ഭൂമിയിൽ ഒരു കുഞ്ഞ് പിറന്നു വീഴുന്നത് തൊട്ടു തുടങ്ങും അച്ഛനമ്മമാരുടെ ആധി. അവനെ അല്ലെങ്കിൽ അവളെ എങ്ങനെ വളർത്തും, എന്തു പഠിപ്പിക്കും? അവരിൽ തന്നെ കൂടുതൽ ആളുകളും മക്കളുടെ പഠനത്തെ ഭാവിയെയും ഓർത്ത് ടെൻഷനടിക്കുന്ന അച്ഛനമ്മമാർ... പ്രീ. കെജിയിലാകും മുന്നേ മെഡിസിന് സീറ്റുറപ്പിക്കുന്ന, വയസ് അഞ്ച് തികയും മുന്നേ എൻട്രൻസ് കോച്ചിങ് സെന്ററുകൾ തിരയുന്ന മാതാപിതാക്കൾക്കു മുന്നിൽ വേറിട്ടൊരു പാത പരിചയപ്പെടുത്തുകയാണ് ഒരമ്മ. കോവിഡ് കാലത്ത് കേട്ടു തുടങ്ങിയ ഹോം സ്കൂളിങ് സമ്പ്രദായം വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ച് വിജയിച്ച ആ അമ്മ ഒരു സക്സസ് ഫുൾ എജ്യൂക്കേറ്റർ കൂടിയാണ്. പേര്, സന്ധ്യ വിശ്വൻ.
മക്കളെ ഏത് സ്കൂളിൽ ചേർക്കും എന്ന് ആലോചിച്ച് ടെൻഷനടിക്കുന്നവരുടെ ലോകത്ത് ‘മികച്ച വിദ്യാഭ്യാസത്തിന് സ്കൂൾ തന്നെ വേണോ?’ എന്ന് തിരിച്ച് ചോദിച്ച് വിപ്ലവം സൃഷ്ടിച്ചു സന്ധ്യ. അതൊരു വെറുംവാക്കല്ലായിരുന്നു സ്വന്തം മക്കളെ വീട്ടിലിരുത്തി പഠിപ്പിച്ചും പരിശീലിപ്പിച്ച് പ്രോത്സാഹനം നൽകി അവർക്ക് മികച്ച വിജയത്തിന് അടിത്തറ പാകി സന്ധ്യ. സ്കൂളിൽ അടങ്ങിയിരിക്കാത്ത കുട്ടി എങ്ങനെ വീട്ടിൽ അടങ്ങിയിരുന്നു എന്ന ചോദ്യത്തിന് തന്റെ വിജയമന്ത്രം പങ്കുവച്ച് മറുപടി നൽകുകയാണ് സന്ധ്യ വിശ്വൻ. ബംഗളുരു സ്കൂൾസ് എജ്യൂക്കേഷൻ ഇനിഷ്യേറ്റീവ്സ് എന്ന സ്റ്റാർട്ടപ്പിന്റെ അമരക്കാരി കൂടിയായ സന്ധ്യ സ്വന്തം ജീവിതത്തിൽ നിന്നു തന്നെ പ്രചോദനമുൾക്കൊണ്ട് ആ വിജയകഥ പറയുകയാണ്, വനിത ഓൺലൈനോട്.
ഹോം സ്കൂളിങ്... ഭാവിയുടെ ദിശാസൂചകം
ഹോം സ്കൂളിങ് അതൊരു പുതിയ വാക്കല്ല. വിദേശത്തും സ്വദേശത്തും പലരും പ്രാവർത്തികമാക്കി വിജയിപ്പിച്ച ബൃഹത്തായൊരു വിദ്യാഭ്യാസ സമ്പ്രദായമാണ്. ആ വിദ്യാഭ്യാസ രീതിയെപ്പറ്റി ഈ സമൂഹത്തോട് അഭിമാനത്തോടെ പറയാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് എന്റെ കുട്ടികളാണ്. ഹോം സ്കൂളിങ് അടിസ്ഥാനമാക്കി മുന്നോട്ടു പോയി അവർ നേടിയ വിജയങ്ങളാണ്.– സന്ധ്യ വിശ്വൻ പറഞ്ഞു തുടങ്ങുകയാണ്.
തിരുവന്തപുരമാണ് എന്റെ സ്വദേശം. ഭർത്താവ് നേരത്തെ മരണപ്പെട്ടു. രണ്ട് മക്കളാണ് ഞങ്ങൾക്ക്, പ്രണവ് സ്വരൂപും ഓംകാറും. ഭർത്താവിന്റെ മരണം ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങൾക്കാണ് വഴിതെളിച്ചത്. ആ വേദനയിൽ നിന്ന് കരകയറുമ്പോഴേക്കും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. പലവിധ സാഹചര്യങ്ങൾ കൊണ്ടു് എന്റെ രണ്ട് മക്കളും അൺസ്കൂൾഡ് ചൈൽഡുകളായി മാറി എന്നതാണ് പ്രധാന മാറ്റം. അവരുടെ മാറ്റത്തെ പുതിയ സാധ്യതകൾക്കൊപ്പം വഴിതിരിച്ചു വിടാനായി എന്നതാണ് എന്നിലെ സിംഗിൾ മദറിന്റെ വിജയം.
