Friday 31 August 2018 10:03 AM IST

'ചാക്കോച്ചന്റെ ഓഫർ കേട്ടപ്പോൾ ഒന്നും ശബ്ദിക്കാനാവാത്ത ഒരു തരിപ്പിലായിരുന്നു...'; നിർമ്മാതാവ് വിന്ധ്യന്റെ ഓർമ്മകളിൽ!

Ajit Abraham

Assistant Editor

vindhyan12 വിന്ധ്യനും സോയയും മോഹൻലാലിനോടൊപ്പം അമ്പാടി റിട്രീറ്റിലെ വീട്ടിൽ

‌കൂടപ്പിറപ്പേ.... ചില അടുപ്പങ്ങൾ അങ്ങനെയാണ്. നമ്മൾ പോലും അറിയാതെ എപ്പോഴാണ് ആ ബന്ധത്തിന് ഇത്രയും ഇഴയടുപ്പം വന്നതെന്ന് അതിശയിച്ചു പോകും.

2018 സെപ്റ്റംബർ ഒന്ന്. സിനിമ നിർമാതാവു വിന്ധ്യൻ ചേട്ടൻ ഓർമ ആയിട്ട് ആറു വർഷം. ഉള്ളത് പറഞ്ഞാൽ എനിക്ക് ഈ മനുഷ്യനോട് സ്നേഹം മാത്രമല്ല ആരാധനയുമുണ്ട്. 19-താം വയസ്സിൽ 'ശാലിനി എന്റെ കൂട്ടുകാരി ' എന്ന ആദ്യ സിനിമ അക്കാലത്തു നിർമിച്ചു ഹിറ്റ് ആക്കിയ ആ തന്റേടം. അത് അത്ര ചെറിയ കാര്യമല്ല. പിന്നീട്, കള്ളൻ പവിത്രൻ, വടക്കുനോക്കിയന്ത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അയാൾ കഥയെഴുതുകയാണ്, തസ്ക്കരവീരൻ, മുല്ലവള്ളിയും തേന്മാവും, ഒരേ കടൽ, ഇലക്ട്ര, ഒരു സ്വകാര്യം, ഫുട്ബോൾ, അരികെ, ഒടുവിൽ കിട്ടിയ വാർത്ത... അങ്ങനെ 15 ഓളം സിനിമകൾ നിർമിച്ചു. ചില സിനിമകൾ വൻ നഷ്ടമായി. നിർമിച്ച സിനിമയിൽ നിന്ന് ഒരു രൂപ ലാഭം ഉണ്ടായാൽ പോലും ഹാപ്പി എന്നതും വിന്ധ്യൻ ചേട്ടന്റെ വേറിട്ട ചിന്തയായിരുന്നു.

‌സിനിമാ നിർമാതാക്കൾ നേരിടുന്ന ടെൻഷനെ കുറിച്ച് വനിതയിൽ ഒരു സ്റ്റോറി ചെയ്യാനാണ് വിന്ധ്യൻ ചേട്ടനെ ഞാൻ വിളിക്കുന്നത്. പന്ത്രണ്ടു വർഷം മുൻപ്. കൊച്ചി ചെലവന്നൂർ അമ്പാടി റിട്രീറ്റിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു കാണാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. (മോഹൻലാലിൽ നിന്ന് വാങ്ങിയതാണ് കായൽ ഓരത്തെ ഈ സുന്ദരി വീട് . 'വിന്ധ്യനു കൊച്ചിയിൽ വീടില്ലല്ലോ ' എന്ന് പറഞ്ഞു വില പേശൽ നടത്താതെ മോഹൻലാൽ കൈമാറിയ വീട്. മൂന്ന് വർഷത്തോളം വിന്ധ്യൻ ചേട്ടൻ ഈ വീട്ടിൽ താമസിച്ചു.)

