Tuesday 16 August 2022 12:34 PM IST

‘പഠിക്കേണ്ട സമയത്ത് മോളെ പ്രകൃതിയെന്നു പറഞ്ഞ് വിടണോ?’: നൈന നൽകി മറുപടി... മുളയുടെ ചങ്ങാതിയുടെ കഥ

Vijeesh Gopinath

Senior Sub Editor

naina-febin

മുള ന‍ൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?’’

നൈന ഫെബിൻ ചോദിച്ചപ്പോഴാണ്‌ ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയുടെ മണലിലേക്ക് ചാഞ്ഞു നിന്ന മുളങ്കൂട്ടത്തെ ഒന്നു കൂടി നോക്കിയത്. ശരിയാണ്. കാറ്റൊന്നു തൊട്ടപ്പോൾ തന്നെ ഇലവിരലുകൾ ഇളകി. പിന്നെ, അരികിലൂടെ പണ്ടെങ്ങോ ഒഴുകിയ ജലപാതയുടെ ഒാർമയിലേക്ക് ലാസ്യത്തിലാടിത്തുടങ്ങി. മണലിലേക്ക് തലചായ്ച്ച് മുളയുടെ ഉടലാട്ടം.

‘‘മോഹിനിയാട്ടം പഠിച്ചതു കൊണ്ടാകാം, മുള ആടുന്നത് കാണുമ്പോ ൾ നൃത്തത്തിലെ പല ഭാവങ്ങളും തോന്നും. നല്ല പാട്ടുകാരും കൂടിയാണ് ഇവര്‍. കാതോര്‍ത്താൽ കേൾ‌ക്കാം.’’ ശരിയാണ് മുള മൂളുന്നുണ്ട്.

ഇത് മുളയുടെ കൂട്ടുകാരി; പാലക്കാട് കൊപ്പത്തെ നൈന ഫെബിൻ. ഈ പ്ലസ്‌ ടുക്കാരി കേരളത്തിലാകെ ഇതുവരെ രണ്ടായിരത്തിലധികം മുള നട്ടിട്ടുണ്ട്. സ്കൂളുകൾ തോറും മുളയറിവുകളുമായി യാത്ര ചെയ്ത് പ്രകൃതിയുടെ തുടിപ്പുകൾ കുഞ്ഞു മനസ്സിൽ നട്ടു വളർത്തുന്നു.

നൈനയുടെ നേട്ടങ്ങൾ അറിയാൻ ഷോകെയ്സിലിരിക്കുന്ന പുരസ്കാരങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. കേരള വനം വകുപ്പിന്റെ വനമിത്ര, സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം, ജിസിെഎ വനിതാ രത്ന, എൻസിആർ‌ടിയുടെ ബെസ്റ്റ് വോയ്സ് ഒാവർ നരേറ്റർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ. കോഴിക്കോട് സർവകലാശാല നൈനയുടെ ജീവിതയാത്രയെക്കുറിച്ചു ചെയ്ത ഡോക്യുമെന്ററി ‘ബാംബു ബല്ലാഡ്സി’ന് രാജ്യാന്തരപുരസ്കാരങ്ങൾ ഉൾപ്പെടെ 52 അവാർഡ് ലഭിച്ചു. സജീത് നടുത്തൊടിയാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ നാട്ടുകലാകാരന്മാരുടെ ജീവിതം കണ്ടറിഞ്ഞ് നൈന ഒരു പുസ്തകവും എഴുതി– ‘ആടി തിമിർത്ത കാൽപ്പാടുകള്‍’

കളയല്ല, വിള

നാട്ടുകാരെല്ലാം പല തരം ചെടികളും പ്ലാവും മാവുമൊക്കെ വയ്ക്കുമ്പോൾ നൈനയെന്തിനാണ് മുള നടുന്നത്? പൊട്ടിച്ചിരിയുത്തരം. ‘‘ഈ ചോദ്യം ഞാ ൻ ഒരുപാടു കേട്ടിട്ടുണ്ട്. പലർക്കും മുള ഒരു കള ആണ്. പക്ഷേ, ശരിക്കും അതൊരു വിളയാണ്. നമ്മൾ നിൽക്കുന്ന ഈ പുഴയുടെ കരയിൽ ത ന്നെ ഇതിന്റെ മേന്മ കാണാം. മുകളിലേക്ക് നോക്കിക്കേ...’’

