Wednesday 12 August 2020 10:44 AM IST

ഇനി എത്രനാൾ കഴിയണം, എത്ര കാത്തിരുന്നാലാണ് മട്ടന്നൂരിന്റെ കൊട്ടു കേൾക്കാൻ കൂട്ടുകൂടി നിൽക്കാനാകുക

Vijeesh Gopinath

Senior Sub Editor

WhatsApp Image 2020-08-11 at 8.03.45 AM (1)

ഇത്രയും നാള്‍ മട്ടന്നൂര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു കൊട്ടാതിരിക്കുന്നത് ആദ്യമായിട്ടാണ്. മേളത്തിന്റെ കുടമാറ്റം നടത്തുന്ന മട്ടന്നൂരിന്റെ ഓര്‍മയ്‌ക്കൊപ്പം..... 

ഭാര്യ ഭാരതി കഴിഞ്ഞാല്‍ മട്ടന്നൂരിന്റെ മറുപാതി താളം മുറുക്കിയ ചെണ്ടയാണ്. ആ പ്രണയത്തിന് അര നൂറ്റാണ്ട് പ്രായമുണ്ടെങ്കിലും ഇന്നും ചെണ്ട കാണുമ്പോള്‍ മട്ടന്നൂരിന്റെ മനസ്സിലെ കാമുകനുണരും. കാമുകിയുടെ മുഖം തടവും പോലെ വലം തലവട്ടത്തില്‍ ഒരു കൈയോടിക്കല്‍. വിരലുകള്‍ കൊണ്ട് ശലഭനൃത്തം. വസന്തം പൂവിനെ തൊട്ടപോല ചെണ്ട അപ്പോള്‍ ആകെപൂത്തുലയും. 

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെന്ന പേരില്‍ പോലുമുണ്ട് ചെണ്ടയുടെ' ട്ട' സ്വരം. മട്ടന്നൂര് ഇതു വരെ എത്ര ഉത്സവത്തിന് കൊട്ടിയിട്ടുണ്ടെന്നു ചോദിച്ചാല്‍ ഇതെന്ത് മണ്ടത്തരമെന്ന മട്ടില്‍ ചെണ്ട ചിരിക്കും. ലണ്ടനില്‍ പോലും മട്ടന്നൂരിന്റെ ചെണ്ടയ്ക്ക് ആരാധകരുടെ താളക്കൈ പൊങ്ങിയിട്ടുണ്ട്. 

അഞ്ചുവയസ്സില്‍ കയ്യിലെടുത്ത ഈ ചെണ്ടക്കോല്‍ ഇപ്പോഴും മാന്ത്രികവടി തന്നെയാണ്. മട്ടന്നൂരിന്റെ കൈകളിലിരുന്ന് അത് ഉയര്‍ന്നു താഴുമ്പോള്‍ ആള്‍ക്കൂട്ടം ഒരൊറ്റ മനസ്സോടെ താളത്തില്‍ ആടാന്‍ തുടങ്ങും. നട്ടുച്ചയാണെങ്കിലും അവര്‍ക്കത് തെളിനിലാവാണെന്നേ തോന്നൂ. 

പക്ഷേ... താളത്തില്‍ മുങ്ങി നിവരുന്ന ആള്‍ക്കൂട്ടത്തെ കാണണമെങ്കില്‍ ഇനിയെത്ര നാളുകള്‍ കഴിയണം. മട്ടന്നൂരിന്റെ കൊട്ടുകേള്‍ക്കാന്‍ ഓടിയെത്തുന്നവര്‍ക്ക് ഇനി എത്ര നാള്‍ കഴിഞ്ഞാലാണ് ഒന്നു കൂട്ടൂ കൂടി നില്‍ക്കാനാവുക?

'' ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നിന്ന ഒരു കാലം എനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോള്‍ സിനിമകള്‍ കാണുന്നു, പുസ്തകങ്ങള്‍ വായിക്കുന്നു... അങ്ങനെ സമയം പോവുന്നു. ഇനി പണ്ടത്തേതു പോലെ ആവേശം കൊണ്ട് ഇളകുന്ന ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്നു കൊട്ടണമെങ്കില്‍ മൂന്നു വര്‍ഷമെങ്കിലും കഴിയേണ്ടിവരുമെന്നു തോന്നുന്നു.'' മട്ടന്നൂര്‍ പറയുന്നു. മട്ടന്നൂര്‍ ചെല്ലം തുറന്നുവച്ചു. പിന്നെ ഓര്‍മകളുടെ തളിര്‍വെറ്റിലയെടുത്ത് അറ്റം നുള്ളി നെറ്റിയിലൊട്ടിച്ചു.

ഗണപതിക്കൊട്ട്

കുഞ്ഞികൃഷ്ണമാരാര്‍ക്കും കാര്‍ത്ത്യായനി മാരസ്യാര്‍ക്കുംആദ്യം പിറന്നത് രണ്ടും പെണ്‍കുട്ടികള്‍. മട്ടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ അടിയന്തിരക്കൊട്ട് ആ കുടുംബത്തിനായിരുന്നു. ആണ്‍കുട്ടി പിറന്നില്ലെങ്കില്‍ അടിയന്തിരം കൊട്ടാന്‍ ആരുണ്ട് എന്നോര്‍ത്ത് സങ്കടപ്പെട്ട് മട്ടന്നൂരപ്പന്റെ മുന്നില്‍ മനമുരുകി അവര്‍ പ്രാര്‍ഥിച്ചു. അടുത്തത് ഒരു ആണ്‍കുഞ്ഞായിരുന്നു. പ്രാര്‍ഥനയുടെ ഫലമായി ജനിച്ച കുട്ടിക്ക് അച്ഛനുംഅമ്മയും ശങ്കരന്‍കുട്ടി എന്നു പേരുമിട്ടു.

അക്ഷരമാല പഠിക്കുംമുമ്പേ, കുട്ടി ചെണ്ടകൊട്ടിന്റെ ഗണപതി കൈ പഠിച്ചു. ആരും പഠിപ്പിച്ചതല്ല, കേട്ടുപഠിച്ചതാണ്, മട്ടന്നൂര്‍മഹാദേവക്ഷേത്രവുംശങ്കരന്‍കുട്ടിയുടെവീടുംഒരുമതിലിന്റെഅകലമേയുണ്ടായിരുന്നുള്ളു.

'ഓര്‍മവച്ചപ്പോള്‍ മുതല്‍ക്ക് ഞാന്‍ കേള്‍ക്കുന്നത് ചെണ്ടയുടേയും ഇടക്കയുടേയുമൊക്കെ സ്വരമാണ്. അന്നൊക്കെ മാരാരുടെ പര്യായം തന്നെയായിരുന്നു ചെണ്ട. 

അഞ്ചു വയസ്സു തൊട്ട് ശീവേലിക്ക് കൊട്ടാന്‍ പോവും. എന്താണ് കൊട്ടുന്നതെന്ന് അറിയില്ല, പക്ഷേ, വേണ്ട സമയത്ത ചെയ്യേണ്ടത് ചെയ്യാനറിയാം. മുതിര്‍ന്നു കഴിഞ്ഞാല്‍ എന്റെ അന്നം താളംകൊണ്ടാണെന്ന മുന്‍വിധിയും ഉണ്ടായിരിക്കാം. 

എട്ടു വയസ്സില്‍ അച്ഛന്‍ തായമ്പക കൊട്ടാന്‍ പഠിപ്പിച്ചു. വൈകുന്നേരം ശീവേലികഴിഞ്ഞ് വീട്ടിലെത്തി അത്താഴവും കഴിഞ്ഞാണ് പഠനം. എനിക്കാണെങ്കില്‍ അത്താഴം കഴിയുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണെന്ന ശീലവും. പക്ഷേ, അച്ഛന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. എണ്ണം തെറ്റാതെ ഞാന്‍ കൊട്ടി ക്കേള്‍പ്പിക്കും. അച്ഛനു സന്തോഷവുമാവും. 

