Thursday 17 November 2022 03:27 PM IST

‘ആ ചിത്രങ്ങൾ വ്യാജം, നിങ്ങൾ ചവിട്ടി അരയ്ക്കുന്നത് എന്റെ ജീവിതമാണ്’: ബിഗ് ബോസ് താരം ശാലിനി നായർ പറയുന്നു

Binsha Muhammed

Senior Content Editor, Vanitha Online

salini-bigg-boss

ജീവനോടെ ഇരിക്കുന്ന വ്യക്തികളെ ‘മരിപ്പിക്കുകയും’ പച്ച വെള്ളത്തിന് തീ പിടിക്കുന്ന കള്ളങ്ങള്‍ പടച്ചു വിടുകയും ചെയ്യുന്ന ഇടമാണ് സോഷ്യൽ മീഡിയ. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരിക്കും കള്ളങ്ങളും വ്യാജ വാർത്തകളും വെള്ളിക്കടലാസിൽ പൊതിഞ്ഞ് സൈബറിടങ്ങളിൽ പരക്കുന്നത്. പ്രത്യേകിച്ച് താരങ്ങൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന ഗോസിപ്പ് കോളങ്ങളും പാപ്പരാസികളും. പടച്ചുവിടുന്ന കള്ളങ്ങളോടും ഓൺലൈൻ തലക്കെട്ടുകളോടും ഒരു പരിധി വരെയും പല താരങ്ങളും പ്രതികരിക്കാറില്ല. പക്ഷേ സ്വന്തം ജീവിതം വച്ചു കളിക്കുമ്പോൾ പലരും പ്രതികരിച്ചു പോകും, വികാരാധീനരാകും. ബിഗ് ബോസ് താരവും അവതാരകയുമായ ശാലിനി നായരാണ് സോഷ്യല്‍ മീഡിയയിൽ തൊടുത്തുവിടുന്ന വ്യാജ പ്രചാരണങ്ങളുടെ ഒടുവിലത്തെ ഇര.

സോഷ്യൽ മീഡിയയിൽ മോശം സന്ദേശം അയച്ച യുവാവിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി ശാലിനി നായർ രംഗത്തെത്തിയത് അടുത്തിടെയാണ്. ‘ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നൽകാം’ എന്നായിരുന്നു സന്ദേശം.’ എന്നാൽ സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സിലെ ഞരമ്പന് ശാലിനി ഉടൻ തന്നെ മറുപടി നൽകി. തന്റെ ശരീരം വിൽപന ചരക്കല്ലെന്ന് ശാലിനി പ്രതികരിച്ചു. ശരീരത്തിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി മാത്രമാണ്. മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ അതിനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി അന്നു കുറിച്ചു.

ആ ചർച്ച അവിടെ അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിലെ ചില പുഴുക്കുത്തുകൾ അതിനെ വിടാൻ ഒരുക്കമല്ലായിരുന്നു. ശാലിനിയെ ക്ഷണിച്ചത് മലയാളത്തിലെ പ്രമുഖ താരങ്ങളാണെന്ന മട്ടിൽ സോഷ്യൽ മീഡിയ ലിങ്കുകൾ തലങ്ങും വിലങ്ങും പാഞ്ഞു. തെറ്റിദ്ധരിപ്പിക്കും വിധമുള്ള ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. കലാകാരിയെന്ന നിലയിൽ തന്റെ ഭാവി തന്നെ കെടുത്തുന്ന ഇത്തരം അറപ്പുളവാക്കുന്ന പ്രചാരണങ്ങളോട് ഇതാദ്യമായി പ്രതികരിക്കുകയാണ് ശാലിനി. സോഷ്യൽ മീഡിയയിലെ ‘വ്യാജൻമാരോടുള്ള’ മറുപടി വനിത ഓൺലൈനിലൂടെ താരം പങ്കുവയ്ക്കുന്നു.

എനിക്ക് ഭയമുണ്ട്, എന്റെ ജീവിതം ഓർത്ത്...

നമുക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതികരിക്കുക, ലോകം നന്നാക്കുക, സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധരെ നന്നാക്കുക. ഇത്തരം വ്യാമോഹങ്ങളൊന്നും എനിക്ക് പണ്ടേക്ക് പണ്ടേ ഇല്ല. പക്ഷേ നമ്മുടെ ജീവിതത്തിനു നേർക്ക് വരുന്ന ഇത്തരം പുഴുക്കുത്തുകളെ കണ്ടിട്ട് എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. അറ്റ്ലീസ്റ്റ്... എന്റെ ജീവിതം എനിക്കു വിലപ്പെട്ടതാണ്. വ്യാജ പ്രചാരണങ്ങൾ നിറയുമ്പോൾ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.– ശാലിനി പറഞ്ഞു തുടങ്ങുകയാണ്.

