ഇന്ത്യ മുഴുവൻ ലോക ഡൗൺ ആയി വീട്ടിൽ ഇരിക്കുമ്പോൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വന്ന വാർത്തകളിലൂടെ ഒന്ന് പുറകോട്ട് നടന്നുനോക്കാം. അത്തരം വാർത്തകൾ മലയാളിയുടെ മനസ്സിനെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് പരിശോധിക്കാം...
ഈ വാർത്തകൾക്ക് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്ന് പുറംരാജ്യങ്ങളിൽ കൊറോണ പടർന്നു തുടങ്ങിയ വാർത്തകൾ മലയാളികൾ ആദ്യമായി വായിക്കുന്നു. കോവിഡ് 19 എന്ന വൈറസ് ഉണ്ടെന്ന് ആദ്യമായി അറിയുന്നു പലരും ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കുന്നു.... ഇതാണ് ആദ്യഘട്ടം.
ഇനി രണ്ടാംഘട്ടം ഉണ്ട്. കൊറോണ രോഗികൾ നമ്മുടെ നാട്ടിലും ഉണ്ടെന്ന് തിരിച്ചറിയാൻ തുടങ്ങി. പലരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു. ചിലർ ആശുപത്രികളിൽ ആകുന്നു. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന ചിലർ പുറത്തിറങ്ങി നടക്കാൻ തുടങ്ങിയതോടെ വാർത്തകളും ട്രോളുകളും ഉണ്ടാകുന്നു...
ഇനി മൂന്നാംഘട്ടം. ലോക്ക് ഡൗൺ പിരീഡിൽ ഇന്ത്യ മുഴുവൻ വീട്ടിലിരിക്കുന്നു. ഈ സമയത്ത് സത്യവും അസത്യവും ആയ ഒരുപാട് ഫോർവേഡ് കൾ പരന്നു തുടങ്ങുന്നു.ചാനലുകളിലൂടെ പത്രങ്ങളിലൂടെവാർത്തകൾ സ്ഥിരമായി കേൾക്കുന്നു വായിക്കുന്നു. മരണ വാർത്തകളിൽ അസ്വസ്ഥരാകുന്നു.... ഈ മൂന്ന് ഘട്ടങ്ങൾ മലയാളിയുടെ മനസ്സിനെ എങ്ങനെയാണ് സ്വാധീനിച്ചത്. ഡോക്ടർ സി ജെ ജോൺ പറയുന്നു.
"ആദ്യഘട്ടത്തിൽ പുറം രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ കേട്ടപ്പോൾ ഇത് അവിടെ മാത്രം ബാധിക്കുന്ന കാര്യമാണ് എന്ന തോന്നൽ ചിലർക്ക് ഉണ്ടായി. ഇത് നമ്മളെ ബാധിക്കില്ല ഇല്ല എന്നവർ കരുതി എന്നാൽ ആ തോന്നൽ തെറ്റാണെന്നും ലോകത്ത് എവിടെ രോഗബാധ ഉണ്ടായാലും അത് കേരളത്തിലേക്ക് എത്താനുള്ള വഴികൾ ഒരുപാട് ഉണ്ടെന്നും മലയാളികൾ തിരിച്ചറിഞ്ഞു. ഈ ചിന്ത ഇനിയുള്ള കാലത്തും മലയാളിയുടെ മനസ്സിൽ ഉണ്ടാകണം.
ഇനി വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണം എന്ന നിർദേശം പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരുടെ വാർത്തകൾ വന്നു തുടങ്ങിയ രണ്ടാംഘട്ടം. ഈ വാർത്തകൾ വായിച്ചപ്പോൾ അങ്ങനെ ഇറങ്ങി നടന്നവരെ കല്ലെറിയാൻ ആണ് ആദ്യം പോയത്. അവർ ചെയ്തത് തെറ്റുതന്നെയാണ്. എന്നാൽ ഇത്തരം കല്ലെറിയലുകൾ കൂടിയപ്പോൾ വീട്ടിൽ ഇരിക്കുന്നവരെ സമൂഹത്തിൽ നിന്നുതന്നെ അകറ്റി നിർത്തേണ്ടവരാണെന്ന ധാരണ പൊതുവേ ഉണ്ടായി. യഥാർത്ഥത്തിൽ ക്വാറന്റീൻ ഇരിക്കുന്നവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അവർ സമൂഹത്തിനു വേണ്ടി നന്മയാണ് ചെയ്യുന്നത്. എന്നാൽ കല്ലെറിയൽ കൂടിയതോടെ രോഗസാധ്യത ഉള്ള ആളുകൾ അതു മറച്ചു വയ്ക്കാൻ തുടങ്ങി. അമിത പരിഹാസ ട്രോ ളുകളിലൂടെ കല്ലെറിയുന്ന വരും രോഗം മറച്ചു വയ്ക്കുന്നവരും നിരീക്ഷണ കാലഘട്ടത്തിൽ ഇറങ്ങി നടക്കുന്നവരും ഒരേപോലെ തെറ്റ് ചെയ്യുന്നവരാണ്...
ഇനി മൂന്നാംഘട്ടം. ലോക ഡൗൺ പിരീഡിൽ വീട്ടിലിരിക്കുന്ന ഈ കാലഘട്ടം. ഇതൊരു കൂട്ടിൽ കിടക്കൽ ആണെന്ന് ചിന്താഗതി പാടില്ല. പൊതുജന ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് ഈ വീട്ടിൽ ഇരിപ്പ് എന്ന് തിരിച്ചറിയുക. ഇത്തരം വാർത്തകളിൽ തളരാതെ ഇത് ലോകം മുഴുവൻ അനുഭവിക്കുന്ന കാര്യമാണെന്ന് തിരിച്ചറിയുക .
പുറത്തേക്കിറങ്ങാൻ ആവുന്നില്ലല്ലോ എന്ന തോന്നൽ ചിലർക്കെങ്കിലും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. വീട്ടിൽ മറ്റുള്ള ആളുകൾ ഉണ്ടെങ്കിലും ഒറ്റക്കാണെന്ന തോന്നൽ ഉണ്ടാകുന്നു... ഇതിന് സാങ്കേതികവിദ്യ വഴി പരിഹാരമുണ്ടാക്കാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ ചെയ്യാം വീഡിയോ കോൾ ചെയ്യാം... പാട്ടുകേൾക്കാൻ പുസ്തകങ്ങൾ വായിക്കാം വീട്ടിൽ എല്ലാവരും ഒരുമിച്ച് പാചകം ചെയ്യാം....
ഇതെല്ലാം വീടിനും നാടിനും വേണ്ടിയാണെന്ന് തിരിച്ചറിയാം.
വിവരങ്ങൾക്ക് കടപ്പാട്: ഡോക്ടർ സി ജെ ജോൺ, മെഡിക്കൽട്രസ്റ്റ് ആശുപത്രി, കൊച്ചി