Thursday 15 October 2020 05:15 PM IST

ഞാൻ എപ്പോഴും മകളോട് പറയും, ‘അടുത്ത ജന്മത്തിലും എനിക്ക് നേവി ഓഫിസറാകണം.’; പുരുഷകേസരികൾ വിഹരിക്കുന്ന തട്ടകത്തിലേക്ക് തലയുയർത്തി എത്തിയ പ്രസന്ന

Vijeesh Gopinath

Senior Sub Editor

prasanna

ലോകത്തിലെ ഏറ്റവും നെഞ്ചിടിപ്പു കൂട്ടുന്ന ജോലികളുടെ പട്ടികയെടുത്താൽ അതി ൽ ഉണ്ടാകും എയർ ട്രാഫിക് കൺട്രോൾ. ആ ജോലിയുടെ ആകാശത്തേക്കാണ് കാസർകോട് ഉദുമ എന്ന ഗ്രാമത്തിൽ നിന്നെത്തിയ കൊലുന്ന നെയുള്ള പ്രസന്ന പറന്നു ചെന്നത്.

ആർക്കോണം നേവൽ ബേസിലായിരുന്നു ആദ്യ പോസ്റ്റിങ്. പുരുഷന്മാര്‍ മാത്രമുണ്ടായിരുന്ന ആ മതിൽക്കെട്ടിലേക്ക് ആദ്യമായാണ് ഒരു ലേഡി ഒാഫിസർ തലയുയർത്തി കടന്നു വരുന്നത്. ആകാശത്ത് പറന്നു നടക്കുന്ന വിമാനങ്ങളെ കുഴപ്പമൊന്നുമില്ലാതെ നിലത്തിറക്കുന്ന അതേ ആകാംക്ഷയോടെ ആ വരവിന് 1500 ഒാളം പുരുഷന്മാർ ജോ ലി ചെയ്യുന്ന ഒാഫിസ് കാത്തിരുന്നു.

ആദ്യ ദിവസത്തെ ഒാപ്പറേഷൻസ് മീറ്റിങ് തുടങ്ങുന്നു. പതിവ് ‘ഗുഡ് മോണിങ് ജെന്റിൽമെൻ’ എന്നു പറഞ്ഞാണല്ലോ. പക്ഷേ, അന്നു മുതൽ അതിനു മാറ്റം വന്നു- ‘ലേഡി’ ആന്‍ഡ് ജെന്റിൽമെ ൻ ആയി. അതായിരുന്നു പ്രസന്നയുടെ തുടക്കം, പതിവുകൾ മാറ്റിക്കൊണ്ടുള്ള തുടക്കം. പിന്നീട് മുപ്പത്തിയാറാം വയസ്സിൽ നേവിയിൽ നിന്ന് കമാൻഡർ ആയി പുറത്തിറങ്ങുമ്പോൾ മറ്റൊരു മാറ്റത്തിനു കൂടി പ്രസന്ന തുടക്കമിട്ടു.

‘‘ കഴിവും താൽപര്യവും ഉണ്ടെങ്കിലും നേവിയിൽ സ്ത്രീകൾക്ക് സ്ഥിരനിയമനം ലഭിച്ചിരുന്നില്ല. 14 വർഷം കഴിയുമ്പോൾ പിരിയണം. ഞങ്ങളൊക്കെ ചേരുമ്പോൾ ഏഴു വർഷം മാത്രമേ ജോലി ചെയ്യാനായിരുന്നുള്ളൂ. പിന്നീടാണ് പതിനാലു വർഷത്തേക്കെങ്കിലും കാലാവധി നീട്ടിയത്.

