Thursday 16 February 2023 04:58 PM IST

‘നിങ്ങൾ എവിടെയാണ്, നാളെ കല്യാണത്തിനു വരുന്നുണ്ടോ?’: രാത്രി 12ന് പ്രതിശ്രുത വധു വിളിക്കുന്നു: കുടുംബസമേതം ധ്യാൻ

V R Jyothish

Chief Sub Editor

dhyan-Interview

എൻജിനീയറിങ്ങിൽ ബിരുദമെടുക്കാൻ പോയിട്ട് ‘കൈപ്പത്തി കൊണ്ടൊരു കിത്താബു പോലും തൊടാതെ കച്ചറ കാട്ടി, തെക്കും വടക്കും നടന്ന്, വെടക്കായ്, നടുവൊടിഞ്ഞ്, ഉഴപ്പിനടന്ന ധ്യാൻ ശ്രീനിവാസനോടു സുഹൃത്തുക്കൾ പറഞ്ഞു;

‘നീ പേടിേക്കണ്ടടാ... എസ്.എ. ചന്ദ്രശേഖർ മക ൻ വിജയ്‌യെ ഇളയ ദളപതിയാക്കിയെങ്കിൽ, ശിവകുമാർ മകൻ സൂര്യയെ സൂപ്പർസ്റ്റാർ സൂര്യയാക്കിയെങ്കിൽ, ചിരഞ്ജീവി മകൻ രാംചരണിനെ മെഗാ പവ ർസ്റ്റാര്‍ ആക്കിയെങ്കിൽ നിന്റെ അച്ഛൻ നിന്നെയും ഒരു സൂപ്പർസ്റ്റാറാക്കും...’ കൂട്ടുകാർ പറഞ്ഞത് അതുപോലെ വിശ്വസിച്ചു തോറ്റുതുന്നം പാടിയെത്തിയ മകനോടു ശ്രീനിവാസൻ പറഞ്ഞു,

‘ഒന്നിനും കൊള്ളാത്തവർക്കു ചെയ്യാൻ പറ്റിയ പണിയല്ല സിനിമ.’

‘‘തിരുവനന്തപുരത്തു നിന്നു ചെന്നൈയിൽ എ ത്തിയിട്ടും പഠനം തോൽവിയായി തുടർന്നു. അ ച്ഛനും കൈവിട്ടതോടെ സിനിമാമോഹം പൊലിഞ്ഞു. വീട്ടിലെ സ്ഥാനവും പരുങ്ങലിലായി. പിന്നെ, മൂന്നുകൊല്ലം ചെന്നൈയിലെ ലോഡ്ജ് മുറിയിൽ താമസം. ചെറിയ ജോലികൾ ചെയ്തു മുന്നോട്ടു പോയി.’’ അങ്ങനെ സിനിമാറ്റിക്കായ ഫ്ലാഷ്ബാക് കടന്നു ധ്യാൻ ശ്രീനിവാസൻ ഒടുവിൽ സിനിമയിൽ തന്നെയെത്തി. നടനും സംവിധായകനുമായി പേരെടുത്തു. സൂപ്പർഹിറ്റ് അഭിമുഖങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയതാരവുമായി.

എറണാകുളം കണ്ടനാട്ടെ വീട്ടിൽ ധ്യാനിനെ കാണുമ്പോൾ ഒപ്പം ജീവിതപങ്കാളി അർപ്പിതയും മകൾ സൂസനുമുണ്ട്. പാലാക്കാരിയായ അർപ്പിതയുടെ അച്ഛൻ സെബാസ്റ്റ്യൻ എച്ച്പിസിഎല്ലിൽ ഉദ്യോഗസ്ഥനായിരുന്നു. അർപ്പിത തിരുവനന്തപുരം വിമൺസ് കോളജിൽ പഠിക്കുന്ന കാലത്താണ് ധ്യാനിനെ കണ്ടുമുട്ടിയത്. അന്നു തുടങ്ങിയ പ്രണയം കണ്ണൂരിലെ ധ്യാനിന്റെ വീട്ടിലെത്തിയപ്പോൾ വർഷം 11 കഴിഞ്ഞു. ‘ചോദിക്ക്, ചോദിക്ക്, എന്തുകൊണ്ട് കുട്ടി ഇങ്ങനെയൊരു അബദ്ധത്തിൽ ചാടിയെന്ന് ?’ ധ്യാൻ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചു. ഉടൻ വന്നു അർപ്പിതയുടെ മറുപടി.

‘‘ദേ ഈ സത്യസന്ധതയില്ലേ, അതുതന്നെ കാരണം.’’

‘കുറുക്കൻ’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ശ്രീനിവാസൻ വീട്ടിലുണ്ട്. പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുന്നു. ഇടയ്ക്കു കൊച്ചുമകൾ സൂസനുമായി കൊച്ചുവർത്തമാനം. പിന്നെ, വൈറ്റമിൻ ഡിക്കു വേണ്ടി വെയിലു കൊള്ളാനിരുന്നു.

