Thursday 04 August 2022 11:50 AM IST

‘മൂന്നു പേരും ജനിച്ചത് കാഴ്ചയോടെ, വളർന്നപ്പോൾ ഇരുട്ടിലായി’: മനസുനിറയെ വെളിച്ചവുമായി ജീവിക്കുന്ന ഗീതയുടെ ഫാക്ടറിയിലേക്ക്

Vijeesh Gopinath

Senior Sub Editor

geeth-n-crisis-story

ഒറ്റപ്പാലത്തായിരുന്നു ഗീതയുടെ വീട്. അച്ഛന് സ്വർണപ്പണി. ഗീതയുൾപ്പെെട മൂന്നു മക്കൾ. എട്ടാം ക്ലാസ് വരെ സാധാരണ കുട്ടികളെ പോലെയാണ് ഗീത പഠിച്ചത്. പഠനത്തിലും വായനയിലും മിടുക്കി. ക്ലാസ് ലീഡർ... എല്ലാ വീടുകളിലെയും പോലെ സന്തോഷക്കാറ്റിൽ തലയാട്ടി നിൽക്കുന്ന പൂക്കൾ വിരിഞ്ഞ ദിവസങ്ങൾ.

പക്ഷേ, പെട്ടെന്നായിരുന്നു നിറങ്ങൾ മങ്ങിത്തുടങ്ങിയത്. അതുവരെ ബോർഡിൽ എഴുതിയത് ഉറക്കെ വായിച്ചിരുന്ന ഗീതയ്ക്ക് ഒരു വാക്കിൽ നിന്ന് അടുത്ത വാക്കിലേക്കുള്ള ദൂരം കൂടിത്തുടങ്ങി. എന്തു പറ്റിയെന്ന് ടീച്ചർമാർ ചോദിച്ചപ്പോഴാണ് ഗീത തിരിച്ചറിഞ്ഞത്, കാഴ്ചയ്ക്കു മേൽ വെളുത്ത പാടവീണതു പോലെ. നോട്ട്ബുക്കിൽ എഴുതുമ്പോൾ വരികൾക്കു മേലേ അടുത്ത വരി കയറി പോവുന്നു.

പതുക്കെ വെളിച്ചം മങ്ങി തുടങ്ങി. നിഴൽ മാത്രമായി കണ്ണിൽ. പക്ഷേ, ഗീത വീടിനുള്ളിൽ ഇരുന്നില്ല. കാഴ്ചയുള്ളവരുടെ ലോകം തന്നെയാണ് എന്റെയുമെന്നുറപ്പിച്ച് തലയുയർത്തി തന്നെ നടന്നു. മഞ്ഞൾ കൊണ്ട് ആരോഗ്യ ഉൽപ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറിയിലിരുന്ന് ഉൾവെളിച്ചത്തെക്കുറിച്ച് ഗീത സംസാരിച്ചു തുടങ്ങി.

കാഴ്ചയുടെ ഒാരത്തേക്ക്

‘‘മൂന്നു മക്കളായിരുന്നു ഞങ്ങൾ. മൂന്നു പേരും കാഴ്ചയോടെയാണ് ജ നിച്ചതെങ്കിലും വളർന്നപ്പോൾ ഇരുട്ടിലായി. ഒരുപാടു ഡോക്ടർമാരെ ക ണ്ടു. പലതരം ചികിത്സാ രീതികൾ പരീക്ഷിച്ചു. കാഴ്ചമാത്രം തിരികെ കിട്ടിയില്ല. ജന്മനാൽ ഞരമ്പുകൾക്കുണ്ടാവുന്ന ബലക്ഷയം കൊണ്ടാണിതെന്ന് കുറേ വർഷങ്ങൾക്കു ശേഷമാണ് കണ്ടെത്തിയത്.

