‘ടീച്ചറേ... കറങ്ങി നടക്കാതെ നന്നായി പഠിക്കണേ... നമുക്ക് റാങ്ക് മേടിക്കാനുള്ളതാ.’
ഗവൺമെന്റ് ലോ കോളജ് ക്യാമ്പസിന്റെ ഇടനാഴിയിലൂടെ പുഞ്ചിരിതൂകി നടന്നു പോകുന്ന റാണി ടീച്ചറെ കാണുമ്പോൾ ചെത്തുപിള്ളേർ പറയുന്ന ഡയലോഗാണത്. ഒരു ഹെഡ്മിസ്ട്രസിനെ സഹപാഠിയായി കിട്ടിയതിലുള്ള അഭിമാനവും സ്നേഹവും വാത്സല്യവുമെല്ലാം ആ വാക്കുകളിൽ ഉണ്ട്.
മക്കളാണ് ഒരുപടി കൂടി കടന്ന് കമന്റ് പാസാക്കിയത്. ‘മമ്മി പണ്ട് ഞങ്ങളുടെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടതല്ലേ...? ഇനി ഞങ്ങൾ മമ്മിയുടെ പ്രോഗ്രസ് കാർഡ് ഒപ്പിടും. നന്നായി പഠിച്ചോണം കേട്ടോ...?’
റിട്ടയേഡ് ഹെഡ്മിസ്ട്രസ് റാണി ടീച്ചർ വക്കീൽ പഠനത്തിന് ചേരുന്നുവെന്ന് കേൾക്കുമ്പോൾ പലർക്കും അമ്പരപ്പായിരുന്നു. കുഞ്ഞുമക്കളെ കളിപ്പിച്ച് ചാരുകസേരയിൽ പോയകാലം അയവിറക്കുന്ന പതിവ് റിട്ടയർമെന്റ് കാഴ്ചകൾക്കിടയിലേക്കാണ് ആ വരവെന്ന് ഓർക്കണം. കറുത്ത ബ്ലൗസും വെള്ളസാരിയും കോളർ ബാൻഡുമിട്ട് അങ്ങ് തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിയമപഠനത്തിന് വണ്ടികയറിയ റാണി ടീച്ചർക്ക് ആ വരവൊരു നേരമ്പോക്കായിരുന്നില്ല. വെറുതേ അങ്ങ് പാസായി പോകാതെ ‘പുതിയ പിള്ളേരോട്’ മുട്ടി റാങ്ക് തിളക്കത്തോടെയാണ് ടീച്ചർ റിട്ടയേർമെന്റ് കാലം തിളക്കമുള്ളതാക്കിയത്. പണ്ടെങ്ങോ മനസിലൊളിപ്പിച്ച സ്വപ്നത്തിന്റെ ബാക്കിയായിരുന്നു സോഷ്യൽ മീഡിയ ഹൃദയം നൽകി സ്വീകരിച്ച ആ വിജയഗാഥയെന്ന് പറയുമ്പോൾ റാണി ടീച്ചർക്ക് നിറഞ്ഞ ചാരിതാർത്ഥ്യം. കരിയര്‍ അവസാനിച്ചിടത്തു വച്ച് പുതിയൊരു കരിയർ തുടങ്ങാമെന്ന് കാണിച്ച ആ ജീവിതകഥ വനിത ഓൺലൈൻ വായനക്കാർക്കു മുന്നിലേക്ക് എത്തിക്കുകയാണ്.

വീട് മാത്രമല്ല, ഫർണിച്ചറുകൾ മുതൽ പാത്രങ്ങള്‍ വരെ വൈറ്റ്! ഇത് റോൺസന്റെയും നീരജയുടെയും ‘വൈറ്റ് ഹൗസ്’
എൽഎൽബി പഠനം സ്വപ്നം
ആഗ്രഹിച്ചതെല്ലാം ദൈവം തന്നു. നല്ല ജോലി, സ്നേഹസമ്പന്നമായ കുടുംബം. പക്ഷേ ഒരാഗ്രഹം മാത്രം മനസിനുള്ളിൽ മായാതെ കിടപ്പുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ മനസിൽ തുന്നിവച്ച വക്കീൽ കുപ്പായം. ആ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കെപ്പെട്ടത്. വക്കീലാണോ ടീച്ചറാണോ എന്ന കൺഫ്യൂഷൻ വേണ്ട. ധൈര്യമായി വിളിച്ചോളൂ... വക്കീൽ ടീച്ചറെന്ന്– റാണി ടീച്ചർ പറഞ്ഞു തുടങ്ങുകയാണ്.
