Tuesday 30 August 2022 12:15 PM IST

‘കിട്ടാനുള്ളതൊക്കെ കിട്ടി, ഇനിയെന്തിന് ഈ ബന്ധം?’: എന്താണ് ഗോസ്റ്റിങ്, എന്തൊക്കെയാണ് കാരണങ്ങൾ...

Shyama

Sub Editor

ghosting-77

കഴിഞ്ഞാഴ്ച വരെ എനിക്ക് മെസേജ് അയച്ചതാണ്. പെട്ടെന്നൊരു ദിവസം ഒരനക്കവുമില്ല. എല്ലാ സോഷ്യൽ മീഡിയാ അ ക്കൗണ്ടുകളിൽ നിന്നും അൺഫ്രണ്ട് ചെയ്തു. എന്താണു കാരണം എന്നു പോലും പറയാതെ ഒരടയാളവും ഇല്ലാതെ പോയി. ഞാനെന്തെങ്കിലും മോശമായി പെരുമാറിയിട്ടാണെങ്കിൽ അതെങ്കിലും തുറന്ന് പറയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കറിയാം...’

പലരുടെ ജീവിതത്തില്‍ ഒരുതവണയെങ്കിലും സംഭവിച്ചിട്ടുണ്ടാകാം ഇതുപോലുള്ള അനുഭവങ്ങള്‍. അതിന്‍റെ മാനസികാഘാതവും അനുഭവിച്ചിട്ടുമുണ്ടാകാം. അതുവരെയുള്ളതെല്ലാം മറന്ന് പെട്ടെന്ന് സകല ബന്ധവും മുറിച്ച് ഒരാൾ മറയുന്നു. ഇതിന് ഒറ്റവാക്കിൽ പറയുന്ന പേരാണ് ‘ഗോസ്റ്റിങ്’.

വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’ എന്ന സിനിമയ്ക്ക് ശേഷമാണ് ‘ഗോസ്റ്റിങ്’ കൂടു തൽ ചർച്ചാവിഷയമായത്. സോഷ്യൽ മീഡിയയിൽ പലരും അനുഭവക്കുറിപ്പുകളും എഴുതി. ‘ഗോസ്റ്റിങ്’ എന്താണെന്നും ജീവിതത്തിൽ അത്തരം അനുഭവം ഉ ണ്ടായാൽ എങ്ങനെ നേരിടണമെന്നും ശാസ്ത്രീയമായി മനസ്സിലാക്കാം.

എന്താണ് ഗോസ്റ്റിങ്?

ഒരു ബന്ധത്തിൽ നിന്നൊരാൾ വിശദീകരണമില്ലാതെ അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് ഗോസ്റ്റിങ്. ഗോസ്റ്റ് എന്ന് വാക്കിൽ നിന്നാണ് ‘ഗോസ്റ്റിങ്ങിന്റെ’ വരവ്. 2017ൽ നിഘണ്ടുവിൽ എത്തിയ ഈ വാക്ക് ഡേറ്റി‍ങ്ങുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, സൗഹൃദത്തിലും പ്രണയത്തിലുമൊക്കെ ഇത് സംഭവിക്കാം.

എല്ലാ ഗോസ്റ്റിങ്ങും ഒരേ പോലെയാണോ?

ഗോസ്റ്റിങ് പല തരത്തിലുണ്ട്. ലൈറ്റ് വെയിറ്റ് , മിഡിൽ വെയിറ്റ്, ഹെവി വെയിറ്റ് എന്നിങ്ങനെ.

∙ ലൈറ്റ് വെയിറ്റ് ഗോസ്റ്റിങ്: പരിചയപ്പെട്ട് ആഴത്തിലുള്ള ആത്മബന്ധം രൂപപ്പെടുന്നതിനു മുൻപാണ് ഇത് സംഭവിക്കുന്നത്. ഒരാൾ തുടക്കത്തിലേ ബന്ധത്തിൽ നിന്ന് മായുന്നതാണ് ലൈറ്റ് വെയിറ്റ് ഗോസ്റ്റിങ്.

∙ മിഡിൽ വെയിറ്റ് ഗോസ്റ്റിങ്: പരിചയപ്പെട്ട് കുറച്ച് നാൾ പിന്നിട്ടു. കൂടുതൽ അടുത്തറിയുന്ന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ ഒരാൾ ‘എക്സിറ്റ്’ ബ ട്ടൻ അമർത്തി ബന്ധത്തിൽ നിന്നു മായുന്നതാണ് മിഡി ൽ വെയിറ്റ് ഗോസ്റ്റിങ്.