റിട്ടയറായി പുറത്തു വരുമ്പോൾ ജീവിക്കാൻ മറ്റു ജോലി തിരയേണ്ടി വരും. പെൻഷനും ആനുകൂല്യങ്ങളും ലഭിക്കില്ല. അതുകൊണ്ടു തന്നെ പെൺകുട്ടികൾ ഫോഴ്സിലേക്കെത്താൻ മടിക്കുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

സ്ത്രീകളെ വളരെ ആദരവോടെ കാണുന്ന നേവിയിൽ പക്ഷേ, ഇങ്ങനെയൊരു തരംതിരിവുണ്ടായിരുന്നു. ആ പോളിസിക്ക് മാറ്റമുണ്ടാകണം എന്നുറപ്പിച്ചാണ് റിട്ടയറായി കഴിഞ്ഞ് ഞങ്ങൾ സുപ്രീം കോടതിയിൽ കേസിനു പോയത്...’’ നിയമയുദ്ധത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയെങ്കിലും പ്രസന്നയുടെ മനസ്സിൽ ആദ്യം ലാൻഡ് ചെയ്തത് ആർക്കോണത്തെത്തിയ ദിവസങ്ങളാണ്.

ഏതാണ് ഈ ‘നടാഷ’?

പുരുഷന്മാർക്കൊപ്പം ഒട്ടും പിറകിലല്ലാതെ ജോ ലി ചെയ്തു തുടങ്ങിയതോടെ അവരിൽ ഒരാളായി വളരെ പെട്ടെന്നു മാറാൻ പ്രസന്നയ്ക്ക് കഴിഞ്ഞു. പക്ഷേ ആദ്യ ദിവസങ്ങളിലൊന്നിലുണ്ടായ ആ സംഭവം പ്രസന്ന ഇന്നും ഒാർക്കുന്നു.

‘‘എയർട്രാഫിക് കൺട്രോളിൽ അതുവരെ ഒരു സ്ത്രീ ജോലി ചെയ്യാത്തതു കൊണ്ട് പൈലറ്റുമാർക്ക് എ ന്റെ സ്വരം പരിചിതമല്ല. എയർഫോഴ്സുമായി ചേർന്നുള്ള പ രിശീലനം നടക്കുന്ന ദിവസം. ഫൈറ്റർ എയർക്രാഫ്റ്റ് പറന്നു തുടങ്ങിയപ്പോൾ കൺട്രോൾ റൂമിലിരുന്ന് ആദ്യം കോണ്ടാക്ട് ചെയ്തത് പുരുഷനായിരുന്നു. തിരിച്ചിറങ്ങും മുന്നേ ഡ്യൂട്ടി മാറി. അദ്ദേഹം പോയി പകരം ആ സീറ്റിൽ ഞാൻ എത്തി. ഫൈറ്റർ എയർ ക്രാഫ്റ്റ് പറക്കുന്നതിനിടെ തകരാർ സംഭവിച്ചാൽ വരുന്ന മുന്നറിയിപ്പിന് ‘നടാഷ വോയ്സ്’ എന്നു പറയും. അത് സ്ത്രീ സ്വരം ആണ്.

ആ എയർക്രാഫ്റ്റ് ലാന്‍ഡ് ചെയ്യാനൊരുങ്ങി. ലാന്‍ഡിങ് വീലുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയിക്കാനുള്ള ‘‘കൺഫേം ഫോർ ഗ്രീൻ’’ എന്ന് ചോദിച്ചതും എന്റെ സ്വരം കേട്ട് പൈലറ്റ് പരിഭ്രാന്തിയിലായി. ലാന്‍ഡിങ് ചക്രങ്ങൾക്ക് കുഴപ്പമുണ്ടായപ്പോൾ ‘നടാഷ അലാമിങ്’ ആണ് കേട്ടതെന്ന് അദ്ദേഹം കരുതി. ‘നടാഷ സ്പോക് ടു മീ’ എന്ന അപകട സന്ദേശം അയച്ചു. എല്ലാവരും അലർട്ട് ആയി. പിന്നീടാണ് എന്റെ ശബ്ദം നടാഷ വോയ്സ് ആയി തെറ്റിധരിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.

