ഇക്കുറിയും അധ്യായന വര്‍ഷത്തിന്റെ മണി മുഴങ്ങിയത് ഓണ്‍ലൈനിലാണ്. കുരുന്നുകളെ സ്‌കൂളിന്റെ പടികടത്തില്ലെന്ന വാശിയിലായിരുന്നു കോവിഡ്. കളിയും ചിരിയും ചിലപ്പും വര്‍ത്താനങ്ങളും വിശാലമായ ക്ലാസ്മുറികളില്‍ നിന്നും മൊബൈല്‍ സ്‌ക്രീനിലേക്കു പറിച്ചു നട്ടത് ചില കുരുന്നുകള്‍ക്കെങ്കിലും വേദനയായിട്ടുണ്ട്. ഒന്നിച്ചൊന്നിരിക്കാന്‍, വര്‍ത്താനം പറയാന്‍, ചോറ്റുപാത്രം പകുത്ത് സൗഹൃദം പങ്കിടാനമുള്ള കുട്ടികളുടെ കാത്തിരിപ്പ് ഇനിയും എത്രനാള്‍ നീളുമെന്നറിയില്ല...
ഓണ്‍ലൈന്‍ ക്ലാസുകളുടെ പുതിയ പതിപ്പ് ഫസ്റ്റ് ബെല്‍ 2.o എന്ന പേരില്‍ വീണ്ടും സജീവമാകുമ്പോള്‍ എല്ലാവരും തേടിയത് ഒരാളെ. പോയ വര്‍ഷം മക്കളേ... എന്ന് നീട്ടിവിളിച്ച്... തങ്കുപ്പൂച്ചയുടേയും മിട്ടുപ്പൂച്ചയുടേയും കഥ പറഞ്ഞ സായി ശ്വേത ടീച്ചറെ.
കൊഞ്ചിച്ചിരിച്ചും കളിപറഞ്ഞും കൂട്ടുകൂടിയും സായി ശ്വേതയെപ്പോലുള്ള അധ്യാപികമാരെത്തിയപ്പോള്‍ ചില മുന്‍വിധികള്‍ കൂടി അപ്രസക്തമാകുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുപ്പാണെന്ന പ്രവചനങ്ങള്‍ ഇല്ലാതായി. മടുപ്പില്ലാതെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കണ്ണും കാതും മനസും കൊടുത്തു. അതോടെ മാതാപിതാക്കള്‍ക്കും കുട്ടികളെ കുറിച്ചുള്ള ടെന്‍ഷന്‍വിട്ട് ശ്വാസംവിടാമെന്നായി.
വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ കാഹളമൂതിയ ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ പാഠ്യപദ്ധതി അതിന്റെ രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ തന്നെ അന്വേഷിച്ചവര്‍ക്ക് 'ഞാനിതാ ഇവിടെയുണ്ടെന്ന് പറഞ്ഞ് നിറഞ്ഞ് പുഞ്ചിരിച്ച് മറുപടി പറയുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട സായി ശ്വേത ടീച്ചര്‍... എന്തേ ഓണ്‍ലൈനില്‍ കണ്ടില്ലല്ലോ? എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി സായി ശ്വേത ടീച്ചര്‍ നല്‍കുന്നു...

ഇക്കുറി എന്റെ മക്കളോടൊപ്പം
പുതിയൊരു അധ്യായനം പിറവിയെടുത്തപ്പോള്‍ എല്ലാവരും എന്നേ തേടി, അന്വേഷിച്ചു എന്നറിഞ്ഞു. പലരും വിക്ടേഴ്‌സ് ചാനലില്‍ ടീച്ചറെ കണ്ടില്ലല്ലോ എന്നൊക്കെ ചോദിച്ചു. ഇക്കുറി ഓണ്‍ലൈനിലും ടിവിയിലും ഞാനില്ല എന്നേയുള്ളൂ. ഞാനിവിടെയൊക്കെയുണ്ട്. എന്റെ മക്കളുടെയടുത്ത്. മുതുവടത്തൂര്‍ വിവിഎല്‍പി സ്‌കൂളിലെ കുട്ടികളോടൊപ്പം.- സായ് ശ്വേത ടീച്ചര്‍ പഴയ ചിരിയോടെ പറഞ്ഞു തുടങ്ങുകയാണ്.