∙ ഹെവി വെയിറ്റ് ഗോസ്റ്റിങ്: തീവ്രമായ ആത്മബന്ധം മുറിച്ച് മറയുന്നതാണിത്. അതുവരെയുള്ളതെല്ലാം മറന്ന് വിട പോലുമില്ലാതെ മായുമ്പോൾ മറ്റേയാൾക്ക് കടുത്ത മാനസിക സമ്മർദം വന്നേക്കാം.‌

നമ്മൾ ഒരുപക്ഷേ, ഗോസ്റ്റിങ്ങിന് ഇരയായിട്ടുണ്ടാ കാം. ഗോസ്റ്റിങ് എങ്ങനെയാണ് നടപ്പാക്കപ്പെടുന്നതെന്ന് മനസ്സിലാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ.

വിളിച്ചാൽ ഫോൺ എടുക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അൺഫ്രണ്ട് ചെയ്യും. അല്ലെങ്കിൽ എല്ലാ അ ക്കൗണ്ടും ഇല്ലാതാക്കി ഇവർ സ്വയം മറഞ്ഞു നിൽക്കും, സ മൂഹത്തിൽ അവരുടെ ഒരടയാളവും കണ്ടുപിടിക്കാൻ കഴിയാത്ത വിധം. ഇത് ഗോസ്റ്റിങ്ങിന്റെ ഒരു രീതി.

രണ്ടാമത്തേത് പാതിമനസ്സോടെ ബന്ധം മുറിക്കുന്നതാണ്. വീണ്ടും തിരിച്ചു വന്നേക്കാം എന്ന അവ്യക്തമായ സൂചന അവശേഷിപ്പിച്ചാണ് ഇത്തരക്കാർ മറയുന്നത്. സന്ദേശങ്ങൾ സ്വീകരിക്കപ്പെടും. പക്ഷേ, മറുപടി തരില്ല. കാണാൻ ശ്രമിച്ചാൽ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. അകൽച്ചയിലേക്ക് നയിച്ചതെന്തെന്ന് പറയുകയുമില്ല.

അടുത്തതാണ് ഏറ്റവും മാനസിഘാതമേൽപിക്കുന്ന മാഞ്ഞുപോകൽ. ദീർഘനാളായി തുടരുന്ന ബന്ധത്തിൽ നിന്ന് ഒരാൾ മെല്ലെ ആശയവിനിമയം കുറയ്ക്കുന്നു. പല തവണ വിളിച്ചാൽ വല്ലപ്പോഴുമൊരിക്കൽ കോൾ എടുക്കും. സന്ദേശങ്ങൾക്ക് മറുപടി വരില്ല. അല്ലെങ്കിൽ ഉള്ളു നൊന്ത് ഒരാൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് ഒറ്റ വാക്കിലോ ഒറ്റ വരിയിലോ ആകും മറുപടി. അങ്ങനെ ആശയവിനിമയത്തിന്റെ തോത് കുറഞ്ഞ് വന്ന് ആ ബന്ധം പൂർണമായി ഇല്ലാതാകും. എന്താണ് ഈ തിരസ്കാരത്തിന്റെ കാരണമെന്ന് ഒരുഘട്ടത്തിലും വ്യക്തമാക്കുകയുമില്ല.

ഇരയാക്കപ്പെടുന്നവരുടെ അവസ്ഥ എന്താണ്?

‘ഈ ബന്ധം എന്തുകൊണ്ട് അവസാനിച്ചു’ എന്ന വിശദീകരണം കിട്ടാത്തതു കൊണ്ട് തന്നെ അതനുഭവിക്കുന്നയാൾ കടുത്ത ആശയക്കുഴപ്പത്തിലാകും.

തന്റെ ഭാഗത്ത് നിന്ന് എന്ത് തെറ്റാകും സംഭവിച്ചത് എന്ന ആശയക്കുഴപ്പവും കുറ്റബോധവും കൊണ്ട് അവർ നട്ടം തിരിയും. അത്രയും സ്നേഹിക്കാൻ കൊള്ളാത്തയാളാണോ താൻ? ഇനിയൊരാളെ സ്നേഹിച്ചാലും ഇതേ അനുഭവം ആവർത്തിക്കപ്പെടുമോ? അങ്ങനെയുള്ള ചിന്തകൾ ഇരയാകുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിക്കാം.

