ദോശക്കല്ല്, ഇഡ്ഢലി പാത്രത്തോടു പരാതി പറയുന്നു ‘‘ഒരു ദോശ ചുട്ടിട്ട് എത്ര നാളായെടോ?’’ ഇഡ്ഡലി പാത്രത്തിന്റെ കണ്ണിൽ ആവി നിറയുന്നു; ‘‘കരയിക്കല്ലെ ചങ്ങായീ, വന്നു വന്ന് പേരിലേ ഇഡ്ഡലിയുള്ളൂ. ചെയ്യുന്ന ജോലി കുളിക്കാനുള്ള വെള്ളം ചൂടാക്കൽ.’’ തട്ടിൻ മുകളിൽ കഴുത്തു നീണ്ട പുട്ടുകുറ്റിയും ഉരുണ്ട അപ്പച്ചട്ടിയും മുട്ടിയുരുമ്മിയിരുന്ന് ഉറക്കം തന്നെ ഉറക്കം. ഇവരു മാത്രമല്ല കേട്ടോ, മാറാല കെട്ടിയ മീൻചട്ടി, കടുകുപൊട്ടാത്ത ചീനച്ചട്ടി...
‘ഇതൊക്കെ ഏതടുക്കളയിലാണ്’ എന്ന് ചോദിച്ചുപോകുമെന്നറിയാം. പൊന്നാനിയിലെയും ബാലുശ്ശേരിയിലെയും ചില വീടുകളിലാണ് ഈ ‘പണിയില്ലാത്ത അടുക്കളകൾ.’ അവിടെ സവാള ഗിരി ഗിരിയെന്നരിഞ്ഞ് കരയേണ്ട, വട്ടമൊപ്പിച്ചു പത്തിരിയും ചപ്പാത്തിയും പരത്തേണ്ട, മീനും ചിക്കനും വയ്ക്കേണ്ട, കഴുകിയാലും കഴുകിയാലും തീരാതെ കുന്നോളം പാത്രങ്ങൾ സിങ്കിൽ നിറഞ്ഞു തുളുമ്പില്ല. മ ത്സരയോട്ടത്തിന്റെ ജാഗ്രതയോടെ സാമ്പാറിൽ നിന്ന് തോരനിലേക്കും അവിടെ നിന്ന് മീൻകറിയിലേക്കും ആരും കുതിച്ചു പായേണ്ട.
ചായയും ചോറും മാത്രം ഉണ്ടാക്കിയാൽ മതി. മൂന്നു നേരത്തേക്കുള്ള ബാക്കി വിഭവങ്ങൾ രാവിലെ എട്ടുമണിക്കു മുൻപ് ബെല്ലടിച്ചു പൂമുഖത്ത് വന്നു നിൽക്കും.
ഒരുപാട് വീടുകൾ ഒരൊറ്റ അടുക്കള

സമയം വെളുപ്പിനെ മൂന്നു മണി. പൊന്നാനിയിലെ സുന്ദരന്റെയും ഉമയുടെയും ബാലുശ്ശേരിയിലെ ആസ്യയുടെയും അടുക്കളയിൽ തട്ടും മുട്ടും തുടങ്ങി കഴിഞ്ഞു. ഇവിടെ നിന്നാണ് നാട്ടിലെ ഒരുപാടു വീടുകളിലേക്കുള്ള വിഭവങ്ങൾ പോകുന്നത്.
അപ്പവും പുട്ടും ഇഡ്ഡലിയും ചൂടോടെ പാത്രങ്ങളിൽ നിറഞ്ഞു തുടങ്ങി. തലേദിവസം അരിഞ്ഞു വച്ച പച്ചക്കറികഷണങ്ങൾ കുളിച്ചൊരുങ്ങി വലിയ പാത്രത്തിലേക്ക് ഇറങ്ങി. കുക്കറിലിരുന്നു ചിക്കൻ മൂന്നാംവട്ടവും കൂവി. ഏഴുമണിയായപ്പോഴേക്കും അസംബ്ലിയിൽ അറ്റൻഷനായി നിൽക്കുന്ന കുട്ടികളെ പോലെ പല തട്ടുള്ള ടിഫിൻ കാരിയർ നിരന്നു. ഒരുപാത്രത്തിൽ പ്രഭാത ഭക്ഷണം. തട്ടുകളിൽ മൂന്നു നേരത്തേക്കുള്ള കറികൾ, തോരൻ, അച്ചാർ.
