Monday 27 February 2023 03:52 PM IST

വിളിപ്പുറത്തുണ്ട് ആറ്റുകാലമ്മ; സ്ത്രീകളുടെ ശബരിമലയിൽ ഉത്സവത്തിനു കൊടിയേറി

V R Jyothish

Chief Sub Editor

attukal-temple-festival-cover ഉത്സവ ദീപപ്രഭയിൽ ആറ്റുകാൽ അമ്പലം

‘അമ്മേ... എന്നു വിളിച്ചാൽ വിളിപ്പുറത്തുണ്ട് ആറ്റുകാലമ്മ. ആറ്റുകാലമ്മയുടെ ശരണമന്ത്രങ്ങളാൽ അനന്തപുരി ഉണർന്നു. ഇനി എല്ലാ വഴികളും ആറ്റുകാലിലേക്ക്. ഇന്നു പുലർച്ചെ കാപ്പു കെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി.

മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 3,000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും. ഇത്തവണ പൊങ്കാലയിടാൻ 50 ലക്ഷം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു കണക്കിലെടുത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

attukal-temple-festival-ponkala ആറ്റുകാൽ പൊങ്കാല ദിനം തിരുവനന്തപുരത്തെ കാഴ്ച

‘‘കുംഭമാസത്തിെല കാർത്തികനാളിലാണ് ആറ്റുകാൽ ക്ഷേത്രോത്സവങ്ങളുടെ തുടക്കം. കാപ്പുകെട്ടി കുടിയിരുത്തൽ, കുത്തിയോട്ടം വിളക്കുകെട്ട്, താലപ്പൊലി, തോറ്റംപാട്ട് തുടങ്ങിയ ക്ഷേത്രചടങ്ങുകൾ... വ്യത്യസ്തമായ ആചാരങ്ങളും പൂജാവിധികളുമാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ ശാന്തസ്വരൂപിണിയായി വർത്തിക്കുന്ന ദേവി ഉത്സവദിവസങ്ങളിൽ ഉഗ്രരൂപിണിയായി മാറുന്നു. വളരെ അപൂർവമാണ് ഇതൊക്കെ.’’ മുൻ മേൽശാന്തി വെള്ളിയോട്ടില്ലത്ത് പി. ഈശ്വരൻ നമ്പൂതിരി പറയുന്നു. ക്ഷേത്രപരിസരത്തായാലും വീടുകളിലായാലും പൊങ്കാല തിളച്ചു തൂവുന്നത് ലക്ഷക്കണക്കിനു സ്ത്രീ മനസ്സുകളിലാണ്. പ്രാർഥനയായി, ആഗ്രഹമായി, പ്രതീക്ഷകളായി അത് അവരുടെ കണ്ണു നിറയ്ക്കുന്നു.

സംഹാരരുദ്രയായ കണ്ണകി

attukal-temple-festival-ponkala-kathiru-kuthira പണ്ടാര അടുപ്പ്, കതിർ കാള, പൊങ്കാല ദിനം ഭക്തർ

പാണ്ഡ്യരാജാവിനെ വധിച്ച് മധുരാപുരി ചുട്ടെരിച്ച് സംഹാരരുദ്രയായ കണ്ണകിയുടെ അംശാദായമാണ് ആറ്റുകാൽദേവിയെന്നാണു സങ്കല്പം. ചെറുകര കുടുംബത്തിലെ പരമഭക്തനായ കാരണവർക്ക് മുല്ലുവീട്ടിൽ വച്ചുണ്ടായ സ്വപ്നദർശനമാണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് കാരണമായതെന്നാണ് ഐതിഹ്യം. കിള്ളിയാറിൽ കുളിച്ചു നിന്ന കാരണവർ ആറ്റിനക്കരെ ഒരു പെൺകുട്ടിയെ കണ്ടുവെന്നും അവളുടെ അഭ്യർത്ഥന പ്രകാരം കാരണവർ ആ ബാലികയെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയെന്നും തന്റെ നിത്യപൂജ കഴിഞ്ഞ് ആ കുട്ടിക്ക് ആഹാരം കൊടുക്കാൻ നോക്കുമ്പോൾ ആ കുട്ടിയെ കാണാനില്ല. അന്നു രാത്രിയുണ്ടായ സ്വപ്നദർശനത്തിൽ തൊട്ടടുത്തുള്ള കാവിൽ തനിക്കൊരു ഇരിപ്പിടമുണ്ടാക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടെന്നും അവിടെ മുടിപ്പുര കെട്ടി കാരണവർ പൂജ തുടങ്ങിയെന്നുമാണ് ഐതിഹ്യം. മുടിപ്പുര പിന്നീട് തെക്കതായി മാറി. തെക്കതിൽ പൂജിച്ചിരുന്ന ദാരുവിഗ്രഹ പ്രതിഷ്ഠയാണ് ഇപ്പോഴും മൂലവിഗ്രഹം. മൂലവിഗ്രഹത്തിന് ചുവട്ടിലായി അഭിഷേകവിഗ്രഹവും കിഴക്കുവശത്ത് ശ്രീബലി വിഗ്രഹവുമുണ്ട്.