വിശദീകരണമില്ലാത്ത ഈ അവഗണന ചിലരിൽ വൈരാഗ്യബുദ്ധി ഉണർത്തും. ഒരുമിച്ച് ചെലവിട്ട നല്ല സമയങ്ങളിലെ രഹസ്യങ്ങൾ പരസ്യമാക്കുന്നതിലേക്ക് ഇത് നയിക്കാം. ചിലർ തീവ്രവിഷാദത്തിലേക്കും ഉറക്കമില്ലായ്മയിലേക്കും വരെ വീണുപോകാം. പക്ഷേ, എല്ലാവർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകണമെന്നില്ല. ചിലർക്ക് ഗോസ്റ്റിങ് ഒരു ‘വലിയ കാര്യമല്ല’. ‘എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട’ എന്ന മട്ടിൽ അവർ അതിൽ നിന്നു പുറത്തു കടക്കും.

എന്തൊക്കെയാകാം കാരണങ്ങൾ?

കിട്ടാനുള്ളതൊക്കെ കിട്ടി. ഇനിയെന്തിന് ഈ ബന്ധം എന്ന തോന്നലിൽ ഗോസ്റ്റ് ചെയ്യുന്നവരുണ്ട്. ഒട്ടും ചേർന്നു പോകില്ല, പക്ഷേ, അത് തുറന്നു പറയാനും വയ്യ. ആ മാനസികാവസ്ഥയിൽ ബന്ധം മുറിച്ച് മായുന്നവരുണ്ട്.

മുഴുവൻ സ്വാതന്ത്ര്യവും കവർന്ന് എല്ലായിടത്തും മറ്റേയാൾക്ക് അതിര് വയ്ക്കുന്നവരുണ്ട്. അണുവിട തെറ്റാതെ എല്ലാ കാര്യവും പറയണം, 24 മണിക്കൂറും മിണ്ടുകയോ മെസേജ് അയയ്ക്കുകയോ ചെയ്യണം. ഈ ‘ക്ലിങ്ങി’ സ്വഭാവം കാരണം സഹികെട്ട് മറ്റേയാൾ ബന്ധം ഉപേക്ഷിച്ച് മറയും.

സമ്മതമില്ലാതെ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതാരാകേണ്ടി വരുന്നവർ പങ്കാളിയെ ഗോസ്റ്റ് ചെയ്യാറുണ്ട്. പരസ്പരം ചേർന്നു പോകാനാകില്ലെന്ന് മനസ്സിലായിട്ടും അതു തുറന്ന് പറയാനുള്ള സാഹചര്യമില്ലാത്തതാണ് പ്രധാന കാരണം.

ലെസ്ബിയൻ/ഗേ/ അസെക്‌ഷ്വൽ തുടങ്ങിയ ലൈംഗിക അഭിരുചിയുള്ള ആളുകളും സമൂഹത്തെ ഭയന്ന് കല്യാണം കഴിച്ചിട്ട് ബന്ധം തുടരാൻ പറ്റാതെ ഗോസ്റ്റ് ചെയ്യാറുണ്ട്.

ആരാണ് കൂടുതലായി ഗോസ്റ്റ് ചെയ്യാറുള്ളത്?

ചില വ്യക്തികളുണ്ട്. എന്നെ, ആദരിക്കൂ, എന്നെ മാത്രം പ്രശംസിക്കൂ എന്നാവശ്യപ്പെട്ടാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും മുന്നോട്ട് പോകുന്നത്. അവർക്ക് അവരെ മാത്രമേ സ്നേഹിക്കാൻ കഴിയൂ. പുകഴ്ത്തൽ എത്ര ആയാലും പോരട്ടെ, പക്ഷേ, വിമർശനം തുള്ളി പോലും ഇങ്ങോട്ട് വേണ്ട എന്ന ചിന്തയും ഇവർക്കുണ്ട്.

ആത്മാനുരാഗ വ്യക്തിത്വ വൈകല്യം (നാർസിസിസ്റ്റിക് പേഴ്സണാലിറ്റി) ആണ് യഥാർഥത്തിൽ പ്രശ്നം. ഗോസ്റ്റിങ് ചെയ്യുന്നവരിൽ അധികവും ഇത്തരക്കാരാണ്. അവനവനെ മാത്രം സ്നേഹിക്കാനറിയാവുന്ന ഇവർക്ക് ഒരു ബ ന്ധവും ദീർഘനാൾ കൊണ്ടുപോകാൻ കഴിയില്ല.

‘കാറ്റ് ആൻഡ് മൗസ് ഗെയിം’ എന്നൊരു തന്ത്രം തന്നെ ഇക്കൂട്ടർ ഇതിനായി ഉപയോഗിക്കും. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷരാകും. കുറച്ചു കഴിഞ്ഞ് ഇതേപോലെ തിരികെ വരും. എന്തിന് മിണ്ടാതിരുന്നു എന്നു പോലും പറയില്ല. തന്റെ നിരന്തര അവഗണന സഹിച്ചും ഒാരോ തവണയും മറ്റേയാൾ തന്നെ സ്വീകരിക്കുന്നു എന്നതിൽ ഇവർ നിഗൂഡാനന്ദം കണ്ടെത്തും.

സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യമുള്ളവർ മറ്റുള്ളവരുടെ വേദനകളോ വികാരങ്ങളോ മനസ്സിലാക്കാൻ താൽപര്യം കാണിക്കാറില്ല. ചെറുപ്രായം തോട്ടേ അമിത ദേഷ്യം, മറ്റുള്ളവരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്നൊഴിയുക, വാഗ്ദാനങ്ങൾ യാതൊരു ഉൾക്കുത്തും കൂടാതെ ലംഘിക്കുക, ശാരീരിക അതിക്രമം ചെയ്യുക, നുണ പറയുക, സാധനങ്ങൾ നശിപ്പിക്കുക ഒക്കെ ഇവരുടെ രീതിയാണ്. തന്റെ അസാന്നിധ്യത്തിൽ മറ്റൊരാള്‍ വേദനിക്കുന്നത് ഇവർക്ക് ആനന്ദപ്രദമാണ്.

മറികടക്കാനുള്ള വഴികൾ എന്തൊക്കെയാണ്?

ഗോസ്റ്റിങ് ചെയ്ത വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങ ൾ ശേഖരിക്കുക. സാമ്പത്തിക ക്ലേശം കൊണ്ട് നാടു വിടേണ്ടി വന്നു, തൊട്ടടുത്ത ബന്ധുവിന്റെ രോഗം ഈ വ്യക്തിയെ മാനസികമായി തളർത്തി... അതുപോലെ സത്യസന്ധമായ കാരണങ്ങളെങ്കിൽ ആ തീരുമാനത്തെ മാനിക്കേണ്ടതുണ്ട്. എന്നിരുന്നാലും കാരണം വ്യക്തമായി അറിയാനുള്ള അവകാശം മറുവശത്തു നിൽക്കുന്നയാൾക്ക് ഉണ്ട്.

പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. നമ്മളോട് മാത്രം സംസാരിക്കാൻ അയാൾക്ക് താൽപര്യമില്ല. ഇത് ബോധ്യപ്പെടുന്ന നിമിഷം സ്വയം കരുത്താർജിക്കാനുള്ള ശ്രമം തുടങ്ങണം. നമ്മളോട് ഇടപഴകാൻ ഇഷ്ടപ്പെടാത്ത ഒരാളുടെ പിന്നാലെ നടന്ന് എന്തിന് സ്വയം അധഃപതിക്കണം?

വീണ്ടും വീണ്ടും അവരെ ബന്ധപ്പെടാനുള്ള ശ്രമം വേണ്ട. സ്വന്തം വില കളഞ്ഞ് മറ്റൊരു വ്യക്തിക്ക് അടിമപ്പെടുകയല്ല ബന്ധങ്ങൾ ‘നിലനിർത്താനുള്ള’ ഒറ്റമൂലി.

അത്രയും പ്രിയപ്പെട്ടതെന്ന് കരുതിയൊരാളുടെ ശൂന്യതയിൽ എളുപ്പം മുക്തി നേടാൻ ചിലർക്ക് വിഷമം ഉണ്ടാകാം. ഘട്ടം ഘട്ടമായി ആ വേദനയിൽ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമം നടത്തുക.

ഉറ്റ സുഹൃത്തുക്കളോട് തുറന്നു പറഞ്ഞ് അവരുടെ കരുതലിൽ നിൽക്കാം. വ്യായാമം, ജോലി, ഇഷ്ടപ്പെട്ട മറ്റ് കാര്യങ്ങളൊക്കെ ചെയ്യാം. കഴിവതും ഒറ്റയ്ക്കിരിക്കാതെ, അധികം ചിന്തകൾക്കിട നൽകാതെ മുന്നോട്ട് പോകുക. മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും പോയി സ്വന്തം ആരോഗ്യം നശിപ്പിക്കാതിരിക്കാം. വിഷാദാവസ്ഥ മാറുന്നില്ലെങ്കിൽ മ ടിക്കാതെ മാനസികാരോഗ്യ വിദഗ്ധരെ കാണാം.

ശ്യാമ

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.അരുൺ ബി. നായർ
പ്രഫസർ,
മാനസികാരോഗ്യ വിഭാഗം,
ഗവ.മെഡിക്കൽ കോളജ്,
തിരുവനന്തപുരം.