ബാലുശ്ശേരിയിലെ കുടുംബങ്ങൾ ആസ്യാത്തയുടെ വീട്ടിലേക്കെത്തി ഒരു ദിവസത്തേക്കുള്ള എല്ലാ വിഭവങ്ങൾ സ്വീകരിക്കും. പൊന്നാനിയിൽ അത് സുന്ദരന്റെ ചങ്കായസുലൈമാനും ഉമയുടെ മക്കളും ആവശ്യക്കാരുടെ വീട്ടുമുറ്റത്തേക്കെത്തിക്കും.
രാവിലെ ഏഴു മുപ്പത്. എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.എം.എം നാരായണൻ മാഷിന്റെ ഡോർ ബെല്ലടിച്ചു. മകന്റെ ഭാര്യ വീണ ടീച്ചർ സുലൈമാൻ കൊണ്ടു വന്ന ഭക്ഷണം വാങ്ങി വച്ചിട്ടു പറഞ്ഞു തുടങ്ങി
‘‘എവിഎച്ച്എസ്എസ് പൊന്നാനി സ്കൂളിലെ അധ്യാപികയാണ് ഞാൻ. ഈ ആശയം പ്രാവർത്തികമായ കാലം മുതൽക്കേ ഒാപ്പൺ കിച്ചണിൽ അംഗമാകുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും കോവിഡും ലോക്ഡൗണും ഒക്കെ ആയി. ആ സമയത്ത് ഒന്നു മടിച്ചു. എല്ലാവരും വീട്ടിലിരിക്കുന്ന സമയം അല്ലേ.
സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് ഇതിൽ അംഗമായത്. ഞങ്ങൾ വെജിറ്റേറിയൻ ആണ്. അതുകൊണ്ടു തന്നെ ഇഷ്ടമാകുമോ എന്ന സംശയങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഇതെത്ര വലിയ കാര്യമാണെന്ന് തിരിച്ചറിഞ്ഞു.
അടുക്കളയിൽ നിന്നു രക്ഷപ്പെട്ടാൽ വേറെ ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും. കുട്ടികളെ കുറച്ചു കൂടി നന്നായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. അവരുടെ പഠനകാര്യങ്ങളിൽ സഹായിക്കാൻ പറ്റുന്നു.’’ വീണ ടീച്ചർ.
പൊന്നാനി മോഡൽ

പൊതു അടുക്കള എന്ന ചിന്ത സോവിയറ്റ് റഷ്യയിലും ഡെ ൻമാർക്കിലുമെല്ലാം മറ്റൊരു രീതിയില് പ്രവർത്തിച്ചിരുന്നത്രെ. എന്നാൽ പൊന്നാനിയിൽ ഈ ആശയം ഉദിച്ചത് സിപിഎം ഏരിയ സെക്രട്ടറിയും വക്കീലുമായ പി. കെ. ഖലീമുദ്ദീന്റെയും ബാങ്ക് ജീവനക്കാരനായ രമേഷിന്റെയും സൗഹൃദ സംഭാഷണത്തിൽ നിന്നാണ്.
‘‘ 2019 ലാണ് പൊതു അടുക്കളയെക്കുറിച്ച് ആദ്യമായി ആലോചിച്ചു തുടങ്ങിയത്.’’ ഖലീമുദ്ദീന് പറയുന്നു.
