Wednesday 03 November 2021 03:21 PM IST

മുറ്റം നിറയെ ഗജവീരന്മാർ: പൊലീസ് ആകാതെ ആനപ്രേമം കൊണ്ട് ശിൽപിയായി ശ്രീരാജ്

Silpa B. Raj

Elephant-cvr-img

ഗജവീരന്മാരായ പാമ്പാടി രാജനും മംഗലാംകുന്ന് കര്‍ണനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറും തലയെടുപ്പോടെ നിരന്നു നില്‍ക്കുകയാണ്. പറഞ്ഞു വരുന്നത് ഏതോ പൂരക്കാഴ്ചയെപ്പറ്റിയാണെന്നു തെറ്റിദ്ധരിക്കേണ്ട. എറണാകുളം നോര്‍ത്ത് പറവൂര്‍ ചക്കുമരശ്ശേരി ക്ഷേത്രത്തിനടുത്തുള്ള വലിയാറ വീട്ടിലെ പതിവു ദൃശ്യമാണിത്. ശ്രീരാജ് വി. എസ്. എന്ന കലാകാരന്റെ കരവിരുതില്‍ വിരിഞ്ഞ ലക്ഷണമൊത്ത ശില്‍പങ്ങളാണ് ഈ ആനകള്‍ എന്നു മാത്രം.

എറണാകുളം വൈറ്റില കൊച്ചിന്‍ കോര്‍പറേഷന്‍ സോണല്‍ ഓഫിസിലെ ജീവനക്കാരനാണ് ശ്രീരാജ്. ചിത്രകലയോ ശില്‍പകലയോ പഠിച്ചിട്ടില്ല ശ്രീരാജ്. താന്‍ ഈ രംഗത്തേക്കു വന്നത് ആനപ്രേമം കൊണ്ടു മാത്രമാണെന്നു ശ്രീരാജ് പറയുന്നു. ‘‘2011ല്‍ പൊലീസില്‍ ജോലി ലഭിച്ചതാണ്. എന്നാല്‍ അഞ്ചു മാസത്തെ ട്രെയ്നിങ് കഴിഞ്ഞപ്പോള്‍ ഇതല്ല എന്റെ മേഖല എന്നു മനസ്സു പറഞ്ഞു. ജോലി ഉപേക്ഷിച്ചപ്പോള്‍ പരിഹസിക്കാന്‍ ഒരുപാടു പേരുണ്ടായിരുന്നു. പരിഹാസം പേടിച്ചു രണ്ടു വര്‍ഷത്തോളം വീടിനു പുറത്തിറങ്ങാന്‍ പോലും മടിയായി. ഈ സമയത്താണ് യാദൃച്ഛികമായി ഒരു ആനയുടെ ശില്‍പം കാണുന്നത്. അതുപോലെ ഒന്ന് ഉണ്ടാക്കണമെന്നു തോന്നി. വീടുപണിക്കുള്ള സിമന്റ് മുറ്റത്തു കിടപ്പുണ്ട്. പിന്നൊന്നും ആലോചിച്ചില്ല. പണി തുടങ്ങി. ശില്‍പം കണ്ടവര്‍ വലിയ കുഴപ്പമൊന്നും പറയാഞ്ഞപ്പോള്‍ ആത്മവിശ്വാസം കൂടി. ഇപ്പോള്‍ സിമന്റിനു പകരം കുന്നിവാക എന്ന മരത്തിന്റെ തടിയാണ് ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.’’ ഉളി കൊണ്ടു ശില്‍പത്തിന്റെ തുമ്പിക്കൈ കൊത്തിയെടുത്തു ശ്രീരാജ് പറയുന്നു.