ഡ്യൂട്ടി കഴിഞ്ഞ് ഒാഫിസേഴ്സ് െമസ്സിൽ എത്തിയപ്പോഴേക്കും ‘ഇതാ നടാഷ എത്തി’ എന്നു പറഞ്ഞ് വലിയ ചിരി. ഇത്തരം തമാശകളുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ ആയതു കൊണ്ട് എനിക്ക് ജോലി ചെയ്യാനാകുമോ എന്ന സംശയിച്ച അവസരങ്ങളിലൊക്കെ കൃത്യമായ മറുപടികളും കൊടുത്തിട്ടുണ്ട്.

ഒരിക്കൽ തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഡ്യൂട്ടിക്കു പോ യി. പ്രസന്ന എന്ന പേരു കണ്ടപ്പോൾ അവർ ഒരു പുരുഷനെ യാണ് പ്രതീക്ഷിച്ചത്. അവിടെ പ്രസന്ന പുരുഷന്മാരുടെയും കൂടി പേരാണല്ലോ. സ്ത്രീ ആണെന്നു കണ്ടതോടെ എന്നെ ഡ്യൂട്ടിക്കു വേണ്ട എന്നായി. നോൺഫാമിലി സ്റ്റേഷനാണെന്നും പുരുഷന്മാർ മാത്രമുള്ള സ്ഥലത്ത് താമസിക്കാൻ സൗകര്യങ്ങളില്ലെന്നും പറഞ്ഞു. എന്നെ ഏൽപിച്ച ജോലി പൂർണമായി തീർത്തിട്ടേ ഞാൻ മടങ്ങൂ എന്നു തീർത്തു പറഞ്ഞു.’’ സ്ത്രീ എന്ന ഒറ്റക്കാരണം കൊണ്ട് മാറ്റി നിർത്തേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് പ്രസന്ന ഒാർമിപ്പിക്കുന്നു.

prasanna-2

എനിക്ക് നേവിക്കാരിയാകണം

എഫ്‌എസിടിയിലെ ഉദ്യോഗസ്ഥനായിരുന്ന എ. കുഞ്ഞിരാമ ൻ നായർക്കും ഇടയില്ലം സത്യവതിക്കും രണ്ടു പെൺമക്കളായിരുന്നു. പ്രസന്നയും പ്രസീതയും. പഠന കാലത്തേ യൂണിഫോമിനോടുള്ള ഇഷ്ടം എത്തിച്ചത് എൻസിസിയിൽ. എഫ് എസിടി സ്കൂളിലും മഹാരാജാസ് കോളജിലുമൊക്കെയായി വിദ്യാഭ്യാസം.

‘‘ കോളജ് പഠനകാലത്തും എൻസിസിയും പരേഡുമെല്ലാം ഏറ്റവും അടുത്ത ഇഷ്ടങ്ങളിലൊന്നായി തുടർന്നു. ആ സമയത്തുണ്ടായ രണ്ടു കാഴ്ചകളാണ് നേവിയിലേക്ക് എത്തിച്ചത്.

എൻസിസി ക്യാംപിൽ പങ്കെടുക്കാനായി വിശാഖപട്ടണത്ത് പോയപ്പോൾ എന്റെ സീനിയറിനൊപ്പം നേവിയുടെ കപ്പലിൽ കയറാനുള്ള അവസരം കിട്ടി.

ആദ്യമായി നേവൽ ഷിപ്പ് കാണുന്നത് അന്നാണ്. ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം എന്നെ അ ദ്ഭുതപ്പെടുത്തി. അപ്പോഴാണ് നേവിയിൽ ചേരാനുള്ള ആഗ്രഹം തോന്നിയത്.