‘‘ ഞങ്ങൾ രണ്ടു പേരുടെയും ഭാര്യമാർ ജോലിചെയ്യുന്നവരാണ്. കുട്ടികളുടെ കാര്യവും ജോലിയും പൊതു പ്രവർത്തനവും എല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ വളരെ പ്രയാസമായിരുന്നു. അങ്ങനെ സംസാരത്തിനിടയിൽ കമ്യൂണിറ്റി കിച്ചൺ എന്ന ആശയം കടന്നു വന്നു.
പത്തു വീട്ടുകാരുടെ കൂട്ടായ്മ. ഈ കൂട്ടായ്മയിലെ ഒരടുക്കളയിലായിരിക്കും പത്തു വീട്ടിലേക്കുമുള്ള മൂന്നു നേരത്തെ ഭക്ഷണം തയാറാക്കുന്നത്. ആ പൊതു അടുക്കളയുള്ള വീട്ടിലെ അംഗങ്ങൾ ഭക്ഷണം ഉണ്ടാക്കി ബാക്കി ഒൻപതു വീട്ടിലേക്കും എത്തിക്കുന്നു. ഭക്ഷണത്തിനു പുറമേ മാസം തോറും നിശ്ചിത തുക കൂലിയായും ഇവർക്ക് ലഭിക്കും. ചെലവ് ഒൻപത് കുടുംബങ്ങൾ തുല്യമായി വീതിച്ചെടുക്കണം. അടുക്കള അടച്ചിടുകയും അതൊരു തൊഴിലായി മാറുകയും ചെയ്യുക എന്ന ചിന്തയായിരുന്നു. ’’
2019 ൽ ഇതേക്കുറിച്ച് രമേഷ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടു. പക്ഷേ, ആ പോസ്റ്റ് വായിച്ച് പ്രതികരിച്ചവരിൽ ആരും പാചകം ചെയ്യാൻ തയാറായില്ല. അപ്പോഴാണ് രമേഷിന്റെ മുന്നിൽ സുന്ദരൻ പ്രത്യക്ഷപ്പെട്ടത്.
‘‘അബുദാബിയിലെ ജോലി നഷ്ടമായി സുന്ദരേട്ടൻ നാട്ടിലേക്ക് തിരിച്ചു വന്ന സമയം. അദ്ദേഹം നാട്ടിലെ പാചകക്കാരനായിരുന്നു. പോരെങ്കിൽ മുംബൈയിൽ മുപ്പതു വർഷത്തോളം മെസ്സിൽ ജോലി ചെയ്തിട്ടുമുണ്ട്. ബാങ്ക് ലോൺ സംബന്ധിച്ച് ചില കാര്യങ്ങൾ സംസാരിക്കാനായി വന്നപ്പോൾ പൊതു അടുക്കള എന്ന കാര്യത്തെക്കുറിച്ചു പറഞ്ഞു. സുന്ദരേട്ടന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന പാചകക്കാരൻ അപ്പോഴേ ചെമ്പെടുത്ത് അടുപ്പിൽ വച്ചു കഴിഞ്ഞു’’ സ്വപ്നം യാഥാർഥ്യമായതിനെക്കുറിച്ച് രമേഷ്.
പാചകം തുടങ്ങുന്നു

സുന്ദരനും ഭാര്യ പ്രിയയും ആ ആശയം ഏറ്റെടുത്തു. തുടക്കത്തിൽ രമേഷും ഖലീമുദ്ദീനും മാത്രം. പാചകത്തിനുള്ള പാത്രങ്ങൾ സുന്ദരന്റെ വീട്ടിലുണ്ടായിരുന്നു. മാർച്ച് 1ന് രാവിലെ എട്ടുമണിയോടെ പൊതു അടുക്കള യാഥാർഥ്യമായി. ഒരു മാസത്തിനുള്ളിൽ ആറു കുടുംബമായി. ഇപ്പോൾ പൊന്നാനിയിലെ മുപ്പത്തിമൂന്നു വീടുകളിലാണ് സുന്ദരൻ ഭക്ഷണവിതരണം നടത്തുന്നത്.