കോട്ടയം മുണ്ടുചിറക്കലാണ് എന്റെ സ്വദേശം. ബിഎസ്‍സി കെമിസ്ട്രിക്ക് പഠിക്കുമ്പോഴായിരുന്നു ഉമ്മൻ വർഗീസിന്റെ ഭാര്യയായി തിരുവല്ല നിരണം തേവേരി വീട്ടിന്റെ മരുമകളായി ചെന്നുകയറുന്നത്. വിവാഹത്തിനു പിന്നാലെ പഠനം പൂർത്തിയാക്കി ബിഎഡും പൂർത്തിയാക്കി. അടുത്തുള്ള സെന്റ് തോമസ് സ്കൂളിലാണ് ജോലിക്കു ചേർന്നത്. ബെല്ലടിച്ചാൽ തൊട്ടടുത്തുള്ള ഞങ്ങളുടെ വീട്ടിൽ ക്ലിയറായി കേൾക്കാം. അത്ര അടുത്തായിരുന്നു സ്കൂൾ. റേച്ചൽ എബ്രഹാമെന്നായിരുന്നു എന്റെ സർട്ടിഫിക്കറ്റിലെ പേര്. റാണിയെന്നത് വീട്ടിലെ വിളിപ്പേരായിരുന്നു. ആ പേര് വീടിന്റെ മതിലും കടന്ന് സ്കൂളിലും ഫേമസായി.

കാലമങ്ങനെ കടന്നു പോയി. 33 വർഷത്തെ സർവീസാണ് ആ സ്കൂളിൽ പൂർത്തിയാക്കിയത്. അതിൽ 11 വർഷകാലം ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു. റിട്ടയേർ ആകാൻ മൂന്ന് വർഷം ബാക്കി നിൽക്കേയാണ് ആ പഴയ എൽഎൽബി ആഗ്രഹം തലപൊക്കിയത്. ആഗ്രഹം ഭർത്താവിനോട് പറഞ്ഞപ്പോൾ പുള്ളിക്കാരന് നൂറുവട്ടം സമ്മതം. ദോഹയിലുള്ള മക്കളായ ദീപു, ദീപ എന്നിവരും ഹാപ്പിയായി. അവർ അവിടെ എഞ്ചിനീയർമാരാണ്. അമ്മ എന്തായാലും പോകണം എന്നതായിരുന്നു മക്കളുടെ പ്രോത്സാഹനം. എല്ലാവരുടെയും പിന്തുണയേറിയപ്പോൾ ഞാൻ ആ തീരുമാനം എടുത്തു. കരിയറിന്റെ അവസാന ഘട്ടത്തിൽ പുതിയൊരു കരിയർ പഠനം. കേൾക്കുമ്പോൾ പലർക്കും അമ്പരപ്പായി തോന്നിയേക്കാം. പക്ഷേ എന്നെ സംബന്ധിച്ചടത്തോളം ഒരുവലിയ ആഗ്രഹത്തിന്റെ കടംവീട്ടലായിരുന്നു.
ടീച്ചർ കുട്ടിയായി
2016ലാണ് എൻട്രൻസ് പൂർത്തിയാക്കി. എനിക്ക് ലഭിച്ചത് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജാണ്. ജോലിക്കിടയിൽ എൽഎൽബി പഠനത്തിനായി മുഴുവൻ സമയം എടുക്കാൻ പറ്റില്ല എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന തടസം. പക്ഷേ ഞാൻ വിട്ടില്ല, ഹൈക്കോടതി ഉത്തരവ് പ്രകാരം അനുവദിച്ച് കിട്ടിയ സ്റ്റഡി ലീവ് മാത്രമെടുത്ത് 2017 മാർച്ചോടെ ആദ്യ സെമസ്റ്റർ പൂർത്തിയാക്കി. 2018ലാണ് ഞാന്‍ റിട്ടയർ ആകുന്നത്. അതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ പഠന സാമഗ്രികളും പെട്ടിയുമെ ടുത്ത് നേരെ തിരുവനന്തപുരത്തേക്ക് വണ്ടികയറി. കുട്ടികളെ പോലെ ഹോസ്റ്റലിൽ നിന്നു പഠിച്ചു.