തിരിച്ചടികളില്‍ തളർന്നു പോകുമ്പോൾ മനസ്സ് കൊടുങ്കാറ്റിൽ പെട്ടതു പോലെയാകും. സങ്കടം നമ്മളെ ചുഴറ്റിയെറിയും. പക്ഷേ, ഒരു നിമിഷം ‘നേരിട്ടേ പറ്റൂ, അല്ലാതെ മറ്റു വഴികളില്ല എന്നു തോന്നും. അതാണ് ജീവിതത്തിലേക്കുള്ള ലൈഫ് ബോട്ട്. എനിക്കും കിട്ടി അതുപോലൊന്ന്. ഒരു വർഷം നീണ്ട അനിശ്ചതത്വത്തിന്റെ ഇരുട്ടിൽ നിന്ന് പുറത്തേക്കി റങ്ങി. അധ്യാപകരാണ് എനിക്ക് വഴി കാണിച്ചു തന്നത്.

നന്നായി പഠിക്കുന്ന കുട്ടിയായിരുന്നതിനാൽ അധ്യാപകർക്ക് വലിയ കാര്യമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുന്നുവെന്നറിഞ്ഞപ്പോൾ അവരാണ് ബ്രയിൽ ലിപി പഠിക്കാൻ പറഞ്ഞത്. അങ്ങനെ കാഴ്ചപരിമിതി ഉള്ളവർക്കായുള്ള കൊച്ചി പോത്താനിക്കാടുള്ള വിദ്യാലയത്തിൽ എത്തിയത്. അവിടെ നിന്ന് എന്റെ ജീവിതത്തിലെ രണ്ടാമത്തെ അധ്യായം തുടങ്ങി. എന്നെപോലുള്ള ഒരുപാടു പേർ ഈ ലോകത്തുണ്ടെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തിൽ എവിടെയെങ്കിലും എത്താമെന്ന ആത്മവിശ്വാസം ഉള്ളിൽ തെളിഞ്ഞു. ഇനിയും പഠിക്കണം, മുന്നോട്ട് പോകണം. ആ ചിന്ത ആവേശത്തിന്റെ ചെറുതിരിയായി പ്രകാശിച്ചു തു ടങ്ങി. എന്നെ പോലെ ഒരുപാടു കുട്ടികൾ തൃശൂർ കേരളവർമ കോളജി ൽ പഠിക്കുന്നുണ്ടെന്നറിഞ്ഞു. അവിടെ പ്രീഡിഗ്രിക്ക് ചേർന്നു.

അച്ഛനും അമ്മയ്ക്കും അത് വലിയ ആശങ്കയായിരുന്നു. കാഴ്ചയില്ലാത്ത കുട്ടി ഒറ്റപ്പാലത്തു നിന്ന് തൃശൂരിൽ വന്നു പഠിക്കുന്നു. ആ ദൂരം ആധിക്കനൽ‌ കൂട്ടി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, കേരളവർമ്മ ഒരു വലിയ തണലാണ്. ജീവിതത്തിൽ എന്തു പ്രശ്നമുള്ളവർക്കും ആ തണലിലേക്ക് കയറി നിൽക്കാം. അവിടെ നിന്ന് ജീവിക്കാനായി കിട്ടുന്ന ഊർജം വലുതാണ്. വയ്യാത്ത കുട്ടി എന്ന പരിഗണന നൽകി ഒരിക്കലും മാറ്റി നിർത്തിയിട്ടില്ല. ഒപ്പം തന്നെ കൊണ്ടു നടന്നു. ആ പിന്തുണ ഇന്നുമുണ്ട്. ’’ ഇലപൊഴിയാതെ നിൽക്കുന്ന കേരളവർമയിലെ തണൽമരങ്ങളെക്കുറിച്ച് ഗീത.

