Tuesday 18 October 2022 01:17 PM IST

ചീളിപ്പാ‍ടം ഗ്രാമത്തിലെ കുഞ്ഞുങ്ങൾ നൊട്ടമലയിലെ എൻഡോസൾഫാൻ കീടനാശിനിയുടെ ഇരകളോ? ; ‘വനിത’ അന്വേഷണ റിപ്പോർട്ട്

Vijeesh Gopinath

Senior Sub Editor

endosulfan-affected-cheelipadam-palakkad-cover ചീളിപ്പാടത്തെ കുട്ടികൾ; ഫോട്ടോ: ബേസിൽ പൗലോ

കാസർകോട് ജില്ലക്കാർക്ക് നല്ല ചികിത്സാസൗകര്യങ്ങൾ വേണമെന്നതിലും ഭിന്നശേഷിക്കാർക്ക് വേണ്ട കാര്യങ്ങൾ അവരുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തു വേണം ചെയ്യാനെന്നുള്ളതിലും യാതൊരു തർക്കവുമില്ല. പക്ഷെ എൻഡോസൾഫാൻ ദുരിതം എന്നൊരു ഇല്ലാക്കഥ ഉണ്ടാക്കി ഇതൊക്കെ വേണമെന്ന് പറയുന്നതിനോട് യോജിപ്പൊന്നുമില്ല...

ഇത് എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന കാസർകോടിന് മികച്ച വൈദ്യസഹായം വേണം എന്ന ആവശ്യവുമായി ഫെയ്സ്ബുക്കിൽ വന്ന പോസ്റ്റിനു താഴെ വന്ന കമന്റ് ആണ്. തുടർന്നു നോക്കിയപ്പോൾ ഭിന്നശേഷിയുള്ള കുട്ടികൾ ജനിക്കാൻ കാരണം പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ അടിച്ച മരുന്നല്ല എന്ന രീതിയിൽ ചിലരെല്ലാം പ്രതികരിച്ചു കണ്ടു. അത്തരമാളുകളുടെ അറിവിലേക്ക് വേറൊരു ഗ്രാമത്തെ പരിചയപ്പെടുത്തുന്നു. പാലക്കാട് മണ്ണാർക്കാടിനടുത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ നൊട്ടമലയ്ക്കടുത്തുള്ള ചീളിപ്പാടം ഗ്രാമം. ഇവിടെ വൈകല്യത്തോടെ ജനിച്ചു വീണ കുട്ടികളുടെ കണക്ക് എടുത്തതു പോലും പുറത്തു വിട്ടിട്ടില്ല. എന്തായിരിക്കും ഇതിനു കാരണം എന്ന് ചോദിക്കുമ്പോൾ നാട്ടുകാർ കൈ ചുണ്ടുന്നത് നൊട്ടമലയിലേക്കാണ്. ഈ മലയിൽ സ്വകാര്യവ്യക്തിയുടെ റബ്ബർതോട്ടത്തിനപ്പുറം പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടവുമുണ്ട്. ചീളിപ്പാടത്തു നിന്ന് തത്തേങ്കലത്തുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒാഫീസിലേക്ക് അഞ്ചു കിലോമീറ്റർ ദൂരം. കോർപ്പറേഷന്റെ കീഴിലുള്ള അഞ്ഞൂറ്റി നാല് ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കശുമാവിൻ തോട്ടത്തില്‍ 1986 മുതൽ പതിമൂന്നു വർഷം എൻഡോസൾഫാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് തളിച്ചിരുന്നു.

2019ൽ ‘വനിത’ കുഞ്ഞുങ്ങൾ ചിറകറ്റു പിറക്കുന്ന നാട്ടിലേക്ക് പോയി. ആ റിപ്പോർട്ട് വായിക്കാം....