കുട്ടിക്കാലം മുഴുവന്‍ ഓട്ടമായിരുന്നു. വെളുപ്പിനെ അമ്പലത്തിലേക്ക്. അവിട്ന്ന് സ്‌കൂളിലേക്ക്. സ്‌കൂളു വിട്ടു വന്നാല്‍കടയില്‍ പോയി വീട്ടിലേക്കുള്ള സാധനങ്ങള്‍ മേടിച്ചു കൊടുക്കണം. പിന്നെ, കുളിച്ച് അമ്പലത്തിലേക്ക്. അത്താഴപൂജയുംകഴിഞ്ഞാലേ ഒന്നിരിക്കാന്‍പറ്റു.. രാത്രിതായമ്പകപഠനം. ഇതിനിടയില്‍ ഒരുകളിക്കും കൂടാത്ത കുട്ടിയായി ഞാന്‍. 

കുറച്ചുകഴിഞ്ഞപ്പോള്‍ ഈ നാട്ടില്‍ നിന്നു രക്ഷപ്പെടണമെന്നായി. പക്ഷേ, അപ്പോഴേക്കും ചെണ്ട ലഹരിയായി തുടങ്ങിയിരുന്നു. സദനം രാമചന്ദ്രന്‍ എന്ന മദ്ദളം കലാകാരന്‍ എന്റെ അമ്മയുടെ അമ്മാവന്റെ മകനാണ്. ചെണ്ടയിലുള്ള എന്റെ താല്‍പര്യം കണ്ട് അതു പഠിപ്പിക്കാം എന്നു പറഞ്ഞു. അച്ഛനും അ തു തരക്കേടില്ലാത്ത കാര്യമായി തോന്നി. 

ഗാന്ധിസദനത്തിലാണു പഠനം. സ്‌റ്റൈപന്റുമുണ്ട്. ഒപ്പംസ്‌കൂളിലും പഠിക്കാം. അങ്ങനെയാണ് ഞാന്‍ സദനത്തിലേക്ക്‌പോവുന്നത്, കഥകളിച്ചെണ്ട പഠിക്കാന്‍''

കഥകളിച്ചെണ്ട

പാലക്കാട് മറ്റേതോ രാജ്യമായിരുന്നു മട്ടന്നൂരിന്. ഗ്രാമത്തിന്റെ പരിധിവിട്ടുള്ള ആദ്യ യാത്ര. വീടും സ്‌കൂളും കൂട്ടുകാരുമൊക്കെ അകന്നകന്നു പോയെങ്കിലും തീവണ്ടിയിലിരിക്കുമ്പോള്‍മനസ്സില്‍ ചെറിയ സന്തോഷം വിരിഞ്ഞു. ഓട്ടത്തില്‍ നിന്നുരക്ഷപ്പെട്ടല്ലോ എന്നസന്തോഷം. പക്ഷേ, സദനത്തിലെ ആദ്യദിവസം തന്നെ കുട്ടിഞെട്ടി. പഴയതിനേക്കാള്‍ വേഗത്തിലോടിയാലേ പറ്റൂ എന്ന അവസ്ഥ. 

വെളുപ്പിനെ മൂന്നു മണിക്ക് സാധകം തുടങ്ങും. സ്‌കൂളില്‍പോകും വരെ കഥകളിയും ചെണ്ടയും പഠിക്കും. സ്‌കൂളു വിട്ടു വന്നാല്‍ വീണ്ടും പഠനം. ചിട്ടയെന്നാല്‍ ഒരിളവുമില്ലാത്തതാണ്. ഓരോ ദിവസവും വെളുപ്പിനെ എഴുന്നേല്‍ക്കുമ്പോള്‍ ഇനിയൊന്നു കിടക്കാന്‍ പത്തുമണി കഴിയണമല്ലോ എന്നായിരു ന്നുശങ്കരന്‍കുട്ടിയുടെ ചിന്ത. 