രണ്ടാമത്തെ കാഴ്ച കോളജ് പഠനകാലത്ത് കൊച്ചി നേവൽ ബേസിൽ പോയപ്പോഴായിരുന്നു. എൻസിസിയുടെ ഭാഗമായി പാരാസെയിലിങ് ചെയ്യാൻ ഐഎൻഎസ് ഗരുഡയിൽ കയറി. അപ്പോഴാണ് എയർട്രാഫിക് കൺട്രോൾ വിഭാഗം കാണുന്നത്. അനുവാദം ചോദിച്ച് അവിടെ ഞാൻ കയറി.

ഡ്യൂട്ടി ഒാഫിസർ അവിടെ എന്താണ് നടക്കുന്നതെന്ന് ഒറ്റ വരിയിൽ പറഞ്ഞു, ‘‘ആ‌കാശത്തെ ട്രാഫിക് പൊലീസ്.’ ഒറ്റ വ്യത്യാസമേയുള്ളൂ. കാറും ബസ്സുമൊക്കെ റോഡിൽ കൂടി പോകുന്നതിന്റെ എത്രയോ ഇരട്ടി വേഗത്തിലാണ് വിമാനം പോകുന്നത്. സഡൻബ്രേക്കിട്ട് നിർത്താനും പറ്റില്ല.’’

ആ കൗതുകമാണ് നേവിയിലെ എയർ ട്രാഫിക് കൺട്രോ ൾ വിഭാഗത്തിലേക്ക് എത്താൻ ഊർജമായത്.

prasanna-3

അവർ തന്ന സ്വാതന്ത്ര്യം

ആ കാലത്ത് കാസർകോട് ജില്ലയിൽ 18 വയസ്സാകുമ്പോഴേക്കും ‘മോൾക്ക് വിവാഹമൊന്നും ആയില്ലേ’ എന്ന ചോദ്യം പൊ തുവേ ഉയരും. പെൺകുട്ടികൾ അധികം റിസ്ക് ഒന്നും ഇല്ലാത്ത ജോലികളിൽ ചേരുകയായിരുന്നു പതിവ്. അപ്പോഴാണ് പുരുഷന്മാർക്ക് പ്രാധാന്യമുള്ള ഒരു മേഖലയിൽ പോകാൻ പ ഠനകാലത്തേ ഞാൻ സ്വപ്നം കണ്ടു തുടങ്ങിയത്.

അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യമാണ് എന്നെ ഞാനാക്കിയത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻസിസി ക്യാംപുകളിലും ടേബിൾടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു. മത്സരങ്ങൾക്കെല്ലാം ഞാനൊറ്റയ്ക്കാണ് പോയത്.

പിജിക്കു പഠിക്കുന്ന സമയത്തായിരുന്നു എയർട്രാഫിക് കൺട്രോൾ ഒഴിവിലേക്ക് നേവി അപേക്ഷ ക്ഷണിക്കുന്നത്. സെലക്‌ഷന്‍ നടക്കുന്ന ഭോപ്പാലിലേക്കും ഞാൻ ഒറ്റയ്ക്കാണ് പോയത്. വെളുപ്പിനെ നാലുമണിക്ക് റെയിൽവേ സ്റ്റേഷനിലെത്തി. മലയാളികൾ ഉൾപ്പടെ ഒരുപാടു പേർ. എല്ലാവർക്കൊപ്പവും രക്ഷിതാക്കൾ. ഞാൻ ഒറ്റയ്ക്കാണ് വന്നതെന്നറിഞ്ഞ് എല്ലാവരും ഞെട്ടി. പരീക്ഷയുടെ ഒാരോ ഘട്ടം കഴിയുമ്പോഴും ഒാരോ കൂട്ടം കൊഴിഞ്ഞു തുടങ്ങി. ഒടുവിൽ ഏഴ് ഒഴിവുകളായിരുന്നു. ആറും പെൺകുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.’’ പ്രസന്ന ഒാർക്കുന്നു.