കുഞ്ഞുങ്ങൾ ചിറകറ്റു പിറക്കുന്ന നാട്

ഇത് പാലക്കാട് മണ്ണാർക്കാടിനടുത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ നൊട്ടമലയ്ക്കടുത്തുള്ള ചീളിപ്പാടം ഗ്രാമം, തീപ്പാതിയായി കുഞ്ഞുങ്ങൾ ചിറകറ്റു പിറക്കുന്ന നാട്. എന്നാൽ ഒാരോ വീടിനുള്ളിൽ നിന്നും കളിപ്പാട്ടങ്ങളും കാൽത്തളകിലുക്കങ്ങളും ‘ആരാണ്’ കട്ടെടുത്തുകൊണ്ടു പോയതെന്നു മാത്രം ആർക്കും അറിയില്ല. എന്തുകൊണ്ടാണു ഇത്രയും കുഞ്ഞുങ്ങൾ മാനസിക വളർച്ചയില്ലാതെ, അംഗവൈകല്യത്തോടെ പിറന്നു വീഴുന്നതെന്ന് ആരും അന്വേഷിക്കുന്നുമില്ല. ലോകത്തിന്റെ നാലതിരും ചുരുങ്ങിച്ചുരുങ്ങി ഒരു കുടുസ്സു മുറിക്കുള്ളിലായിപ്പോയിവരുടെ നിസ്സഹായതമാത്രം ബാക്കിയാവുന്നു.

രോഗത്തിന്റെ താഴ്‌വാരം

നൊട്ടമലയുടെ താഴ്‌വാരത്തിൽ രോഗത്തിന്റെ വിത്തുകൾ ആരാണ് പാകിയത്? നാട്ടുകാരോടു തന്നെ അന്വേഷിക്കാം. ‘‘ഞങ്ങൾക്കിപ്പോഴും ഈ രോഗത്തിന്റെ കാരണത്തെക്കുറിച്ച് അറിയില്ല. ഒരു സർക്കാർ ഏജൻസിയും കാര്യമായ പഠനങ്ങൾ നടത്തിയിട്ടില്ല. എനിക്കുമുണ്ട് പതിനഞ്ചു വയസ്സായ മകൾ. നടക്കാനാവില്ല. കാലുകൾ വളഞ്ഞു പോയിരിക്കുന്നു. ഞങ്ങളുടെ ചില തോന്നലുകൾ പറയാം.

പണ്ട് നൊട്ടമലയുടെ താഴ്‌വാരത്തിൽ ഒരുമിച്ചു താമസിച്ചിരുന്ന വീടുകളിലെ അടുത്ത തലമുറയിലെ കുട്ടികൾക്കാണ് ഈ രോഗം പ്രധാനമായും കണ്ടത്. കാലുകൾ വളഞ്ഞു പോവുക, ഇരിക്കാനോ നടക്കാനോ സാധിക്കില്ല, സംസാരിക്കുന്നതിലെ അവ്യക്തത, അപ്സ്മാരം, തലച്ചോറിന്റെ വളർ‌ച്ച കുറവ്, തല വലുതാവുക... മിക്ക കുട്ടികളുടെയും അവസ്ഥകൾക്ക് സമാനതകളുണ്ട്. തീരെ കിടപ്പിലായവരും ഉണ്ട്. രണ്ടു വയസ്സു മുതൽ പതിനെട്ടു വയസ്സുവരെയുള്ളവരാണ് കൂടുതൽ. അതിനു മുകളിൽ പ്രായമുള്ള മൂന്നോ നാലോ പേരുണ്ട്. കുട്ടികളിൽ ചിലർ മരിച്ചു പോയി. ഞങ്ങൾക്കു പരിചയമുള്ള വീടുകളുടെ എണ്ണമാണ് പറഞ്ഞത്. രോഗ ബാധിതരായ കുട്ടികൾ ഇനിയുമുണ്ട്. കൃത്യമായ രീതിയിലുള്ള കണക്കെടുപ്പുകള്‍ പോലും നടന്നിട്ടില്ല.

endosulfan-affected-cheelipadam-palakkad-shafna ഷഫ്നയും അനുജനും

ഒറ്റ കാര്യമേ ചോദിക്കാനുള്ളൂ. ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ ഇവർക്കാരുണ്ട്? ഒന്നു ഡോക്ടറെ കാണിക്കാനുള്ള ബുദ്ധിമുട്ടുകൾ ഒരുപാടാണ്. വീടിനു പുറത്തേക്ക് ഇവരെ ഇപ്പോഴും എടുത്തു കൊണ്ടാണ് പോവുന്നത്. പല കുട്ടികൾക്കും അമ്പതു കിലോയിലധികം ഭാരമുണ്ട്. സർക്കാരാശുപത്രിയിലെ തിരക്കിൽ ഇവരെ കാണിക്കാനാവുമോ? സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് താങ്ങാനാവുമോ? ദുബായ്‌ലായിരുന്നു എനിക്ക് ജോലി. മകളുടെ ചികിത്സയാക്കായാണ് ജോലി ഉപേക്ഷിച്ച് വന്നത്. വീടു വിറ്റു. ഇപ്പോൾ വാടകവീട്ടിലാണ്.....’’