കലാമണ്ഡലം ചന്ദ്രമന്നാഡിയാറും സദനംവാസുദേവനുമായിരുന്നു ഗുരുക്കന്മാര്‍ നാലുവര്‍ഷം മിന്നല്‍ പോലെ കടന്നുപോയി. ഭീമനൊപ്പം അലറാനും നളനൊപ്പം പ്രണയിക്കാനും ശങ്കരന്‍ കുട്ടിയുടെ ചെണ്ട പഠിച്ചു കഴിഞ്ഞു. പിന്നെ കുറേനാള്‍ പട്ടാരത്ത്ശങ്കരമാരാരുടെ കീഴില്‍ ഇടയ്ക്ക പഠനം. ഇടയ്ക്കയില്‍ ഇന്ദ്രലോകം കാണിച്ച മഹാന്‍. പല്ലാവൂര്‍ അപ്പുമാരാരുടെ അച്ഛന്‍.

'അദ്ദേഹം എന്നെ ചക്കരക്കുട്ടീ എന്നാണ് വിളിച്ചിരുന്നത്. മറ്റാരും ശിഷ്യന്മാരായിട്ട് ഉണ്ടായിരുന്നില്ല. വൈകുന്നേരം സദനത്തിലെ ചൊല്ലിയാട്ടം കഴിഞ്ഞ് നേരെ അദ്ദേഹത്തിന്റെ അടുത്തേയ്ക്കു പോവും. രാത്രി എട്ടു മണിയാവും അവിടെഎത്തുമ്പോള്‍, ചക്കരക്കുട്ടീ ഊണു കഴിക്ക്യല്ലേ എന്നാവും ചോദ്യം. അദ്ദേഹം തന്നെ വിളമ്പിത്തരും. 

അമൃത് എന്നൊക്കെ കേട്ടിട്ടില്ലേ. ആ കൈകൊണ്ട് തരുമ്പോള്‍ അന്നം അമൃതായി മാറിയിരുന്നു. ചിലപ്പോള്‍ പാതിരാത്രിക്കൊക്കെ അദ്ദേഹം വിളിച്ചുണര്‍ത്തും. എഴുനേല്‍ക്കുമ്പോള്‍ മുതല്‍ നേരം വെളുക്കും വരെ പാനം, അങ്ങനെ ഒരു വര്‍ഷം... ഒരുദിവസം അദ്ദേഹംപറഞ്ഞു.

' ചക്കരക്കുട്ടി നമുക്ക് പൂരത്തിന് കൊട്ടാന്‍ പോവാം...'' തിരുവമ്പാടി ക്ഷേത്രത്തിലെ പൂജകൊട്ട് അടിയന്തിരം അദ്ദേഹത്തിനായിരുന്നു. അങ്ങനെ തൃശൂരും പൂരവും ആദ്യമായികണ്ടു. എന്റെ ആദ്യ പൂരംകാണല്‍ പൂരംകൊട്ടിക്കൊണ്ടായിരുന്നു. ജനക്കടലിന്റെ ആദ്യകാഴ്ചയില്‍ ഇടയ്ക്ക പോലെ എന്റെഹൃദയവും മിടിക്കുന്നുണ്ടായിരുന്നു. ഇത്രയും ആള്‍ക്കാര്‍ ഒരുമിച്ചുനില്‍ക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്.

പൂരം കഴിഞ്ഞപ്പോള്‍ ഗുരുപറഞ്ഞു– 'ചക്കരകുട്ടി ഇനി തിരുവമ്പാടിയില്‍ നിന്നോളു. ഇവിടെ പൂജകൊട്ട് ഇനി നീ ചെയ്താമതി.' അന്നു മുതല്‍ ഗുരു മരിക്കും വരെ തിരുവമ്പാടി ക്ഷേത്രത്തിലായി എന്റെ പകലുകളും രാത്രികളും.'' മട്ടന്നൂര്‍ശങ്കരന്‍കുട്ടി എന്ന തലയെടുപ്പിലേക്കുള്ള ആ കൗമാരക്കാരന്റെ യാത്ര ഇവിടെ തുടങ്ങുന്നു. ഇവിടെ നിന്നാണ് തായമ്പകയുടെ ഇടിമുഴക്കത്തിലേക്ക് അശ്വമേഥം തുടങ്ങിയത്.

