Saturday 04 July 2020 12:36 PM IST : By ശ്യാമ

‘എന്നോട് സിനിമയിലേക്ക് ചാൻസ് ചോദിച്ച ആളാണ് ഈ നിൽക്കുന്നത്; ഇനിയെന്തു വേണം, അപ്പൂപ്പൻ വൈറലായില്ലേ?’

virallbchgvg7766

ലോക്ഡൗൺ കാലത്തെ വിഡിയോസിൽ സൂപ്പർതാരമായി മാറിയ സീനിയർ സിറ്റിസൺ ആണ് എഴുപതുകാരനായ സുബ്രഹ്മണ്യൻ. സ്റ്റാർ ആക്കിയത് ചാൾസ് രാവൺ ബേബി. ‘ബ്രേക്ക്  ദ് ചെയ്ൻ’ സന്ദേശം പ്രചരിപ്പിക്കാ ൻ അപ്പൂപ്പനും കൊച്ചുമകനുമായി ഇരുവരും അഭിനയിച്ച വിഡിയോസ് സൂപ്പർഹിറ്റ്!

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയത്തിൽ ബിരുദം നേടിയ ചാൾസിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം ‘എബി’ എന്ന സിനിമയിലൂടെ. പിന്നെ, വെളിപാടിന്റെ പുസ്തകം, ഒടിയൻ, ജോണി ജോണി യെസ് പപ്പ, നാൻ പെറ്റ മകൻ അങ്ങനെ കുറച്ച് സിനിമകളിൽ അഭിനയിച്ചു.

‘‘ആദ്യ സിനിമയിൽ അവസരം കിട്ടിയപ്പോഴാണ് സുബിൻ എന്ന് പേര് മാറ്റി അവര്‍ സജസ്റ്റ് ചെയ്ത ‘ചാൾസ്’ എന്നാക്കിയത്. പേര് മാറ്റിയപ്പോൾ മതം മാറിയോ എന്നായി പലരും. കൺഫ്യൂഷൻ തീർക്കാൻ ഇഷ്ട കഥാപാത്രമായ രാവണനെ പേരിന്റെ കൂടെ കൂട്ടി. പിന്നെ, അമ്മയുടെ പേരായ ബേബിയും ഒപ്പം ചേർത്തു. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ ഞങ്ങൾ മൂന്ന് മക്കളെയും പൊന്നു പോലെ നോക്കിയ എന്റെ സ്വത്ത്. ചേട്ടൻ വിബി, മൂന്നാമത്തെയാൾ എന്റെ ഇരട്ട സഹോദരി ബിജി.

ആദ്യം മനസ്സിൽ വന്ന മുഖം

‘‘എഴുത്തിൽ തുടങ്ങി അത് കറങ്ങി തിരിഞ്ഞ് വിഡിയോയിൽ വന്ന് നിന്നതാണ്. ഒരു സബ്ജക്റ്റ് കിട്ടി അതിനു പറ്റിയൊരാളെ നോക്കുമ്പോൾ ആദ്യം തന്നെ സുബ്രമഹ്ണ്യൻ അപ്പൂപ്പന്റെ മുഖം മനസ്സിൽ തെളിഞ്ഞു. സിനിമയിൽ ചാൻസ് ഒപ്പിച്ചു കൊടുക്കാമോയെന്ന് കക്ഷി പണ്ട് എന്നോട് ചോദിച്ചിട്ടുണ്ട്. എന്നോടാരെങ്കിലും ചാൻസ് ചോദിക്കുമോ എന്നൊന്നും സംശയിക്കരുതേ. എന്റെ നാടായ മലപ്പുറം ഒലിപ്രംകടവിലെ നാലാൾക്ക് നേരിട്ടറിയുന്ന സിനിമാനടൻ ഞാനാണ്. സിനിമയുടെ അറ്റത്തോ മൂലയിലോ എന്നെ കണ്ടാലും നാട്ടുകാർക്ക് വ ലിയ സന്തോഷമാണ്. വിഡിയോയുടെ കാര്യം പറഞ്ഞപ്പോഴേ അപ്പൂപ്പൻ രണ്ടു പച്ചക്കൊടി ഒരുമിച്ച് കാട്ടി.’’ -ചാൾസ് പറഞ്ഞു നിർത്തിയിടത്തു നിന്ന് സുബ്രഹ്മണ്യൻ തുടങ്ങി.

‘‘പണ്ടേ അഭിനയമോഹമുണ്ട്. പത്ത് കഴിഞ്ഞതും വീട്ടിൽ നിന്ന് ഒളിച്ചോടി മദിരാശിയിൽ പോയി. സത്യൻ മാഷിനെ ഒക്കെ നേരിൽ കണ്ടിട്ടുണ്ട്. വീട്ടിലെ സ്ഥിതി മോശമായപ്പോൾ അഭിനയമോഹം വിട്ട് നാട്ടിലേക്ക് തന്നെ തിരിച്ചുവന്നു. ഇപ്പോള്‍ ഭാര്യ കമലവുമൊത്ത് സന്തോഷമായി കഴിയുന്നു. ഏകമകനും മരുമകളും കോഴിക്കോട് ജോലി ചെയ്യുന്നു. അഭിനയം  അസ്ഥിക്ക് പിടിക്കുന്ന മോഹമല്ലേ. അതുകൊണ്ടാണ് ഈ പ്രായത്തിലും ചാൻസ് കിട്ടുമോന്ന് തിരക്കി നടക്കുന്നത്. ചാൾസ് ആ ആഗ്രഹം സാധിച്ചു തന്നു. ’’ -സുബ്രഹ്മണ്യന്റെ വാക്കുകളിൽ ഒരായുഷ്ക്കാലത്തിന്റെ സന്തോഷം.

Tags:
  • Spotlight