കൊറോണ കാലത്ത് ആരും ഇല്ലാത്തവരുടെ വിശപ്പകറ്റാൻ മലയാളസിനിമയിൽ നിന്ന് ഒരു കൂട്ടായ്മ-കോവിഡ് 19 കൂട്ടായ്മ കിച്ചൻ. നിർമ്മാതാക്കളായ ആന്റോ ജോസഫ് ( ആന്റോ ജോസഫ് ഫിലിം കമ്പനി) മഹാസുബൈർ (വർണ്ണചിത്ര), ആഷിക് ഉസ്മാൻ (ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്), ഇച്ചായീസ് പ്രൊഡക്ഷൻസ്, നടൻ ജോജു ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, എന്നിവരാണ് നന്മയുടെ ഈ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. തിരക്കിൽ ഓടുമ്പോൾ പെട്ടെന്ന് നാടുമുഴുവൻ നിന്നുപോയ ദിവസങ്ങളിൽ ഇത്തരം ഒരു കൂട്ടായ്മ ഉണ്ടാവാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നു. "കോവിഡ് കാലത്തേ ബേജാറു കളെക്കുറിച്ച് പറയാനായി ഞാൻ പ്രൊഡ്യൂസർ മഹാ സുബൈറിനെ കുറച്ചു ദിവസം മുന്നേ വിളിച്ചു. ആ സംസാരത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായത്. അദ്ദേഹത്തിന്റെ സഹോദരൻ കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട് പരിചയമുണ്ട്. ഭക്ഷണം ഉണ്ടാക്കാനുള്ള വലിയ പാത്രങ്ങളും മറ്റു സംവിധാനങ്ങളുമുണ്ട്. അങ്ങനെയാണ് ഞങ്ങൾ അഞ്ചു ദിവസം മുൻപ് ഒരു കൂട്ടായ്മ ഉണ്ടാക്കാമെന്ന് തീരുമാനിച്ചത്. അപ്പോൾ തന്നെ ആന്റോ ചേട്ടനെയും ജോജുവിനെയും വിളിച്ചു. ജീവിതത്തിൽ എന്തുണ്ടെങ്കിലും ഇവരോട് ആണ് ഞാൻ ആദ്യം ആലോചിക്കാറുള്ളത്. അവർ എന്തു വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞു. പിന്നെ ആഷിക് ഉസ്മാനെയും ഇചായീസ് പ്രൊഡക്ഷനും വിളിച്ചു. അങ്ങനെ കൂട്ടായ്മ ഉഷാറായി. ധൈര്യപൂർവ്വം ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ആദ്യദിവസം 150പേർക്കുള്ള ഭക്ഷണം തയ്യാറാക്കി. അത് 250 ആയി. ഇന്നലെ രാത്രി 700 പേർക്കുള്ള ഭക്ഷണം ആണ് നൽകിയത്. ലോകം അഭിമുഖീകരിക്കുന്ന വിപത്തിൽ എല്ലാവരും വീടുകളിൽ ഇരിക്കുന്നു. തൊഴിൽ ഇല്ലാത്തതുകൊണ്ടും രോഗങ്ങൾ കൊണ്ടും പട്ടിണി ആയവർ ധാരാളമുണ്ട്. അവർക്ക് ഇപ്പോൾ അല്ലാതെ എപ്പോഴാണ് അന്നം കൊടുക്കാൻ ആവുക. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഞങ്ങളുടെ പ്രവർത്തനത്തിന് ഒപ്പമുണ്ട്. ഇവർ പറയുന്ന സ്ഥലത്ത് ഞങ്ങൾ ഭക്ഷണം എത്തിക്കുന്നു. സിനിമ മേഖല വലിയ പ്രതിസന്ധിയിലാണ്. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ജൂനിയർ ആർട്ടിസ്റ്റുകളും എല്ലാവരും വലിയ വിഷമത്തിലാണ് സംഘടനകളും വ്യക്തിപരമായി പലരും അവരെ സഹായിക്കുന്നുണ്ട്." ബാദുഷ പറഞ്ഞു.

കൊച്ചി കോർപറേഷൻ പരിധിയിൽ വിശന്നിരിക്കുന്ന ആർക്കും 9 8 4 7 5 8 6 8 4 2 എന്ന നമ്പറിൽ വിളിക്കാം ഭക്ഷണം നിങ്ങൾക്ക് മുന്നിലെത്തും.