Monday 10 October 2022 03:24 PM IST

ഡിപ്രഷൻ, മൂഡ് സ്വിങ്സ്, ഉത്കണ്ഠ... തിരിച്ചറിയാം മാനസികാരോഗ്യം, കരുതലോടെ വീണ്ടെടുക്കാം; ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം

Shyama

Sub Editor

world-mental-health-day-cover

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വർധിച്ചു വരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. മാനസികാരോഗ്യം എന്നത് മറച്ചുവയ്ക്കേണ്ടതോ, സ്വയം പരിഹരിക്കാവുന്നതോ ആയ കാര്യമല്ല. മനസിന്റെ ചെറിയ താളപ്പിഴകൾ പോലും മറച്ചു വയ്ക്കാതെ എത്രയും പെട്ടന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഭയമില്ലാതെ മാനസികാരോഗ്യത്തെ കുറിച്ച് തുറന്ന് സംസാരിക്കാനുമുള്ള പോസിറ്റീവ് മെന്റൽ ഹെൽത്ത് ഇടങ്ങളായി നമ്മുടെ വീടുകൾ മാറ്റും എന്നതാവട്ടെ ഈ ലോകമാനസികാരോഗ്യ ദിനത്തിന്റെ തീരുമാനം.

ഒപ്പമുള്ളയാൾ ഒന്നു സംസാരം കുറച്ചാൽ, ‘എന്തോ, ഡിപ്രഷനാണ്’ എന്ന് ‘ആധികാരിക’മായി തീരുമാനത്തിലെത്തുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. അതുപോലെ തന്നെ പറയുന്ന മറ്റൊന്നാണ് ‘മൂഡ് സ്വിങ്സ്’. സന്തോഷത്തിനിടയിൽ സങ്കട വാർത്ത കേട്ട് മൂഡ് മാറുന്നതല്ല മൂഡ് സ്വിങ്സ്. കാര്യം മനസ്സിലാക്കാതെ പല അവസരങ്ങളിലും നമ്മിൽ പലരും ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ട്. പലരും കരുതുന്നതു പോലെ ലളിതമല്ല മാനസികാരോഗ്യ പ്രശ്നങ്ങൾ. അത് അനുഭവിക്കുന്നവരുടെ പ്രയാസം മനസിലാകണമെങ്കിൽ രോഗങ്ങളെക്കുറിച്ച് പ്രാഥമികമിക അറിവു നേടണം. അതറിഞ്ഞ് അനുതാപത്തോടെ സഹജീവികളോട് പെരുമാറാൻ പഠിക്കണം. പൊതുവെ നമുക്കിടയിൽ കാണുന്ന ചില മാനസികാരോഗ്യ പ്രശ്നങ്ങളെ പരിചയപ്പെടാം...

എനിക്ക് ഡിപ്രഷൻ ആണോ?

world-mental-health-day-depression-stress

വെറും സങ്കടമല്ല ഡിപ്രഷൻ. അതൊരു മാനസിക രോഗാവസ്ഥയാണ്. ഇത് വന്നും പോയും ‘എപ്പിസോഡിക്കായി’ പ്രത്യക്ഷപ്പെടാം. അപൂർവം ചിലരിൽ മാത്രമാണ് ഡിപ്രഷൻ ഒരിക്കൽ മാത്രം വന്നുപോകുന്നത്. ബാക്കിയുള്ളവർക്ക് പല തവണ വന്നേക്കാം. ആ എപ്പിസോഡിക്കൽ സ്വഭാവമുള്ള അവസ്ഥയെയാണ് വിഷാദം എന്നു പറയുന്നത്. ക്ലിനിക്കൽ ഡിപ്രഷൻ എട്ട്, ഒൻപത് മാസം വരെ നീണ്ടുനിൽക്കാം. ചികിൽസ കൂടാതെ ഭേദമാകുന്ന സാഹചര്യങ്ങൾ അപൂർവമാണ്. അതുകൊണ്ട് ചികിൽസ തേടാൻ മടിക്കരുത്. തക്കസമയത്ത് ചികിൽസ ലഭിച്ചില്ലെങ്കിൽ ചിലരെ ഇത് ആത്മഹത്യയിലേക്ക് പോലും നയിക്കാം.