ആദ്യകാലത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു പൂജ. ആറ്റുകാൽ ഏല കടന്ന് ഓലക്കുടയുമായി വരുന്ന പൂജാരിയാണ് പഴമക്കാരുടെ മനസ്സിൽ.

attukal-temple-festival-old-temple-present-gopuram ആറ്റുകാൽ ക്ഷേത്രം പഴയ അപൂർവ ചിത്രം, ക്ഷേത്ര ഗോപുരം

‘എന്റെ ഓർമയിൽ ആദ്യം കാണുന്ന ആറ്റുകാൽ ക്ഷേത്രം ചുടുകല്ല് ഭിത്തിയും മരയഴിയും അതിനു ചുറ്റും ഇരുമ്പ് വിളക്കുകൾ ഉറപ്പിച്ച ഓടിട്ട മേൽക്കൂരയോടു കൂടിയ ശ്രീകോവിലായിരുന്നു. ശ്രീകോവിലിനു മുന്നിൽ കരിങ്കൽ തൂണുകളിൽ ഓടിട്ട മേൽക്കൂരയോടു കൂടിയ ചാവടിയുണ്ടായിരുന്നു.’ ആറ്റുകാൽ ട്രസ്റ്റിലെ മുതിർന്ന അംഗം കെ. പി. രാമചന്ദ്രൻ നായർ പറയുന്നു.

കുത്തിയോട്ടവും താലപ്പൊലിയും പോലെ കതിരുകാളയും വിളക്കുകെട്ടും ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളാണ്. നെൽക്കതിരിൽ കെട്ടിയുണ്ടാക്കുന്ന കതിരുകാള കാർഷിസംസ്കൃതിയുടെ ഓർമപ്പെടുത്തലാണ്. തേരുവിളക്ക് എന്ന് അറിയപ്പെടുന്ന വിളക്കുകെട്ട് പ്രാചീനമായ ക്ഷേത്രാചാരങ്ങളിൽ ഒന്നാണ്. ‍

attukal-temple-festival-vilakkeduppu പള്ളിപ്പലകയിൽ പണം അർപിക്കുന്നു, വിളക്കൈടുപ്പ്, ആറ്റുകാൽ അമ്പലം

സൂര്യമണ്ഡലത്തിന്റെ മധ്യഭാഗത്തു ഭഗവതി കുടികൊള്ളുന്നു എന്നാണു സങ്കല്പം. അതുകൊണ്ടാണ് ലോകത്ത് എവിടെയിരുന്നു വേണമെങ്കിലും പൊങ്കാലയിടാം എന്നു പറയുന്നത്. ശുദ്ധമാക്കിയ ഗൃഹങ്ങളിൽ ആചാരപരമായ രീതിയിലാവണം പൊങ്കാലയർപ്പിക്കേണ്ടത്. ഗണപതിയൊരുക്കം മുതൽ ഗണപതിപൂജ വരെയുള്ള ചടങ്ങുകളിലൂടെയാണ് പൊങ്കാല സമർപ്പണം പൂർത്തിയാവുന്നത്. ആറ്റുകാൽ പൊങ്കാല വീട്ടിലിടേണ്ടി വന്നാൽ അതിനുള്ള സാധൂകരണം ലളിതാസഹസ്രനാമമാണ്.

വീട്ടുമുറ്റങ്ങളിൽ പൊങ്കാലയിടുമ്പോൾ

വീട്ടുമുറ്റങ്ങളിൽ പൊങ്കാലയിടുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് ഗണപതിക്കൊരുക്കലാണ്. െതക്കൻ കേരളത്തിൽ ഇതിനെ പടുക്കയിടുക എന്നും പറയും. വിഘ്നനിവാരണനാണല്ലോ ഗണപതി. പൊങ്കാല വിഘ്നമില്ലാതെ നടക്കാനും ജീവിതാഭിവൃദ്ധിക്കുള്ള തടസ്സങ്ങൾ നീങ്ങിക്കിട്ടാനും ഗണപതിപൂജയാണ് ആദ്യം നടക്കേണ്ടത്. അടുപ്പു കൂട്ടുന്നതിന്റെ വലതുഭാഗത്തു ഗണപതിക്ക് ഒരുക്കുക എന്നതാണ് സങ്കല്പം. വീടുകളിലായതുകൊണ്ട് ഒരു അടുപ്പിന് ഒരു ഗണപതിക്കൊരുക്കൽ എന്നാണ് ശാസ്ത്രം.

attukal-temple-festival-ponkala-pandara-aduppu ആറ്റുകാൽ പൊങ്കാല, പണ്ടാര അടുപ്പിൽ തീ പകരുന്നു