ഗോവ നേവൽ അക്കാദമിയിൽ ആയിരുന്നു ട്രെയിനിങ്. പരിശീലനത്തിന് പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള പരിഗണന ഒന്നുമില്ല, ഇളവുകളുമില്ല. ആ സമയത്ത് പ്രസന്നയ്ക്ക് നല്ല മുടിയുണ്ടായിരുന്നു. പക്ഷേ, ട്രെയിനിങ്ങിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു കാര്യം മനസ്സിലായി ഈ തിരക്കിനിടയിൽ മുടി ഭാരം തന്നെയാണ്.

പുറത്തിറങ്ങാൻ കിട്ടിയ ആദ്യ ദിവസം തന്നെ പ്രസന്ന ര ണ്ടു കാര്യം ചെയ്തു. മുടി പറ്റെ വെട്ടി. പിന്നെ, ബന്ധുവിന്റെ വീട്ടിൽ പോയി വയറു നിറയെ സാമ്പാറും ചോറും കഴിച്ചു. ചി ല കാര്യങ്ങള്‍ അനുഭവത്തിലൂടെ പഠിച്ചാൽ പിന്നീടത് മറക്കുകയില്ലെന്ന് പരിശീലന കാലഘട്ടത്തിൽ തന്നെ പ്രസന്ന തിരിച്ചറിഞ്ഞു.

‘‘വീട്ടിൽ കൈകൊണ്ട് ഭ‍ക്ഷണം കഴിച്ചാണല്ലോ ശീലം, പ ക്ഷേ, അക്കാദമിയിലെ ഡൈനിങ് ഹാളിൽ ടേബിൾ മാനേഴ്സ് നിർബന്ധമായിരുന്നു. ഭക്ഷണം കഴിക്കേണ്ടത് അക്കാദമി കെഡറ്റുകളുടെ കൂടെയാണ്. ഫോർക്ക് പാത്രത്തിൽ മുട്ടുന്ന ശബ്ദം കേട്ടാൽ മതി ഗെറ്റ്ഒൗട്ട് അടിക്കും പിന്നെ, അന്ന് ഭക്ഷണമില്ല.

പക്ഷേ, ഒാർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്ന ഒരനുഭവം ഉണ്ട്. ആ സമയത്ത് എനിക്ക് ഒരുപാട് പെൻഫ്രണ്ട്സ് ഉണ്ടായിരുന്നു. നേവിയിൽ ജോലി കിട്ടിയ വിവരം ഞാൻ എല്ലാവരെയും കത്തിലൂടെ അറിയിച്ചു. അതിൽ നേവിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു, എന്റെ തൂലികാ സുഹൃത്തല്ലേ, മറ്റ് നിയമങ്ങളൊന്നും ഒാർക്കാതെയാണ് ഞാൻ കത്തെഴുതിയത്. അതു പക്ഷേ, വലിയ കുറ്റമാണെന്ന് പിന്നീടാണ് മ നസ്സിലായത്.

അദ്ദേഹം എന്നെ അഭിനന്ദിച്ചു കൊണ്ടു കത്തെഴുതി, നേവൽ ഹെഡ്കോട്ടേഴ്സിലെ ഒൗദ്യോഗിക ലെറ്റർ കവറിൽ വന്ന ആ കത്ത് ട്രെയിനിങ് ചാർജുള്ള ഒാഫിസർ പിടികൂടി. ചോദ്യം ചെയ്യലായി. ചാനൽ ബൈപാസ് ചെയ്തു എന്ന കുറ്റമായി. ഗ്രൗണ്ടിനു ചുറ്റും തലകുത്തി മറിയേണ്ടി വന്നു. സർവീസിലെ പ്രോട്ടോക്കോൾ രീതികളെക്കുറിച്ചുള്ള ആദ്യ അറിവായിരുന്നു അത്.’’ പ്രസന്ന പൊട്ടിച്ചിരിക്കുന്നു.

