Saturday 07 November 2020 12:12 PM IST

ഷെഡ്ഡിന് തറമെഴുകിയെടുത്ത് ക്ലാസ്റൂമാക്കി പതിമൂന്ന് വയസ്സുകാരി കൂട്ടുകാർക്കായി ഒരുക്കിയ ‘സെൽഫ് സ്റ്റഡി സ്കൂൾ’ ; ലോക്ഡൗണിൽ ‘ടീച്ചറായി’ മാറിയ അനാമികയുടെ മിടുക്കി കഥ

Shyama

Sub Editor

anamikaaa

കൈയിൽ സ്മാർട്ട് ഫോൺ പോലുമില്ലാതെ സ്വയം പഠിക്കാൻ ബുദ്ധിമുട്ടിയപ്പോഴും അനാമിക ചിന്തിച്ചത് തന്നെപ്പോലെ പഠിക്കാൻ പറ്റാത്ത എത്ര കുട്ടികൾ ഉണ്ടാകുമെന്നാണ്. അവർക്ക് വേണ്ടി അവളൊരുക്കിയത് സെൽഫ് സ്റ്റഡി സ്കൂൾ!

ചുറ്റും ഇരുളാണെന്ന് പലരും ഏറ്റുപറയുമ്പോഴും അതൊന്നും കേൾക്കാതെ നിന്നു ജ്വലിക്കുന്ന ചില വഴിവിളക്കുകളുണ്ട്. ആ വെളിച്ചം കണ്ട് അതിലേക്ക് പറന്നെത്തുന്ന അനേകം ജീവജാലങ്ങളും. ആർഭാഢങ്ങളോ ആർത്തനാദങ്ങളോ ഒന്നുമില്ലാതെ തന്നെ അവരൊരുമിച്ച് ചുറ്റുമുള്ള ഇരുളിനെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കും. ഇരുണ്ട തുരുത്തുകളിൽ പ്രതീക്ഷ മണക്കും.... അട്ടപ്പാടിയിലെ ആനക്കട്ടിയെന്ന കൊച്ച് ഗ്രാമത്തിൽ ഇതേപോലൊരു തുരുത്ത് കാണാം. ഇരുളിന് നടുവിലും പ്രതീക്ഷകൾ പൂക്കുന്നതു കാണാം. ചുറ്റുമുള്ളവരിലേക്കൊക്കെ വെളിച്ചമിറ്റിക്കുന്ന അനാമിക എന്നൊരു വഴിവിളക്കും കാണാം. പതിമൂന്ന് വയസേയുള്ളൂ എങ്കിലും പത്തു കുട്ടികളുടെ ടീച്ചറാണ് അനാമിക. വൈദ്യുതിയോ ടിവിയോ സ്മാർട്ട് ഫോണോ ഒന്നും ഇല്ലാതിരുന്ന വീട്ടിലേക്ക് നല്ലവരായ കുറച്ച് മനുഷ്യർ കാരണം ഇതൊക്കെയെത്തി.

‘‘തിരുവനന്തപുരം ജവഹർ നവോദയിൽ എട്ടാം ക്ലാസിലാണ് ഞാൻ പഠിച്ചിരുന്നത്. മാർച്ച് 11ന് ലോക്ഡൗൺ ആയതോടെ സ്കൂൾ അടച്ചു നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നു. ക്ലാസുകളൊക്കെ ഓൺലൈൻ ആയി മാറിയപ്പോ വല്യ വിഷമമായി... എന്റെ വീട്ടിൽ ടിവിയോ ലാപ്ടോപ്പോ ഫോണോ ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് ലൈവ് ക്ലാസുകൾ ആയതുകൊണ്ട് പിന്നെ കാണാനും പറ്റില്ല, ഇതറിഞ്ഞാണ് സ്കൂളിലെ ടീച്ചർമാരൊക്കെ ചേർന്ന് ഒരു സ്മാർട്ട്ഫോൺ വാങ്ങി തന്നത്. എനിക്ക് ഫോൺ കിട്ടിയപ്പോഴും എന്റെ കൂട്ടുകാരൊക്കെ എന്തു ചെയ്യും എന്നാ ഓർത്തത്. അങ്ങനെയാണ് വീട്ടിൽ തന്നെ സെൽഫ് സ്റ്റ‍‍ഡി ചെയ്യാൻ സൗകര്യമുണ്ടാക്കിയാലോ എന്നോർതത്. ഞങ്ങൾ മുൻപ് താമസിച്ച ഒരു ഷെഡ്ഡാണ് തറമെഴുകിയെടുത്ത് ക്ലാസ്റൂം ആക്കിയത്. ജൂലൈ 25നാണ് ആദ്യത്തെ ക്ലാസ്, ഇപ്പോഴും തുടരുന്നു. ആദ്യം ഞാൻ മാത്രമായിരുന്നു ചെറിയ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇപ്പോ എനിക്ക് ക്ലാസ് ഉള്ളപ്പോ അച്ഛൻ പഠിപ്പിക്കും. ഇവിടെ വരുന്നൊരു കുട്ടിയുടെ അമ്മ ടീച്ചറാണ്. ആന്റിയും ഇടയ്ക്ക് വന്ന് പഠിപ്പിക്കും.