ലക്ഷണങ്ങൾ:

∙ ആഴ്ചകളോ മാസങ്ങളോളമോ സങ്കടം തോന്നുക.

∙ ആരോഗ്യ പരിശോധനകളിൽ മറ്റ് പ്രശ്നങ്ങളില്ലെങ്കിലും തുടർച്ചയായി തളർച്ചയും ക്ഷീണവും വരിക.

∙ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ മടി. ഒരു ജോലി ചെയ്തു തീർക്കാൻ സ്വാഭാവികമായി എടുക്കുന്ന സമയത്തിലും കൂടുതലെടുക്കുക.

∙ കൂട്ടത്തിലിരിക്കുമ്പോഴും ഒറ്റപ്പെട്ട പോല തോന്നുക. ആരും സഹായിക്കാനില്ല എന്നുള്ള തോന്നൽ.

∙ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ ‌എല്ലാ ദൈനംദിന കൃത്യങ്ങളും ചെയ്യാൻ മടി.

∙മുൻപ് ആസ്വദിച്ച് ചെയ്ത കാര്യങ്ങളോട് വിരക്തി. പത്രം വായിച്ചിരുന്നവർ അത് നിർത്തുന്നു, പാട്ട് കേട്ടിരുന്നവർക്ക് അതിൽ താൽപര്യം കുറയുന്നു, പ്രഭാത നടത്തം അവസാനിപ്പിക്കുന്നു.

∙ മുൻപില്ലാത്ത വണ്ണം ദഹനപ്രശ്നങ്ങളും മലബന്ധവും അലട്ടുക.

∙ ലൈംഗികതയോട് വിരക്തി തോന്നുക

∙ ചെയ്തതൊക്കെ തെറ്റായിപ്പോയി, ചെയ്യുന്നതും തെറ്റാണ്. താൻ മാപ്പർഹിക്കുന്നില്ല. ജീവിച്ചിരിക്കുന്നതിൽ അർഥമില്ല എന്നൊക്കെയുള്ള തോന്നലുകൾ.

∙ തുടർച്ചയായ നെഗറ്റീവ് ചിന്തകൾ.

ഇവയിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ചയെങ്കിലും കണ്ടാൽ വിഷാദരോഗമെന്ന് സംശയിക്കാം.

ഉത്കണ്ഠ രോഗമാകുമ്പോൾ

ഒരാൾക്ക് ഇടിമിന്നൽ പേടിയാണെന്ന് കരുതുക. ആ വ്യക്തിക്ക് ഇടി മിന്നുന്നത് കാണാം കേൾക്കാം. യഥാർഥത്തിൽ ഉള്ള ഒരു സ്രോതസ്സിൽ ഊന്നിയുള്ള പ്രതികരണമാണ് ഭയം. ഇനി നട്ടുച്ചയ്ക്ക് സൂര്യൻ ജ്വലിച്ച് നിൽക്കുമ്പോൾ ‘ഇപ്പോ ഇടിമിന്നൽ ഉണ്ടാകുമോ? മിന്നലേറ്റ് മരിക്കുമോ?’ എന്ന തരത്തിലുള്ള ചിന്തയാണ് രോഗാതുരമായ ഉത്കണ്ഠ. കൽപിതമായ അങ്ങേയറ്റം ദുരന്തപൂർണമായ കാര്യത്തെ പറ്റി ആലോചിച്ച് അത് സംഭവിച്ച പോലെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നുന്നു അവസ്ഥയാണിത്. ആ വ്യക്തി അനുഭവിക്കുന്ന മാനസിക ക്ലേശം വളരെ വലുതാണ്.

ലക്ഷണങ്ങൾ:

∙ പ്രത്യേകിച്ചൊരു സാഹചര്യത്തിൽ മാത്രമല്ലാതെ തുടർച്ചയായി കാരണമില്ലാത്ത ഉത്കണ്ഠ.