അഭിമാനച്ചെണ്ട

ചാക്കില്‍ പൊതിഞ്ഞ ചെണ്ടയുമായിട്ടായിരുന്നു അന്നത്തെ യാത്രകള്‍, ചെണ്ട കാണുമ്പോഴേക്കും ബസ്‌െ്രെഡവര്‍മാര്‍ക്ക് ബാധകൂടും. നിര്‍ത്താനായി വന്ന ബസ്സ് ചെണ്ടകാണുമ്പോഴേക്കും ഒറ്റ കുതിക്കല്‍. ചെണ്ട കയറിയാല്‍ അത്രയും സ്ഥലം പോവില്ലേ. മട്ടന്നൂര്‍ പകരംവീട്ടി. സ്വന്തമായി ഒരുജാവാ മോട്ടോര്‍സൈക്കിള്‍ സംഘടിപ്പിച്ചു. പിന്നെ കാറുവാങ്ങി. ചെണ്ടക്കാരന്‍ വഴിയില്‍ കിടക്കേണ്ടവനല്ലെന്നു കാണിച്ചുകൊടുക്കാന്‍ ഒരുപോരാട്ടം.

'' ജീവിതത്തിലും ഈ അന്തസ്സ് കാത്തുസൂക്ഷിച്ചു. കലകൊണ്ടു നടക്കുന്നയാള്‍ എന്തെങ്കിലും തെറ്റുചെയ്താല്‍ അത് പെട്ടെന്ന് പരസ്യമാവും. ചില കമ്മറ്റിക്കാര്‍ക്ക് പറഞ്ഞപണം കൊടുക്കാന്‍ നിവൃത്തിയുണ്ടാവില്ല. അപ്പോള്‍ മേളം കഴിയുമ്പോള്‍ സ്വകാര്യമായി ഒരു വിളിയുണ്ടാവും. ആ 'ക്ഷണത്തില്‍' വീഴുന്ന കലാകാരന്മാരായിരുന്നു അന്നു കൂടുതല്‍. അവര്‍ക്ക് ഒന്നും ഉണ്ടാക്കാനായില്ല. കുടുംബം പോലും ഉണ്ടായില്ല. അതുകണ്ടാണ് ഞാന്‍ വളര്‍ന്നത്. തൃത്താലകേശവ പൊതുവാള്‍ എന്ന ഗജവീരനൊപ്പം ഞാന്‍ കൊട്ടിയിട്ടുണ്ട്. കൊട്ടിക്കൊട്ടി കേള്‍വിക്കാരെ കൊടുമുടികയറ്റുമ്പോള്‍ ഉരുണ്ട് താഴേക്കു പോയ ജീവിതം അദ്ദേഹത്തിന് തിരിച്ചുപിടിക്കാനായില്ല. ഒരിക്കലും അങ്ങനെയാവരുതെന്ന് വാശി യുണ്ടായിരുന്നു. എനിക്കു വേണ്ടി കാത്തിരിക്കുന്ന കുടുംബമുണ്ടെന്ന് ഓര്‍മിച്ചിരുന്നു'...

ഭാരതിയെ കാണുന്നു...

അന്ന് മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂര്‍ കൊട്ടാന്‍ പോയതാണ് മട്ടന്നൂര്‍. തൃക്കണ്ടിയൂര്‍ നാരായണ മാരാരുടെ വീട്ടിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ബന്ധുവായ ഒരുകുട്ടിയെ അന്നുകണ്ടു, പേര് ഭാരതി, അടുത്ത വര്‍ഷം വീണ്ടുംകൊട്ടാന്‍ പോയി. അന്ന് ഭാരതി ഒമ്പതാം ക്ലാസില്‍. നാരായണമാരാരുടെ ഭാര്യ മട്ടന്നൂരിനോടു പറഞ്ഞു, 'ആ കുട്ടി മിടുക്കിയാണ് വേണമെങ്കില്‍ വിവാഹം ആലോചിക്കാം. 

