Friday 12 April 2019 05:38 PM IST

ഭർത്താക്കൻമാരുടെ ‘പ്രാക്ക്’ ഏറ്റു വാങ്ങിയ കെട്ട്യോൻ; സോളോ ട്രിപ്പടിച്ച പാത്തുവും സർപ്രൈസ് നൽകിയ ബനിയും ഇവിടെയുണ്ട്

Binsha Muhammed

bani

ഇവിടെയൊരാളുടെ ബർത്ത് ഡേ എന്നാണെന്നു ചോദിച്ചാൽ....സ്ഫടികത്തിലെ തിലകൻ പറയുന്ന മാതിരി ‘ബ ബ്ബ ബ്ബ’ അടിക്കുന്ന മനുഷ്യനാ...അപ്പോഴാണ് ഇങ്ങനെയോരോ സർപ്രൈസ് വാർത്തകൾ. ഇവിടെ ഓണത്തിനോ വിഷുവിനോ വീട്ടില്‍ പോയാലായി...അപ്പോഴാണ് ഗ്രീസിലേക്ക് സോളോ ട്രിപ്പ്...മനുഷ്യാ...നിങ്ങളിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ....

സ്വന്തം കെട്ടിയവന്റെ പേര് മെൻഷൻ ചെയ്ത് വനിത ഓൺലൈനിനു കീഴെ വന്ന കമന്റിൽ അസൂസയും അമർഷവും പിന്നെ പൊടിക്കിഷ്ടവും നിറഞ്ഞിരിപ്പുണ്ടായിരുന്നു. ഗ്രീസിലേക്ക് സോളോ ട്രിപ്പ് അറേഞ്ച് ചെയ്ത് ഭാര്യക്ക് പിറന്നാൾ സർപ്രൈസ് കൊടുത്ത ആ കെട്ട്യോനായിരുന്നു പോയ വാരം കേരളത്തിലെ സ്ത്രീ ജനങ്ങളുടെ ഹീറോ. ഫലമോ... ജോലിയൊഴിഞ്ഞിട്ട് ഭാര്യയുമായി സംസാരിക്കാൻ പോലും നേരമില്ലാത്ത സകല കെട്ടിയവൻമാരുടേയും ‘പ്‍രാക്ക്’ ഏറ്റു വാങ്ങി ആ പാവം മനുഷ്യൻ.

‘തന്നോടൊക്കെ ദൈവം ചോദിക്കും... സ്വന്തം ഭാര്യക്ക് ഇമ്മാതിരി സർപ്രൈസ് കൊടുത്ത് കേരളത്തിലെ പാവപ്പെട്ട ഭർത്താക്കൻമാരെ ഇങ്ങനെ പരീക്ഷിക്കണോ...’– ഭർത്താക്കൻമാരുടെ കമന്റ് വിലാപങ്ങളിലെ സാമ്പിളൊരെണ്ണം ഇങ്ങനെ പോകുന്നു.

bani-4

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ദിനത്തിൽ ഗ്രീസിലേക്ക് സോളോ ട്രിപ്പ് അറേഞ്ച് ചെയ്ത വൈറൽ കെട്ട്യോന്‍ ബനി സദറിനെക്കുറിച്ചും ഭാഗ്യം ചെയ്ത ആ ഭാര്യ, പാത്തുവെന്ന ഷഹ്നാസിനുമായുള്ള അന്വേഷണം ചെന്നു നിന്നത് ദുബായ് മഹാനഗരത്തിൽ. അഭിനന്ദനപ്പെരുമഴകൾ ട്രോളിന്റെ രൂപത്തിലേക്ക് വഴിമാറിയപ്പോൾ കക്ഷിയെ സോഷ്യൽ മീഡിയ അപ്പുക്കുട്ടനാക്കിയിരിക്കുന്നു. കാശ് ലാഭിക്കാൻ ഭാര്യയെ ഒറ്റയ്ക്ക് ഹണിമൂണിന് വിട്ട് ടു ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ. സോളോ ട്രിപ്പ് പോയിവന്ന കഥാനായികയും അത് അറേഞ്ച് ചെയ്ത് വിപ്ലവം സൃഷ്ടിച്ച ഭർത്താവി ബാനിയും ഒടുവിൽ മനസു തുറന്നു. കേരളത്തിലെ പെണ്ണുങ്ങളെ കൊതിപ്പിച്ച, ഭർത്താക്കൻമാരെ അസൂയപ്പെടുത്തിയ ആ വൈറൽ സോളോ ട്രിപ്പ് പിറന്ന കഥ, ‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

bani-11

യാത്രകളാണ് ഫിക്സഡ് ഡിപ്പോസിറ്റ്

‘ഓള് പോയത് വലിയ സംഭവമായി എനിക്ക് തോന്നുന്നില്ല ഭായ്...ആ യാത്ര ഒരു തമാശ രൂപത്തിൽ എഴുതി അത് ഒടുക്കം വൈറലായി കൈയ്യീന്ന് പോയി അതാണ് സംഭവം. അഭിനന്ദിച്ച് അഭിനന്ദിച്ച് പലരും ഇപ്പോ എന്നെ ട്രോളാനും തുടങ്ങിയിരിക്കുന്നു. ഇനിയീ വീട്ടിൽ അളിയൻ അലുവ മേടിച്ചോണ്ട് വരരുത് എന്ന് ഒരു കെട്ട്യോന്റെ ട്രോളിൽ മുക്കിയ സങ്കട മെസേജ് ഇപ്പോ ദേ വന്നതേ ഉള്ളൂ...’– സംസാരിച്ച് തുടങ്ങിയത് ബനി സദറാണ്.