പ്രണവിന് ഇരുപത്തി രണ്ട് വയസാകുന്നു. ഒരു സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ടാണ് അവൻ പ്രവർത്തിക്കുന്നത്. നേരത്തെ കോയമ്പത്തൂരിലെ ഒരു ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെഡ് ഓഫ് ഓപ്പറേഷൻസിലായിരുന്നു. രണ്ടാമത്തെയാൾ ഓംകാറിന് 16 വയസാകുന്നു, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. സ്ക്വാഷ് താരം കൂടിയായ ഓംകാർ കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന അണ്ടർ–17 സ്ക്വാഷ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് വിജയി കൂടിയായി.
ഇനി വിഷയത്തിലേക്കു വരാം എന്താണ് ഹോം സ്കൂളിങ് എന്നതാണ് പലരേയും കൺഫ്യൂഷനാക്കുന്ന ചോദ്യം. ആ വാക്കിൽ തന്നെ അതിന്റെ ഉത്തരമുണ്ട്. സ്കൂളിലെ നാലു ചുമരുകൾക്കുള്ളിലിരുന്ന് മാത്രം സ്വായത്തമാക്കുന്നതല്ല വിദ്യാഭ്യാസം. കുഞ്ഞുങ്ങളുടെ പഠന മികവ്, താത്പര്യം, ഇഷ്ടങ്ങൾ, നിലവാരം, പാഠ്യേതര വിഷയങ്ങളിലുള്ള മികവ് എന്നിവ മനസിലാക്കി അവർക്കു വേണ്ട വിദ്യാഭ്യാസം വീട്ടിൽ തന്നെ നൽകുന്ന രീതിയാണിത്. ഇവിടെ ടീച്ചറും വിദ്യാർഥിയുമൊക്കെ ഒരാൾ തന്നെയായിരിക്കും.
അഞ്ചോ ആറോ ക്ലാസെത്തുന്നതു വരെ ഓരോ കുട്ടിയും ശ്രദ്ധപതിപ്പേക്കേണ്ടുന്ന മേഖലകൾ എഴുത്ത്, വായന, കേൾക്കൽ, അടിസ്ഥാന ഭാഷാ പരിജ്ഞാനം, അടിസ്ഥാന ഗണിതം എന്നിവയൊക്കെയായിരിക്കും. LSRW എന്നൊക്കെ നമ്മൾ ചുരുക്കെഴുത്താക്കി പഠിക്കുന്ന ലിസണിങ്, സ്പീക്കിങ്, റീഡിങ്, റൈറ്റിങ്... ഇതൊക്കെ തന്നെയാണ് ആ അടിസ്ഥാന സംഗതികൾ. ഈ പറഞ്ഞ ഓരോ മേഖലയിലും കുട്ടിക്ക് നമ്മൾ കൃത്യമായ ഗൈഡൻസ് നൽകുക. ഉദാഹരണങ്ങളിലൂടെ വിഷ്വൽ എയ്ഡുകളിലൂടെ കുട്ടികളെ വീട്ടിലിരുത്തി തന്നെ ഇതെല്ലാം പഠിപ്പിക്കാം. നേരത്തെ പറഞ്ഞതു പോലെ പുറമേ നിന്നുള്ളൊരു ഗൈഡൻസ് മാത്രമേ വേണ്ടി വരുന്നുള്ളൂ. ഓരോ കുട്ടിയും അവരുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചിന്തിക്കുമ്പോൾ ഈ മേഖലയിലെല്ലാം കൃത്യമായി അവഗാഹം നേടുക തന്നെ ചെയ്യും.
മുതിർന്ന ക്ലാസുകളിലേക്കെത്തുമ്പോൾ എങ്ങനെ എന്ന ചോദ്യം ഇനിയാണ് പ്രസക്തമാകുന്നത്. അതുവരെയായി കുട്ടികൾ ആർജിച്ചെടുക്കുന്ന ഭാഷാ പരിജ്ഞാനം കുട്ടികളുടെ മുന്നോട്ടുള്ള പഠനത്തിന് തുണയാകും. അതായത് അവരുടെ പ്രായവും ബുദ്ധിയും വികസിക്കുന്നതിന് അനുസരിച്ച് അവർ തന്നെ ഓരോ വിഷയത്തിലും പരിജ്ഞാനം നേടും. മാത്‍സിലെ സൊല്യൂഷനും കെമിസ്ട്രിയിലെ ഇക്വേഷനും ഫിസിക്സിലെ കടുകട്ടി ചോദ്യത്തിനുള്ള ഉത്തരവും അവർ തന്നെ സ്വയം പഠിക്കും. കുട്ടികളുടെ പഠന മികവുകളും നിലവാരങ്ങളും മാനദണ്ഡമാക്കുന്ന പത്താം ക്ലാസ്, പ്ലസ് ടു എന്നീ ഘട്ടമെത്തുമ്പോൾ സർക്കാർ അംഗീകൃത പരീക്ഷ ബോർഡുകളുടെ കീഴിൽ പരീക്ഷയ്ക്ക് ഹാജരാകും. ഈ പറഞ്ഞ രീതിയിൽ പഠിച്ചു വന്നതാണ് എന്റെ രണ്ടു മക്കളും എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ.
