Friday 22 April 2022 03:02 PM IST

‘അമ്മയെയും കൊണ്ടു വരാൻ ചെറിയ കുട്ടിയാണോ?, ഒറ്റയ്ക്കു വരാൻ പേടിയാണോ?’: ഗ്ലാമർ ലോകത്തെ ചതിക്കുഴികൾ

Vijeesh Gopinath

Senior Sub Editor

modelling-crime പ്രതീകാത്മക ചിത്രം

പണവും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന കരിയർ – സെലിബ്രിറ്റി എന്ന വാക്കിന് ഇന്ന് അതിരുകൾ‌ വലുതാണ്. പണ്ട് സിനിമയുടെ വലിയ സ്ക്രീനിൽ അഭിനയിച്ചാൽ മാത്രം കിട്ടിയിരുന്ന താരപദവിയും ആരാധകരുടെ സ്േനഹവും മൊബൈലിന്റെ കുഞ്ഞു സ്ക്രീനിൽ നിറയുന്ന കാലം. പാട്ടോ പാചകമോ മോഡലിങ്ങോ എ ന്തിന് ചുമ്മാ ഇരുന്നു കഥ പറഞ്ഞാൽ പോലും താര മാകാൻ ഭാഗ്യമുണ്ടെങ്കിൽ അധികം സമയം വേണ്ട.

ഈ ഗ്ലാമർ ലോകത്ത് ഡിസ്‍‌ൈലക് ചെയ്യപ്പെടേണ്ട, ബ്ലോക്ക് ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഇല്ലേ? കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ചത്, അതേ തുടർന്ന് മറ നീക്കി പുറത്തുവന്ന വിവരങ്ങൾ.

കൊച്ചിയിൽ തന്നെ വ്ളോഗറും മോഡലുമായ പെൺകുട്ടിയുടെ ആത്മഹത്യ, ലഹരിക്കടത്തിൽ പിടിയിലാകുന്ന ചെറുപ്പക്കാരുടെ മുഖങ്ങൾ, അവരിൽ നിന്ന് സെലിബ്രിറ്റികളിലേക്കു നീളുന്ന പാതകൾ... വാർത്തകൾ തുടരുകയാണ്.

അഭിനയം, മോഡലിങ് തുടങ്ങി എന്തുമാകട്ടെ,സെലിബ്രിറ്റി എന്ന വാക്ക് നൽകുന്ന സന്തോഷവും അഭിമാനവും സ്വപ്നം കണ്ട് ഒരുപാടു പേർ കാത്തിരിക്കുന്നുണ്ട്. ഏതൊരു ജോലിയും പോലെ മികച്ച കരിയർ തന്നെയാണിത്. പക്ഷേ, ഇറങ്ങും മുൻപ് ഈ മേഖലയെ കുറിച്ച് പഠിക്കുക. എന്നിട്ട് ക്യാമറയ്ക്കു മുന്നിലേക്ക് കാലെടുത്തു വയ്ക്കാം.

‘സ്ത്രീകൾ മാത്രം സൂക്ഷിക്കണം,’ ‘അവരെ കുടുക്കാനുള്ള വലയുമായി ചിലർ ഇറങ്ങിയിട്ടുണ്ടേ.’ എന്നൊക്കെ പറയേണ്ട കാലം കഴിഞ്ഞു. സ്ത്രീയുടെ തെറ്റുകൊണ്ടു മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ വീണു പോയാൽ തുറന്നു പറയാൻ പോലും മടിക്കുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ നിയമ സുരക്ഷകൾ നൽകാനാകും... ഈ മേഖലയിലെ പ്രശസ്തർ നൽകുന്ന ചില അനുഭവ പാഠങ്ങൾ.

ഒറ്റയ്ക്കു വന്നൂടേ...

പേരും ഫോട്ടോയും െവളിപ്പെടുത്താൻ എനിക്ക് താ ൽപര്യമില്ല. മലയാളത്തിൽ മൂന്നു നാലു സിനിമകളിൽ അ ഭിനയിച്ചിട്ടുണ്ട്. പഠിച്ചത് ഫാഷൻ ഡിസൈനിങ് ആ ണ്. ആ കോഴ്സിനു ചേരും മുൻപ് ചില ഫാഷൻ ഷൂട്ടുകൾക്കും മോഡലായിട്ടുണ്ട്. അതു വഴിയാണ് സിനിമയിലേക്ക് എത്തിയത്.