പുഴയുടെ അരികു ചേർന്നു നിൽക്കുന്ന മുളങ്കൂട്ടത്തിൽ ഒന്നരയാള്‍ പൊക്കത്തിൽ തോരണം പോലെ പ്ലാസ്റ്റിക്കും തുണികളും തൂങ്ങി കിടക്കുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പുഴ കൊടുത്തിട്ടു പോയതാണ്. മണ്ണിനെ ഇങ്ങനെ ചേർത്ത് മുറുക്കിപ്പിടിച്ചു നിർത്തിയതു കൊണ്ടാണ് കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തെയും ഈ തീരം അതിജീവിച്ചതെന്ന് നൈന പറയുന്നു.

ഒന്നാം ക്ലാസിലെ സ്ലേറ്റിൽ മുളയെന്ന് എഴുതി പഠിച്ചെങ്കിലും അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുളയുടെ ശരിക്കുമുള്ള വലുപ്പം നൈനയ്ക്ക് മനസ്സിലായത്.

‘‘എന്റെ ഉമ്മച്ചി സബിത അധ്യാപികയാണ്. പപ്പ ഹനീഫ ഫാർമസിസ്റ്റും. വീട്ടുതൊടിയിലും സ്കൂളിലേക്കുള്ള വഴിയിലുമുള്ള മുളങ്കൂട്ടങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. കാണും തോറും സംശയങ്ങളും കൂടി. എത്ര തരം മുളയുണ്ട്? ഇതെന്ന് പൂവിടും? ഉമ്മച്ചിയാണ് കഷ്ടപ്പെട്ടത്, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കണമല്ലോ.

അഞ്ചാം ക്ലാസ്സിൽ വച്ച് പീച്ചിയിലെ കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയപ്പോഴാണ് മുള സംഭവമാണെന്ന് തിരിച്ചറിഞ്ഞത്. ‘മുള’ നമ്മൾക്ക് ഒറ്റ ഒരെണ്ണമേയുള്ളൂ. പക്ഷേ, ലോകത്ത് ആയിരത്തിലധികം ഇനം ഉണ്ട്. അതിൽ 38 എണ്ണം കേരളത്തിലുണ്ട്. അതിൽ 23 ഇനങ്ങളെ എനിക്കു നട്ടുപിടിപ്പിക്കാന്‍ പറ്റിയുള്ളൂ. കൂടുതൽ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാനുള്ള കഴിവ് അവയ്ക്കുണ്ട്. പക്ഷേ, എന്തൊക്കെ പേരുദോഷങ്ങളാണ് ഈ പാവങ്ങൾക്ക് കിട്ടിയിട്ടുള്ളത്. മുള കണ്ട് ഇറങ്ങാൻ പാടില്ല, പാമ്പ് വരും, പറമ്പിലെ കിണർ വറ്റിപ്പോകും, കൃഷിയെ ബാധിക്കും...’’ എല്ലാം െതറ്റിധാരണകളെന്ന് നൈന.

മുള നടുമ്പോൾ

അഞ്ചാം ക്ലാസ്സു മുതൽ നൈന മുളകൾ നട്ടു തുടങ്ങി. പ ക്ഷേ, വഴിയരികിൽ നട്ട തൈകൾ പിറ്റേന്ന് ‘കാൺമാതായി’. തൈ സംരക്ഷിക്കാൻ വച്ച ഇരുമ്പു വല വരെ കിളിക്കൂടായി മാറി. ചെയ്തതെല്ലാം വെറുതെ ആയി പോയപ്പോൾ നിരാശപ്പെട്ട നൈനയോട് അച്ഛനും അമ്മയും പറഞ്ഞു ‘നീ കാര്യമാക്കേണ്ട. ഇതിന്റെ പ്രാധാന്യം മെല്ലെ ആളുകൾ തിരിച്ചറിയും.’ അത് സത്യമായി.

