Thursday 29 July 2021 04:54 PM IST

‘വല്ലതും കഴിച്ചോ, വിശക്കുന്നുണ്ടോ’: ആ കുഞ്ഞുങ്ങളുടെ ദൈന്യത കലർന്ന നോട്ടം: ആശാ വർക്കര്‍ സുനിമോൾ പറയുന്നു

Shyama

Sub Editor

sunimol

ആ ചേച്ചിയുടെ ഫോൺ കോൾ തന്നെ വലിയ ആശ്വാസമായിരുന്നു. ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ ‘എങ്ങനെയുണ്ട്? പനി കുറഞ്ഞോ?’ എന്നൊക്കെയാണ് അന്വേഷണങ്ങൾ. പക്ഷേ, നമ്മളെ ശ്രദ്ധിക്കാൻ, പെട്ടെന്നൊരാവശ്യം വന്നാൽ പറയാൻ ഒരാളുണ്ട് എന്ന തോന്നൽ നൽകിയ ധൈര്യം വലുതാണ്.’’ കോവിഡ് വന്ന് ഭേദമായ കാർത്തിക്കിന്റെ അനുഭവം കേരളത്തിൽ പലർക്കും തോന്നിയിരിക്കണം. ആരോഗ്യരംഗത്ത് പ്രതീക്ഷയുടെ ശബ്ദമായി മാറിയ ആയിരക്കണക്കിന് ആശാ വർക്കർമാർ. ഡോക്ടർമാർക്കും നഴ്സുമാർക്കും ഒപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണി പോരാളികളായി നിൽക്കുന്ന ആശാ വർക്കർ (ASHA- Accredited Social Health Activist) വനിതയിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

വല്ലതു കഴിച്ചോ വിശക്കുന്നുണ്ടോ

‘‘രണ്ടര വർഷമായി ആശാ വർക്കറായി ജോലി ചെയ്യുന്നു. പതിവ് ജോലികൾ കൂടാതെ കോവിഡ് അനുബന്ധ ജോലികൾ കൂടി ഇപ്പോഴുണ്ട്.’’ കോട്ടയംകാരി കെ. കെ. സുനിമോൾ.

‘‘കോവിഡ് പോസിറ്റീവായ രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്ന ഡ്യൂട്ടി ഉണ്ടായിരുന്നു. അങ്ങനെയാണ് ആ ഇരുപത്തഞ്ചുകാരിയെ കാണുന്നത്. വീടിനു മുന്നിലെത്തി വിളിച്ചിട്ടും ആരും കതക് തുറന്നില്ല.

ജനാലയിലൂടെ നോക്കിയപ്പോൾ തീർത്തും അവശയായി ആ കുട്ടി കിടക്കുന്നത് കണ്ടു. ഞാൻ ജനാലയിലൂടെ മരുന്ന് അകത്തേക്ക് വച്ചു. പക്ഷേ, മരുന്ന് എടുത്തു കഴിക്കാൻ ഉള്ള കരുത്ത് അവർക്ക് ഉണ്ടോയെന്ന് സംശയം തോന്നി. ‘വല്ലതും കഴിച്ചോ, വിശക്കുന്നുണ്ടോ’ എന്നുള്ള എന്റെ ചോദ്യങ്ങൾക്ക് ക്ഷീണം പടർന്ന നോട്ടമായിരുന്നു മറുപടി. അവർക്ക് ഭക്ഷണം വാങ്ങിക്കോടുത്ത ശേഷം ഞാൻ നേരെ പോയി പഞ്ചായത്ത് വാർഡ് അംഗങ്ങളുടെ അടുത്ത് കാര്യം അവതരിപ്പിച്ചു. പുതുപ്പള്ളി പഞ്ചായത്തിലാണ് ഞങ്ങൾ. ഭക്ഷണ സാധനം കൊടുത്തിട്ടു മാത്രം കാര്യമില്ല. ഞാൻ ചെന്ന വീട്ടിൽ ഭാര്യയും ഭർത്താവും പോസിറ്റീവാണ്. രണ്ടുപേരും അവശനിലയിൽ.

ഭക്ഷ്യവസ്തുക്കളുടെ വിതരണം മാത്രം പോരാ എന്ന് എല്ലാവരും പറഞ്ഞു. ഒരു മെമ്പറുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്ത് എല്ലാവരും ചേർന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചു.

ബുദ്ധിമുട്ടിന്റെ ഈ കാലത്ത് ഞങ്ങളാൽ കഴിയുന്നൊരു ചെറിയ കാര്യം. അത് ഒരുപാട് പേർക്ക് ഉപകാരപ്പെട്ടന്നറിഞ്ഞതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഏറ്റവും മതിപ്പുള്ള അംഗീകാരം.

ഇരട്ടസന്തോഷം പിറന്ന ദിവസം

വയനാട്ടിൽ നിന്നുള്ള ആശാ വർക്കറാണ് ബിന്ദു ബാ ബു. മൂന്നുവർഷമായി വയനാട് ആലഞ്ചേരി വെള്ളമുണ്ട പഞ്ചായത്തിനു കീഴിലുള്ള സബ് സെന്ററിൽ ജോ ലി ചെയ്യുന്ന ബിന്ദു പറയുന്നത് കോവിഡ് കാലം ഉയർത്തിയ വെല്ലുവിളികളുടെ കഥകളാണ്.

‘‘ 27 വീടുകളാണ് ഞാൻ നോക്കുന്നത്. ഞങ്ങളുടേത് ആദിവാസി മേഖലയാണ്. പണിയർ, നായ്ക്കർ വിഭാഗങ്ങളിൽ പെട്ടവരാണ് കൂടുതലും. വാക്സീൻ എടുക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ തന്നെ പലർക്കും പേടിയാണ്. കുത്തിവച്ചിട്ട് പനി വരുമ്പോൾ ടെസ്റ്റിങ്ങിനു കൊണ്ടുപോകാൻ അല്ലേ എന്ന് നിഷ്കളങ്കമായി പരാതി പറഞ്ഞവരുണ്ട്.

ചിലർ കാണുമ്പോഴേ ഓടിയൊളിക്കും. പക്ഷേ, സ്നേഹത്തോടെ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. അത് ഒരു ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. പക്ഷേ, കണ്ടു പരിചയമായപ്പോൾ വലിയ അടുപ്പവുമായി. പിന്നെ, കണ്ടില്ലെങ്കിൽ അന്വേഷണവുമായി വരും. അത്രയ്ക്ക് സ്നേഹമാണ്.