തുമ്പിലയിലാണ് (വാഴയില തുമ്പോടു കൂടിയത്) ഗണപതിക്ക് ഒരുക്കുന്നത്. ഇലത്തുമ്പിന്റെ സ്ഥാനം കിഴക്കാണ്. പശുവിന്റെ ചാണകം ഒരുളയാക്കിയത് ഗണപതിയാണെന്ന സങ്കല്പത്തിൽ മിക്കയിടങ്ങളിലും പ്രതിഷ്ഠിക്കാറുണ്ട്. അതുപോലെ അഞ്ചു തിരിയിട്ട നിലവിളക്ക്. ഒറ്റത്തിരിയാണെങ്കിൽ ദീപനാളം കിഴക്കു വരത്തക്കവിധം വിളക്കു തെളിക്കണം. ഒരു തീർഥക്കിണ്ടിയിൽ ശുദ്ധജലം കരുതണം. തീർഥക്കിണ്ടി ഇല്ലാത്ത വീടുകളിൽ വൃത്തിയുള്ള സ്റ്റീൽ പാത്രങ്ങളാവാം. (െവള്ളം തൂവിക്കളയാത്ത മൊന്ത പോലെയുള്ള പാത്രങ്ങൾ) അവൽ, മലർ, പൂവ്, ഇളനീർ, ചന്ദനം, ഭസ്മം, വെറ്റില, അടയ്ക്ക, കൽക്കണ്ടം, ശർക്കര, കരിമ്പ്, പനിനീര്, കർപ്പൂരം, പഴം, നിറനാഴി, തെങ്ങിൻപൂക്കുല, തുളസിക്കതിർ– ഗണപതിയ്ക്ക് ഒരുക്കാൻ വേണ്ട സാധനങ്ങൾ ഇതൊക്കെയാണ്. ഇതിൽ ലഭ്യത അനുസരിച്ചും, പ്രാദേശികവ്യതിയാനങ്ങൾ അനുസരിച്ചും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. കത്തിച്ച നിലവിളക്കും, തീർത്ഥക്കിണ്ടിയിൽ വെള്ളവും തെറ്റിപ്പൂവും തുളസിക്കതിരും ഏറ്റവും പ്രധാനമായി കരുതുന്നു. കിഴക്ക് ദിക്കിലായിരിക്കണം പൊങ്കാലയിടേണ്ടത്. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ക്ഷേത്രദർശനസമയത്ത് ഉപയോഗിക്കുന്നതിനു തുല്ല്യമായിരിക്കണം.

attukal-temple-festival-ponkala-before-sunrise പൊങ്കാല ദിനം: സൂര്യോദയത്തിനു മുമ്പ്

ഗണപതിക്ക് ഒരുക്കിക്കഴിഞ്ഞാൽ പിന്നെ പൊങ്കാലക്കലം അടുപ്പിലേക്കു വയ്ക്കാം. ഗണപതിക്ക് ഒരുക്കിയിരിക്കുന്ന വിളക്കിൽ നിന്ന് അടുപ്പിലേക്ക് തീ പകരാം. വെള്ളച്ചോറാണ് ആറ്റുകാലമ്മയ്ക്ക് ഏറ്റവും വിശേഷപ്പെട്ട നിവേദ്യമായി കരുതുന്നത്. എന്നാൽ വെള്ളച്ചോറിനു പുറമേ തെരളിയപ്പം, മണ്ടപ്പുറ്റ്, പാൽപ്പായസം, ശർക്കരപ്പായസം, അരവണപ്പായസം തുടങ്ങിയ വിഭവങ്ങളും വെള്ളച്ചോറിനോടൊപ്പം ഭക്തജനങ്ങൾ തയാറാക്കുന്നുണ്ട്. ഇളനീരും പടറ്റിപ്പഴവും കൂട്ടത്തിൽ നിവേദിക്കാറുണ്ട്. കാലാകാലങ്ങളായി ഈ രീതി അനുവർത്തിക്കുന്നുമുണ്ട്.

attukal-temple-festival-ponkala-london 2008ൽ ആറ്റുകാൽ പൊങ്കാല നടന്ന ദിവസം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ പൊങ്കാല (ഫയൽ ഫോട്ടോ)

ഏതെങ്കിലും കാരണത്താൽ ക്ഷേത്രത്തിലെത്താൻ സാധിക്കാത്ത ഭക്തജനങ്ങൾക്കു വീടിനു മുന്നിലും ഈ വിഭവങ്ങൾ തയാറാക്കി നേദിക്കാം. പൊങ്കാല തിളച്ചുകഴിഞ്ഞാൽ വാഴയില കൊണ്ടു അടച്ചിട്ടതിനുശേഷമാണ് പൊങ്കാലയിടുന്ന ആൾ ആദ്യം വെള്ളവും പിന്നീടു ലഘുഭക്ഷണവും കഴിക്കുന്നത്. ഒരു ഇളനീരു കുടിച്ച് ഉപവാസം അവസാനിപ്പിക്കുന്നതാണു നല്ലത്. വീടുകളിൽ പൊങ്കാല പൂജിക്കുമ്പോൾ ഓരോരുത്തർക്കും അവരവർക്ക് അറിയാവുന്ന ദേവീസ്തുതികളോടെയാണ് നിവേദ്യം അർപ്പിക്കേണ്ടത്. സൂര്യമണ്ഡലത്തിൽ ദേവിയെ സങ്കല്പിച്ച് പ്രാർഥിക്കാം.