എന്തോ അവിചാരിത തിരക്ക് കാരണം അഭിമുഖം ഞങ്ങൾ എറണാകുളത്തു ഇന്ത്യൻ കോഫി ഹൗസിൽ ആക്കി. കാപ്പി ഊതി കുടിച്ചു, കഥ പറയുന്ന പോലെ എന്നാൽ, വളരെ സ്വാഭാവികമായാണ് വിന്ധ്യൻ ചേട്ടൻ അന്ന് സംസാരിച്ചത്. വടക്കുനോക്കി യന്ത്രത്തിന്റെ സ്ക്രിപ്റ്റിന്റെ തുടക്കം യാദൃശ്ചികമായി കിട്ടിയത് അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. ''ആ സിനിമയുടെ തിരക്കഥ ശ്രീനിവാസൻ കുറെ കാലമെടുത്താണ് എഴുതിയത്. അതിനു നല്ല തുടക്കം കിട്ടുന്നില്ല എന്നതായിരുന്നു കാരണം. ഒരു ഹോട്ടൽ റൂമിൽ വച്ചു ഇത് ചർച്ച ചെയ്തിട്ട്, ഇറങ്ങാൻ നേരം ശ്രീനിവാസൻ ഒന്നു നിന്നു. എന്നിട്ട് തന്റെ മുഖത്തെ പാട് കണ്ണാടിയിൽ സൂക്ഷിച്ചു നോക്കുന്നത് കണ്ടു . ശ്രീനിയെ കൈകൊട്ടി വിളിച്ചിട്ട് ഞാൻ പറഞ്ഞു. ശ്രീനി, ഇതല്ലേ നമ്മുടെ സിനിമയുടെ തുടക്കം. വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് സിനിമയുടെ ഓപ്പണിങ് സീൻ നമ്മൾ കാണുന്നത് ഇതു തന്നെയാണ്. വ്യക്തിപരമായ ചില കാരണങ്ങളാൽ ശ്രീനിയുമായി ഇടക്ക് പിണങ്ങി. പക്ഷെ, അദ്ദേഹത്തിന്റെ ചില സിനിമകൾ ടീവി യിൽ കാണുമ്പോൾ ശ്രീനി എന്ന പ്രതിഭയുടെ ഉയരം അഞ്ചടി അല്ല മാനം മുട്ടെ ആണെന്ന് തോന്നിയിട്ടുണ്ട്. ''

വിന്ധ്യൻ ചേട്ടൻ സ്വന്തം അനുഭവങ്ങളുടെ കെട്ടഴിച്ചു കുലുങ്ങി ചിരിക്കുകയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദേ ഹത്തിന്റെ പരിശീലന മികവ് സംഭാഷണത്തിൽ നിന്ന് നമ്മുക്ക് വായിക്കാം. ഇടയ്ക്ക് ഞാൻ എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ 'കൂടപ്പിറപ്പേ' എന്ന് സംബോധന ചെയ്തായിരുന്നു മറുപടി പറഞ്ഞിരുന്നത്. ഒരാൾക്കും വിന്ധ്യൻ എന്ന പേര് അന്നും ഇന്നും ഞാൻ കേട്ടിട്ടില്ല. അത്യാവശ്യത്തിനു തിരയുപോൾ ഈ പേര് വായിൽ വരില്ല. അതുകൊണ്ട് വിന്ധ്യൻ ചേട്ടന്റെ പേര്, സൗകര്യത്തിനു ഫോണിൽ 'കൂടെപ്പിറപ്പേ ' എന്നാണ് ഞാൻ സേവ് ചെയ്തിരുന്നത്.

സംസാരത്തിനിടെ വിന്ധ്യൻ ചേട്ടൻ, അമ്മ ശ്രീമതിയെ പല തവണ വളരെ സ്നേഹത്തോടെ quote ചെയ്തിരുന്നു. ‌ഒരു സംഭവം വിന്ധ്യൻ ചേട്ടൻ പറഞ്ഞത് നടൻ കുഞ്ചാക്കോ ബോബനെ കുറിച്ചാണ്. ''മുല്ലവള്ളിയും തേന്മാവും എന്ന സിനിമ പൊളിഞ്ഞു പാളീസായി ഞാൻ വീട്ടിൽ കുത്തിയിരിക്കുകയാണ്. ചാക്കോച്ചൻ എന്റെ വീട്ടിൽ വന്നു. ഒരു ദിവസം ചെലവഴിച്ചു. പോകാൻ നേരം എന്നോട് പറഞ്ഞു. വിന്ധ്യൻ ചേട്ടൻ എനിക്ക് തന്ന പ്രതിഫലം തിരിച്ചു തരികയാണ്. എന്റെ കൂടപ്പിറപ്പേ, ചാക്കോച്ചന്റെ ഓഫർ കേട്ടപ്പോൾ ഒന്നും ശബ്ദിക്കാനാവാത്ത ഒരു തരിപ്പിലായിരുന്നു ഞാൻ. ചാക്കോച്ചൻ പോയി കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. വിന്ധ്യ, അവൻ കുടുംബത്തിൽ പിറന്ന ചെക്കനാ. പണം വാങ്ങുന്നതിനു നീ ഒട്ടും വിഷമിക്കേണ്ട. ''

