങാ, നാരങ്ങാ അച്ചാറുകൾ, തൈര്, പരിപ്പ്, നെയ്യ്, പൊരിയൽ, സാമ്പാർ, മോര്, വെജിറ്റബിൾ ബിരിയാണി, തൈരു സാദം...

എല്ലാം കഴിഞ്ഞ് കേസരിയുടെ മധുരം നാവിൽ നാടോടി നൃത്തം കളിക്കുന്നു. ‘നിറുത്തിക്കോ, ഇനിയും വല്ലതും കഴിച്ചാൽ ഞാൻ പൊട്ടിത്തെറിച്ച് ഇറങ്ങി പോകുമെ’ന്നു പറഞ്ഞ് ഷർട്ടിലെ വയറുഭാഗത്തെ ബട്ടനുകൾ മുദ്രാവാക്യം വിളിക്കുന്നു. പക്ഷേ, ആ നടുക്കിരിക്കുന്ന പഴം, അതിനു മുട്ടിയുരുമ്മി ഉമ്മ കൊടുക്കുന്ന ബീഡ... വിടില്ല ഞാൻ.

bshu-4

ശിവലിംഗം തോളിലേറ്റി നടന്നുപോയ ബാഹുബലിയെപ്പോലെ അൽപം ആയാസപ്പെട്ട് പടികൾ ഇറങ്ങുമ്പോൾ അ രയന്നത്തോണിയിലെ ആ പാട്ടിന്റെ വരികൾ ഇഷ്ടത്തോടെ ഒാർത്തെടുത്തു, ഒരേ ഒരു രാജാ... വീരാധി വീരാ...