bani-6

നാളത്തേക്കു വേണ്ടി കരുതി വയ്ക്കാനും ബാങ്കിൽ എഫ്.ഡി ഇടാനും മെഷീൻ കണക്കെ ജീവിച്ചു തീർക്കാനുമുള്ളതല്ല ജീവിതം. അതിൽ എനിക്ക് വിശ്വാസമേയില്ല. പടച്ചോൻ നമ്മളെ ഇങ്ങോട്ടേക്ക് അയച്ചിരിക്കുന്നത് ഈ ലോകത്തെ കാണാനാണ്...അവന്റെ അത്ഭുതങ്ങൾ കാണാനാണ്. ഒന്നും നമ്മൾ ഇവിടുന്ന് കൊണ്ടു പോകുന്നില്ലല്ലോ. പിന്നെ മക്കൾ...അവർക്ക് ഞങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ നീക്കിയിരിപ്പാണ് ഈ യാത്രകൾ. പാത്തൂനും (ഷഹ്നാസ്) ഞാൻ അത് തന്നെയാണ് നൽകിയത്. അവൾ ജീവിതത്തിൽ എന്നും എക്കാലവും ഓർമ്മിക്കുന്ന വലിയൊരു നീക്കിയിരിപ്പ്. അവളുടെ സ്വപ്നഭൂമിയായ ഗ്രീസിലേക്ക്. ഇവിടെ ദുബായിയിൽ ഒരു ഇറാനിയൻ ഡയറി കമ്പനിയിൽ സെയിൽസ് മാനേജരായിട്ടാണ് എനിക്ക് ജോലി. അത്യാവശ്യം മോശമല്ലാത്ത ശമ്പളം. അതിൽ നിന്ന് കിട്ടുന്നത് കൊണ്ടാണ് നിങ്ങളീ പറയുന്ന അടിച്ചു പൊളി. പിന്നെ ഞങ്ങളുടെ യാത്രകളും ഓർമകളുമൊക്കെ കോർത്തെടുത്തൊരു ഇൻസ്റ്റാഗ്രാം പേജുണ്ട്. ഫാമിലി ബിഹൈൻഡ് ദ വീൽ എന്നാണതിന്റെ പേര്.

bani-10

എല്ലാത്തിനും കാരണം ഷാരൂഖ് ഖാൻ

ജന്മദിനത്തിന് ഇവിടൊന്നും പോരാതെ ഗ്രീസിലേക്ക് വണ്ടി കയറിയതിനു കാരണക്കാരൻ ഷാരൂഖ് ഖാനാണ്. ചൽതേ ചൽതേയിലെ തോബാ....എന്നു തുടങ്ങുന്ന പാട്ടിൽ റാണി മുഖർജിക്കൊപ്പം പ്രണയാതുരനായി നിന്നു പാടുകയാണ് നമ്മുടെ നായകൻ. അതിന് പശ്ചാത്തലമൊരുക്കിയത് ഗ്രീസിലെ സാൻറോരിനി എന്ന എന്റെ സ്വപ്നഭൂമി. അന്ന് കയറിക്കൂടിയതാണ് ഗ്രീസ് എന്ന പൂതി. പൗരാണികതയും പ്രകൃതി ഭംഗിയും സമന്വയിക്കുന്ന ഇടം. സിനിമ ഇറങ്ങി ഇത്രയും കാലം കഴിഞ്ഞിട്ടും അത് മനസിലങ്ങനെ തന്നെ കിടപ്പായിരുന്നു.

bani-3

പലവട്ടം ഇക്കാനോട് ഞാനത് പറഞ്ഞിട്ടുമുണ്ട്. ഒരുമിച്ച് പലയിടത്തും കറങ്ങിയെങ്കിലും ഇത് മാത്രം ഇങ്ങനെ മനസിൻറെ വെയ്റ്റിംഗ് ലിസ്റ്റിൽ കിടന്നു. പക്ഷേ എന്റെയീ പിറന്നാളിന് ഇങ്ങനൊരു സർപ്രൈസ് നൽകുമെന്ന് പടച്ചോനാണേ സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല. എപ്പോഴൊക്കെയോ ഞാനത് മറന്നു പോയെങ്കിലും എന്റെ ഇഷ്ടവും സ്വപ്നവും ഇക്കാന്റെ മനസിലുണ്ടായിരുന്നു. അതീ പിറന്നാളിന് അങ്ങ് സാധിച്ചു. ലവ് യൂ...ഇക്കാ...–ഷഹ്നാസിന്റെ കോംപ്ലിമെന്റിന് ബനിയുടെ കള്ളച്ചിരി മറുപടി.

