Wednesday 16 October 2019 06:51 PM IST

ആ കാഴ്ച എനിക്ക് സങ്കൽപ്പിക്കാനാകുമായിരുന്നില്ല, വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടേയെന്ന് ഞാൻ‌ പ്രാർത്ഥിച്ചു

Sreerekha

Senior Sub Editor

sree

കൊച്ചിയിലെ ഫ്ലാറ്റിൽ ബിജു നാരായണൻതനിച്ചായിരുന്നു. ശ്രീലതയില്ലാത്ത വീട്ടിലേക്ക് ഏറെ ദിവസങ്ങൾക്കു ശേഷം ബിജു വന്നതേയുള്ളൂ. അ‍‍ടഞ്ഞ ജനാലകളുെട ഗന്ധം തങ്ങി നിൽക്കുന്ന മുറി. വാതിൽ ബെല്ലടിക്കുമ്പോൾ പുഞ്ചിരിയോടെ കതകു തുറന്നിരുന്ന, വീട്ടുകാര്യങ്ങളുടെ തിരക്കിൽ അകത്തളത്തിലൂടെ ഒാടി നടന്നിരുന്ന ഗൃഹനായിക ഇനിയില്ലെന്ന സത്യത്തിനോടു പൊരുത്തപ്പെടാനാവാത്തതു പോലെ ബിജു നിശബ്ദനായിരുന്നു.

ഈ വീടിന്റെ മൗനത്തിൽ നിറയെ ഒാർമകൾ നിറയുന്നുണ്ട്. ആ ഒാർമകളാണ് ഇന്ന് ബിജുവിന്റെ ശക്തി. വിട പറഞ്ഞു പോയ ഏറ്റവും പ്രിയപ്പെട്ടയാളെക്കുറിച്ച് മനോധൈര്യത്തോടെ, ഇടറാത്ത വാക്കുകളോടെ, ഇടയ്ക്ക് സ്വയം മറന്നുള്ള നേ ർത്തൊരു പുഞ്ചിരിയോടു കൂടിപ്പോലും, ബിജുവിന് സംസാരിക്കാൻ കഴിയുന്നതും ആ ഒാർകളുെട സ്നേഹം നൽകുന്ന കരുത്തു െകാണ്ടാകണം. ബിജു പറയുന്നു:

‘‘പതിനേഴാം വയസ്സിലാണ് ശ്രീയെ ഞാൻ കണ്ടുമുട്ടുന്നത്. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത്. പിന്നീട് പത്തു വർഷക്കാലം നീണ്ട പ്രണയം. അതു കഴിഞ്ഞ് വിവാഹം. വിവാഹം കഴിഞ്ഞിട്ട് 21 വർഷമായി. 31 വർഷമായി എന്റെ മനസ്സിന്റെ ഏറ്റവും അടുത്തു നിന്നിരുന്ന ആൾ... അതായിരുന്നു ശ്രീ. അങ്ങനെ ഒരാൾ പോയപ്പോഴുള്ള ശൂന്യതയെ ഏതു വിധത്തിൽ നേരിടുമെന്നെനിക്കറിയില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ടു െകാണ്ടുപോകണമെന്നുമറിയില്ല...

സാധിക്കാതെ പോയ മോഹം

ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആൾ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്. കളമശ്ശേരിയിൽ ഞങ്ങ ൾക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവും ഉണ്ട്. ഗായകരുടെ കൂട്ടായ്മയായ ‘സമം’ ഒാർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു. മൂന്നാം എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം. അന്ന് ശ്രീ പറഞ്ഞു: ‘എല്ലാ ഗായകരും വരുമല്ലോ. എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം..’ ‘അതിനെന്താ എടുക്കാമല്ലോ’ എന്ന് ഞാൻ പറ‍ഞ്ഞു. പുറത്തു നിന്നാണ് ഭക്ഷണം ഒാർഡർ ചെയ്യുന്നതെങ്കിലും വെജിറ്റേറിയൻസിനായി ശ്രീ ചില വിഭവങ്ങളൊക്കെ സ്പെഷലായി ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു.

അന്ന് അൽപം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഈ ഫോട്ടോയുടെ കാര്യം ഞാൻ വിട്ടുപോയി. എല്ലാവരും മടങ്ങിപ്പോയിക്കഴിഞ്ഞാണ് ഒാർക്കുന്നത്. ‘അയ്യോ കഷ്ടമായിപ്പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം...’ ഞാൻ ശ്രീയോട് പറഞ്ഞു.

biju-n

പക്ഷേ, അതിനു ശ്രീ കാത്തുനിന്നില്ല. അതിനു ശേഷം മൂന്നു മാസങ്ങൾക്കു ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങൾക്കിടയിൽ അത്തരം കൊച്ചു മോഹങ്ങളുടെ സന്തോഷം തേടുന്ന മനസ്സും കൈവിട്ടു പോയി.

ശ്രീ കേൾക്കുന്നുണ്ടാകുമോ ഈ ഗാനം

കാൻസർ എന്നാൽ വേദനയാണ്. അവസാനഘട്ടങ്ങളിൽ ആ വേദന കണ്ടു നിൽക്കാൻ പോലും വയ്യ... വളരെ കൂടിയ സ്റ്റേജിൽ ശ്രീയ്ക്ക് മോർഫിൻ ഇൻഫ്യൂഷൻ കൊടുക്കുകയായിരുന്നു. അത്ര വേദന സഹിച്ച് ഒരുപക്ഷേ, ഒാർമ പോലും മാഞ്ഞു പോയിട്ട് ശ്രീ കിടക്കുന്നതു സങ്കൽപിക്കാനും വയ്യായിരുന്നു. അതുെകാണ്ട് വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളിൽ ഞാൻ പ്രാർഥിച്ചത്.

ശ്രീയ്ക്ക് അസുഖം കുറവുണ്ടായിരുന്ന സമയത്ത് ഒാസ്ട്രേലിയയിൽ ഒരു സംഗീത പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. അതിനായി ഉടനെ പോകുകയാണ്. അവിടെ എന്തു പാടണം, എനിക്ക് പാടാൻ കഴിയുമോ എന്നു പോലും അറിയില്ല. വീടിന്റെ ഏകാന്തതയിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ മനസ്സിനൽപം മാറ്റും വരുമെന്നു സുഹൃത്തുക്കൾ പറയുന്നു. അങ്ങനെയൊരു മാറ്റം വരുമോയെന്നും അറിയില്ല. വർഷങ്ങൾക്കു മുൻപ് മഹാരാജാസ് കോളജിലെ മരത്തണലുകളിൽ വച്ച് ശ്രീയ്ക്കു വേണ്ടി മാത്രം പാടിയ പാട്ട് വീണ്ടും മനസ്സ് പാടുകയാണ്. ‘ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങൾ.. അവയുെട മൗനത്തിൽ കൂടണയും അനുപമ സ്നേഹത്തിൻ അർഥങ്ങൾ...’ ദൂരെദൂരെ എവിടെയോ ഇരുന്ന് ഈ ഗാനം കേൾക്കുന്നുണ്ടാകുമോ എന്റെ ശ്രീ?

biju

വിശദമായ വായനയ്ക്ക് വനിത സെപ്റ്റംബർ രണ്ടാം ലക്കം കാണുക