‘‘എട്ടരയോടെ എല്ലാ പണിയും തീരും. ഞാനും ഭാര്യയും സഹായത്തിനായി സുലൈമാനും വീടിനടുത്തുള്ള ഒ ന്നു രണ്ടു സ്ത്രീകളും ഉണ്ട്. പുട്ട്, പത്തിരി, ഇഡ്ഢലി, ദോശ തുടങ്ങി എട്ടു വിഭവങ്ങളാണ് പ്രഭാതഭക്ഷണം. ഇന്ന് പുട്ടാണെങ്കിൽ എട്ടു ദിവസം കഴിഞ്ഞേ അത് ആവർത്തിക്കൂ. തോരൻ, ഒഴിച്ചു കറി, മീൻകറി, ചമ്മന്തി അല്ലെങ്കിൽ അച്ചാർ എന്നിവ ഉച്ചയ്ക്ക്. മറ്റൊരു പാത്രത്തിൽ രാത്രിയിലേക്കുള്ള കറി. രണ്ടു നേരത്തേക്കുള്ള ചോറ് വീട്ടിൽ വയ്ക്കണം. അത് അത്ര പ്രയാസമുള്ള കാര്യമല്ലല്ലോ.
ദിവസം ഒരാൾക്ക് അറുപതു രൂപയാണ് ഈടാക്കുന്നത്. നാലുപേരുള്ള വീടാണെങ്കിൽ ഒരു ദിവസം ഇരുന്നൂറ്റിനാൽപതു രൂപ. മാസം ഏഴായിരത്തി ഇരുന്നൂറു രൂപ. എല്ലാ ദിവസവും മീൻ കറി, ആഴ്ചയിലൊരിക്കൽ ചിക്കൻ ഉൾപ്പടെയാണിത്. ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവുൾപ്പടെ വീട്ടിലെ ബജറ്റ് വച്ച് ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. അപ്പോഴാണ് ലാഭം മനസ്സിലാകുക.
ഇവിടെ പ്രായമായ അച്ഛനും അമ്മയും മാത്രമുള്ള വീടുകളുണ്ട്. മക്കൾ വിദേശത്താകും. അവർക്കൊക്കെ ഇതു വലിയ അനുഗ്രഹമാണ്. ഞങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു. വീട്ടിലുള്ള ഭക്ഷണവിതരണത്തിനു പുറമേ സദ്യകളും ഒരുക്കുന്നു’’ സുന്ദരനും പ്രിയയും.
സുന്ദരന്റെ പൊതു അടുക്കള ഹിറ്റായതോടെ പൊന്നാനിയിൽ തന്നെ മറ്റൊരടുക്കള കൂടി കണ്ടെത്താനായുള്ള ശ്രമങ്ങൾ രമേഷും ഖലീമുദ്ദീനും തുടങ്ങി. ‘‘ഒൻപത് കസ്റ്റമേഴ്സും ഒരു അടുക്കളയും എന്ന ചിന്തയിൽ നിന്ന് മാറിയാണ് സുന്ദരന്റെ അടുക്കള വളർന്നത്. അത് 33 കുടുംബങ്ങളുള്ള വലിയ അടുക്കളയായി. അതോടെ സ്വന്തം അടുക്കളജോലി തൊഴിലാകണം എന്ന സങ്കൽപത്തിനായി അടുത്ത ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഉമയുടെ അടുക്കളയ്ക്ക് തുടക്കമായി. ഞങ്ങൾ അതിലേക്കു മാറി. പാചകത്തിനുള്ള എല്ലാ സാധനങ്ങളും ഞങ്ങള് വാങ്ങി നൽകും.
