Monday 23 August 2021 04:08 PM IST

‘വീണ്ടും അതേ ഡോക്ടറെ കൊണ്ട് സർജറി ചെയ്യിക്കുക അവൾക്ക് ഭയമായിരുന്നു; എന്റെ മകളാണ് അനന്യ, ഞാനാ വേദന കണ്ണീരിലൊതുക്കാൻ പാടുപെടുകയാണ്’

Rakhy Raz

Sub Editor

renju-renjiimmmmrr45566

ശസ്ത്രക്രിയാ പിഴവ് മൂലം ജീവിതം ഉപേക്ഷിച്ച അനന്യയുടെ ‘അമ്മ’ രഞ്ജു രഞ്ജിമാര്‍ പറയുന്നു, ഒരു ട്രാൻസ്ജെൻഡർ കടന്നു പോകുന്ന പൊള്ളുന്ന ജീവിതവഴികളെക്കുറിച്ച്...

‘‘എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാൻ പാടുപെടുകയാണ്. വിഷമം സഹിക്കാനാകാതെയാണ് അവളുടെ പങ്കാളി ജിജുവും ജീവൻ ഉപേക്ഷിച്ചത്.’’ കണ്ണീരിന്‍റെ നനവുണ്ട് രഞ്ജു രഞ്ജിമാറിന്റെ ഒാരോ വാക്കിലും.

കേട്ടവരെല്ലാം ഞെട്ടിയ വേർപാടായിരുന്നു ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും ആർജെയുമായിരുന്ന അനന്യകുമാരി അലക്സിന്റെ മരണം. ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന െവളിപ്പെടുത്തലുകളോടെ വിവാദം കത്തിപ്പടര്‍ന്നു. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന രഞ്ജു രഞ്ജിമാര്‍ ഇപ്പോള്‍ െപയ്യാന്‍ േപാകുന്ന കാര്‍മേഘം േപാലെ സങ്കടപ്പെട്ടിരുന്നു  പറയുന്നതും തനിക്കു പ്രിയപ്പെട്ട അനന്യയെക്കുറിച്ചാണ്.

‘‘ഒരു വര്‍ഷം മുന്‍പായിരുന്നു അനന്യയുെട ലിംഗ മാറ്റ ശസ്ത്രക്രിയ. ഇതു കഴിഞ്ഞ് 41 ദിവസത്തിനു ശേഷം സ്ത്രീയായി മാറിയതിന്റെ ആഘോഷം നടത്തും. ജൽസ എന്നാണ് ചടങ്ങിെന്‍റ പേര്. അന്ന് അവളെ  മണവാട്ടിയെപ്പോലെ ഒരുക്കി ‘ലച്ച’ എന്ന പ്രത്യേക തരം താലിമാല ഉണ്ടാക്കി കഴുത്തിൽ കെട്ടിക്കൊടുക്കും. ‘ലച്ച’ കെട്ടിക്കൊടുക്കുന്നത് അവർ അമ്മയുടെ സ്ഥാനം തരുന്നവരാണ്.  പിന്നീട് അവളുടെ അമ്മ എന്ന നിലയിലുള്ള  കടമകൾ എല്ലാം നിര്‍വഹിക്കുന്നത് ലച്ച കെട്ടിക്കൊടുക്കുന്നവരാണ്. അനന്യക്ക് ലച്ച കെട്ടിക്കൊടുത്തത് ഞാനാണ്.

ട്രാൻസ്‌വുമണ്‍ മരണം സംഭവിച്ചാൽ ജൽസ ദിവസം അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും അവളുടെ കുഴിമാടത്തിൽ ഉപേക്ഷിക്കണം. അതും ചെയ്യേണ്ടത് അമ്മയാണ്. ഒരമ്മയും ഇതാഗ്രഹിക്കില്ല. പക്ഷേ, എനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു.

എട്ടൊൻപതു വര്‍ഷം മുന്‍പ്, ഞാൻ കോഴിക്കോട് ഒരു ബ്യൂട്ടി പേജന്റിന് പോകുമ്പോൾ അവിടെ മത്സരാർഥിയായി അനന്യ വന്നിരുന്നു. പിന്നീട് എറണാകുളത്ത് വീണ്ടും കണ്ടു. ‘വനിത’ ആദ്യമായി ദീപ്തി കല്യാണിയെന്ന ട്രാൻസ്‌വുമണിനെ കവർ പേജാക്കിയപ്പോൾ മേക്കപ് ചെയ്തത് ഞാനാണ്. അന്നു ദീപ്തിയുടെ കൂടെ അനന്യയും വന്നിരുന്നു.

2017 ൽ ഞാൻ തുടങ്ങിയ ‘ദ്വയ’ എന്ന സംഘടന നടത്തിയ ബ്യൂട്ടി പേജന്റിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ആ ബന്ധം വളര്‍ന്നു വളര്‍ന്ന് എന്നെ അമ്മയായി സ്വീകരിക്കുന്നിടത്തോളം എത്തി.

അനന്യയുടെ സർജറിയെക്കുറിച്ച് രഞ്ജുവിന് അറിവുണ്ടായിരുന്നോ ?

തീർച്ചയായും. സർജറി കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് അവള്‍ വന്നത്. അന്നു രാത്രി തന്നെ ഛർദി തുടങ്ങി. എക്കിളും കൂടുതലായിരുന്നു. എെന്‍റ സര്‍ജറി 2020 മേയ് പതിനേഴിനും അനന്യയുടേത് ജൂൺ പതിനാലിനും ആയിരുന്നു. അങ്ങനെ ഞാനും വിശ്രമത്തിലായിരുന്നു. അതുകൊണ്ട് അവളെ നേരിട്ടു താങ്ങിപ്പിടിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. പക്ഷേ, സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു. അന്നു രാത്രി തന്നെ അവളെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി.

സ്കാൻ ചെയ്തപ്പോൾ രണ്ടു മൂന്നിടത്ത് കുഴപ്പങ്ങൾ ഉള്ളതായി കണ്ടു. അപ്പോൾ തന്നെ റീ സർജറി ചെയ്തു. വയർ ഇരുവശത്തും തുളച്ച് അതിലൂടെ ട്യൂബ് ഇടേണ്ടി വന്നു. പല സങ്കീർണതകളും ഉണ്ടായിരുന്നു.

പത്തിരുപത് ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ആയത്. അന്നേരം വലിയ കുഴപ്പൊന്നുമില്ലായിരുന്നു. പിന്നീടാണ് വജൈനയുടെ ഭാഗത്തെ ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ െപട്ടത്. ഒരു സർജറി കൂടി ചെയ്താൽ ശരിയാകും എന്നാണ് വിദഗ്ധർ പറഞ്ഞത്. വീണ്ടും അതേ ഡോക്ടറെ കൊണ്ട് സർജറി ചെയ്യിക്കുക അവൾക്ക് ഭയമായിരുന്നു.

ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ റീ സർജറി ചെയ്യാനായിരുന്നു അവളുടെ തീരുമാനം. പക്ഷേ, ചികിത്സയുടെ ഫയലുകളും കിട്ടിയില്ല. ഒരു തീരുമാനം വരും വരെ പിടിച്ചു നിൽക്കാനുള്ള ശക്തിയും ഇല്ലായിരുന്നു എന്റെ മകളുടെ മനസ്സിന്, പാവം.

Tags:
  • Spotlight