∙ചെറിയ ശബ്ദം കേട്ടാൽ തന്നെ ഞെട്ടുക, വെപ്രാളപ്പെടുക, വ്യാകുലപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ചുറ്റുമുള്ളവരെക്കൂടി വിളിച്ച് പരിഭ്രാന്തരാക്കുക.

തിരിച്ചറിയാം പാനിക് ഡിസോഡർ

പല തരത്തിലുള്ള ഉത്കണ്ഠാ രോഗങ്ങളുണ്ട്. അതിലൊന്ന് പാനിക് ഡിസോഡറാണ്. അതിന്റെ പൊതു ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.

ലക്ഷണങ്ങൾ:

∙ വെറുതേയിരിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടും, ശ്വാസം മുട്ടൽ, ശരീരം വിയർക്കൽ, വയറ്റിൽ എരിച്ചിൽ, കണ്ണിലിരുട്ട് കയറുക, തലചുറ്റൽ ഇവ അനുഭവപ്പെടാം.

∙ ഇപ്പോൾ വീണ് മരിച്ചു പോകും എന്നു വരെ തോന്നാം. ഈ അവസ്ഥ 15 മിനിറ്റ് വരെ നീണ്ടുനിൽക്കാം. ഇതിനെ ‘പാനിക് അറ്റാക്’ എന്ന് പറയും. പരിശോധനകളിൽ യാതൊരു തരത്തിലുള്ള ശാരീരിക രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കില്ല. ഒരു മാസത്തിൽ തുടർച്ചയായി ഇത് വന്നാൽ പാനിക് ഡിസോഡർ എന്ന് പറയും.

ഒ.സി.ഡി. ആക്ഷേപ വാക്കല്ല

world-mental-health-day-ocd

ആവർത്തന സ്വഭാവം എന്നതാണ് ഒബ്സസീവ് എന്നവാക്കിനർഥം. നെഗറ്റീവായ തടുക്കാൻ പറ്റാത്ത ചിന്തകൾ നമുക്കുള്ളിലേക്ക് ക്ഷണിക്കപ്പെടാതെ നിരന്തരം വന്നുകൊണ്ടിരിക്കും. ഏതു വിധേനയെങ്കിലും ഇത്തരം ചിന്തകളെ തടുക്കാൻ നിർബന്ധിത പ്രവർത്തികളിൽ ഏർപ്പെടും. അതിനെയാണ് കംപൾഷൻ എന്ന് പറയുന്നത്. ഈ അവസ്ഥയാണ് ഒസിഡി(ഒബ്സസീവ് കംപൾസീവ് ഡിസോഡർ) ഉദാ: ഒരാൾ എവിടെയെങ്കിലും തൊടുന്നു. തന്റെ വിരലിൽ അഴുക്കായെന്ന് കരുതുന്നു. ആ അഴുക്ക് ശരീരത്തിനുള്ളിലെത്തി എന്തെങ്കിലും അസുഖം വരുത്തുമെന്ന് തോന്നുക. അങ്ങനെ വന്ന അസുഖം ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും വരുമെന്ന് തോന്നാം. താൻ മൂലം പ്രായമായ അമ്മ മരിക്കുമോ? എന്നതു വരെ എത്തും ഈ നെഗറ്റീവ് ചിന്ത. പിന്നെ, പലതവണ കൈകഴുകലായി. ഉറപ്പ് തോന്നുന്നത് വരെ അത് തുടരും. ഇത് ഇരുപതും 34 ഉം തവണയൊക്കെ ആകാം. അടുത്ത തവണ കൈയില്ലെന്തെങ്കിലും പറ്റുമ്പോൾ മുൻപത്തെ പോലെ 34 തവണ കൈ കഴുകിയാൽ മതിയെന്ന് ചിന്തിക്കും. പ്രശ്നം അതല്ല തൊട്ടപ്പുറത്ത് സ്കൂട്ടർ മറിഞ്ഞു വീണാൽ പോലും കൈകഴുകി തീരാതെ അതെടുക്കാൻ പോകാൻ പറ്റില്ല. അങ്ങനെ ഒസിഡി നമ്മുടെ നിത്യജീവിതത്തിന്റെ താളം തന്നെ തെറ്റിക്കും. ‍

