Tuesday 13 October 2020 04:51 PM IST

നാവ് മുറിച്ചു കഴിഞ്ഞ് ആദ്യം തിരിച്ചറിഞ്ഞത് ഉപ്പുരസം, അതായിരുന്നു എന്റെ സന്തോഷം; കാൻസർ നാവിൻ തുമ്പിൽ; വിധിയെ ജയിച്ച് റിയ

Lakshmi Premkumar

Sub Editor

riya-1

നിർത്താതെ ചിരിക്കുകയും എപ്പോഴും സംസാരിക്കുകയും ചെയ്യുന്ന, ഭാവിയെ കുറിച്ച് കുന്നോളം പ്രതീക്ഷകളുള്ള ഒരു 25കാരി. ഇഷ്ടപെട്ട പ്രൊഫഷൻ ആയ ജേർണലിസത്തിൽ മികച്ചു നിന്ന സമയത്ത് കാൻസർ എന്ന വില്ലൻ കടന്നു വരുന്നു. അതും നാക്കിന്റെ തുമ്പിൽ.  "ഹേയ് കാൻസർ ഒന്നും ആവില്ലെന്നേ" എന്ന സമാധാന വാക്കുകൾക്ക് ഫുൾസ്റ്റോപ്പ്‌ ഇട്ടുകൊണ്ട് ബയോപ്‌സി റിസൾട്ട് വന്നു. നാവിൻ തുമ്പിലെ തിണർപ്പ് സ്‌ക്വാമസ് സെൽ കർസിനോമ എന്ന ക്യാൻസറിന്റെ മൂന്നാം ഘട്ടം.

ഇനിയാണ് കഥ തുടങ്ങുന്നത് റിയ സെലസ്‌  എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ. അഞ്ചു കൊല്ലത്തിനു ശേഷം മിടുമിടുക്കിയായി റിയ ഇപ്പോൾ പാട്ടുപാടുന്നു, നിറങ്ങൾ കൂട്ടി ചേർത്ത് ജീവിതത്തിന് പുതിയ മുഖം നൽകുന്നു, കഥകൾ ചേർത്ത് വെച്ച് ഒരു സിനിമ അതാണ് ഇപ്പോൾ കാണുന്ന സ്വപ്നം.

നാവിൻ തുമ്പിലെ വില്ലൻ

" തിരുവനതപുരത്തു ടെലിവിഷൻ  ആങ്കർ ആയി  ജീവിതം അടിച്ചു പൊളിച്ചു പോകുന്നതിനിടയിൽ ആണ് നാവിന്റെ അറ്റത് ചെറിയൊരു മുറിവ് പോലെ വരുന്നത്. ആദ്യം കരുതി പല്ലിൽ തട്ടി മുറിഞ്ഞത് ആരിക്കുമെന്ന്. മൈൻഡ് ചെയ്തില്ല. പക്ഷെ മുറിവ് മാറുന്നില്ല. രണ്ടു മൂന്ന് ആഴ്ച കൊണ്ട് കുറച്ചു കൂടി കൂടുതലായ അവസ്ഥ. പൊതുവെ എനിക്ക് കുറച്ചു രക്തകുറവ് ഉണ്ട്. ഒരിത്തിരി വൈറ്റമിൻസ് കുറവും. അതു തന്നെയാവും കാരണം എന്ന് കാണിച്ച ഡോക്ടർമാരും പറഞ്ഞു. കുറേ മരുന്നൊക്കെ കഴിച്ചു. എന്നിട്ടൊന്നും ഒരു മാറ്റവും ഇല്ല. " ഇനി വല്ല ക്യാൻസറും ആയിരിക്കുമോ അമ്മേ എന്ന് ഞാൻ അമ്മയോട് താമാശക്കു പറയുകയും ചെയ്തു. അന്ന് അമ്മ എന്നെ അടിക്കാൻ ഓടിച്ചു. വെറുതെ ഓരോന്നു പറയുന്നു എന്ന് പറഞ്ഞ്  പക്ഷെ വിധി അതു തന്നെയായിരുന്നു.

