Saturday 27 July 2024 12:50 PM IST : By സ്വന്തം ലേഖകൻ

ആദ്യം നാലു പേരിൽ ഒരാൾ; പുതുക്കിയ നീറ്റിന്റെ ഫലം വന്നപ്പോൾ കേരളത്തിൽ നിന്ന് ശ്രീനന്ദ് മാത്രമായി ഒന്നാമത്!

first-neet-rank-holder

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മുഴുവൻ മാർക്കും (720) വാങ്ങിയ സംസ്ഥാനത്തെ ഒരേയൊരാൾ കണ്ണൂർ സ്വദേശിയാണ്. പൊടിക്കുണ്ട് രാമതെരു റോഡിൽ ‘നന്ദനം’ വീട്ടിൽ ശ്രീനന്ദ് ഷർമിൾ. ഡോ. ഷർമിൾ ഗോപാൽ- ഡോ. പി.ജി. പ്രിയ ദമ്പതികളുടെ മകന്‍. നേരത്തെ പുറത്തുവിട്ട ഫലപ്രകാരം കേരളത്തിൽനിന്നു നാല് പേർക്കാണ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. പുതുക്കിയ ഫലം വന്നപ്പോൾ പട്ടികയിൽ കേരളത്തിൽ നിന്ന് ശ്രീനന്ദ് മാത്രമായി.

കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദിന്, ന്യൂ‍ഡൽഹി എംയിസിൽ മെഡിസിനു ചേരാനാണു താൽപര്യം. കുടുംബത്തിലെ മൂന്നാമത്തെ ഡോക്ടറാകാനുള്ള തയാറെടുപ്പിലാണ് ശ്രീനന്ദ്. അച്ഛനമ്മമാരുടെ വഴി തന്നെയാണ് ശ്രീനന്ദിനു ചെറുപ്പത്തിലേ താൽപര്യം. 

കണ്ണൂർ ചിന്മയയിൽ നിന്ന് എസ്എസ്എൽസിക്കു ശേഷം പാലാ ബ്രില്ല്യൻസിലായിരുന്നു നീറ്റ് പരിശീലനം. കണ്ണൂർ ആസ്റ്റർ മിംസിലാണ് ഷർമിൾ ഗോപാൽ ജോലി ചെയ്യുന്നത്. തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് പ്രിയ. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിൽ പത്താം ക്ലാസ് വിദ്യാർഥി ശ്രിതിക ഷർമിൾ സഹോദരിയാണ്.

Tags:
  • Spotlight
  • Motivational Story
  • Inspirational Story