bani-9

കുറ്റംപറച്ചിലുകാരെ നെവർ മൈൻഡ്

യാത്രകളാണ് അന്നും ഇന്നും പ്രിയം. ഇക്കാലത്തിനിടയിൽ സ്വീഡൻ, നോർവേ, ഐസ്‍ലാൻഡ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങൾ  സന്ദർശിച്ചു. ചിലർ മനസു നിറഞ്ഞ് നമുക്ക് പിന്തുണ നൽകും. വേറെ ചിലരുണ്ട്, നമ്മുടെ വീട്ടുകാരല്ലാതിരുന്നിട്ടു കൂടിയും നമ്മളെ സദാചാരം പഠിപ്പിക്കാൻ വരുന്നവർ. പറയാൻ വലിയ ക്വാളിറ്റി ഒന്നും കാണില്ല. എങ്കിലും പരിഹാസങ്ങൾക്കും കുറ്റം പറച്ചിലിനുമൊന്നും ഒരു കുറവും കാണില്ല. അവരെയൊക്കെ ഇഗ്നോർ ചെയ്യുന്നതാണ് ബുദ്ധി.

bani-5

പാത്തു നിയമ ബിരുദധാരിയാണ്, യൂണിവേഴ്സിറ്റി റാങ്കോടെ പാസായ പുലിയാണ് കക്ഷി. ഹൈക്കോർട്ടിൽ നിന്നാണ് എൻ റോള്‍ ചെയ്തത്. പുള്ളിക്കാരി ഈ ദുബായിയിൽ വന്ന് എനിക്കും മക്കൾക്കും വേണ്ടി സർവ്വസ്വവും ത്യജിച്ച് ജീവിക്കുകയാണ്. സാഹചര്യം ഒന്നു കൊണ്ട് മാത്രമാണ് അവൾക്ക് ജോലിക്ക് പോകാനാകാത്തത്. ഒരു പക്ഷേ നാട്ടിലായിരുന്നെങ്കിൽ അവൾക്കതിന് കഴിയുമായിരുന്നു. ഇത്രയും ത്യാഗം സഹിക്കുന്ന ഒരു ഭാര്യക്കു വേണ്ടി ഇങ്ങനെ സർപ്രൈസും സന്തോഷവുമൊക്കെ കൊടുക്കുന്നത് തെറ്റാണോ സുഹൃത്തേ. പെണ്ണുങ്ങളെ അടക്കിയൊതുക്കി വീട്ടിലിരുത്തുന്ന കാലമൊക്കെ കാലമൊക്കെ എന്നേ കഴിഞ്ഞു പോയി.

bani-8

വീട്ടുകാർ കട്ട സപ്പോർട്ട്

bani-2

ലഡാക്കിലേക്കുള്ള യാത്രയാണ് ഒരിക്കലും മറക്കാനാകാത്തത്. അവിടേക്കുള്ള വണ്ടി പിടിക്കുമ്പോൾ വീട്ടുകാർ അഡാർ ഉടക്ക്. മക്കളേയും കൊണ്ടുള്ള യാത്രയായിരുന്നു പ്രശ്നം. പക്ഷേ ഒരു വിധം അത് അഡ്ജസ്റ്റ് ചെയ്ത് സമ്മതിപ്പിച്ചെടുത്തു. പിന്നെ വീട്ടുകാരൊക്കെ കട്ട സപ്പോർട്ടാണ്. അവരുടെ സപ്പോർട്ട് ഉള്ളപ്പോൾ നമ്മൾ നാട്ടുകാരുടെ പരദൂഷണത്തെ മൈൻഡ് ചെയ്യേണ്ടതുണ്ടോ? നാട്ടിൽ തലശ്ശേരിയിലാണ്...മക്കൾ ഫസാ, ഹെസാ, ഫൈസി.

ഇനി അടുത്ത ട്രിപ്പ് ഒറ്റയ്ക്കാരിയിരിക്കുമോ എന്ന ചോദ്യത്തിന് ലൈഫിൽ പ്രീ പ്ലാനുകളില്ലെന്ന് ബനിയുടെ മാസ് റിപ്ലേ. സർപ്രൈസ് നൽകുന്ന കെട്ടിയവനുള്ളപ്പോൾ ലൈഫ് ലോംഗ് ഹാപ്പിയായിരിക്കുമെന്നായിരുന്നു ഷഹ്നാസിന്റെ കമൻറ്. വരാനിരിക്കുന്ന സുന്ദര യാത്രയ്ക്ക് അഡ്വാൻസ് ഹാപ്പി ജേർണി നേർന്ന് ആ സോളോ ട്രിപ്പ് വിശേഷത്തിന് ഫുൾസ്റ്റോപ്പ്!

bani-7