തിരുവനന്തപുരത്തു തന്നെ അവസാനം കാണിച്ച ഡോക്ടർ ആണ് ഒന്ന് ബയോപ്‌സിക്ക് അയച്ചു നോക്ക് എന്ന് പറഞ്ഞത്. ആർ സി സിയിൽ  പോയി ടെസ്റ്റ്‌ ചെയ്തു. പ്രതീക്ഷിച്ച പോലെ തന്നെ ഫലം പോസിറ്റീവ്. ക്യാൻസറിന്റെ മൂന്നാമത്തെ സ്റ്റേജ്. എന്താണ് ജീവിതത്തിൽ നടക്കാൻ പോകുന്നതെന്ന് ഒരു പിടിയും ഇല്ലെങ്കിലും അവിടെ നിന്നും മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ഇതും ഞാൻ അതിജീവിക്കും. തകർന്നു പോയ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി അവരുടെ ഒരേ ഒരു മോളായ എനിക്ക് അതിജീവിച്ചേ മതിയാകൂ.

riya-3

ഈ അസുഖത്തെ കുറിച്ചു ഞാൻ ഗൂഗിളിൽ പരതി. ഇതിന്റെ ചികിത്സ രീതികൾ മുഴുവൻ വായിച്ചു്. നാവ് മുറിച്ചു മാറ്റണം അതാണ് ഏക സൊല്യൂഷൻ. നാക്കുകൊണ്ട് ജീവിക്കുന്ന ഞാൻ എന്റെ നാക്ക് മുറിച്ചു നീക്കാനുള്ള സമ്മത പത്രത്തിൽ ഒപ്പിട്ടു. എറണാകുളം അമൃത ഹോസ്പിറ്റലിൽ ആയിരുന്നു ഓപ്പറേഷൻ. ഡോക്ടർ സുബ്രഹ്മണ്യ അയ്യർ സാർ നേതൃത്വം നൽകി. നാക്ക് മുറിച്ചു നീക്കുന്ന ഭാഗത്ത്‌ നമ്മുടെ വയറ്റിൽ നിന്നും ചർമം എടുത്ത് യോജിപ്പിക്കും. അതു പിന്നീട് നാക്കായി മാറും. 12 മണിക്കൂർ നീണ്ടു നിന്ന സർജറി. ചർമം എടുക്കാനായി വയറിന്റെ പല ഭാഗത്ത്‌ മുറിക്കും. തൊണ്ടയിലും മൂക്കിലും എല്ലാം  ട്യൂബ് ഇടും. സർജറി കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വയറിൽ പലയിടങ്ങളിൽ വേദന. കഴുത്തിനു മുകളിലേക്ക് ഫുൾ കുഴലുകൾ. നാക്കിന് വല്ലാത്ത ഭാരം.  എല്ലാം സഹിക്കാം അസുഖം മാറുമല്ലോ എന്ന് മാത്രമായിരുന്നു മനസ്സിൽ. പക്ഷെ അവിടെയും പ്രതീക്ഷ തെറ്റി. എന്റെ ഓപ്പറേഷൻ ഫെയിൽ ആയി. നാവുമായി ഒരു രീതിയിലും വയറിന്റെ ചർമം ചേരുന്നില്ല. ലക്ഷത്തിൽ ഒരാൾക്ക് അങ്ങനെ വരാം. എന്റെ ശരീരത്തിലേക്ക് ഇൻഫെക്ഷൻ കയറി. എനിക്ക് തന്നെ മനസിലായി ഇതാണ് മരിക്കാൻ പോകുന്ന അവസ്ഥ. കൂടിപ്പോയാൽ കുറച്ചു മണിക്കൂറുകൾ മാത്രം.