സൂസനു ചെന്നൈയിൽ നിന്നു വന്നതിന്റെ ചെറിയ സ ങ്കടമുണ്ട്. ‘‘വിനീതിന്റെ മക്കളാണു വലിയ കൂട്ട്. ചില സമയ ത്ത് അവർ തമ്മിൽ സംസാരിക്കുന്നതു കേട്ടാൽ തോന്നും സർവീസിൽ നിന്നു റിട്ടയർ ചെയ്ത ആൾക്കാരാണു സംസാരിക്കുന്നതെന്ന്.’’ അർപ്പിത ചിരിക്കുന്നു.

‘‘അച്ഛനിപ്പോൾ എന്റെ കാര്യത്തിൽ വളരെ ഹാപ്പിയാണ്. സിനിമയില്ലെങ്കിലും ഇന്റർവ്യൂ കൊടുത്തു ഞാൻ ജീവിച്ചോളും എന്നാണ് അച്ഛൻ പറയുന്നത്.’’ സംഭാഷണത്തിനു തുടക്കമിട്ടതു ധ്യാൻ തന്നെ.

dhyan-family-interview-vanitha-teaser

മക്കളെ സിനിമയിൽ പരിചയപ്പെടുത്താൻ അച്ഛൻ എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നത്?

സിനിമയെക്കുറിച്ചു നന്നായി അറിയുന്ന ആളാണ് അച്ഛ ൻ. ‘ഉന്തിക്കേറ്റിയാൽ ഊരിപ്പോകും’ എന്നാണു പറയാറുള്ളത്. അതു വളരെ ശരിയാണ്. ഒന്നോ രണ്ടോ സിനിമയി ൽ ഉന്തിക്കേറ്റാൻ പറ്റും. പക്ഷേ, കഴിവുണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ. ഞാനൊരിക്കലും സിനിമാക്കാരനാകില്ലെന്നായിരുന്നു അച്ഛന്റെ ധാരണ. പഠിച്ച് എന്തെങ്കിലും ആകുമെന്നും പ്രതീക്ഷിച്ചു. അതിനു വേണ്ടി ഞങ്ങൾ ചെന്നൈ വിട്ടു തിരുവനന്തപുരത്തേക്കു താമസം മാറി. നെടുമങ്ങാട്ടെ കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. നിർമാതാവ് സുരേഷ് കുമാർ അങ്കിളിന്റെ വഴുതക്കാട്ടുള്ള ഫ്ലാറ്റിനു തൊട്ടടുത്ത ഫ്ലാറ്റിലായിരുന്നു ഞങ്ങളും. ആ ഫ്ലാറ്റിൽ പതിയിരുന്ന അപകടം അച്ഛനു മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. വിമൺസ് കോളജിനു തൊട്ടു മുൻപിലാണ് ഫ്ലാറ്റ്. എനിക്കു വളരെ സന്തോഷമായെങ്കിലും സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു മൂന്നു മാസമേ അവിടെ നിൽക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ, അതിനിടയിൽ തന്നെ അർപ്പിതയെ കണ്ടെത്തി.

നീണ്ടകാലത്തെ പ്രണയത്തിനു ശേഷമായിരുന്നല്ലേ വിവാഹം?

കല്യാണത്തലേന്നു രാത്രി ഞാനും കൂട്ടുകാരും കൊച്ചിയിലെ വീട്ടിലിരുന്നു ചീട്ടുകളിക്കുകയാണ്. പിറ്റേന്നു രാവിലെ പത്തരയ്ക്കു കണ്ണൂരുള്ള ഓഡിറ്റോറിയത്തിലാണു കല്യാണം. ബന്ധുക്കളെല്ലാം തലേന്നു തന്നെ അവിടെ എത്തി. ഞാൻ മാത്രം കൊച്ചിയിൽ.

രാത്രി പന്ത്രണ്ടു മണിയായപ്പോൾ പ്രതിശ്രുത വധു വിളിക്കുന്നു. ‘നിങ്ങൾ എവിടെയാണ്.’

‘കൊച്ചിയിലെ വീട്ടിലാണ്.’ ഞാൻ പറഞ്ഞു. ‘നാളെ ക ല്യാണത്തിനു വരുന്നുണ്ടോ?’ മുഖത്തു വെള്ളം തളിച്ചു ബോധം തെളിക്കുന്നതുപോലെ ആയിരുന്നു ആ ചോദ്യം. പിന്നെ, ഒന്നുമാലോചിച്ചില്ല. നേരെ വണ്ടിയെടുത്തിറങ്ങി.

പ്രകൃതി പോലും സപ്പോർട്ട് ചെയ്തില്ല, കനത്ത മഴ. എറണാകുളം മുതൽ കണ്ണൂർ വരെ നിർത്താതെ പെയ്തു. ഏപ്രിലിൽ അങ്ങനെ മഴ പതിവുള്ളതല്ലല്ലോ. എങ്കിലും രാവിലെ കണ്ണൂരെത്തി കല്യാണം കഴിച്ചു. അതിന്റെ വിഡിയോ യുട്യൂബിൽ ഉണ്ട്. അച്ഛന്റെ പ്രസംഗവും കാണാം.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്യാം ബാബു