ലോ കോളജിൽ സാധാരണ മുതിർന്നവരൊക്കെ വന്ന് പഠിക്കാറുണ്ട്. ഞങ്ങളുടെ ക്ലാസിലുമുണ്ടായിരുന്നു ഞാനുൾപ്പെടെ ആറ് മുതിർന്ന വിദ്യാർത്ഥികൾ. പക്ഷേ ഹെഡ്മിസ്ട്രസായ ഞാൻ അവർക്കിടയിൽ വലിയ അമ്പരപ്പായിരുന്നു. എന്റെ മക്കളുടെ പ്രായമുള്ള കുട്ടികളോടൊപ്പം പഠനം അതും വലിയൊരു അനുഭവം തന്നെയായിരുന്നു. ക്യാംപസില്‍ എന്നോട് വർത്താനം പറയാനും വിശേഷം തിരക്കാനും ഒത്തിരി കൂട്ടുകാരുണ്ടായി. ക്യാംപസിൽ കാണുമ്പോഴേ പിള്ളേർ ഓരോന്ന് പറയും. ആന്റീ പോയിരുന്ന് പഠിക്ക്... നമുക്ക് റാങ്ക് മേടിക്കാനുള്ളതാ എന്നൊക്കെ. ടീച്ചറെ കറങ്ങി നടക്കരുതെ നന്നായി പഠിക്കണേ എന്ന കമന്റുകളും വേറെ. എല്ലാം എൻജോയ് ചെയ്തു. ക്ലാസിലെ കുട്ടികൾ അവരുടെ മറ്റ് ഫ്രണ്ട്സിനെ കാണുമ്പോൾ എന്നെ ചൂണ്ടി കാണിച്ച്... ദേ ഞങ്ങളുടെ ക്ലാസ്മേറ്റ് ആണു കേട്ടോ എന്നു പറയുമ്പോൾ പലരും അത്ഭുതത്തോടെ നോക്കി നിൽക്കും.
കുട്ടിക്കാലത്ത് ഞാനെന്റെ മക്കളോട് പറഞ്ഞത് അവർ തിരിച്ചു പറഞ്ഞതാണ് മറ്റൊരു തമാശ. പ്രോഗ്രസ് കാർഡ് ചെക്ക് ചെയ്യുമെന്നും... നന്നായി പഠിക്കണമെന്നുമായിരുന്നു അവരുടെ കുസൃതി നിറച്ച വർത്താനം. അതെല്ലാം ഞാൻ നന്നായി എൻജോയ് ചെയ്തു. തിങ്കളാഴ്ച രാവിലെ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച വീട്ടിൽ പോകും അതായിരുന്നു രീതി.
ആദ്യ സെമസ്റ്റുകളിൽ നിയമ പഠനം ഇച്ചിരി കട്ടിയാണോ എന്ന് സംശയിച്ചു. നിയമത്തിന്റെ നൂലാമാലകൾ തലയിൽ കയറുമോ എന്നും ശങ്കിച്ചു. പക്ഷേ വിട്ടുകൊടുത്തില്ല. തുടർ സെമസ്റ്ററുകളിൽ ഉത്സാഹത്തോടെ പഠിച്ചു. സത്യം പറയാല്ലോ... ആദ്യ സെമസ്റ്റർ കഴിഞ്ഞുള്ള ഓരോ സെമസ്റ്ററുകളിലും ആദ്യത്തെ മൂന്ന് റാങ്കിൽ എന്റെ പേരുണ്ടായിരുന്നു. അതിനു വേണ്ടി ഞാന്‍ ഹാർഡ് വര്‍ക് ചെയ്തിട്ടുണ്ടേ...
ഒടുവിൽ കാത്തിരുന്ന ദിനം വന്നെത്തി. അവസാന പരീക്ഷയും കഴിഞ്ഞപ്പോൾ 70.5 ശതമാനം മാർക് നേടിയാണ് ഞാൻ പാസായത്. കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിക്ക് കിട്ടിയത് 70.7 ശതമാനം മാർക്കാണ്. എൽഎൽബി പഠനം രണ്ട് ബാച്ചിലായി പൂർത്തിയായതിനാലാണ് കേരള യൂണിവേഴ്സിറ്റി സെക്കന്റ് റാങ്കിൽ എന്റെ പേര് ഉൾപ്പെടാതെ പോയത്. അതിൽ സാരമില്ല... ഞാന്‍ ആഗ്രഹിച്ചത് നേടിയല്ലോ. ഈ പ്രായത്തിൽ പഠിച്ച് ഉയർന്ന മാർക്കോടെ പാസായി എന്നത് കുടുംബാംഗങ്ങൾക്കും സന്തോഷം പകരുന്നതായി. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ... ഈ പഠനം എനിക്ക് നേരമ്പോക്കല്ല, ഇതൊരു പ്രഫഷനായി കൊണ്ടു പോകാൻ തന്നെയാണ് ആഗ്രഹം. ടീച്ചർ ജോലിക്കല്ലേ റിട്ടയർമെന്റ് ഉള്ളൂ. അഭിഭാഷക ജോലിക്ക് ഇല്ലല്ലോ?– ചിരിയോടെ റാണി ടീച്ചർ പറഞ്ഞു നിർത്തി.