‘മലപ്പുറം ജില്ലയും സലിം എന്ന പേരും എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല.’ മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. പാസ്പോർട്ടിലെ പേരും സ്ഥലവും നോക്കി ‘പ്രത്യേക സ്കാനിങ്’ നടത്തുന്ന ഉദ്യോഗസ്ഥരെ ഉന്നംവച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസമാണ് സലിം പങ്കുവച്ചത്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പ്രോഗ്രാമുകൾക്കായി നിത്യേന യാത്ര ചെയ്യുന്ന സലിം ഈ പ്രശ്നം ഒഴിവാക്കാൻ ജില്ല മാറണോ അതോ പേരു മാറണോ എന്ന് പരിഹാസ രൂപേണ ചോദിക്കുകയും ചെയ്യുന്നുണ്ട്. വിഷയം സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചകൾക്ക് വഴിവയ്ക്കുമ്പോൾ സലിം കോടത്തൂർ താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൻ നേരിട്ട ദുരനുഭവങ്ങൾ, നഷ്ടമായ മണിക്കൂറുകൾ. സലിം കോടത്തൂർ വനിത ഓൺലൈനോട് സംസാരിക്കുന്നു.
ഒരൊറ്റ ദിവസത്തെ സംഭവത്തിന്റെയോ ദുരനുഭവത്തിന്റെയോ പേരിൽ അതി വൈകാരികമായി പങ്കുവച്ച കുറിപ്പല്ല അത്. പരിശോധനയുടേയും നടപടിക്രമങ്ങളുടേയും പേരില്ഡ സലിം എന്ന മലപ്പുറംകാരനായ ഞാൻ കഴിഞ്ഞ കുറേ നാളുകളായി നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് തുറന്നെഴുതിയത്. കൊച്ചി വിമാനത്താവളത്തിൽ നടന്ന ഈ സംഭവം എന്നെ സംബന്ധിച്ചടത്തോളം ഒറ്റപ്പെട്ടതല്ല. പക്ഷേ അതുണ്ടാക്കിയ മാനസിക വിഷമം വലുതാണ്.– സലിം കോടത്തൂർ പറഞ്ഞു തുടങ്ങുകയാണ്.
അപമാനത്താൽ നീറിയ നിമിഷങ്ങൾ
ഖത്തറിൽ നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്ന പ്രോഗ്രാമുകളും ഉദ്ഘാടനങ്ങളും കഴിഞ്ഞ് നവംബർ രണ്ടിനാണ് കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇൻഡിഗോ ഫ്ലൈറ്റിൽ വൈകുന്നേരം മൂന്നര മണിയോടെ ലാൻഡ് ചെയ്തു. പുറത്തിറങ്ങിയതിനു പിന്നാലെ കോവിഡ് സംബന്ധമായ എന്തൊക്കെയോ ടെസ്റ്റുകൾ എടുക്കണമെന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ ഓരോ വിമാനത്തിലേയും രണ്ട് ശതമാനം പേരെ ഇത്തരം ടെസ്റ്റുകൾക്ക് വിധേയരാക്കാറുണ്ടെന്നു പറഞ്ഞു. ടെസ്റ്റിനു വേണ്ടി 300 രൂപ കെട്ടിവയ്ക്കണമെന്നും പറഞ്ഞു. ബുദ്ധിമുട്ടായെങ്കിലും അത് പുറത്തു കാണിച്ചില്ല. എന്തെങ്കിലും ആകട്ടേയെന്ന് കരുതി. പക്ഷേ പിന്നീട് സംഭവിച്ച കാര്യങ്ങൾ അത്ര നിസാരമല്ല.
എമിഗ്രേഷനിലേക്ക് പോയപ്പോൾ അവിടെയിരിക്കുന്ന ഉദ്യോഗസ്ഥന്റെ ചോദ്യം. ‘കഴിഞ്ഞ ഒരു മാസത്തിൽ തന്നെ നിങ്ങൾ രണ്ടും മൂന്നും പ്രാവശ്യം ഗൾഫിലേക്ക് യാത്ര ചെയ്യുന്നുണ്ടല്ലോ എന്താ കാര്യം.’ ചോദ്യം അസ്ഥാനത്താണെങ്കിലും ഞാനൊരു കലാകാരനാണെന്നും ഇത്തരം യാത്രകൾ സ്വാഭാവികമാണെന്നും പറഞ്ഞു. ഒന്നിൽ കൂടുതൽ തവണ യാത്ര ചെയ്യാൻ പാടില്ല എന്ന നിയമംഉണ്ടോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. പക്ഷേ അവർ അടങ്ങിയില്ല, പ്രോഗ്രോമില്‍ പങ്കെടുത്തതിന് എന്ത് തെളിവുണ്ട് എന്നായി അടുത്ത ചോദ്യം. ഞാൻ പ്രോഗ്രാമുകളുടെ വിഡിയോയും ചിത്രങ്ങളും ഉദ്യോഗസ്ഥരെ കാണിച്ചു കൊടുത്തു. അതോടെ അടുത്ത സുപ്രധാന പ്രശ്നം ഉയർന്നു. മലപ്പുറംകാരനായ ഞാന്‍ കൊച്ചി എയർപോർട്ട് വഴി എന്തിന് യാത്ര ചെയ്യുന്നു, കരിപ്പൂർ വഴി പൊയ്ക്കൂടേ എന്ന് ഒരു ഉദ്യോഗസ്ഥന്റെ ചോദ്യം. നാട് മലപ്പുറം ആണെങ്കിലും മലപ്പുറം– തൃശൂർ ബോർഡറിലാണ് താമസിക്കുന്നതെന്നും കൊച്ചി വഴി പോകുന്നതാണ് കൂടുതൽ സൗകര്യമെന്നും ഞാന്‍ മറുപടി പറഞ്ഞു. രണ്ട് എയർപോർട്ടിലേക്കും ഒരേ ദൂരമാണ്. നല്ല റോഡ് തിരഞ്ഞെടുത്താണ് കൊച്ചിയിലേക്ക് വരുന്നതെന്നും ഞാൻ കൂട്ടിച്ചേർത്തു.