കനൽച്ചൂടുള്ള സങ്കടങ്ങൾക്ക് എന്തുത്തരമാണ് നൽകാനുള്ളത്. പുറം ലോകം അറിയാതെ കുഞ്ഞുജീവിതങ്ങൾ ഒരു പ്രദേശത്ത് രോഗ ബാധിതരായ ഇത്രയും കുട്ടികളുള്ള വിവരം അധികാരികളുടെ മുന്നിൽ നിന്ന് എങ്ങനെയാണ് മാഞ്ഞു പോയത്? പാലക്കാട് കോഴിക്കോട് ദേശീയ പാതയ്ക്ക് അരികിലുള്ള ചീളിപ്പാടം ഉൾഗ്രാമം പോലുമല്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം വേണ്ടത്ര പഠനങ്ങൾ നടക്കാതെ, രോഗകാരണം കണ്ടുപിടിക്കാതെ പോയത്?.

ഈ കുട്ടികളുടെ ശബ്ദമായി പ്രവർത്തിക്കുന്ന സേവ് മണ്ണാർക്കാട് എന്ന കൂട്ടായ്മയുടെ പ്രതിനിധി ജെസ്സി എം ജോയ് പറയുന്നു, ‘‘രോഗമുള്ള കുട്ടി വീട്ടിലുണ്ടെന്നത് പറയാൻ പോലും പലർക്കും മടിയാണ്. ഏറ്റവും ഒടുവിൽ രണ്ടു വയസ്സുള്ള കുട്ടിയിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ആ കുട്ടിയുടെ രണ്ടു സഹോദരങ്ങളും ഇതുപോലെ തന്നെയായിരുന്നു. അതിലൊരാൾ മരിച്ചു. ഇത്രയൊക്കെയായിട്ടും ആ കുട്ടികളെ പുറത്തു കാണിക്കാൻ വീട്ടികാർക്കു താൽപര്യമില്ല. ഇത് തനി നാട്ടിന‍്‍ പുറമാണ്. അസുഖമുള്ള കുട്ടികൾ വീട്ടിലുണ്ടെന്നതറിഞ്ഞാൽ‌ വിവാഹമുൾപ്പടെ പലകാര്യങ്ങളും നടക്കാതെയാവുമെന്ന ഭയം, നാട്ടിൽ നിന്ന് ഒറ്റപ്പെട്ടു പോവുമെന്ന തോന്നൽ ഇതൊക്കെയാവാം ഇത്തരം കുട്ടികളെ മുറിക്കുള്ളിൽ നിന്ന് പുറത്തേക്കിറക്കാത്തത്. അതുകൊണ്ട് വലിയ നഷ്ടങ്ങളുണ്ട്. ഇവർക്കു കിട്ടേണ്ട സഹായങ്ങൾ പലതും ലഭിക്കാതെ പോവുന്നു. സാന്ത്വന പരിചരണങ്ങൾ, വീടിനു പുറത്തേക്ക് അവരെ കൊണ്ടു വരാനുള്ള സാഹചര്യങ്ങൾ‌ എല്ലാം ഇല്ലാതാവുന്നു...’’. കുട്ടികളുടെ കണക്ക് ഇരുപതിൽ ഒതുങ്ങില്ലെന്ന് 2019ൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മണികണ്ഠനും സൂചിപ്പിക്കുന്നു. ‘‘പഞ്ചായത്തിലെ കണക്കു പ്രകാരം 54 കുട്ടികൾക്ക് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവരുണ്ട്. അതിൽ നാൽപതോളം കുട്ടികൾക്ക് മാനസിക വളർച്ച ഇല്ല. ഊഹാപോഹങ്ങൾക്കപ്പുറം എന്തുകൊണ്ടാണിങ്ങനെ എന്ന കാരണം കണ്ടെത്തേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഞങ്ങൾ’’ കുട്ടികളുടെ എണ്ണം ഇനിയുമേറെയുണ്ടെന്നു തന്നെയാണ് മണികണ്ഠൻ പറയുന്നത്.

കണ്ണീർപ്പാടുള്ള കളിമുറ്റങ്ങൾ...

