ഏഴു വയസുകാരനെ അമ്മയുടെ മുന്നിൽവച്ച് രണ്ടാം ഭർത്താവ് ക്രൂരമായി മർദിച്ച കേസിൽ അമ്മ അഞ്ജനയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അമ്മയുടെ രണ്ടാം ഭർത്താവ് ആറ്റുകാൽ സ്വദേശി അനുവിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്.
കുട്ടിയെ പതിവായി മർദിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമർദനം പുറത്തുവന്നത്. കാലിൽ കെട്ടിത്തൂക്കി മർദിച്ചെന്ന് കുട്ടി പറയുന്ന വിഡിയോയും ബന്ധുക്കൾ പുറത്തുവിട്ടു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ നിരവധി പാടുകളും മുറിവുകളുമുണ്ട്. ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാട് വയറിലുണ്ട്.
കുട്ടിയെ ഒരു വർഷമായി അമ്മയുടെ രണ്ടാം ഭർത്താവ് മർദിക്കുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അമ്മയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബന്ധുക്കൾ എടുത്ത വിഡിയോയിൽ കുട്ടി പറയുന്നത്:
‘‘നോട്ട് എഴുതാത്തതിന് അച്ഛൻ മുണ്ടെടുത്ത് കാലിൽ കെട്ടി. എന്നിട്ട് തലകുത്തി നിർത്തി. അതിനുശേഷം അടിച്ചു. അമ്മ ഒന്നും പറഞ്ഞില്ല. അമ്മ ചട്ടുകം പഴുപ്പിച്ച് വയ്ക്കുമെന്ന് പറഞ്ഞു. അച്ഛന്‍ പച്ചമുളക് തീറ്റിച്ചശേഷം അടിച്ചു. അമ്മയാണ് മുളക് എടുത്ത് കൊടുത്തത്. അച്ഛൻ സ്പൂൺ എടുത്ത് അടിക്കാൻ വന്നു. കഴുത്തിലും കാലിലും ചങ്ങല കൊണ്ട് അടിച്ചു. ഫാനിന്റെ കമ്പിയിൽ തുണി ചുറ്റി കെട്ടിത്തൂക്കി. ബെൽറ്റ് ഉപയോഗിച്ച് അടിച്ചു. അമ്മയാണ് അടിക്കാൻ കൂട്ടുനിൽക്കുന്നത്. അച്ഛൻ മർദിക്കുമ്പോൾ അമ്മ കയ്യുംകെട്ടി നോക്കിനിൽക്കും. വയറും ഉപയോഗിച്ച് അടിച്ചു.’’