പ്രണയത്തെളിച്ചം

പ്രണയത്തിന് എന്തൊരു തെളിച്ചമാണെന്ന് കേരള വർമ കാലത്ത് ഗീതയും തിരിച്ചറിഞ്ഞു. ഗീത പ്രീഡിഗ്രിക്ക് എ ത്തിയപ്പോൾ സീനിയർ ബാച്ചിലായിരുന്നു സലീഷ്. ഗീത യുടെ ഒരുപാടു കൂട്ടുകാർക്കിടയിലെ ഒരാൾ. സൗഹൃദത്തിന്റെ മുഖപടമിട്ടു മാറിനിന്ന പ്രണയം. തൊട്ടരികെ കാത്തിരുന്നൊരു തിര കരതൊടും പോലെ സലീഷ് ഉള്ളിലുള്ളത് പറഞ്ഞു.

‌‘‘ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ട്. എന്നൊക്കെ സലീഷേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. അതൊന്നും അതുവരെ എന്റെ ചിന്തയിൽ പോലും വരാത്ത കാര്യങ്ങളാണ്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കി. സലീഷേട്ടൻ പ്രണയത്തിൽ ഉറച്ചു നിന്നു. ഏട്ടൻ പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസം ജോലിക്കു ചേർന്നു. രണ്ടു വർഷം കഴിഞ്ഞ് വിവാഹം. ഞങ്ങൾക്ക് രണ്ടു മക്കൾ ഗസൽ‌ പത്താം ക്ലാസിൽ. ഗയ ആറിൽ. ‌

‌വീട്ടിൽ വന്നാൽ എനിക്ക് കാഴ്ചയില്ലെന്ന് ആരും പറയില്ല. പാചകം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്.

ബിസിനസിലേക്ക്...

സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരല്ല എന്നാണെന്റെ വിശ്വാസം. സ്വന്തമായി അധ്വാനിച്ചു നേടുമ്പോഴാണ് സ്വാതന്ത്ര്യം കിട്ടുന്നത്. വിവാഹശേഷം തൃശൂരില്‍ ഫ്ലോറ എന്ന ഒാർഗാനിക് റസ്റ്ററന്റ് തുടങ്ങി. പാലും പഞ്ചസാരയുമില്ലാത്ത ഹോട്ടൽ. മധുരത്തിന് തേനാണ് ഉപയോഗിച്ചിരുന്നത്. അടയെ ആദ്യമായി മാർക്കറ്റ് ചെയ്തത് ഞങ്ങളായിരിക്കും. കനലിൽ ചുട്ടെടുക്കുന്ന ആ അടയുടെ പേര് സ്മാർട് അട എന്നായിരുന്നു.

എനിക്ക് കാഴ്ചയില്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകില്ല. അടുക്കളയിലും ക്യാഷ്കൗണ്ടറിലും ‍ഞാൻ ജോലി ചെയ്തു. നോട്ടുകളുടെ വീതി തൊട്ടറിഞ്ഞ് തുക മനസ്സിലാക്കി. പക്ഷേ, ആ സ്ഥലം ഉടമ വിറ്റതോടെ ഹോട്ടൽ പൂട്ടേണ്ടി വന്നു. അത് വലിയ വിഷമമായി. അങ്ങനെ സങ്കടത്തിലേക്ക് മുങ്ങിതാഴുന്നതിനിടെ വീണ്ടുമൊരു ലൈഫ് ബോട്ട് കിട്ടി. അതായിരുന്നു മഞ്ഞൾ.

geetha-story

വരൂ, മഞ്ഞൾ കൃഷി ചെയ്യാം

ഞങ്ങളുടെ ആവശ്യത്തിനു വേണ്ടിയാണ് ആദ്യം മഞ്ഞൾ‌ കൃഷി ചെയ്തത്. പിന്നീട് മഞ്ഞളിലെ കുർക്കുമിനെ കുറിച്ചറിഞ്ഞു. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും പ്രതിരോധശേഷി കൂട്ടാനും കുർക്കുമിന് കഴിയും എന്ന് പഠനങ്ങളിൽ കണ്ടു. അലോപ്പതി ഉൾപ്പടെ മിക്ക വൈദ്യ ശാഖകളിലും കുർക്കുമിൻ ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലം ആയതോടെ മഞ്ഞളിനു പ്രാധാന്യം കൂടി.