ലക്ഷണങ്ങൾ:

∙ആവർത്തന സ്വഭാവമുള്ള ചിത്രങ്ങൾ, ചിന്തകൾ എന്നിവ മനസിലേക്ക് കടന്നു വരും. ഇവയൊന്നും യാഥാർഥ്യമല്ല എന്ന് അനുഭവിക്കുന്നയാൾക്ക് തന്നെ അറിയാം. എന്നാലും അതിനെയൊന്നും ഇല്ലാതാക്കാൻ പറ്റില്ല. ഇത്തരം ചിന്തകൾ വരുമ്പോൾ ആവർത്തിച്ചാവർത്തിച്ച് ചില പ്രവർത്തികൾ ചെയ്യും.

∙ചില വാക്കുകൾ എഴുതി കഴിഞ്ഞാൽ അത് വീണ്ടും വീണ്ടും വെട്ടിത്തിരുത്തി എഴുതുക.

∙കൂടുതൽ അടുക്കും ചിട്ടയും.

∙ അമിത സുരക്ഷ. ഉദാ: വഴിയിൽ നായയെ കണ്ടാൽ നായ നക്കിയിട്ടുണ്ടോ എന്നോർത്ത് വീണ്ടും വീണ്ടും പോയി വാക്സീനെടുക്കുക ഒക്കെ ഒസിഡിയുടെ ലക്ഷണങ്ങളാണ്.

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ

ലൈംഗീക അതിക്രമം, അപകടം, ശാരീരികാതിക്രമം, ഗാർഹിക പീഡനം, പ്രിയപ്പെട്ടവരുടെ വിയോഗം, അപകടങ്ങൾ നേരിൽ കാണുക, ദുരനുഭവം തുടർച്ചയായി വിശദീകരിക്കേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) വരാം. ഒരു വ്യക്തിയുടെ ജീവിത സാഹചര്യം, ജനിതക ഘടകങ്ങൾ ഒക്കെ ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട്. ഇതൊന്നുമില്ലെങ്കിലും പി.ടി.എസ്.ഡി വരാറുണ്ട്.

ലക്ഷണങ്ങൾ:

∙ നടന്ന കാര്യങ്ങളുടെ തുടർച്ചയായ ഓർമകൾ വരിക. അതേക്കുറിച്ച് ദുസ്വപ്നങ്ങൾ കാണുക. ദുരനുഭവം വീണ്ടും സംഭവിക്കുമെന്ന ചിന്ത. തുടര്‍ന്ന് നെഞ്ചിടിപ്പ് കൂടുക, കൈവിറയ്ക്കുക പോലുള്ള വരിക.

∙ ദുരനുഭവം ഓർത്തെടുത്ത് പറയാനുള്ള ബുദ്ധിമുട്ട്.

∙താൻ മോശമാണ്, ലോകം ചീത്തയാണ്, ഒരാളെയും വിശ്വസിക്കാൻ പറ്റില്ല, തനിക്കിനി ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ വരിക.

∙പേടി, ഭയം, ദേഷ്യം, കുറ്റബോധം തുടങ്ങിയവ തുടർച്ചായി വരും. സ്വയം നശിപ്പിക്കണം എന്ന ചിന്ത. തീവ്രമായ ആത്മഹത്യാ പ്രവണത.

∙ഒന്നിലും പങ്കെടുക്കാനുള്ള താൽപര്യം ഇല്ലാതാവുക.

∙മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാനുള്ള പ്രവണത

∙സംതൃപ്തി ഇല്ലായ്മ. ആരെങ്കിലും സ്നേഹിച്ചാൽ അത് മുഴുവനായി ഉൾക്കൊള്ളാൻ സാധിക്കാതിരിക്കുക. ∙ ഒരു പാദപദനം പുറത്ത് കേട്ടാൽ പോലും എന്നെ ഉപദ്രവിക്കാൻ ആരോ വരുന്നു എന്ന ചിന്തയുണ്ടാവുക(ഹൈപ്പർ വിജിലൻസ്) അകാരണമായി പെട്ടന്ന് ഞെട്ടുക, ഉറക്കക്കുറവ് തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാവുക.