മറ്റൊന്നു കൂടി പറയാം,. വെറും അക്കാദമിക മികവു മാത്രം അളക്കുന്ന അളവുകോൽ അല്ല ഹോം സ്കൂളിങ്. നിങ്ങളുടെ കുട്ടിയിലെ കലാപരവും കായികപരവുമായ മികവു കൂടി അടുത്തു നിന്നു കാണാൻ ശ്രമിക്കണം. എന്റെ കുഞ്ഞിന്റെ കാര്യം എടുക്കാം. മൂത്തയാൾ പ്രണവിന് സംഗീതത്തിലുള്ള താത്പര്യം തിരിച്ചറിഞ്ഞ് അതനുസരിച്ച് വഴിതിരിച്ചു വിട്ടതാണ് അധ്യാപിക എന്ന നിലയിലും അമ്മയെന്ന നിലയിലും ഉള്ള എന്റെ വിജയം. വെറും മൂന്നോ നാലോ വയസുള്ളപ്പോൾ നോക്കിയയുടെ കുഞ്ഞു ഫോണിൽ സാരേ ജഹാസേ അച്ഛാ... കേട്ട് അതനുസരിച്ച് കംപോസ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഞാൻ അതു തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവ് അവനെ കൃത്യമായി ഗൈഡ് ചെയ്യാനും സംഗീത മേഖലയിൽ അവനെ വഴിതിരിച്ചു വിടാനും എനിക്ക് കഴിഞ്ഞു. ചെന്നൈയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രത്തില്‍ സൗണ്ട് ടെക്നോളജി പഠിച്ചിറങ്ങുന്നതിലേക്കു വരെയെത്തി അവന്റെ യാത്ര. ഇന്ന് അവനൊരു സ്റ്റാർട്ട് അപ്പിന്റെ ഭാഗമാണ്.
രണ്ടാമത്തെ മകൻ ഓംകാറിന് സ്പോർട്സിനോടായിരുന്നു താത്പര്യം.. ഫുട്ബോളും ക്രിക്കറ്റും ഹോബിയായി കൊണ്ടു നടന്ന ഓംകാറിന്റെ വിദ്യാഭ്യാസത്തിന്റെയും ഭാഗമായി അതുമാറി. ഒരു വ്യക്തിഗത സ്പോർട്സിൽ കൂടി എന്തു കൊണ്ട് ശ്രദ്ധ പതിപ്പിച്ചു കൂടാ എന്ന എന്റെ ചോദ്യമാണ് അവനെ സ്ക്വാഷിലേക്കും വഴി നടത്തിയത്. ഇന്ന് സ്ക്വാഷിൽ എണ്ണം പറഞ്ഞ നേട്ടങ്ങൾ അവന്റെ പേരിലുണ്ട്. അണ്ടർ സെവന്റീൻ സംസ്ഥാന ചാമ്പ്യൻ ആയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം.

ഭാവിയിലേക്ക് കൈപിടിക്കുന്നു
ബംഗളുരു ആസ്ഥാനമായുള്ള ‘ബംഗളൂരു സ്കൂൾസ്’ എന്ന സംരംഭത്തിന്റെ അരങ്ങിലും അണിയറയിലും ഒരുപോലെ സജീവമാണ് ഞാനുൾപ്പെടെയുള്ള ഒരു കൂട്ടം പേർ. കേവലം ഹോം സ്കൂളിന്റെ പ്രചാരകര്‍ മാത്രമല്ല ഞങ്ങൾ. ഓരോ കുട്ടിക്കും അവരുടെ അഭിരുചിയും നിലവാരവും അനുസരിച്ച് ഏത് സ്കൂൾ വേണമെന്ന കൃത്യമായ മാർഗ നിർദ്ദേശം മാതാപിതാക്കള്‍ക്ക് നൽകാൻ ഞങ്ങളുടെ സംരംഭമായ EdDeeD സജീവമായുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാരന്റിങ് എജ്യൂക്കേഷൻ നെറ്റ്‍വർക്കായ ബാംഗ്ലൂർ സ്കൂൾസ് എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് ഞാൻ. 67000 അംഗങ്ങളുള്ള ഈ കൂട്ടായ്മയിൽ നിന്നാണ് EdDeeD ഉദയംകൊള്ളുന്നത്.
നൂതന വിദ്യാഭ്യാസ സംരംഭങ്ങളെ കുറിച്ച് അവബോധം നൽകുന്ന മഡ് പൈ എജ്യൂക്കേഷന്റെ സ്ഥാപക ഡയറക്ടർ, ഹോം സ്കൂളിങ് വിഷയമാക്കി രാജ്യത്താകമാനം നടത്തുന്ന ചർച്ചകളുടെ മോഡറേറ്റർ എന്നീ നിലകളിൽ സാന്നിദ്ധ്യം അറിയിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.