നിയമ യുദ്ധത്തിലേക്ക്...

ഇന്ത്യയ്ക്കകത്ത് നിരവധി സ്ഥലങ്ങളിൽ ജോലി നോക്കിയ ശേഷം പ്രസന്നയ്ക്ക് കമാൻഡര്‍ ആയി പിരിഞ്ഞു പോരേണ്ടി വന്നു. നേവിയിൽ അപ്പോൾ പതിനാലു വർഷം മാത്രമേ സ്ത്രീകൾക്ക് ജോലിചെയ്യാനാകുമായിരുന്നുള്ളൂ. എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കി വരുന്ന സ്ത്രീകളെ പകുതി സർവീസി ൽ വച്ച് ഒഴിവാക്കുന്നതിനെതിരെ പ്രസന്നയും സുഹൃത്തുക്കളും നിയമയുദ്ധം നടത്താൻ തീരുമാനിച്ചു.

‘‘ലേഡി ഓഫിസർ’ എന്നുള്ള വേർതിരിവ് ആദ്യം മാറ്റണം. എല്ലാവരും ഓഫിസേഴ്സ് ആണ്. ട്രെയിനിങ്ങും ജോലിയും എല്ലാം ഒരു പോലെ. പക്ഷേ, പകുതിക്കു വച്ച് സ്ത്രീകൾക്കു മാത്രം ഇറങ്ങി പോരേണ്ടി വരുന്നു. അതിനെതിരേ പ്രതികരിക്കണം എന്നു തോന്നി. പണത്തിനോ ജോലിക്കോ അല്ല വേർതിരിവിനെതിരെ ആയിരുന്ന ഞങ്ങളുടെ പോരാട്ടം.

2000 ല്‍ ആൻഡമാനിൽ ജോലിചെയ്യുന്ന സമയത്ത് സിംഗ പ്പൂർ നേവിയുമായി പരിശീലനം ഉണ്ടായിരുന്നു. സിംഗപ്പൂർ യുദ്ധക്കപ്പലിന്റെ കമാൻഡിങ് ഒാഫിസർ ഒരു വനിത ആയിരുന്നു. അതിന്റെ ഓപ്പറേഷൻ ഓഫിസറും വനിത. ഇരുപതു വര്‍ഷം മുൻപേ സിംഗപ്പൂർ പോലെ ഒരു രാജ്യത്തിന്റെ ഫോഴ്സിൽ വനിതകൾക്ക് അത്രയും പ്രധാന്യം ഉണ്ടായിരുന്നു. പ ക്ഷേ, മറ്റെല്ലാ മേഖലയിലും വനിതകൾക്ക് ഇത്രയേറെ പ്രധാന്യം കൊടുക്കുന്ന നമ്മുടെ രാജ്യത്തോ? നമ്മുടെ ഫോഴ്സിൽ സ്ത്രീകൾക്ക് ഉയർന്ന പദവിയിൽ എത്താനുള്ള അവസരമേ ഉണ്ടായിരുന്നില്ല.

സ്ത്രീക്കും പുരുഷനും ജോലിയും ഉത്തരവാദിത്തവും തുല്യമാണ്. സ്ത്രീകൾക്ക് മൾട്ടി ടാസ്കിങ് സ്കിൽ വളരെ കൂടുതലാണ്. ചുമതലകൾ ഭംഗിയായി നിറവേറ്റാനും പറ്റുമെന്ന് എത്രയോ ഉദാഹരണങ്ങൾ...

പിരിഞ്ഞതിനു ശേഷം ഫ്രീലാൻസായി ജോലികൾ ചെയ്യാ ൻ ശ്രമിക്കുമ്പോഴാണ് 2010ല്‍ വ്യോമസേനയിലെ വനിതാ ഒാഫിസർമാർക്ക് അനുകൂല വിധി കിട്ടിയത്. അതോടെ ഞങ്ങൾ നേവിയിലുള്ളവരും കേസ് കൊടുക്കാൻ തീരുമാനിച്ചു.