അടുത്ത ഘട്ടം ജനുവരിയിൽ തുടങ്ങും. ഇങ്ങനെയുള്ള പത്തു പൊതു അടുക്കളകളാണ് വരാൻ പോകുന്നത്. ആകെ തൊണ്ണൂറു കുടുംബങ്ങൾ കസ്റ്റമേഴ്സ് ഉണ്ട്. അ വർക്കു വേണ്ടി പത്ത് കുടുംബങ്ങൾ പാചകം ചെയ്യും. എ ല്ലാ അടുക്കളകളിലേക്കും ഒരാള് പർച്ചേസ് ചെയ്യും. അടുക്കളകളിലേക്കുള്ള പച്ചക്കറികളുടെ കൃഷി...’’ വലിയ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടു പടികളെക്കുറിച്ച് ഖലീമുദ്ദീൻ.

അടുക്കളയിൽ നിന്നുള്ള രക്ഷപ്പെടൽ
അടുക്കള ജോലി പരിപാവനമാണെന്ന ചിന്ത ഒരാഴ്ച തുടരെ പാത്രങ്ങൾ കഴുകിയാൽ തീരും. കൈപ്പുണ്യമെന്ന ലേബലൊക്കെ ഒരുതരം സോപ്പിടലുമാണ്. അതുകൊണ്ടു തന്നെ പൊതു അടുക്കള എത്ര സുന്ദരമാണെന്ന് അഡ്വക്കേറ്റ് മാജിദയും ബാങ്ക് ജീവനക്കാരി രാഖിയും പറയുന്നു.
‘‘രാവിലെ ആറുമണിക്ക് അടുക്കളയിൽ കയറണമായിരുന്നു. തലേന്നു രാത്രി കിടക്കാൻ പോകുമ്പോൾ പിറ്റേന്ന് പത്തിരിയുണ്ടാക്കാമെന്ന് ആലോചിക്കും. എന്നാൽ ഉണ്ടായി വരുന്നത് പുട്ടായിരിക്കും. ഉച്ചയൂണിന് ഉണ്ണിത്തണ്ട് (വാഴപ്പിണ്ടി) തോരനും ഇലക്കറികളും ഉൾപ്പെടുത്തി പോഷകസമൃദ്ധം ആക്കണമെന്നോർക്കും. പക്ഷേ, ഇത് അരിഞ്ഞെടുക്കാൻ എവിടെ സമയം? ഇപ്പോൾ ഇതെല്ലാം വീട്ടിൽ കിട്ടുന്നുണ്ട് ഒറ്റ കാര്യം മാത്രം, നമ്മൾ കഴിക്കുന്നത് ഹോട്ടലിൽ നിന്നുള്ള ഭക്ഷണമാണെന്ന് കരുതരുത്. നമ്മുടേതു പോലെ ഒരടുക്കളയിൽ നിന്നാണ് ഇതു കൊണ്ടു വരുന്നത്. ഉപ്പ് കുറയാം. ദോശ കുറച്ച് കരിഞ്ഞു പോയേക്കാം... അതൊക്കെ അംഗീകരിക്കാനുള്ള മനസ്സും കൂടി വേണം.
തിരിച്ചു പോരുന്ന വഴി ഉമയുടെ അടുക്കളയിലും കയറി.അടുത്തദിവസത്തേക്കുള്ള പച്ചക്കറി അരിയുകയാണ് ഉമയും ഭർത്താവിന്റെ അമ്മ തങ്കവും. ഉമ പറഞ്ഞ ഒരു വാക്യം കടുകു പോലെ മനസ്സിൽ പൊട്ടി. ‘‘കഴിച്ചിട്ട് നല്ലോരു വാക്കു പോലും പറയാത്ത അടുക്കളകൾ കേരളത്തില് ഒരുപാടുണ്ട്. പൊതു അടുക്കള വന്നതോടെ ഇതൊരു തൊഴിലാ യി. തെറ്റില്ലാത്ത ശമ്പളവും കിട്ടുന്നു. ഒപ്പം നല്ല വാക്കും.’’
നമുക്ക് അടുക്കളകൾ അടച്ചിടാം. അതൊരു തൊഴിലാക്കി മാറ്റാം.