മൂന്നു മക്കളാണ് ഷൗക്കത്തലിക്ക്. രണ്ടു പെൺകുട്ടികളും പിന്നെ സജാദും. നാലാം മാസത്തില്‍ സജാദിന് ഒരു പനിവന്നു. ഡോക്ടറെ കാണിച്ചപ്പോഴാണ് തല വലുതാവുന്നത് കണ്ടുപിടിച്ചത്. പിന്നെ വളരും തോറും സജാദിന്റെ കാലുകൾ പിണഞ്ഞു തുടങ്ങി. ഇടയ്ക്കിടെ അപസ്മാരം ചുഴലിക്കാറ്റു പോലെ വീശിയടിച്ചു. ‘‘മോനുണ്ടായി നാലാം മാസം മുതൽ തുടങ്ങിയതാണ് ആശുപത്രികളിലേക്കുള്ള യാത്ര. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് സർജറി കഴിഞ്ഞു. തലച്ചോറിൽ നിന്ന് ഒരു ട്യൂബ് ഇട്ടിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അഞ്ചു വർഷം കഴിഞ്ഞാൽ അത് മാറ്റേണ്ടി വരുമെന്ന് അന്ന് സൂചിപ്പച്ചെങ്കിലും ഇപ്പോൾ 17 വർഷമായി. എന്താവും എന്നറിയില്ല. ഇവന് കിടന്ന കിടപ്പിൽ നിരങ്ങി നീങ്ങാനേ പറ്റൂ. ആരെങ്കിലും ഒരാള്‍ എപ്പോഴും വീട്ടിൽ വേണം. ചായക്കടയിലാണ് എനിക്ക് ജോലി. ഭാര്യയ്ക്ക് എങ്ങോട്ടെങ്കിലും പോവേണ്ടി വന്നാൽ കട തുറക്കാൻ പറ്റില്ല. ഞങ്ങളുടെ കാലം കഴിഞ്ഞാൽ എന്താവും എന്നറിയില്ല. എന്റെ കുട്ടിയെ തിരിച്ചു കിട്ടും എന്നുണ്ടെങ്കിൽ പുര വിറ്റിട്ടായാലും ഞാൻ ചികിത്സിക്കും’’ ഷൗക്കത്തലി കണ്ണു തുടച്ചു. തൊട്ടപ്പുറത്താണ് മുജീബിന്റെ വീട്. മുജീബിന്റെ മകൻ മുഹമ്മദ് റിയാനും സജാദിനെ പോലെ എഴുന്നേൽക്കാനാവാതെ വെറും നിലത്ത് ആകാശത്തേക്ക് മിഴികൾ തുറന്നു കിടക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട് .പരിചയമില്ലാത്തവരെ കണ്ട അസ്വസ്ഥതയാണെന്ന് മുജീബ്. എഴുന്നേൽപ്പിച്ച് നീക്കി കിടത്താൻ റിയാനെ ഉമ്മ കൈകളിലേക്ക് കോരി എടുത്തു.

endosulfan-affected-cheelipadam-palakkad-riyan റിയാനും ഉമ്മയും

രോഗികളായ കുഞ്ഞുങ്ങളെ പരിചരിക്കുന്ന മിക്ക അമ്മമാർക്കും വിട്ടുമാറാത്ത നടുവു വേദനയും നടുവിന് ക്ഷതവും ഏറ്റിട്ടുണ്ട്. അവരും അസുഖങ്ങളിലേക്ക് ചുവടു വച്ചു തുടങ്ങി. പക്ഷേ, മക്കളല്ലേ, എത്ര ഭാരമുണ്ടെങ്കിലും സ്ഫടികപാത്രം പോലെ കൈക്കുള്ളിൽ സുരക്ഷിതമായി കൊണ്ടു നടക്കാനല്ലേ ഏതൊരമ്മയ്ക്കും കഴിയൂ. വേദനയുടെ വീര്യം നേർത്ത ചിരിയില്‍ അലിയിച്ച് റിയാന്റെ ഉമ്മ ബുഷ്റ പറഞ്ഞു, ‘‘തലച്ചോറിനു വളർച്ച കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്. ചികിത്സയ്ക്കായി ഒരുപാടു സ്ഥലത്ത് കൊണ്ടു പോയി. തീർത്തും മാറും എന്നാരും പറഞ്ഞിട്ടില്ല. ഇടയ്ക്ക് അപസ്മാരം വന്നിരുന്നു. ഇപ്പോ കുറച്ചായിട്ട് അതു വരാറില്ല. നാലു മണിയാവുമ്പോള്‍ വാശി തുടങ്ങും. തൊട്ടപ്പുറത്തെ വീട്ടിലെ കുട്ടികൾ മുറ്റത്ത് കളിക്കാൻ വരും. അത് ഇവനു കാണണം. വീൽച്ചെയറിലിരുത്തി കുട്ടികൾ കളിക്കുന്നത് കാണിക്കും.’’ കളിമുറ്റത്ത് ഒറ്റയ്ക്കാവുന്ന വേദനകൾക്ക് തീപ്പൊള്ളലിനേക്കാൾ നീറ്റലുണ്ടെന്ന് റിയാൻ മനസ്സിൽ പറയുന്നുണ്ടാവുമോ?

ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ച വീടുകളും ഇവിടെയുണ്ട്. മകനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ബാലചന്ദ്രൻ ഇതുവരെ ചിലവാക്കിയത്. വർഷം രണ്ട് ഉഴിച്ചിലുണ്ട്. അറുപതിനായിരം രൂപയോളമാവും. മാസം അയ്യായിരം രൂപയുടെ മരുന്ന്... ഇപ്പോഴും പതിനഞ്ചു വയസ്സുകാരൻ അഭിജിത് ഇരിക്കുക മാത്രമേയുള്ളൂ. ഒരു കുഞ്ഞു കാറ്റുവീശിയാൽ പോലും അവൻ വീണു പോവുമോ എന്നു നമുക്ക് പേടിയാവും.

വില്ലൻ എൻഡോസൾഫാനോ?

എന്തു രോഗമാണ് നാടിനെ ബാധിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് നാട്ടുകാർക്ക് വിരല്‍ ചൂണ്ടുന്നത് നൊട്ടമലയിലേക്കാണ്. ഈ മലയിൽ സ്വകാര്യവ്യക്തിയുടെ റബ്ബർതോട്ടവും അതിനപ്പുറം പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടവുമുണ്ട്. ചീളിപ്പാടത്തു നിന്ന് തത്തേങ്കലത്തുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒാഫീസിലേക്ക് അഞ്ചു കിലോമീറ്റർ ദൂരം. കോർപ്പറേഷന്റെ കീഴിലുള്ള അഞ്ഞൂറ്റി നാല് ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കശുമാവിൻ തോട്ടത്തില്‍ 1986 മുതൽ പതിമൂന്നു വർഷം എൻഡോസൾഫാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് തളിച്ചിരുന്നു. ഇപ്പോൾ അസുഖബാധിതരായ കുട്ടികളുടെ അച്ഛനോ അമ്മയോ കശുമാവിൻ തോട്ടത്തിനടുത്ത് താമസിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. തോട്ടത്തിനുള്ളിൽ നിന്നുള്ള അരുവികളും ഉറവകളും ഈ പരിസരത്തു കൂടി ഒഴുകുന്ന നെല്ലിപ്പുഴയിലേക്ക് എത്തുന്നുണ്ട്.

