അടയ്ക്കാ കട്ടാലും ആന കട്ടാലും കളവ് കളവ് തന്നെയാണ്. ചില ഘട്ടങ്ങളിൽ കളവുമുതലിനേക്കാൾ വിലമതിക്കുന്നതായിരിക്കും അതിന് അതിന്റെ ഉടമയോടുള്ള വൈകാരിക ബന്ധം. വീട്ടിലെ നായ്ക്കുട്ടിയെ കണ്ണിൽച്ചോരയില്ലാതെ അടിച്ചോണ്ടു പോയ കള്ളനോട് തിരികെ തരാൻ കേണപേക്ഷിച്ച ഉടമസ്ഥനെ നാം കണ്ടു. അവിടെ കളവുമുതലിന്റെ മൂല്യമല്ല, ആ നഷ്ടത്തിന്റെ ആഴമാണ് തിടപ്പെടുത്തേണ്ടത്.
ആശിച്ച് മോഹിച്ചു കിട്ടിയ ഗിയർ സൈക്കിളിനെ നൈസായി അടിച്ചോണ്ടു പോയൊരു കള്ളൻ. അതിന്റെ പേരിൽ കണ്ണീർവാർക്കുന്നൊരു പാവം പയ്യൻ. ആ കണ്ണീരും നഷ്ടവും സോഷ്യൽ മീഡിയ കണ്ടത് പേന കൊണ്ടെഴുതിയ ഒരു അഭ്യർഥന കുറിപ്പിലൂടെയാണ്.
തേവര എസ്എച്ച് സ്കൂൾ വിദ്യാർഥിയായ പവേൽ സമിതിന്റെ പുത്തൻ ഗിയർ സൈക്കിൾ കണ്ണിൽച്ചോരയില്ലാതെ കവർന്ന വാർത്ത അത് റിപ്പോർട്ട് ചെയ്ത പാലാരിവട്ടം സ്റ്റേഷൻ ലിമിറ്റും കടന്ന് വൈറലായി. ആറ്റുനോറ്റ് ലോക്ക് ചെയ്ത് സൂക്ഷിച്ച സൈക്കിളിനെ പൂട്ടു പൊട്ടിച്ചു കൊണ്ടുപോയ ചേട്ടൻമാരോട് പവേൽ സമിത് വിനീതമായി അഭ്യർഥിക്കുകയാണ്. ‘ഒരുപാട് മോഹിച്ചു വാങ്ങിയതാണ്, എടുത്ത ചേട്ടൻമാർ തിരിച്ചു തരണമെന്ന് അഭ്യർഥിക്കുന്നു.’ സൈക്കിൾ നഷ്ടപ്പെട്ട ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ പാർക്കിങ്ങിൽ സ്വന്തം കൈപ്പടയിൽ പവേൽ ഇങ്ങനെ എഴുതി ഒട്ടിച്ചു. സങ്കടവും നഷ്ടബോധവും കലർന്ന ആ അഭ്യർഥന ഞൊടിയിട കൊണ്ട് വൈറലായി. വനിത ഓൺലൈൻ പവേലിന്റെ സങ്കടമറിഞ്ഞ് വിളിക്കുമ്പോഴും ആശ്വാസ വാർത്തകൾ അകലെയായിരുന്നു. ഇപ്പോഴും ആ സൈക്കിൾ കാണാമറയത്ത്, ആരുടെയോ ൈകകളിൽ... പവേല്‍ സമിതിന്റെ അമ്മ സിനി ജോസ് വനിത ഓൺലൈനോട് സംസാരിക്കുന്നു.

നിധിയാണത്... തിരികെ തരൂ...
ഒരു ഗിയര്‍ സൈക്കിൾ അവൻ മോഹിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കഴിഞ്ഞ മാർച്ച് 15ന്, അവന്റെ പതിനഞ്ചാം പിറന്നാളിന് അച്ഛൻ സുധീന്ദ്രനാണ് അവന്റെ മനസറിഞ്ഞ് ആ സമ്മാനം അവന് കൊടുത്തത്. 25000 രൂപ വിലമതിക്കുന്ന ഗിയർ സൈക്കിൾ. അതു കിട്ടിയതു മുതൽ അവൻ വലിയ സന്തോഷത്തിലായിരുന്നു. കൂട്ടുകാരനെ പോലെ ആ സൈക്കിൾ കൊണ്ടു നടന്നു. ശരിക്കും പറഞ്ഞാൽ ഉപയോഗിട്ട് കൊതിതീർന്നിരുന്നില്ല. ആ സൈക്കിളാണ് കൊണ്ടുപോയത്– അമ്മ പറയുന്നു.
തേവര എസ് എച്ച് സ്കൂളിൽ പ്ലസ് വണ്ണിനാണ് അവൻ പഠിക്കുന്നത്. കലൂരാണ് ഞങ്ങൾ താമസിക്കുന്നത്. സൈക്കിള്‍ മെട്രോ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ജംഗ്ഷനിൽ ലോക്ക് ചെയ്ത് വച്ച ശേഷം ലൈൻ ബസിൽ സ്കൂളിലേക്ക് പോകും. തിരികെ വന്ന് ആ സൈക്കിളെടുത്ത് ട്യൂഷന്‍ ക്ലാസിന് പോകും. അതാണ് പതിവ്. ഒരു ദിവസം സ്കൂൾവിട്ട് തിരിച്ചെത്തുമ്പോൾ സൈക്കിൾ അവിടെ കാണുന്നില്ല. ഭദ്രമായി ലോക്ക് ചെയ്ത് വച്ചിരുന്ന സൈക്കിൾ ആരോ പൂട്ട് പൊളിച്ച് കൊണ്ടുപോയിരിക്കുന്നു. അന്ന് അവൻ വൈകുന്നേരം ട്യൂഷന് പോയില്ല. സൈക്കിൾ പോയി അമ്മാ... എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടാണ് തിരിച്ചു വന്നത്. ആദ്യമായി കിട്ടിയ ഗിയർ സൈക്കിൾ. അതും പപ്പ ഗിഫ്റ്റ് ചെയ്തത് അവന് വളരെ സ്പെഷ്യലായിരുന്നു. അവന്റെ കൂട്ടുകാർക്കും സൈക്കിള്‍ വളരെ ഇഷ്ടമായിരുന്നു. അതുംകൊണ്ടാണ് പോയിരിക്കുന്നത്. എടുത്ത് കൊണ്ട് പോയവർക്ക് എങ്ങാനും മനസലിവ് ഉണ്ടാകട്ടെയെന്ന് കരുതി അവൻ തന്നെയാണ് സൈക്കിൾ തിരിച്ചു തരാനുള്ള അഭ്യർഥന എഴുതി ഒട്ടിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ പരാതിയും നൽകി. പക്ഷേ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അവന്റെ വിഷമം കാണാൻ ഇനിയും ഞങ്ങൾക്ക് വയ്യ. ഇപ്പോഴും പ്രതീക്ഷയുണ്ട്, ആ സൈക്കിൾ തിരികെ കിട്ടുമെന്ന്. മനസലിവുണ്ടെങ്കിൽ അത് തിരികെ തരണം.– സിനി പറഞ്ഞു നിർത്തി.