ബാലുശ്ശേരിയിലെ രുചിയിടം

2012ൽ തന്നെ ബാലുശ്ശേരിയിലെ പൊതു അടുക്കളയെക്കുറിച്ചുള്ള ആലോചന തുടങ്ങിയെന്ന് റിട്ട. അധ്യാപികയും പൊതുപ്രവർത്തകയുമായ ഗിരിജ പാർവതി.
‘‘അന്ന് ഞങ്ങൾ കുറച്ച് അധ്യാപികമാർ ഇതിനെക്കുറിച്ച് ആലോചിച്ചു. രാവിലെ പത്രം വായിക്കാൻ പോലും സമയം കിട്ടില്ല. ക്ലാസിലേക്കുള്ള ഒരുക്കങ്ങളും അടുക്കള ജോലിയും ഒന്നിച്ചു കൊണ്ടുപോവുന്നതിന്റെ പ്രശ്നങ്ങൾ ഒക്കെ ചർച്ച ചെയ്തെങ്കിലും ഈ ഒക്ടോബറിലാണ് പ്രവർത്തിച്ചു തുടങ്ങിയത്.
ബാലുശ്ശേരി പറമ്പിന്റെ മുകളിൽ വനിതകളുടെ വായനശാലയുണ്ട്. അവിടെ ‘അടുക്കളയുടെ രാഷ്ട്രീയം’എന്ന ചർച്ച സംഘടിപ്പിച്ചിരുന്നു. അന്നാണ് അടുക്കളയിൽ ചെലവഴിക്കുന്ന സമയത്തെക്കുറിച്ചും അത് തിരിച്ചു പിടിച്ചാൽ കിട്ടുന്ന മാറ്റത്തെക്കുറിച്ചും പലർക്കും മനസ്സിലായത്. അങ്ങനെയാണ് പൊതു അടുക്കള തുടങ്ങുന്നത്. പാചകം ചെയ്യാൻ ആസ്യാത്ത തയാറായതോടെ കാര്യങ്ങൾ എളുപ്പമായി.’’ ഗിരിജ ടീച്ചർ.
അഞ്ചു കുടുംബങ്ങളാണ് ആദ്യം തുടങ്ങിയത്. ഇ പ്പോഴത് ഒൻപതു കുടുംബങ്ങളായി. പൊന്നാനി മോഡ ലിൽ നിന്ന് വ്യത്യസ്തമായി മാസാവസാനം എല്ലാ ചെലവും കണക്കു കൂട്ടി തുല്യമായി വീതിച്ചെടുക്കുകയാണ് ഇവിടെ. സ്ത്രീകൾ മുൻകയ്യെടുത്താണ് പൊതു അടുക്കള പ്രാവർത്തികമാക്കിയത്. അപ്പോൾ വീട്ടിലെ പുരുഷന്മാർ ഇതിനെ എങ്ങനെയാണ് ഏറ്റെടുത്തത്?കൊളത്തൂർ ഹയർസെക്കന്ഡറി സ്കൂളിൽ അധ്യാപകനായ നിഷിത്തിനോടു ചോദിക്കാം.
‘‘അടുക്കളയുള്ള ഏതു വീടിനും അനുയോജ്യമായ ഒന്നാണ് ഈ ആശയം. രാവിലെ അടുക്കളയിൽ അമ്മയേയും ഭാര്യയേയും നമുക്ക് സഹായിക്കാം. പ ക്ഷേ, അതിന് ഒരു പരിധിയുണ്ട്. എന്നാൽ അവർക്ക് ഇപ്പോൾ കിട്ടുന്ന സമയം, അതുകൊണ്ടുണ്ടാകുന്ന സ ന്തോഷങ്ങൾ... അത് വളരെ വലുതാണ്. മനസ്സുകൾ തുറന്നിട്ട് നമുക്ക് അടുക്കളകൾ അടച്ചിടാം. ’’