അടുത്തയിടം വെന്റിലേറ്റർ ആയിരുന്നു. രണ്ടു ദിവസം വെന്റിലേറ്ററിൽ. ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തയിടമാണ് വെന്റിലേറ്റർ. അവിടെ ആകെയുള്ളത് ഒന്നുകിൽ ശ്വാസം അല്ലെങ്കിൽ മരണം. മരണം എന്ന പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് ജീവിതം എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു. പതുക്കെ വാർഡിലേക്ക് മാറി.20 ദിവസത്തോളം വാർഡിൽ അതിനിടയിൽ പല രീതിയിലും ദുരന്തങ്ങൾ വന്നും പോയും ഇരുന്നു. പക്ഷെ എനിക്ക് ഉറപ്പായിരുന്നു ഞാൻ ജീവിക്കും. സ്ട്രോങ്ങ്‌ ആയി തിരിച്ചു വരും. പാതിയോളം നാക്ക് ഇല്ലെങ്കിലും ജീവിതത്തോട് ഒരിക്കലും തോന്നിയിട്ടില്ലാത്ത കൊതി തോന്നി തുടങ്ങി.

മൗത്  കാൻസർ  ഏറ്റവും  വലിയ  ബുദ്ധിമുട്ട്  ഫുഡ്‌  കഴിക്കാൻ  പറ്റില്ല  എന്നതാണ്... സ്റ്റേജ്  മാറുന്നിടത്തോളം നാവ്    അനങ്ങാൻ പറ്റാത്ത അവസ്ഥ വരും. പുറത്തേക്ക് നാവു വരില്ല.വേദന അസ്സഹനീയമായിരിക്കും....എരിവ് പുളി  ഒന്നും കഴിക്കാൻ പറ്റില്ല . ഒക്കെ അരച്ച് കുടിക്കണം. അതുപോലെ റേഡിയേഷൻ ട്രീറ്റ്മെന്റ് കഴിഞ്ഞാൽ കുറച്ചു കാലത്തേക്ക് ഫുഡ്‌ ഒരു ടേസ്റ്റും  അറിയില്ല.അപ്പോഴും അരച്ച് കുടിക്കണം.കുറെ ദിവസം കഴിയുമ്പോൾ ആദ്യം അറിയുന്നത് ഉപ്പു രസം ആയിരിക്കും. അപ്പൊ നമുക്ക് ഒരു സന്തോഷം ഉണ്ട് .. അതുവരെ വല്ല കല്ലും  മണ്ണും ഒക്കെ തിന്നുന്ന പോലെ ഒരു രുചിയും അറിയില്ല.. ഒരു പുകച്ചൽ ഫീൽ ചെയ്യും.. പിന്നെ പിന്നെ പതുക്കെ പതുക്കെ മറ്റു രുചികൾ അറിയാൻ തുടങ്ങും.. അതൊരു വല്ലാത്ത അനുഭവം ആണ് ട്ടോ.

riya-2

ഇപ്പോൾ അഞ്ചു കൊല്ലമായി. എന്റെ വീട്ടിൽ അച്ഛൻ, അമ്മ പിന്നെ അമ്മൂമ്മ ഇത്രേം പേരുണ്ട്. ഇവരുടെ പ്രാർത്ഥനയാണ് ഈ മടങ്ങി വരവ്. ഇനി എന്റെ ലക്ഷ്യം സിനിമയാണ്. കുറച്ചു ഷോർട് ഫിലിമൊക്കെ ചെയ്തു. പരസ്യം ചെയ്തു. രണ്ടാം വരവ് ആഘോഷിക്കുന്ന മൂഡിലാണ് ഞാൻ. ഇനി ഒരു സിനിമ ചെയ്യണം. ഇപ്പോൾ ജീവിതം പഴയ പോലെയാണ്. ഇപ്പോൾ ഓരോ നിറ വ്യത്യാസം നാവിൽ വരുമ്പോഴും ഡോക്ടർനെ കാണും. " ഇനി കാൻസർ വരില്ല റിയാ... പോയി റിയെടെ ഇഷ്ടപ്പെട്ട ജോലി ചെയ്യ്... " അതു കേട്ട് സന്തോഷത്തോടെ ഞാൻ തിരികെ വരും... വരുന്ന വഴിയിൽ എന്റെ സിനിമയുടെ സീനുകൾ മനസ്സിൽ പ്ലാൻ ചെയ്യും... ഇപ്പൊ പറയുന്നില്ല. സർപ്രൈസ്‌ ആയിരിക്കട്ടെ