‌നിർമാതാക്കൾ സിദ്ധിക്ക് ലാലിനേയും, സുരേഷ്കുമാറിനെയും കൂടി ഉൾപ്പെടുത്തിയ 'സിനിമ നിർമ്മാതാക്കളുടെ ട്രാജടിയും കോമടിയും' എന്ന സ്റ്റോറി വനിതയിൽ പ്രസിദ്ധികരിച്ചത് 2006 ലാണ് സെപ്റ്റംബറിലാണ്. പിന്നെ വിന്ധ്യൻ ചേട്ടനുമായി വലിയ ബന്ധമില്ലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് വിന്ധ്യൻ ചേട്ടന്റെ ഒരു കോൾ വരുന്നത്. ഒരേ കടൽ എന്ന സിനിമയ്ക്കു ഒരു പ്രൊമോഷൻ കിട്ടിയാൽ നന്നായിരുന്നു. മീര ജാസ്മിനും കോളേജ് വിദ്യാർഥിനികളുമായി ഒരേ കടലിനെ കുറിച്ച് ഒരു ഡിസ്കഷൻ വനിതയിൽ കൊടുക്കാമോ എന്നതായിരുന്നു ആവശ്യം . പക്ഷെ, കമ്പനിയുടെ പോളിസി പ്രകാരം ഒരു സിനിമയുടെ പ്രൊമോഷനു സ്റ്റോറി കൊടുക്കാൻ സാധിക്കില്ലായിരുന്നു. അത് നടക്കാതെ പോയതിൽ എനിക്കും ദു:ഖമുണ്ട്. എന്നാൽ , പിന്നീടും കൂടെപ്പിറപ്പേ എന്ന വിളിയിൽ വിന്ധ്യൻ ചേട്ടൻ അല്പം പോലും വാത്സല്യം കുറച്ചിരുന്നില്ല.

vindhyan223 ഭാര്യ സോയ, മക്കൾ നോവൽ, പുതുമ, ഇളയ സഹോദരി മീര എന്നിവരോടൊപ്പം.

‌വനിതയിൽ 2006 സെപ്റ്റംബറിൽ സ്റ്റോറി വന്നു, ആറു വർഷത്തിന് ശേഷം 2012 സെപ്റ്റംബറിലാണ്, vindhyan sinking at lakeshore hospital എന്ന മെസ്സേജ് എനിക്ക് വന്നത്. 'ഒടുവിൽ കിട്ടിയ വാർത്ത .... ' പിറ്റേന്ന് തൃപ്രയാറിലെ വീട്ടിൽ സംസ്കാരത്തിന് പോകാൻ എനിക്ക് സൗകര്യവും സമയവും ഉണ്ടായിരുന്നു. പക്ഷെ, പോകാൻ തോന്നിയില്ല. വൻമരം വീണു കിടക്കുന്നതു അംഗീകരിക്കാൻ മനസ്സ് അങ്ങട് സമ്മതിച്ചില്ല.

കഴിഞ്ഞ വർഷം വനിതയിൽ സഹപ്രവർത്തകയായെത്തിയ ലക്ഷ്മിയാണ് യാദൃശ്ചികമായി ചേട്ടന്റെ ഭാര്യ സോയ ചേച്ചിയെ കുറിച്ച് ഓർമിപ്പിച്ചതു. റിഷിയും ലക്ഷ്മിയും വിന്ധ്യൻ ചേട്ടന്റെ ഫാമിലി ഫ്രണ്ട്സാണ് . ഫോൺ ചെയ്തപ്പോഴേ സോയ ചേച്ചി ചോദിച്ചു . 'വനിതയിലെ അജിത് അല്ലെ. 'വിന്ധ്യൻ ചേട്ടന്റെ ഫോണിലെ ഒരു നമ്പറും ഞാൻ കളഞ്ഞിട്ടില്ല. ' ഒരു മാസം മുൻപ് ഞാനും മകൾ വിനീതയും സോയ ചേച്ചിയെ എറണാകുളത്തു ഓഫീസിൽ ചെന്ന് കണ്ടു. കോൺവെന്റ് റോഡിൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റർ ആണു സോയ ചേച്ചി. മികച്ച അത്‌ലെറ്റ്‌ ആയിരുന്ന ചേച്ചിക്ക് സ്പോർട്സ് കോട്ടയിൽ കിട്ടിയ ജോലിയാണ്. ആദ്യമായി ആണ് നേരിൽ കാണുന്നതു എങ്കിലും വളരെ ഹൃദ്യമായി ചേച്ചി സംസാരിച്ചു.