‘‘അന്ന് ഹെലിക്കോപ്റ്ററിൽ മരുന്നു തളിക്കുമ്പോൾ കിണറുകൾ മറയ്ക്കാൻ ഒാല കൊടുത്തിരുന്നു. ഹെലിക്കോപ്ടറിന്റെ ശബ്ദം കേൾക്കുമ്പോഴേ ആളുകൾ ഒാലയുമെടുത്ത് ഒാടും. അരുവിയും പുഴയുമൊന്നും ഒാലവച്ചു മൂടാനാവില്ലല്ലോ. ഇതിലൊക്കെ കീടനാശിനി വീണിട്ടുണ്ട്. അതുവഴി ജനങ്ങളുടെ കുടിവെള്ളത്തിലേക്ക് എത്താനും സാദ്ധ്യതയുണ്ട്. ഇവിടുത്തെ തൊഴിലാളികളെ എൻഡോസൾഫാൻ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഒരു മെഡിക്കൽ ക്യാംപ് നാലു വർഷം മുമ്പ് നടത്തിയിരുന്നു. എന്നാൽ, ആ പരിശോധനാ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. പത്തിലധികം ജീവനക്കാർ ക്യാൻസർ വന്നു മരണമടഞ്ഞു. മറ്റു രോഗങ്ങൾ കൊണ്ട് കിടപ്പിലായവരുമുണ്ട്.’’ പ്ലാന്റേഷൻ കോർപ്പറേഷൻ ഫീൽഡ് സൂപ്പർവൈസറായ കെ. ബി. സോമൻ പറയുന്നു. എൻഡോസൾഫാൻ തളിച്ചിരുന്ന കാലത്ത് പ്ലാന്റേഷനിൽ ജോലി ചെയ്തിരുന്നവരെ തേടി നടത്തിയ യാത്ര ചാമിയുടെ വീടിനു മുന്നിലാണ് അവസാനിച്ചത്. നൊട്ടമലയ്ക്കപ്പുറം നരിപ്പാറ എന്ന സ്ഥലമുണ്ടായിരുന്നത്രെ. നരിയിറങ്ങിയിരുന്ന ആ പാറയിലാണ് ഹെലികോപ്റ്റർ ഇറങ്ങാറുള്ളത്, ഇവിടെ വച്ചാണ് ബാരലിൽ നിന്ന് എൻഡോസൾഫാൻ ഹെലിക്കോപ്റ്ററിലേക്ക് കയറ്റിയിരുന്നത്. ആ വലിയ വണ്ടിന്റെ മുഴക്കം കാതിലിപ്പോഴും ചിറകടിക്കുന്നെന്ന് ചാമിയേട്ടൻ പറയുന്നു.

endosulfan-affected-cheelipadam-palakkad-chami ചാമിയും മകനും

‘‘ആദ്യ കാലം മുതൽക്കേവ ഇവിടുത്തെ ജീവനക്കാരനായിരുന്നു ഞാൻ. കശുമാവ് വളര്‍ന്നപ്പോഴാണ് ഹെലിക്കോപ്ടർ വന്നത്. എൻഡോസൾഫാന്റെ മാരക ഫലങ്ങളൊന്നും അന്നറിയില്ലല്ലോ. ഇതടിക്കുമ്പോൾ പാമ്പുകളും ശലഭങ്ങളും ചത്തുകിടക്കുന്നതു കാണാം. ഇതിനുള്ളിൽ ഒരുപാട് െചറിയ അരുവികളും ഉറവകളും ഉണ്ട് അതിൽ മീനുകൾ ചത്തുപൊങ്ങിക്കിടക്കും. ഞങ്ങളുടെ പണിക്കാരുൾപ്പടെയുള്ളവർ ചത്തു പൊന്തിയ മീനുകൾ കറി വച്ചു കഴിച്ചിട്ടുണ്ട്. ഒരു ടിന്നിൽ എട്ടു ലിറ്റർ അടയാളപ്പെടുത്തും. അങ്ങനെ അഞ്ചു ടിന്നാണ് ഹെലിക്കോപ്റ്ററിന്റെ ഒരു വശത്തുള്ള ബാരലിൽ നിറയ്ക്കുന്നത്, നിറച്ചാലുടൻ അതു പറന്നു മരുന്നു തളിച്ച് തിരിച്ചു വരും. ഹെലികോപ്റ്റർ വന്നിറങ്ങുന്നതും മരുന്നു നിറയ്ക്കുന്നതുമെല്ലാം കാണാൻ പൂരത്തിനു പോവും പോലെ സത്രീകൾ വരും. ഇവരുടെ ദേഹത്തൊക്കെ മരുന്നു വീഴുന്നുണ്ടായിരുന്നു.

ചെറിയ ടിന്നിലേക്കു കീടനാശിനി നിറയ്ക്കുന്നതൊക്കെ പ്രാകൃതമായ രീതിയിലായിരുന്നു. വലിയ ബാരലിൽ ഒരു ചെറിയ പൈപ്പിടും. ആ പൈപ്പ് വായിൽ വച്ച് വലിക്കുമ്പോൾ അതിലൂടെ മരുന്നു വരുത്തി ചെറിയ പാത്രത്തിലേക്കിടും.ഇങ്ങനെ ചെയ്യുമ്പോൾ വായിലൊക്കെ കീടനാശിനി ആയിട്ടുണ്ട്. അതിന്റെ ഫലവും കിട്ടി. എന്റെ മോനും വൈകല്യത്തോടെയാണ് പിറന്നത്. നട്ടെല്ലിനു വളഞ്ഞുപോയി. ബുദ്ധിമാന്ദ്യവുമുണ്ട്. നടക്കും. പക്ഷേ വളർച്ചയില്ല. ഇങ്ങനെ മരുന്നു നിറച്ചിരുന്ന പ്രധാന പണിക്കാരിൽ ബാക്കിയെല്ലാരും കാൻസറും മറ്റസുഖങ്ങളും വന്നു മരിച്ചു. ഞാന്‍ മാത്രം...’’ ചാമി ആശങ്കയോടെ ചിരിച്ചു.