ഏതു ഷൂട്ടിനു പോയാലും അമ്മയോ സഹോദരനോ എനിക്കൊപ്പം ഉണ്ടാകും. പരിചയം ഇല്ലാത്ത സ്ഥലം, ആളുകൾ. വീട്ടിൽ നിന്ന് ആരെങ്കിലും ഉള്ളപ്പോഴാണ് ‍ കൂടുതൽ കംഫർടബിൾ ആയിരുന്നത്. രണ്ടു സിനിമയിൽ അഭിനയിച്ചപ്പോഴും അവർ കൂടെയുണ്ടായിരുന്നു. ‘അമ്മയെയും കൊണ്ടു വരാൻ ചെറിയ കുട്ടിയാണോ? പേടിയാണോ’ പോലുള്ള ക മന്റുകൾ കിട്ടിയിട്ടുണ്ട്. പക്ഷേ കാര്യമാക്കിയില്ല.

എന്നാൽ അന്ന് സിനിമയിലെ പുതുമുഖ സംവി ധായകനെ കാണാനിടയായി. ‘അടുത്ത ചിത്രത്തി ൽ അഭിനയിക്കാൻ തയാറാണോ’ എന്നു ചോദിച്ചു. കഥ പറച്ചിലിനും മറ്റുമായി ഫ്ളാറ്റിൽ വരണമെന്നും ഒറ്റയ്ക്കു വരുന്നതാണ് നല്ലതെന്നും പറഞ്ഞു. ഒറ്റയ്ക്കാകുമ്പോള്‍ എല്ലാം തുറന്നു സംസാരിക്കാമെന്നും പറഞ്ഞു. പക്ഷേ, ഞാൻ ആ സിനിമയേ വേണ്ടെന്നു വച്ചു.

നഷ്ടപ്പെട്ടത് എന്റെ അവസരമാണ്. ഞാൻ കാരണമല്ലാതെ എനിക്കൊരു സിനിമ നഷ്ടമായി. അദ്ദേഹത്തെ കുറിച്ച് ഞാൻ മുൻപ് കേട്ടിരുന്നതു കൊണ്ട് ഒറ്റയ്ക്ക് പോയാൽ എന്തു സംഭവിക്കുമെന്നറിയാമായിരുന്നു.

നിയമത്തിന്റെ വഴികൾ-അഡ്വ. അന്ന ഹൈബി ഈ‍‍ഡൻ, കൊച്ചി

സോഷ്യൽമീഡിയയിലെ സുരക്ഷിതത്വമില്ലായ്മ പെൺകുട്ടികൾക്കുമാത്രമല്ല. പെൺകുട്ടികള്‍ മുൻകരുതലെടുക്കണം എന്ന് ലിംഗപരമായി ചിന്തിക്കേണ്ട ആവശ്യമില്ല.

പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന ശാരീരിക ആക്രമണങ്ങൾ പലപ്പോഴും വലിയ മാനസിക സംഘർഷത്തിലേക്ക് എത്തിക്കും. ഉ‍ടന്‍ തന്നെ നിയമസഹായം തേടാന്‍ മടിക്കും. വീട്ടിലുള്ളവരും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്തും എന്ന ഭയം കൊണ്ടാണ് പലരും ഉടൻ പ്രതികരിക്കാത്തത്.

ധൈര്യം കിട്ടുന്നത് പലപ്പോഴും സ്വന്തം കാലിൽ നിൽക്കാനാകുമ്പോഴായിരിക്കാം. അതുകൊണ്ടു ത ന്നെയാണ് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട സെക്‌ഷൻ 376 ൽ സമയപരിധി വയ്ക്കാത്തത്. നിയമം നൽകുന്ന പരിരക്ഷയാണത്.

പക്ഷേ, ഇങ്ങനെ വൈകുമ്പോൾ തെളിവുകൾ ന ഷ്ടമായേക്കാം. അതു കേസിനെ ബാധിക്കും. ക്രിമിനൽ നിയമത്തിൽ ഗൂഢാലോചന സ്ഥാപിക്കാൻ തെളിവുകള്‍ വേണം. അതുകൊണ്ട് ലൈംഗികാതിക്രമം നടന്നാൽ തളരാതെ, തെളിവുകള്‍ ശേഖരിക്കാനുള്ള ബോധമാണ് ആദ്യം വേണ്ടത്.