വിന്ധ്യൻ എന്ന പേര് ഇന്ത്യയിൽ ചേട്ടന് മാത്രമേ കാണു എന്നാണ് ചേച്ചി പറഞ്ഞത്. സ്കൂൾ മാഷായിരുന്ന അച്ഛൻ ഇട്ട പേരാണ് വിന്ധ്യൻ. അച്ഛൻ വളരെ നേരത്തെ മരിച്ചു. ഒരു ട്രെയിൻ യാത്രയിലാണ് വിന്ധ്യൻ ചേട്ടനും സോയ ചേച്ചിയും തമ്മിൽ കാണുന്നത്. അത് പിന്നീട് ഒരുമിച്ചുള്ള ജീവിത യാത്രയായി. ''ഞങ്ങളുടെ അനുഭവമാണ് 'യാത്രക്കാരുടെ ശ്രദ്ധക്ക് ' സിനിമയുടെ ത്രെഡ് ആയത് എന്ന് ചേട്ടൻ പറയുമായിരുന്നു.

എപ്പോഴും പുതുമ ഇഷ്ടപ്പെട്ടിരുന്ന ചേട്ടൻ മകന് പേരിട്ടത് - നോവൽ, മകൾക്കു അതിന്റെ മലയാളം വാക്ക് - പുതുമ. പുതുമയും ഭർത്താവും ഇപ്പോൾ ദുബായിലാണ്. ചേട്ടന് ഇത്രയും കഴിവും കരുത്തും എവിടെ നിന്ന് കിട്ടിയെന്നു അറിയാൻ ഒരാളെ കണ്ടാൽ മതി. തൃപ്രയാറിൽ ചെന്ന് അമ്മയോട് സംസാരിച്ചാൽ കൃത്യമായ ഉത്തരം കിട്ടും. വിന്ധ്യൻ ചേട്ടൻ ഓർമയായപ്പോൾ സിനിമ ലോകത്തെ ചിലർ മനുഷ്യത്വം കാണിച്ചു. ഇലക്ട്ര സിനിമ റിലീസ് ചെയ്യാൻ പല വൈതരണികൾ. മമ്മുട്ടിയും പിന്നെ രഞ്ജിത്ത്, ശ്യാമ പ്രസാദ്, മുരളി മേനോൻ (മൂവരും സ്കൂൾ ഓഫ് ഡ്രാമയിലെ ചങ്ങാതിമാർ ) എന്നിവർ സഹകരിച്ചു. പ്രശ്നങ്ങൾ തരണം ചെയ്തു റിലീസിങ് സാധ്യമാക്കി. അതു വലിയ സ്വാന്തനമായി ''

എന്തായാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു. 84 വയസുള്ള ഈ അമ്മയെ കാണാൻ താമസിയാതെ തൃപ്രയാറിനു പോകുന്നുണ്ട്. വിന്ധ്യൻ ചേട്ടന്റെ സ്മരണയിൽ ശനിയാഴ്ച തൃപ്പയാറിലെ തറവാട്ടിലും എറണാകുളം tdm ഹാളിന് സമീപമുള്ള ശിവ ക്ഷേത്രത്തിലും കർപ്പൂരം എരിയുമ്പോൾ കുടമാളൂർ st.മേരീസ് ഫൊറോന പള്ളിയിൽ ഒരു മെഴുകുതിരി വെട്ടത്തിൽ ഞാനും പ്രാർത്ഥിക്കും. ഉറപ്പ്!

കൂടപ്പിറപ്പ്
ഒപ്പ്

വനിതയിൽ 2006 സെപ്റ്റംബറിൽ അച്ചടിച്ചു വന്ന അഭിമുഖം വായിക്കാം;

1.

vindhyan1

2.

vindhyan2a

3.