salini-bigg-boss-1

‘എനിക്കും കുടുംബമുണ്ട്. ശാലിനിക്കും കുടുംബമുണ്ട്. നമുക്ക് പരസ്പരം ‘സഹകരിക്കാം’ ആരുമറിയില്ല എന്ന് വാഗ്ദാനം നൽകി എത്തിയ ഞരമ്പനെയാണ് അന്ന് മറുപടിയിലൂടെ ഞാൻ കണ്ടം വഴി ഓടിച്ചത്. ‘ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ...’ സഹകരിക്കണം എന്ന് മുനവച്ചു പറഞ്ഞ കക്ഷിക്കുള്ള മറുപടി ഞാൻ കൃത്യമായി കൊടുത്തിട്ടുമുണ്ട്. എന്റെ ശരീരം വിൽപ്പന ചരക്കല്ലെന്ന് ഇൻസ്റ്റഗ്രാമിലൂടെ തന്നെ മറുപടി പറഞ്ഞതുമാണ്. അതവിടെ ഭംഗിയായി അവസാനിച്ചു. സോഷ്യൽ മീഡിയയിൽ പിന്നാലെ കൂടുന്ന പല ഞരമ്പൻമാർക്കും അത് ബോധ്യപ്പെടുകയും ചെയ്തെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ പ്രശ്നം അവിടം കൊണ്ട് തീർന്നില്ല.

ശാലിനിയെ സമീപിച്ച വ്യക്തി ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ആ സിനിമാ താരം ആരെന്നറിയണ്ടേ എന്ന മട്ടിൽ ഓൺലൈൻ തലക്കെട്ടുകളും ലിങ്കുകളുമായി ഒരു വിഭാഗം കളം നിറഞ്ഞു. ഞാൻ ഏറെ ബഹുമാനിക്കുന്ന മലയാളത്തിലെ പ്രഗത്ഭരായ പലരുടെയും ചിത്രങ്ങൾ വെച്ച് കൊണ്ട് യാതൊരു മാന്യതയുമില്ലാതെ വാർത്തകൾ പ്രസിദ്ധീകരിച്ചു. അവരിൽ പലരും എനിക്ക് സഹോദര തുല്യരോ സുഹൃത്തുക്കളോ ഒക്കെയാണ്. ഒരാളുടെ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തിൽ, കരിയർ തന്നെ തുലയ്ക്കുന്ന വിധത്തില‍്‍ വാർത്തകൾ പ്രചരിക്കുമ്പോൾ ഇവർക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്. അല്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഒരു കലാകാരി എന്ന നിലയിൽ നാളെ ഇതേ വ്യക്തികളോടും സിനിമാ പ്രവർത്തകരോടും അവസരം ചോദിക്കാൻ ചെല്ലുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഈ വാർത്തകൾ വളച്ചൊടിച്ച് തമ്പ് നെയിലും തലക്കെട്ടും കൊടുത്തവർ ചിന്തിക്കുന്നുണ്ടോ ഇതിന്റെ ഗൗരവം.

salini-bigg-boss-2

ഒരു ഘട്ടത്തിൽ ഒരു വ്യാജ വിവാഹ വാർത്തയുണ്ടാക്കി പലരും സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ എന്റെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്. ഒരു കുടുംബമായി സുരക്ഷിതയായി കഴിയുക എന്ന എന്റെ ആഗ്രഹമാണ് തുലാസിലായത്. നിങ്ങൾ ചവിട്ടി അരച്ചത് എന്റെ ജീവിതമാണ്, സ്വപ്നങ്ങളാണ്‌.

നിങ്ങളുടെ മുന്നിൽ നിറഞ്ഞു ചിരിച്ചു നിൽക്കുമ്പോഴും ഒരുപാട് മാനസിക സമ്മർദ്ദങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ വിവാഹ ജീവിതവും അതു നൽകിയ ട്രോമയും മകന്റെ ഭാവിയുമൊക്കെ വലിയ ചോദ്യ ചിഹ്നമായി മുന്നിലുണ്ട്. വളരെ ചെറുപ്പത്തിൽ വിവാഹിതയായതും, ജീവിതം പാതിവഴിയിൽ കാലിടറിയതും ഒരു ദുസ്വപ്നം പോലെ മുന്നിലുണ്ട്. അതിൽ നിന്നെല്ലാം ജീവിതം കരുപ്പിടിപ്പിച്ച് മുന്നോട്ടു പോകുകയാണ്.

ഒരാൾ ചോദിച്ചപോലെ ദിവസവും ഡെയ്‌റ്റിങ്ങിന് അപരിചിതരോട് കൂടി ദിവസങ്ങൾ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീർക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്. തളർന്നുപോവുമ്പോൾ താങ്ങി നിർത്താനും തട്ടി ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും എനിക്ക് ആകെയുള്ളത് മകനാണ്., ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളർത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. അതും കഴിഞ്ഞുള്ള എന്റെ ജീവിതത്തിലേക്ക് ഒരു വെളിച്ചം ഉണ്ടാകും എന്ന പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുന്നവരോട് എന്ത് പറയാൻ!! പ്രതീക്ഷയുടെ നാളങ്ങൾ അണയാതെ നിൽക്കുന്ന സ്വപ്നങ്ങളിലേക്ക് ഞാൻ തുഴയുകയാണ്.–ശാലിനി പറഞ്ഞു നിർത്തി.