Saturday 06 February 2021 04:33 PM IST : By സ്വന്തം ലേഖകൻ

ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും; ആര്യവേപ്പ് വീട്ടുവളപ്പിൽ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

shutterstock_1775154401

ഓേരാ വീട്ടിലും നിർബന്ധമായും വേണ്ട ഔഷധവൃക്ഷം. ആര്യവേപ്പിനെക്കുറിച്ച് പുരാതന കാലം മുതൽ നാട്ടുവൈദ്യത്തിൽ പറയുന്നതാണിത്. വിദേശത്ത് നടന്ന പല പഠനങ്ങളും ആര്യവേപ്പ് ശരീരത്തിന് ആരോഗ്യകരമാണെന്ന് െതളിയിക്കപ്പെട്ടിട്ടുണ്ട്. ആര്യവേപ്പ് വീട്ടുവളപ്പിൽ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

വീട്ടുവളപ്പിൽ നടാം ആര്യവേപ്പ്

വരൾച്ചയും മണ്ണിന്റെ സ്വഭാവത്തിലെപ്രതികൂലഘടകങ്ങളും തരണം ചെയ്യാൻ കഴിയുമെന്നത് ആര്യവേപ്പിന്റെ പ്രത്യേകതയാണ്. കേരളത്തിൽ ജനുവരി– ഫെബ്രുവരി മാസങ്ങളാണ് പൂക്കാലം. പൂവിട്ട് മൂന്നുമാസമെത്തുമ്പോൾ കായ്കൾ വളർന്നു മൂപ്പെത്തിത്തുടങ്ങും. ഒരു കായിൽ ഒരു വിത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ. പഴുത്ത കായ്കൾ ശേഖരിച്ച് തൈകൾ ഉൽപാദിപ്പിക്കാം.

വിത്ത് തയാറാക്കുന്നതിന് വേണ്ടി മൂത്തു പഴുത്ത കായ്കൾ ശേഖരിച്ച ശേഷം കായ്കളുടെ പുറന്തോട് നീക്കി ചെറിയ തണലിൽ ഉണക്കിയെടുക്കണം. മണ്ണിലോ വെർമിക്കലേറ്റിലോ പാകി മുളപ്പിച്ചെടുക്കാം. വിത്ത് പന്ത്രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുന്നത് പെട്ടെന്ന് മുളയ്ക്കാൻ സഹായിക്കും. രണ്ട് ആഴ്ച പ്രായമായ തൈകൾ നഴ്സറി കൂടകളിലേക്ക് മാറ്റാം. വിത്ത് മുളപ്പിക്കുന്നതിനിടയിലും നഴ്സറി കൂടകളിലും കുമിൾരോഗ സാധ്യത വളരെ കൂടുതലായതിനാൽ തൈകൾ നേരിട്ട് മഴ കൊള്ളാത്ത രീതിയിൽ മാറ്റി വയ്ക്കുകയും കുമിൾരോഗ നിവാരണ ശുശ്രൂഷകൾ നൽകുകയും വേണം.

ആറ് മാസം പ്രായമായ  ൈതകൾ മണ്ണിൽ നടാൻ ഉപയോഗിക്കാം. തൈകൾ നടുന്നതിന് ഒന്നരയടി സമചതുരവും അത്ര തന്നെ ആഴവുമുള്ള കുഴിയെടുക്കണം. പ്ലാസ്റ്റിക് കൂട് മാറ്റി, മണ്ണും വേരും ഇളകാെത കുഴിയിലേക്ക് ഇറക്കി വച്ച് മണ്ണിട്ട് മൂടണം. തൈയുടെ ചുവട്ടിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകാതെ ശ്രദ്ധിക്കണം. കനത്ത മഴയിൽ തൈകൾക്ക് രോഗബാധ കൂടുതലായതിനാൽ കാലവർഷത്തിന് ശേഷമുള്ള ജൂലൈ – ഓഗസ്റ്റ് മാസങ്ങളാണ് തൈകൾ നടാൻ അനുയോജ്യമായ സമയം.

ചെറിയ രീതിയിൽ പരിചരണവും വേനലിൽ ചെറിയ തോതിൽ വെള്ളമൊഴിക്കുകയും ചെയ്താൽ തൈകൾക്ക് നല്ല വളർച്ചയുണ്ടാകും. നല്ല നീർവാർചയുള്ളതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് ആര്യവേപ്പിന് അനുയോജ്യം. ഏകദേശം രണ്ട് വർഷം പ്രായമായ ആര്യവേപ്പിൽ നിന്നും മിതമായ തോതിൽ ഇലകൾ ശേഖരിക്കാം. അഞ്ച് വർഷമായാൽ കായ്കൾ ഉണ്ടായിത്തുടങ്ങും. ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്.

∙ അഞ്ചോ ആറോ ആര്യവേപ്പിലയും അഞ്ച് തുളസിയിലയും അരച്ച് മിശ്രിതമാക്കുക. ഈ കൂട്ടിൽ ഒരു വലിയ സ്പൂൺ തേനും നാല് വലിയ സ്പൂൺ മുൾട്ടാണി മിട്ടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം.  ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി ഇരുപത് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക. ചർമത്തിന് തിളക്കവും അഴകും ലഭിക്കും.  മുഖക്കുരുവുണ്ടാകുന്നത് തടയാനാകും.

∙ അഞ്ചോ ആറോ കപ്പ് വെള്ളത്തിൽ ഏഴ് ആര്യവേപ്പിലയും നാലോ അഞ്ചോ നെല്ലിക്കയും ചേർത്ത് തിളപ്പിക്കുക. കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് ശിരോചർമവും മുടിയും കഴുകുക. ഒരു മാസം തുടർച്ചയായി ചെയ്താൽ മുടിയുടെ അഴകും ആരോഗ്യവുമേറും.

Tags:
  • Spotlight