പക്ഷേ, ഇപ്പോഴും സമൂഹവും മാതാപിതാക്കളും ഇെതങ്ങനെ സ്വീകരിക്കും എന്ന ഭയം പല പെൺകുട്ടികൾക്കുമുണ്ട്. കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെയേ ഇത്തരം അക്രമങ്ങളെ കുറിച്ചു റിപ്പോർട്ട് ചെയ്യാനുള്ള ധൈര്യം ലഭിക്കൂ. കുട്ടിക്കാലം തൊട്ടേ ലൈംഗിക വിദ്യാഭ്യാസം പ്രാവർത്തികമാക്കണം.

മറ്റൊരു കാര്യം വളരെ ചെറുപ്പത്തിലേ ഒരുപാടുപേ ർ ഇൻഫ്ലുവൻസർ ആകുന്നു. മികച്ച രീതിയിൽ പണം സമ്പാദിക്കുന്നു. പക്ഷേ, ഈ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തിരിച്ചറിയാൻ പറ്റുന്നുമില്ല. ആ അറിവില്ലായ്മ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ലഹരിയുടെ ലോകത്തേക്കു വരെ അവരെ എത്തിച്ചേക്കാം. അതുകൊണ്ടു തന്നെ പണം കൈകാര്യം ചെയ്യാനുള്ള അറിവും നേടണം. ലൈക്കും കമന്റും ചെയ്യുന്നവരും ഫോളേവേഴ്സുമാണ് എന്റെ ലോകമെന്ന ചിന്തയും അപകടമാണ്. അ തില്ലാതാകുമ്പോഴുള്ള മാനസിക സംഘർഷം കൈകാര്യം ചെയ്യാൻ പഠിക്കുക.

സുരക്ഷിതം, ഈ മേഖല–റാം സി. മേനോൻ,കോ ഫൗണ്ടർ ഇംപ്രസാരിയോ ഇവന്റ്

ഈ മേഖല സുരക്ഷിതം തന്നെയാണ്. കഴിവുള്ള കുട്ടികൾക്ക് തീർച്ചയായും ശോഭിക്കാനാകും. ഒന്നോ രണ്ടോ പേർ ചെയ്യുന്ന തെറ്റുകൾ ബാധിക്കുന്നത് മുഴുവന്‍ ഫാഷൻ മേഖലയെയാണ്. സങ്കടകരമാണത്

‘സ്ത്രീ സുരക്ഷയുള്ള ഒാഫിസ്’ എന്ന ചിന്ത ഈ മേഖലയിലും വേ ണം. എന്റർടെയ്ൻമെന്റ് ആണെങ്കിലും ഫാഷൻ മേഖലയായാലും പങ്കെടുക്കാനെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകണം. ഇവിടെ വരുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സുരക്ഷയ്ക്കായി സംഘാടകർ ചെയ്യുന്ന കാര്യങ്ങൾ രേഖപ്പെടുത്തണം. പങ്കെടുക്കാനെത്തുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അത് ആത്മവിശ്വാസം നൽകും.

പണമുണ്ടാക്കാനുള്ള ശ്രമത്തിനിടെ പലപ്പോഴും തെറ്റായ മാർഗങ്ങളിലേക്ക് പോയേക്കാം. അതാണ് അപകടം. പൊരുത്തപ്പെടാനാകുന്നില്ലെങ്കിൽ തുറന്നു പറയണം. ഉദാഹരണത്തിന് ഫാഷൻ ഷോയിൽ അനുയോജ്യമല്ലെന്നു തോന്നുന്ന വസ്ത്രങ്ങൾ ഉണ്ടെങ്കിൽ ആ പ്രോഗ്രാമിൽ നിന്നു തന്നെ പിൻമാറാനുള്ള സ്വാതന്ത്ര്യം പങ്കെടുക്കുന്നവർക്കുണ്ട്. ആ ധൈര്യം കാണിക്കണം. നിർബന്ധിക്കുമ്പോഴാണ് അനാരോഗ്യകരമാവുന്നത്.

പ്രതികരണം സോഷ്യൽമീഡിയയിൽ ഒതുക്കരുത്. നിയമം നൽകുന്ന വലിയ സംരക്ഷണം ഉണ്ട്. മോശം പെരുമാറ്റങ്ങൾ ഉണ്ടായാൽ‌ ഉറപ്പായും നിയമ സഹായം തേടാം.

വിജീഷ് ഗോപിനാഥ്