നിദ്രാവിഹീനത(ഇൻസോംനിയ)

world-mental-health-day-insominia

ഉറക്കത്തിന്റെ രീതികൾക്ക് തടസമുണ്ടായി തുടർച്ചയായി ആവശ്യത്തിന് ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയ്ക്കാണ് ഉറക്കമില്ലായ്മ ( ഇൻസോംനിയ) എന്ന് പറയുന്നത്. വീട്ടിലൊരു ചടങ്ങുണ്ടായി, ഒരു യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ ദിവസം ഉറക്കം നഷ്ടപ്പെടുന്നതല്ല ഇൻസോംനിയ. മുതിർന്ന മനുഷ്യന് 6–8 മണിക്കൂർ ഉറക്കം ഒരു ദിവസത്തിലാവശ്യമാണ്. ഇതിൽ കുറഞ്ഞാണ് സ്ഥിരമായി ഉറങ്ങുന്നതെങ്കിൽ നിദ്രാവിഹീനത ഉണ്ടോ എന്ന് പരിശോധിക്കുക.

ലക്ഷണങ്ങൾ

∙ആവശ്യമുള്ള ഉറക്കം തുടർച്ചായി കിട്ടുന്നില്ല, എന്നതാണ് പ്രധാന ലക്ഷണം. മൂന്ന് തരത്തിൽ ഇത് വരാം. ഒന്ന് –ഇനീഷ്യൽ ഇൻസോംനിയ: ഉറക്കം കിട്ടാനുള്ള ബുദ്ധിമുട്ട്. രണ്ട് – മെയ്ൻറ്റനൻസ് ഇൻസോംനിയ: ഉറക്കം തുടരാൻ പറ്റാതാവുക. ഉറക്കം വരും പക്ഷേ, അത് തുടരാതെ ഇടയ്ക്കിടെ എഴുന്നേറ്റ് പോകും. തുടർച്ചയായി ഉറക്കം കിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കും. മൂന്ന് – ഏർളി മോണിങ്ങ് അവൈക്കനിങ്ങ്: അൽപം മാത്രം ഉറങ്ങി വളരെ വേഗം എഴുന്നേൽക്കുക.

∙രാത്രി ഉറങ്ങാത്ത കൊണ്ട് രാവിലെ ഉൻമേഷമുണ്ടാകില്ല.

∙കോട്ടുവായിടുന്നത് കൂടും.

∙ഏകാഗ്രത കിട്ടില്ല. ക്ഷീണം കൂടും.

ശാരീരിക പ്രശ്നങ്ങള്‍ പോലെ ദൃശ്യമല്ലാത്തതു കൊണ്ട് മാനസിപ്രശ്നങ്ങളെ തള്ളിപ്പറയുന്നവർ ധാരാളമുണ്ട്. ഇതൊക്കെ എല്ലാവർക്കുമുള്ളതല്ലേ എന്ന് ചിലർ നിസാരവൽക്കരിക്കും. ഇനി സ്വയം തിരിച്ചറിഞ്ഞ് മറ്റുള്ളവരോട് പറഞ്ഞാൽ ‘ഇതൊന്നും ആരോടും പറയണ്ട’ ‘ഇതൊന്നും അത്ര കാര്യമാക്കാനില്ല’ ‘മാനസികാരോഗ്യ വിദഗ്ധരെ കാണുന്നത് ഭ്രാന്തുള്ളവരാ’ ‘പുറത്തറിഞ്ഞാൽ പിന്നെ കുടുംബത്ത് ഒരു നല്ല കല്യാണാലോചന പോലും വരില്ല’ എന്നു ഉപദേശിക്കും!