പഞ്ചാരി കൊട്ടുമ്പോള്‍ ഹൃദയത്തില്‍ പ്രണയക്കൊട്ടു കേള്‍ക്കാന്‍ മട്ടന്നൂരിന് ഒട്ടും താല്‍പര്യമുണ്ടായില്ല. അതുകൊണ്ട് ഒരുത്തരവും പറഞ്ഞില്ല. അടുത്തവര്‍ഷം കൊട്ടാന്‍വന്നപ്പോള്‍ മട്ടന്നൂരിനു തോന്നി, നടന്നാല്‍ തരക്കേടില്ല. 

ഉത്സവം കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ അമ്മയോടു കാര്യംപറഞ്ഞു. ഇരുപത്തിമൂന്നാം വയസ്സില്‍ മട്ടന്നൂര്‍ ഭാരതിയെ മറുപാതിയാക്കി. ഭാരതിക്കന്ന് 18 വയസ്സ്.

'ഞാന്‍ നാടുമുഴുവന്‍ ചെണ്ടയുമായി നടക്കുകയായിരുന്നു. ഭാരതിയും മക്കളും മട്ടന്നൂരിലെ തറവാട്ടുവീട്ടില്‍. പ്രാരബ്ധം അന്നുമുണ്ടായിരുന്നു. ഒടുവില്‍ വെള്ളിനേഴി ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ ചെണ്ട അധ്യാപകനായി ജോലി കിട്ടിയതോടെയാണ് ജീവിതം മാറിയത്. 

ചെണ്ടയില്‍വിരിഞ്ഞപൂക്കള്‍

ഏതു കാലത്തും വിരിയുന്ന പൂക്കളായിരുന്നു മട്ടന്നൂരിന്റെചെണ്ട. പത്മശ്രീ ഉമയനാള്‍ പുരത്തിന്റെ മൃദംഗത്തിനൊപ്പംചെമ്പകപ്പൂവായി. ശിവമണിയുടെ ഡ്രംസിനൊപ്പം സൂര്യകാന്തിയായി. ബാലഭാസ്‌കറിന്റെ വയലിനൊപ്പം താമരപോലെവിരിഞ്ഞുനിന്നു. തിമിലയ്ക്കും തകിലിനും ഒക്കെയൊപ്പംചെണ്ട ഡ്യുവറ്റ്പാടി, 

ജുഗല്‍ ബന്ദികളിലൂടെ കേള്‍വിക്കാരുടെ ശ്വാസത്തെ പിടിച്ചുനിര്‍ത്തിയ എത്രയോ സ്‌റ്റേജ്‌ഷോകള്‍. പക്ഷേ, നെറ്റിചുളിക്കാനും ആള്‍ക്കാരുണ്ടായിരുന്നു. അമ്പലത്തിലെ കൊട്ടിനെ നാടകത്തട്ടില്‍ കയറ്റുകയോ എന്ന്പരിഹസിച്ചവര്‍ ഏറെ, പരിഹസിച്ചവര്‍ക്കുള്ള മട്ടന്നൂരിന്റെ മറുപടിക്കൊട്ട് ഇങ്ങനെ: 

'' എല്ലാവരും അമ്പലത്തില്‍ വരണമെന്നില്ലല്ലോ, തായമ്പക കേള്‍ക്കണമെന്നാഗ്രഹമുള്ളവര്‍ പുറത്തുണ്ട്. അവര്‍ക്ക് കലയെ ഇഷ്ടമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊട്ടണമെന്നുപറഞ്ഞാല്‍ കൊട്ടണം. ആവശ്യമുള്ളവര്‍ക്കു മുന്നിലാണ് കൊട്ടേണ്ടത്. കേള്‍വിക്കാര്‍ക്കു മുന്നില്‍ കൊട്ടിയില്ലെങ്കില്‍ഞാന്‍ കലാകാരനല്ലാതാവില്ലേ?''

കോവിഡ് തീരട്ടെ, ഇനിയും ഉത്സവപ്പറമ്പ് ഉത്സാഹപ്പറമ്പാവും.  ഉച്ചവെയില്‍ കനത്തില്‍ കത്തിനില്‍ക്കുമ്പോഴും അതൊന്നുമറിയാതെ മേളച്ചൂടില്‍ മട്ടന്നൂരിനൊപ്പം ആരാധകരും ആവേശത്തിലാവും. കാത്തിരിക്കാം.