‘‘ആയിടയ്ക്ക് ‘ഹരിത കേരളം’ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് കത്തെഴുതാനുള്ള അവസരം കിട്ടി. ‘ഇല്ലിക്കാടുകളാൽ സമൃദ്ധമായ നാട്’ എന്ന സ്വപ്നത്തെക്കുറിച്ചായിരുന്നു എഴുതിയത്. സംസ്ഥാന വിഭാഗത്തിൽ ഹൈസ്കൂളിൽ ഏറ്റവും മികച്ച കത്തായി അത് തിരഞ്ഞെടുത്തു. എന്റെ സ്വപ്നത്തിന് വേരോട്ടമുണ്ടെന്ന് മനസ്സിലായി.

എട്ടാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും പരിസ്ഥിതി ദിന ത്തിനൊക്കെ മറ്റു സ്കൂളിലെ കുട്ടികൾക്ക് പ്രകൃതിപാഠങ്ങളും മുളയറിവുകളും നൽകാനായി പോയി തുടങ്ങി. പോ കുന്നിടത്തെല്ലാം കയ്യൊപ്പു പോലെ മുളകളും നട്ടു.

പന്ത്രണ്ടാം പിറന്നാളിന് ആയിരം മുളകൾ നടണം എന്ന മോഹമുണ്ടായി. അതൊരു വലിയ സംഖ്യയായിരുന്നു. തൈ കിട്ടണമെങ്കിൽ 20 രൂപ മുതൽ 1500 രൂപ വരെ കൊടുക്കണം. ഉമ്മച്ചിയെ സോപ്പിട്ടാണ് പൈസ കണ്ടെത്തിയത്. 2017 ജൂലൈ 27 മുതൽ ഒരു വർഷം 1001മുളകൾ നട്ടു.’’ അഭിമാനത്തോടെ നൈന.

വരും തലമുറയ്ക്കായി സ്കൂള്‍ കുട്ടി സ്വപ്നങ്ങൾ നെയ്യുന്നതു കണ്ടപ്പോൾ നാട്ടുകാരും ഒപ്പം കൂടി. കൊപ്പം എറയൂർ യുവകലാസമിതി പോലുള്ള സാംസ്കാരിക വേദികളും പ്രകൃതിയെ സ്നേഹിക്കുന്നവരും പിന്തുണ നൽകി.

‘‘മുളയാത്രകളിൽ പപ്പയ്ക്കും ഉമ്മച്ചിക്കും പലപ്പോഴും വരാൻ പറ്റില്ല. അതുകൊണ്ട് കുടുംബസുഹൃത്തും പ്രകൃ തിസ്നേഹിയുമായ ജയമാമ്മനാണ് ഉണ്ടാകാറുള്ളത്. എ ന്റെ വളർത്തച്ഛൻ. പല ആശയങ്ങളും ആദ്യം കേൾക്കുന്നത് ജയമാമ്മനിൽ നിന്നാണ്. ’’ കണ്ണൂർ മുതൽ മൂന്നാർ വരെ രണ്ടായിരത്തിലധികം മുളകൾ നടാൻ പോയ യാത്രകളെ കുറിച്ച് നൈന.

