Thursday 12 December 2019 11:41 AM IST : By സ്വന്തം ലേഖകൻ

ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തിയ സംഭവം;‘പട്ടിയിറച്ചി’ പ്രചാരണത്തിന് പിന്നിലെ സത്യം ഇതാണ്!

beef-bone

ദിവസങ്ങൾക്ക് മുൻപാണ് ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ വിചിത്രമായ എല്ല് പട്ടിയിറച്ചിയാണെന്ന് രീതിയിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നു. എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് പരിശോധനയിൽ വ്യക്തമായി. ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലാണ് സത്യം തെളിഞ്ഞത്.

ദിവസങ്ങൾക്ക് മുൻപ് മാനന്തവാടി/കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലിൽ നിന്നും വാങ്ങിച്ച ബീഫ് ഫ്രൈയിലാണ് അസ്വാഭാവികമായ രൂപത്തിലും വലുപ്പത്തിലും 2 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ഒരു എല്ല് ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റായി ഇട്ടതോടെയാണ് സംശയങ്ങൾ ഉയർന്നുവന്നത്. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗവും ഇത് പോത്തിന്റെ എല്ല് അല്ല എന്നാണ് പറഞ്ഞത്. ബീഫ് ഫ്രൈയിൽ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടർമാർ കൂടി ഉറപ്പ് പറഞ്ഞതോടെ സംശയം ഇരട്ടിയായി.

ചില ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചി ആണെന്നും അതിന്റെ തെളിവാണ് ഇതെന്നുമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന വാദം. പേവിഷ ബാധയുള്ള നായ്ക്കളുടെ മാസം വരെ ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആരോപണമുയർന്നു.

തുടർന്നാണ് സത്യം തെളിയിക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ട് പരാതിക്കാരനില്‍ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ നാലിന് സാംപിള്‍ മോളിക്യുലാര്‍ അനാലിസിസ് പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയക്കുകയായിരുന്നു. ഫലം പുറത്തുവന്നതോടെ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമായി.

Tags:
  • Spotlight
  • Social Media Viral