ഈ അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനവും എന്റെ സ്‌കൂള്‍ കേന്ദ്രീകരിച്ചാണ്. എന്റെ സ്‌കൂളില്‍ മാത്രമായി ഒതുങ്ങാന്‍ തന്നെയായിരുന്നു എന്റെ തീരുമാനവും. അതാകുമ്പോ... എന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാല്ലോ... പഠനം ഇക്കുറിയും ഡിജിറ്റിലായതോടെ കുട്ടികള്‍ക്കു വേണ്ടി വിഡിയോയും ലൈവ് ക്ലാസ് റൂം സെഷന്‍സുമൊക്കെയായി തിരക്കിലാണ്. ആശ്വാസമെന്തെന്നാല്‍ ഇക്കുറി എന്നെ ഹെല്‍പ് ചെയ്യാന്‍ ഭര്‍ത്താവ് ദിലീപും ഉണ്ടെന്നതാണ്. പാഠഭാഗങ്ങള്‍ വിഡിയോ രൂപത്തില്‍ ഷൂട്ട് ചെയ്യുന്നത് കക്ഷിയാണ്. ശരിക്കും പറഞ്ഞാല്‍ എന്റെ ഒഫീഷ്യല്‍ ഫൊട്ടോഗ്രാഫര്‍. പതിവു പോലെ ഒന്നാം ക്ലാസിന്റെ ടീച്ചറാണ് ഞാന്‍.
പോയ വര്‍ഷം ഓരോ കുട്ടികളും അച്ഛനമ്മമാരും എനിക്ക് നല്‍കിയ പിന്തുണ മറക്കില്ല. പിന്നെ എന്നെ ട്രോളി ഫെയ്മസാക്കിയ ട്രോളന്‍മാരോടും പ്രത്യേക നന്ദിയുണ്ടേ... കേരളത്തില്‍ എവിടെ ചെന്നാലും തിരിച്ചറിയും. അമ്മമാരും കുട്ടികളും ഓടി അടുത്തുവരും. 90 ശതമാനം കുട്ടികള്‍ക്കും എന്നെ അറിയാം. ഒരു അധ്യാപിക എന്ന നിലയില്‍ അതൊക്കെ എന്റെ ഭാഗ്യമാണ്.

മനസു നിറയ്ക്കുന്ന ഓര്‍മ്മകളുമുണ്ട്. തിരുവനന്തപുരത്ത് ഒരു അനുമോനുണ്ട്. അവന്‍ ഓട്ടിസം ബാധിച്ച വിദ്യര്‍ത്ഥിയാണ്. അവന് എന്നെ വല്യ ഇഷ്ടമാണെന്ന് അച്ഛനമ്മമാര്‍ പറഞ്ഞു. എന്റെ ക്ലാസ് നടക്കുമ്പോള്‍ ശാന്തനായിരിക്കും. പറയുന്ന ആക്റ്റിവിറ്റികള്‍ അക്ഷരംപ്രതി ചെയ്യും. എന്നെ സ്ഥിരമായി വിളിക്കാറുമുണ്ട്. അതുപോലെ തന്നെ പാലക്കാടുള്ള ഒരു അപ്പു, അവനും ഓട്ടിസ്റ്റിക്കാണ്. പക്ഷേ എന്റെ ക്ലാസ് നല്ല മാറ്റങ്ങള്‍ അവനില്‍ കൊണ്ടു വന്നു എന്നത് അധ്യാപികയെന്ന നിലയില്‍ മനസു നിറയ്ക്കുന്നു. പിന്നെ യൂട്യൂബിലും വിക്ടേഴ്‌സിലും എത്തുന്നില്ലെങ്കിലും ഇപ്പോഴും എന്നെ ആള്‍ക്കാര്‍ ഓര്‍ക്കുന്നുണ്ട്. ഈ അധ്യായന വര്‍ഷം 164 സ്‌കൂളുകളിലാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനും ആശംസ അറിയിക്കാനുമൊക്കെയായി എത്തിയത്. അതൊക്കെ എനിക്ക് ഈ നാട് എന്നോട് കാട്ടുന്ന സ്‌നേഹത്തിന്റെ ഭാഗമായി ഞാന്‍ കാണുന്നു. നന്ദിയുണ്ട്... എല്ലാവരും...- സായി ശ്വേത ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.