ക്ലാസ്സിലൊന്നും ഇതിനിടയിൽ നൈന കയറിയിട്ടില്ല. ‘പഠിക്കേണ്ട സമയത്ത് മോളെ പ്രകൃതിയെന്നു പറഞ്ഞ് വിടണോ’ എന്ന് ഉമ്മ സബിതയോട് പരാതിയായി പറഞ്ഞവരെ പത്താം ക്ലാസ്സിൽ നൈന ഞെട്ടിച്ചു. മുഴുവൻ വിഷയത്തിനും എ പ്ലസ്. പ്ലസ് ടു വിനും കിട്ടി ഫുൾ എ പ്ലസ്. കാടുമായി ബന്ധപ്പെട്ട് ഉപരിപഠനം നടത്തണം, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് നേടണം... നൈനയുടെ മോഹ മുളകൾ.

naina-feb

പുതു യാത്രകൾ

സ്കൂളിലും നാട്ടിൻപുറങ്ങളിലും പ്രകൃതിയറിവ് പകരാൻ നൈന പോകാറുണ്ട്. അറിവ് മാത്രം കൊടുത്താൽ ഉച്ചയ്ക്കു ശേഷമുള്ള ആദ്യ പിരീഡ് പോലെ ഉറക്കം തൂങ്ങുമെന്ന് അറിയാം. അതുകൊണ്ട് ഒരു മ്യൂസിക് ബാൻഡ് ഉണ്ടാക്കി. ‘ഒച്ച– ദ് ബാംബൂ സെയിന്റ്സ്.’ മുള കൊണ്ടുണ്ടാക്കിയ എട്ട് തരം വാദ്യോപകരണങ്ങളാണ് ബാൻഡിൽ ഉപയോഗിക്കുന്നത്. അറിവിനൊപ്പം പാട്ടും കഥയും.

‘‘പോകുന്നിടത്തെല്ലാം ഓരോ ‘കൂട്ടങ്ങൾ’ ഉണ്ടാക്കും. കുട്ടികളാണ് കൂടുതലും. നട്ടതിലെല്ലാം ഒാരോ നാമ്പു വ രുമ്പോഴും അവർ വിളിച്ചു പറയാറുമുണ്ട്. വീട്ടിൽ ‘കട്ട സ പ്പോർട്ട്’ തരുന്ന ഒരാൾ കൂടിയുണ്ട്. അനിയൻ അഞ്ചാംക്ലാസ്സുകാരൻ ചിത്തു.’’

തൂതപ്പുഴയുടെ മണലരികിലെ മുളംതണലിൽ നിന്ന് നൈന നേരെ പോയത് കൊളത്തൂർ എൽപി സ്കൂളിലേക്കാണ്. പ്രവേശനോത്സവം, കുട്ടികൾ കാത്തിരിക്കുന്നു.

വേരോടിത്തുടങ്ങിയ പ്രൊജക്ടുകളെ കുറിച്ചാണ് നൈ ന ആ യാത്രയിൽ പറഞ്ഞത്. എല്ലാ വീട്ടിലും സ്കൂളിലും മുളകൾ വളർത്തുന്ന ‘മുളപ്പച്ചയും’ ‘മുളയിടവും,’ കൊപ്പത്തിനടുത്ത് കൊഴിക്കോട്ടിരിയിൽ പണി തുടങ്ങിയ ‘ബാംബു പാർക്ക്’. അവിടെ സുഗതകുമാരിയുടെയും പ്രേംനസീറിന്റെയുമൊക്കെ പേരിലാണ് ഓരോ മുളങ്കൂട്ടവും. കോൺക്രീറ്റ് കെട്ടിടങ്ങൾക്കു പകരം മുളങ്കൂട്ട സ്മാരകങ്ങൾ...

സ്റ്റേജിലേക്ക് നൈന കയറിയതും കടുകുപൊട്ടും പോലെ കുട്ടികളുടെ കൂട്ടപ്പൊരിച്ചിൽ. കുഞ്ഞു മനസ്സിൽ പ്രകൃതിസ്നേഹത്തിന്റെ മുള നട്ടുകൊണ്ട് നൈന പാടി

‘‘ഒറ്റയായ് പിറന്നവർ നാം, കൂട്ടരൊത്തു കഴിഞ്ഞവർ നാം

കൂട്ടുകൂടി കൂട്ടമായ്, മുളംകാടിനെ പോലെ...’’

‌വിജീഷ് ഗോപിനാഥ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