അതൊന്നും അവരെ തൃപ്തരാക്കിയില്ല. ലഗേജിനേയും എന്നേയും വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞു. ഒരു അലോഹ്യവുമില്ലാതെ സമ്മതംമൂളി. ലഗേജിൽ നിന്നും ഒന്നും ഡിറ്റക്റ്റ് ചെയ്യാൻ അവർക്ക് പറ്റിയില്ല. അടുത്തത് എന്റെ ഊഴമായി. ഷൂവും അടിവസ്ത്രവും ഇന്നറും വരെ ഊരി പരിശോധിപ്പിച്ചു. എന്നെ തിരിച്ചറിയുന്ന ചുരുക്കം ചിലരെങ്കിലും ആ എയർപോർട്ടിലുണ്ടെന്ന് ഓർക്കണം. അവർക്ക് മുന്നിലൂടെ ഉദ്യോഗസ്ഥ അകമ്പടിയിൽ എന്നെ ‘സ്വർണ കടത്തുകാരനെ’ കൊണ്ടു പോകുന്നതു പോലെ കൊണ്ടു പോകുകയാണ്. അവർ നോക്കുമ്പോൾ ഞാനെന്തോ വലിയ നടപടി നേരിടാന്‍ പോകുകയാണ്. എന്റെ നിരപരാധിത്വം തെളിയുന്നത് അവർ അറിയുന്നില്ലല്ലോ.
ഏകദേശം ഒരു മണിക്കൂറോളം അനാവശ്യ നടപടികളുടെ ഭാഗമായി അവിടെ പിടിച്ചു വച്ചു. സഹികെട്ട് ചോദിച്ചു എന്റെ പേരും ജില്ലയും ആണോ നിങ്ങളുടെ പ്രശ്നമെന്ന്. അതിനവർ പറഞ്ഞ ന്യായം അദ്ഭുതപ്പെടുത്തുന്നതാണ്. സ്വർണ കടത്തിൽ കൂടുതലും പ്രതികളാകുന്നത് മലപ്പുറംകാരാണ് എന്നത്. കുറച്ചു പേർ തെറ്റു ചെയ്യുന്നതിന്റെ പേരിൽ മലപ്പുറംകാരെ മുഴുവൻ സംശയദൃഷ്ടിയോടെ നോക്കുന്നത് കഷ്ടമാണ്.
ഇതാദ്യത്തെ സംഭവമല്ല. എന്റെയൊരു സുഹൃത്തിനെ കൂട്ടാന്‍ ഞാന്‍ കൊച്ചി വിമാനത്താവളത്തിൽ പോയിരുന്നു. അന്ന് അവന്റെ ലഗേജിൽ എന്തോ ഡിറ്റക്ട് ചെയ്തുവെന്നും ഗോൾഡ് ഉണ്ടെന്നും പറഞ്ഞ് എന്നെയും അവിടെ തടഞ്ഞുവച്ചു. അയാളുടെ ലഗേജിൽ നിന്ന് സംശയകരമായി എന്തെങ്കിലും കിട്ടിയാൽ കൂടെ കൂട്ടാൻ വന്ന നിങ്ങളും പ്രതിയാകും എന്ന വിചിത്ര ന്യായം പറഞ്ഞു. ഏകദേശം അഞ്ച് മണിക്കൂറോളം അന്നവിടെ തടഞ്ഞു വച്ചു.
വിമാനത്താവളം പോലൊരു സ്ഥലത്തിന്റെ സുരക്ഷാ പ്രാധാന്യമോ സ്വർണക്കടത്ത് പോലൊരു വലിയ ക്രൈമിന്റെ ഗൗരവമോ തിരിച്ചറിയാഞ്ഞിട്ടല്ല. ഒരു ജില്ലക്കാരെ മുഴുവൻ ടാർഗറ്റ് ചെയ്യുന്നുവെന്നത് സങ്കടകരമാണ്.– സലിം പറഞ്ഞു നിർത്തി.