Elephant02a

മനുഷ്യരെപ്പോലെ ഓരോ ആനകള്‍ക്കും വ്യത്യാസമുണ്ടെന്ന് ശ്രീരാജ്. ‘‘ഓരോ ആനയുടയും നിറം, മദഗിരി (ആനയുടെ മുഖത്തും ചെവികളിലും തുമ്പിക്കൈയിലും കാണുന്ന ഇളംപിങ്ക് നിറം), ഞരമ്പുകള്‍ ഇവയെല്ലാം വ്യത്യസ്തമായിരിക്കും. ഫോട്ടോ നോക്കിയും നേരില്‍ കണ്ടുമാണ് ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്. ഏകദേശം നാല്‍പത് ശില്‍പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പാമ്പാടി രാജന്റെയും മംഗലാംകുന്ന് കര്‍ണന്റെയും മംഗലാംകുന്ന് അയ്യപ്പന്റെയും ശില്‍പങ്ങളാണ് കൂടുതല്‍ നിര്‍മിച്ചിട്ടുള്ളത്. ’’

സകുടുംബം ആനനിർമാണം

കളിയായി തുടങ്ങിയ ശില്‍പനിര്‍മാണം കാര്യമാകുന്നത് പറഞ്ഞുകേട്ടറിഞ്ഞ് ‌ ആവശ്യക്കാര്‍ എത്തിത്തുടങ്ങിയപ്പോളാണ്. ‘‘ആനകളെപ്പറ്റി നന്നായി അറിവുള്ളവരാണ് ആവശ്യക്കാരിലേറെയും. അതുകൊണ്ട് കൂടുതല്‍ ഉത്തരവാദിത്തത്തോടെയാണ് ഓരോ ശില്‍പവും ചെയ്യുന്നത്. ചിത്രകലയില്‍ അഭിരുചിയുള്ള ഭാര്യ ദേവികയാണ് പെയിന്റിങ്ങിലും മറ്റും എന്റെ സഹായി.’’

Elephant03a

അച്ഛന്‍ ശ്രീനിവാസനും അമ്മ പദ്മിനിയും നല്‍കുന്ന പ്രോത്സാഹനമാണ് തന്റെ ശക്തിയെന്നു ശ്രീരാജ്. ‘‘ഒരടി മുതല്‍ നാല് അടി വരെ ഉയരമുള്ള ശില്‍പങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഒരടിയുള്ള ശില്‍പത്തിന് 10–12 ദിവസവും നാലടിയുള്ള ശില്‍പത്തിന് ഏകദേശം മൂന്നു മാസവും എടുക്കും. അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലുമാണ് ശില്‍പനിര്‍മാണം. എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും വച്ചാണ് ഇവ ഉണ്ടാക്കുന്നത്. ശില്‍പങ്ങള്‍ ഉണ്ടാക്കി അറിയപ്പെട്ടു തുടങ്ങിയപ്പോളും സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പലരും എന്നെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ഒരു വാശിക്ക് കഷ്ടപ്പെട്ടു പഠിച്ച് പിഎസ്‌സി പരീക്ഷയെഴുതിയാണ് ഇപ്പോഴുള്ള ജോലി നേടിയത്.’’

ജോലി കിട്ടുന്നതിനു മുന്‍പ് ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി കോച്ചിങ്ങും ശ്രീരാജ് നല്‍കിയിരുന്നു. ചെണ്ടമേളമാണ് ഇഷ്ടവിനോദം. ‘‘നന്നായി ഒരു ചിത്രം പോലും വരയ്ക്കാന്‍ എനിക്കറിയില്ല. എങ്കിലും ഈ ശില്‍പങ്ങള്‍ ഏതോ നിയോഗം പോലെ ഉണ്ടാക്കുന്നു.’’ ഗജശില്‍പങ്ങള്‍ക്കായി ശ്രദ്ധ മാറ്റി വച്ചിരിക്കുന്നതിനാല്‍ മറ്റു ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രീരാജ് ഇതുവരെ ശ്രമിച്ചിട്ടില്ല. താനുണ്ടാക്കിയ ഗജശില്‍പങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് ശ്രീരാജിന്റെ അടുത്ത ലക്ഷ്യം.