തുടിക്കുന്നു വിഷമരുന്ന്

എൻഡോസൾഫാൻ നിരോധിച്ചപ്പോൾ ബാക്കിയായ കീടനാശിനി ഒാഫീസിനോടു ചേർന്നുള്ള ഗോഡൗണിലാണ് സൂക്ഷിച്ചത്. ഇരുമ്പു ബാരലിലായിരുന്നു എൻഡോസൾഫാൻ ഉണ്ടായിരുന്നതെന്നും വർഷങ്ങൾ കഴിഞ്ഞപ്പോൾ ബാരലിനു ചോർച്ച ഉണ്ടായെന്നും ജീവനക്കാരും തൊഴിലാളികളും സമ്മതിക്കുന്നു. പിന്നീടാണ് പ്ലാസ്റ്റിക് ബാരലിലേക്ക് എൻഡോസൾഫാൻ മാറ്റുന്നത്. ആ സമയത്ത്, കണക്കെടുത്തു നോക്കിയപ്പോൾ നൂറു ലിറ്ററോളം കുറവു കണ്ടെത്തി. ചൂടേറ്റ് ആവിയായി പോകാനുള്ള സാദ്ധ്യതകളെക്കുറിച്ച് അധികൃ‍തർ സൂചിപ്പിക്കുന്നുണ്ടെങ്കി‍ലും മുറിയിൽ നിന്നു പുറത്തേക്കൊഴുകുന്നതു കണ്ടെന്ന് തൊഴിലാളികൾ ഉറപ്പിച്ചു പറയുന്നു. ഈ കെട്ടിടത്തിനു തൊട്ടടുത്തുള്ള അരുവിയും നെല്ലിപുഴയിൽ ചെന്നു ചേരുന്നുണ്ട്. എൻഡോസൾഫാൻ ‘ഒരു പ്രശ്നമായപ്പോൾ’ ഗോഡൗണിലുണ്ടായിരുന്ന കുറേ കീടനാശിനി കുഴിവെട്ടി മൂടിയിട്ടുണ്ടെന്ന് തെളിവുകളില്ലെങ്കിലും നാട്ടുകാർ വിശ്വസിക്കുന്നു. 2014 ഡിസംബറിനുള്ളിൽ ഇതു സംസ്ഥാനത്തിനു പുറത്തു കൊണ്ടുപൊയ്ക്കൊള്ളാമെന്ന് അധിക‍ൃതർ നൽകിയ ഉറപ്പു പാലിക്കപ്പെട്ടില്ല. വേനൽക്കാലമാവുമ്പോൾ ഈ പരിസരത്ത് ഇപ്പോഴും രൂക്ഷ ഗന്ധം അനുഭവപ്പെടാറുണ്ട്.

ഡോക്ടർമാർ പറഞ്ഞത്

കാസർകോട്് എൻഡോസൾഫാൻ ദുരിത ബാധിതർക്കിടയിൽ പതിറ്റാണ്ടുകളായി നിശബ്ദസേവനം നടത്തുന്ന ഡോ. വൈ. എസ്. മോഹൻകുമാറും മുപ്പത്തഞ്ചു വർഷമായി മണ്ണാർക്കാട്ടെ ഗൈനക് ഡോക്ടറുമായ ഡോ. കമ്മപ്പയും എൻഡോസൾഫാൻ എന്ന വില്ലനെ തന്നെയാണ് സംശയിക്കുന്നത്. ‘‘ഈ പ്രദേശത്ത് പോയിട്ടില്ലെങ്കിലും കാസർക്കോട്ടെ കുട്ടികളോടു സമാനമായ അവസ്ഥയാണ് ഇവിടെയും. പല സമാനതകളുമുണ്ട്. പഠനം നടത്തി കണ്ടെത്തേണം. ജലസ്രോതസ്സിലൂടെ പടരാനുള്ള സാദ്ധ്യത കൂടുതലാണ്. കാസർകോട് ആ രീതിയിലായിരുന്നു സംഭവിച്ചത്. അവരുടെ പുനരധിവാസം ഉൾപ്പടെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ’’ ഡോ. മോഹൻകുമാർ‌ പറയുന്നു.