ശരിയായ സമയത്തു വിദഗ്ധ സഹായമെടുത്താൽ മിക്ക മാനസികാരോഗ്യപ്രശ്നങ്ങളും. മായ്ക്കാം. ചിലതു നിയന്ത്രിച്ചു നിർത്താം. മനസ്സുള്ള ഏതൊരു വ്യക്തിയുടെയും സ്വാഭാവിക പ്രതികരണങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരാം എന്ന് മനസ്സിലാക്കുകയാണ് ആദ്യ പടി. തുടർച്ചയായ തലവേദനയ്ക്ക് ചികിത്സ തേടുന്നത് പോലെ, എല്ലിന് ബലക്ഷയം വരുമ്പോൾ േഡാക്ടറെ കാണുംപോലെയൊക്കെ തന്നെയാണ് മാനസികാരോഗ്യത്തിനുള്ള ചികിത്സ എടുക്കുന്നത്. ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയാൽ മാനസികാരോഗ്യ വിദഗ്ധരെ കാണുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

മാനസികാരോഗ്യ ചികിത്സയിലും കള്ളനാണയങ്ങളുണ്ട്. മസാജിങ്ങ് പോലുള്ള സംവിധാനങ്ങൾ മാനസികാരോഗ്യരംഗത്തില്ല. അതേ പോലെ സമൂഹമാധ്യമങ്ങളിൽ യാതൊരു യോഗ്യതയും ഇല്ലാത്തവർ മാനസികാരോഗ്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും എഴുതിയിടുകയും ഒക്കെ ചെയ്യും. ഇത്തരക്കാരിൽ നിന്ന് വിട്ടു നിൽക്കുക. മാനസിക പ്രശ്നങ്ങൾ ഉറപ്പില്ലാത്തവരോട് പറയാതിരിക്കുക. ഉറപ്പില്ലാത്ത കുടുബക്കാരോട് പോലും പറയണ്ട. അതിന് യോഗ്യരായവരോട് മാത്രം പറയുക.

തിരിച്ചു പിടിക്കാം, സന്തോഷം

ജീവിത പ്രതിസന്ധികൾ അനുഭവിക്കുന്നവർക്ക് മാത്രമാണ് മാനസികപ്രശ്നങ്ങള്‍ വരുന്നത് എന്ന ധാരണ തെറ്റാണ്. കുട്ടികള്‍ പോലും വിഷാദാവസ്ഥയിലേക്ക് പോകുന്നതു സാധാരണം. പാരമ്പര്യഘടകങ്ങളുെട സ്വാധീനം, വളര്‍ന്നുവന്ന സാഹചര്യം, െചറുപ്പത്തില്‍ മനസ്സിേനറ്റ ആഘാതങ്ങള്‍ ഒക്കെ വ്യക്തിയുടെ മാനസിക നിലയെ സ്വാധീനിക്കും. മാനസിക അസ്വസ്ഥതകള്‍ അകറ്റാന്‍ വൈദ്യ സഹായം തേടുന്നത് ഒരു വ്യക്തി ചെയ്യേണ്ട കടമയാണ്. മാനസികാരോഗ്യ ചികിത്സ ലോകത്ത് സര്‍വസാധാരണമാണ്. എന്തു പ്രശ്നമായാലും അതിനെ അതിജീവിക്കണം എന്ന് ഇച്ഛാശക്തി നേടിയെടുക്കണം. ഒാര്‍ക്കുക, പ്രശ്നങ്ങള്‍ എത്രയും െപട്ടെന്നു മാറിയാല്‍ മാത്രമേ ജീവിതത്തിൽ ഇനിയും സന്തോഷങ്ങള്‍ കടന്നു വരൂ.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. സി. ജെ. ജോൺ

സീനിയർ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

ഡോ. അരുൺ ബി. നായർ

പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കൽ കോളജ് തിരുവനന്തപുരം.

ഡോ. കെ.എസ്. പ്രഭാവതി

പ്രഫസർ & ഹെഡ്, സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്.

സൈലേഷ്യ ജി.

കൺസൾട്ടന്റ്ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മിത്ര ക്ലിനിക്, കൊച്ചി.

ഡോ. മുഹമ്മദ് ഹസ്സൻ

സീനിയർ കൺസൾട്ടന്റ്, നിംസ് ആന്റ് ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റൽ, ‌കോഴിക്കോട്.