ഇതൊടെയാണ് മഞ്ഞൾ‌ കൃഷി ചെയ്താലോ എന്ന ചിന്ത മനസ്സിൽ വന്നത്. പണ്ട് വിവിധ ധാന്യങ്ങളിൽ നിന്ന് സ്മാർട് അട ഉണ്ടാക്കിയ പോലെ മഞ്ഞളിൽ നിന്നുള്ള വിഭവങ്ങളുണ്ടാക്കാനുള്ള പഠനവും തുടർന്നു. അപ്പോഴാണ് ഏറ്റവും കൂടുതൽ കുർക്കുമിൻ ഉള്ളത് പ്രതിഭ എന്ന ഇനത്തിലാണെന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പൈസസ് റിസർച് സെന്ററിൽ ഉൽപാദിപ്പിക്കുന്നതാണ് പ്രതിഭ എന്ന മഞ്ഞൾ.

അതു കൊണ്ടുള്ള ഉൽപന്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഒടുവിൽ വിജയിച്ചു. ‘ഗീതാസ് ഹോം ടു ഹോം’ എന്ന പേരിൽ ഒാൺലൈൻ വിൽപന വഴി മഞ്ഞൾപൊടിയും ഫസ്റ്റ് ഡ്രിങ്ക്, കുർക്കു മീൽ എന്നീ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചു. മഞ്ഞളും ഈന്തപ്പഴവും ബദാമുമൊക്കെ ചേർന്നതാണ് കുർക്കുമീൽ.

അഞ്ചു കുടുംബങ്ങളെയാണ് കൃഷി ചെയ്യാൻ തിരഞ്ഞെടുത്തത്. അവർ കൃ‍ഷി ചെയ്യുന്നു. ഞങ്ങൾ ആ വിള വ് വാങ്ങുന്നു. ജൈവരീതിയിൽ കൃഷി ചെയ്യാൻ പഠിപ്പിക്കും. ഒപ്പം വിത്തും നൽകും. ഒരേക്കർ കൃഷിക്ക് വിത്തിന് ഒ ന്നര ലക്ഷം രൂപയോളമാകും. പലപ്പോഴും ആ പണം കൃഷിക്കാർക്ക് ഒറ്റയടിക്ക് തരാനാകില്ല. പലപ്പോഴും വിത്തിന്റെ പണം വിളവെടുക്കുമ്പോഴാണ് വാങ്ങാറുള്ളത്.

കഴിഞ്ഞ വർഷം ഒന്നര ഏക്കറിലായിരുന്നു കൃഷി. ഈ വർഷം അഞ്ച് ഏക്കറിലായി. സിനിമാ താരം ശ്വേത മേനോന്റെ സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. ഇനി 50 ഏക്കറിൽ കൃ ഷി ചെയ്ത് മഞ്ഞൾ വിളയിച്ച് ഉൽ‌പന്നങ്ങൾ‌ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കണം എന്നാണ് ആഗ്രഹം. ഇതു വഴി 500 സ്ത്രീകൾക്ക് ജോലി നൽകാനുമാകും. മഞ്ഞൾ വിഭവങ്ങളുണ്ടാക്കുന്ന ഫാക്ടറിയിലും ഞാനുൾപ്പടെ ജോലി ചെയ്യുന്നു. സലീഷും ഒപ്പമുണ്ട്.

കാഴ്ചയില്ലാത്ത ആളാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് അദ്ഭുതപ്പെടുന്നവരുണ്ട്. അവരോട് എനിക്ക് ഒറ്റകാര്യമേ പറയാനുള്ളൂ, എനിക്ക് കാഴ്ചയുണ്ട്. ഉൾക്കണ്ണിലാണെന്ന് മാത്രം. സ്വപ്നത്തിേലക്ക് എത്താനുള്ള യാത്രയിൽ ആ വെളിച്ചത്തിനാണ് തെളിച്ചം.’’

വിജീഷ് ഗോപിനാഥ്

ഫോട്ടോ: റസൽ ഷാഹുൽ