endosulfan-affected-cheelipadam-palakkad-drmohan-drkammappa ഡോ. വൈ. എസ്. മോഹൻ കുമാറും ഡോ. കമ്മപ്പയും

‘‘കുട്ടികളിൽ കൂടുതൽ പേർക്കും സെറിബ്രൽപാഴ്സി വിഭാഗത്തിൽ പെട്ട പ്രശ്നങ്ങളാണ് കാണുന്നത്, ആയിരം പ്രസവം നടക്കുമ്പോൾ മൂന്നുപേരാണ് ഇന്ത്യയിലെ ശരാശരി. ആ പ്രദേശത്ത് ഏറ്റവും കൂടിയാൻ 200 പ്രസവം ഉണ്ടെന്ന് കണക്കാക്കിയാലും 22 പേർ. ഇത് വളരെ കൂടുതലാണ്. എംഇഎസ് മെഡിക്കൽ കോളജ് ഇതിനെക്കുറിച്ചു പഠനം നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്’’ ഡോ.കമ്മപ്പ പറയുന്നു.

‘‘കോ ഇൻസിഡെൻസ് എന്നിതിനെ കാണാനാവില്ല. മറ്റന്തോ കാരണങ്ങളുണ്ടെന്നുറപ്പാണ്. പഠനങ്ങൾ നടക്കുന്നേ ഉള്ളെങ്കിലും എൻഡോസൾഫാൻ ൈലക് എന്ന കാര്യത്തിൽ സംശയമില്ല. എൻഡോസൾഫാന്റെ ഫലമായി സെറിബ്രൽ പാഴ്സിയും ഹൈഡ്രോകോഫാലസും ലിംബ് അബ്നോർമാലിറ്റിയുമുള്ള കുട്ടികൾ ജനിക്കുമെന്നുറപ്പാണ്. ഇതു മൂന്നും ഈ പരിസരത്തുണ്ട്. മുപ്പ‍ത്തഞ്ചു വർഷമായി ഞാൻ ഇവിടെ ഗൈനക് ഡോക്ടറാണ്. ഈയിടെയായി സ്കാനിങിൽ ജന്മനാ വൈകല്യമുള്ള കുട്ടികളെ കൂടുതലായി കണ്ടു തുടങ്ങി . മിക്ക സ്ത്രികളും കാർഷികമേഖലയിൽ നിന്നുള്ളവരാണ്. പണ്ട് വർഷത്തിൽ രണ്ടോ മൂന്നോ കണ്ടിരുന്നത് മാസത്തിൽ ഒന്നും രണ്ടുമൊക്കെ ആയിട്ടുണ്ട് ഇതുകൊണ്ടൊക്കെ തന്നെ ഇത് വലിയൊരു പഠനത്തിനു വിധേയമാക്കണം.’’ ഡോ. കമ്മപ്പ പറഞ്ഞു.

തത്തയങ്കലത്തിന്റെ ഹൃദയത്തിൽ പൊട്ടാനൊരുങ്ങുന്ന ബോംബു പോലെ ഇപ്പോഴും വിഷമരുന്ന് തുടിച്ചുകൊണ്ടിരിക്കുന്നു. സൽമാൻ ഫാരിസ്, സഫ്‌വാൻ,മുഹമ്മദ് ഫഫീദ്,മുഹമ്മദ് റിഥിൻ... ചീളിപ്പാടത്തെ ഇവരുടെയൊക്കെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നിരാശ കലർന്ന നോ‍ട്ടങ്ങളാണ് കൂട്ടു വന്നത്. ജന്മം മുഴുവൻ കരയാൻ വിധിക്കപ്പെട്ട വീടുകൾ, ചിറകറ്റു പോയ ബാല്യങ്ങൾ, പിറക്കാതെ പോവുന്ന കുട്ടികൾ,... ആരാണ് ഭയത്തിന്റെ കനലടുപ്പിൽ നിന്ന് ഇവരെ രക്ഷിക്കുക? കുഞ്ഞു ചിരിയുടെ നിലാവെട്ടം കട്ടെടുത്തു കൊണ്ടുപോവുന്നവർക്ക്് എന്തു ശിക്ഷയാണ് നൽകേണ്ടത്?