Untitled

ഇപ്പോ 10 പേരുണ്ട്. ഒന്ന് തൊട്ട് എട്ടാം ക്ലാസ് വരെയുള്ളവർ. 9 തൊട്ട് ഒന്ന് വരെയാണ് ഞങ്ങൾ പഠിക്കാനിരിക്കുന്നത്. എനിക്ക് കിട്ടിയ ഫോൺ വഴിയാണ് ഇപ്പോ ഞങ്ങൾ എല്ലാവരും പഠിക്കുന്നത്. ആദ്യം വരുമ്പോൾ കുട്ടികളിൽ പലർക്കും അക്ഷരങ്ങൾ അറിയാല്ലായിരുന്നു. അതുകൊണ്ട് തന്നെ അവർ ക്ലാസിൽ മിണ്ടില്ല. ഇപ്പോ സംസാരിക്കാനും ഒരുമിച്ചിരുന്ന് നന്നായി പഠിക്കണം എന്ന ചിന്തയൊക്കെ വന്ന് എല്ലാവരും മിടുക്കരായി പഠിക്കുന്നുമുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ജർമൻ ഒക്കെ പഠിപ്പിക്കുന്നുണ്ട്. ഒപ്പം കൃഷിപാഠങ്ങളും. വരുന്നവരൊക്കെ മാസ്ക് വച്ച് സാമൂഹിക അകലം പാലിച്ചാണ് മുന്നോട്ട് പോകുന്നത്.

ഞാൻ ഏട്ടാം ക്ലാസിലാണ് പഠിക്കുന്നത്. നാലാം ക്ലാസിലാണ് നവോദയയിലേക്കുള്ള കോച്ചിങ്ങ് ക്ലാസിൽ പോയത്. എന്നിട്ട് അഞ്ചിലെ പരീക്ഷ എഴുതി. ആറിലേക്കാണ് എനിക്ക് സെലക്‌ഷൻ കിട്ടിയത്. പഠിക്കാൻ എനിക്കിഷ്മാണ്. വലുതാകുമ്പോൾ ഐഎഎസ് എഴുതണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. എനിക്ക് കിട്ടുന്ന അറിവുകൾ എനിക്ക് ചുറ്റുമുള്ളവർക്കും കൂടി കിട്ടണം എന്നൊരു നിർബന്ധം എപ്പോഴുമുണ്ട്. ഒരുമിച്ച് വളരാനല്ലേ നമ്മൾ നോക്കേണ്ടത്?

ananan

1പ്ലസ്ടു വരെ പോയി സാഹചര്യങ്ങൾ മോശമായതു കാരണം പഠനം നിർത്തേണ്ടി വന്ന ആളാണ് അച്ഛൻ. എന്നാലും കൊച്ച് കുട്ടികൾക്ക് പാട്ടിലൂടെയൊക്കെ മലയാളം പഠിപ്പിച്ചു കൊടുക്കും. അച്ഛന്റെ പേര് സുധീർ. അമ്മ സജി. അനിയത്തി മൗലിക. അച്ഛന് കൂലിപ്പണിയാണ്. അമ്മ തൊഴിലുറപ്പ് വഴി വരുന്ന ജോലികൾക്ക് പോകുന്നു. നിരാശകളുടെ ഇലകൊഴിയും കാലത്ത് ഇനിയും എണ്ണമറ്റാത്ത പുതുനാമ്പുകൾ മുളപൊട്ടി വരട്ടേ... അനാമികാ, നീ അതിനൊരു തുടക്കമാകട്ടേ!