Thursday 23 April 2020 02:57 PM IST

പുതിയതരം കാപ്പി, ഷേക്കുകൾ, മധുരപലഹാരങ്ങൾ... ആരോഗ്യത്തെ തകിടം മറിക്കുന്ന ലോക് ഡൗൺ പാചക പരീക്ഷണങ്ങൾ വേണ്ട!

Vijeesh Gopinath

Senior Sub Editor

dalgona44tfyfygg

ലോക്ഡൗൺ പാചക പരീക്ഷണങ്ങളുടെ കാലം കൂടിയാണ്. പുതിയതരം കാപ്പികൾ, ഷേക്കുകൾ, മധുര പലഹാരങ്ങൾ... സമയം ധാരാളമായി ഉള്ളതു കൊണ്ട് ഉറക്കവും അലസതയും കൂടി. വ്യായാമം കുറഞ്ഞു. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം മറക്കണ്ട. ഇത്തരം ഭക്ഷണക്രമം ജീവിതശൈലീ രോഗങ്ങൾക്ക്  കാരണമാകും. മികച്ച ആരോഗ്യ ഭക്ഷണശീലങ്ങൾ പാലിക്കേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്.

∙പ്രഭാത ഭക്ഷണം 8 മണിക്ക് തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.  പ്രമേഹം, ഹൃദ്രോഗം, മറ്റു ജീവിതശൈലി രോഗങ്ങളുള്ളവർ ചെറിയ ഭക്ഷണം 5–6 തവണകളായി കഴിക്കണം.

∙ സമീകൃതമായ ആഹാരക്രമം ഉറപ്പാക്കണം.  കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് , വിറ്റാമിനുകൾ, ധാതു ലവണങ്ങൾ, നാരുകൾ എന്നിവ കൃത്യമായ അളവിലുള്ളതാണ് സമീകൃതാഹാരം.

∙ നിത്യേന മുഴു ധാന്യങ്ങളും പയറുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.  മുഴുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന  സിങ്ക്, കോപ്പർ, സെലിനിയം മറ്റു വിറ്റാമിനുകൾ  രോഗപ്രതിരോധ ശേഷി കൂടാൻ സഹായിക്കും.

∙പഞ്ചസാര, എണ്ണ, തേങ്ങ കുറച്ചു വച്ചുള്ള പാചകരീതി സ്വീകരിക്കണം.

∙ചുവന്ന ഇറച്ചികളായ കാള ഇറച്ചി, മാടിറച്ചി, പോത്തിറച്ചി, ഷെൽ മത്സ്യങ്ങൾ (കക്ക, ഞണ്ട്, കൊഞ്ച്) ഇവയുടെ ഉപയോഗം നിയന്ത്രിച്ച്  അതിന് പകരം  മത്സ്യം, മുട്ട, ചിക്കൻ എന്നിവ  തിരഞ്ഞെടുക്കാം.

∙എരിവ്, പുളി, മസാല എന്നിവ കുറച്ചുവയ്ക്കാം.

∙ലോക്ഡൗൺ കാലത്ത് മിതവും ചിലവു കുറഞ്ഞതുമായ ഭക്ഷണരീതിയാണ് വേണ്ടത്.

∙ വേനൽക്കാലമായാൽ കടുപ്പം കൂടിയ ചായയും കാപ്പിയും ഒഴിവാക്കാം. പകരം നേർപ്പിച്ച പാൽ കുടിക്കാം.

∙ കറികൾ തയാറാക്കുമ്പോൾ വിപണിയിൽ ലഭ്യമായ പച്ചക്കറികൾക്ക് പകരം പപ്പായ, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ചേമ്പിൻതണ്ട്, ചക്ക, ചേമ്പിൻതാൾ തോരൻ എന്നിവ തിരഞ്ഞെടുക്കാം.

∙വൈകുന്നേരം ലഘുഭക്ഷണമായി ആവിയിൽ വേവിച്ചെടുത്ത ഇല അട, കൊഴുക്കട്ട, പഴം പുഴുങ്ങിയത്, അവൽ നനച്ചത് എന്നിവ നല്ലത്.

∙വേനൽക്കാലമായാൽ കലോറി കുറഞ്ഞ (ദ്രാവക രൂപത്തിലുള്ള നാരങ്ങാവെള്ളം, മോരിൻവെള്ളം, കഞ്ഞിവെള്ളം, മസാല കുറച്ചുള്ള പച്ചക്കറി സൂപ്പുകൾ‍, ഫ്രൂട്ട് ജ്യൂസുകൾ (പഞ്ചസാര ചേർക്കാതെ) കഴിക്കുന്നത് നല്ലതാണ്.

∙പലതരം ഇലക്കറികൾ, ചീര, മുരിങ്ങ ഇല, തഴുതാമ, മത്തൻ, പയറില, അഗത്തിച്ചീര എന്നിവ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യും.

∙മുളപ്പിച്ച പയർ വർഗങ്ങൾ ദിവസേന  ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

∙തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. 2–3 ലീറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.  കിഡ്നി, കരൾ എന്നീ  ബുദ്ധിമുട്ടുള്ളവർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം ഉപയോഗിക്കാവൂ.

∙ഫാസ്റ്റ് ഫൂഡുകൾ, ടിൻഫൂഡ്,  ബ്രഡ്,  പാസ്ത, കുക്കീസ്, കേക്കുകൾ, ബേക്കറി സാധനങ്ങൾ എന്നിവ ഒഴിവാക്കാം.  ഇത് ശരീരഭാരം കൂടും.  

∙സീസണൽ പഴവർഗം ദിവസവും ഉൾപ്പെടുത്തുക.

∙നാരങ്ങാ വർഗത്തിൽപ്പെട്ട പഴവർഗങ്ങൾ ഉൾപ്പെടുത്തണം.

∙തൈര്, മോര്, കഴിക്കുന്നത് ദാഹത്തിനും രോഗപ്രതിരോധ ശേഷിക്കും നല്ലതാണ്.

∙രാത്രി ഭക്ഷണം അളവു കുറച്ചു വയ്ക്കുക.  രാത്രി ഭക്ഷണം 7–8 ണിക്കും ഇടയിലായിരിക്കണം.

∙ആവശ്യത്തിന് മാത്രം ഉറങ്ങുക.

∙വ്യക്തി ശുചിത്വം പാലിക്കുക, ദിവസം രണ്ടു നേരം കുളിക്കണം.

∙ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിനോദങ്ങളിൽ ഏർപ്പെടാം (വായന, ചിത്രരചന, പച്ചക്കറിത്തോട്ടം, പൂന്തോട്ട നിർമാണം)

കടപ്പാട്: പ്രീതി ആർ നായർ, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്, എസ്‍യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Tags:
  • Spotlight