റിട്ടയർ ചെയ്ത ഓഫിസർമാരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പാണ് ആദ്യമുണ്ടാക്കിയത്. ഭർത്താക്കന്മാർ സർവീസിൽ ഉണ്ടായിരുന്നതുകൊണ്ട് കേസിൽ കക്ഷി ചേരാ‍ൻ പലർക്കും കഴിഞ്ഞില്ല. ആദ്യം അഞ്ചുപേരായിരുന്നു. പിന്നീട് കൂടുതൽ പേരെത്തി. ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് അഭിഭാഷക പൂജാ ഖര്‍ സുപ്രീം കോടതിയിൽ കേസ് വാദിച്ചത്.

സുപ്രീം കോടതി ദിവസങ്ങളിന്നും ഒാർമയുണ്ട്. നീതിക്കു വേണ്ടി കാത്തു നിൽക്കുന്ന ഒരുപാടു പേർ. ചിദംബരത്തേയും നമ്പിനാരായണനെയുമെല്ലാം ആ വരാന്തയിൽ ഞാൻ കണ്ടു.

സുപ്രീം കോടതി വിധിയോടെ നാവികസേന കരിയറിൽ പുതുതലമുറയിലെ പെൺകുട്ടികൾക്ക് വലിയ സാധ്യതകളാണ് ലഭിക്കാൻ പോകുന്നത്. നിലവിൽ സർവീസിലുള്ളവർക്ക് സ്ഥിര നിയമനം ലഭിക്കും. ഉയർന്ന പദവികളിൽ വനിതകൾക്ക് എത്താൻ അവസരവുമുണ്ട്. 20 വർഷം പൂർത്തിയാക്കി സ്വയം വിരമിക്കാൻ താൽപര്യമുള്ളവർക്ക് പെൻ‌ഷനും ആനുകൂല്യവും ലഭിക്കും.

കേസിന്റെ ഒാട്ടപ്പാച്ചിലിൽ എന്റെ കുടുംബമാണ് എപ്പോഴും തുണയായി നിന്നത്. ‍ഞങ്ങൾ ബെംഗളൂരുവിലാണ് താമസം. ഭർത്താവ് ബാലചന്ദ്രന്‍ മാണിക്കത്ത് രാജ്യാന്തര ടെന്നീസ് പരിശീലകൻ. രോഹൻ ബൊപ്പണ്ണയേയും പ്രജ്നേഷ് ഗുണേശ്വരനെയുമൊക്കെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ രോഹൻ ബൊപ്പണ്ണ ടെന്നീസ് അക്കാദമി ഡയറക്ടറാണ്.

മകൾ ഭാവന നമ്പ്യാർ കേന്ദ്രീയ വിദ്യാലയിൽ എട്ടാം ക്ലാസിലാണ്. മോൾക്ക് രണ്ടു വയസ്സുള്ളപ്പോൾ കേസിനു വേണ്ടി ഡൽഹിയിലേക്ക് പോകും, തിരിച്ച് ദിവസങ്ങൾക്കു ശേഷം മടക്കം. അപ്പോഴൊക്കെ പിന്തുണയുമായി നിന്ന ഒരുപാടു പേരുണ്ട്. ഈ കേസ് ഒരിക്കലും സ്വാർഥ ലാഭത്തിനായിട്ടല്ല. ഇനി വരുന്ന തലമുറയ്ക്കു വേണ്ടിയായിരുന്നു ഈ നിയമപോരാട്ടം. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിലൂടെ എന്റെ പ്രവർത്തനം തുടരുകയാണ്. ഞാൻ എപ്പോഴും മകളോട് പറയും, ‘‘അടുത്ത ജന്മത്തിലും എനിക്ക് നേവി ഒാഫിസറാകണം.’’