Wednesday 14 November 2018 10:03 AM IST

അന്ന് ഷീല മരിച്ചെന്നു കരുതിയാണ് അവർ പോയത്! ഷീല കണ്ണന്താനത്തെ കളിയാക്കുന്നവർ ഈ കഥ വായിക്കണം

V R Jyothish

Chief Sub Editor

sheela-kannamthanam
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സാമൂഹത്തിനു വേണ്ടി ഭർത്താവ് സ്വീകരിച്ച നടപടിക്ക് മരണത്തോളമെത്തിയ കഥയുണ്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയ്ക്ക്. ‘എന്റമ്മേ… ഇപ്പൊ നല്ല റിലാക്‌സേഷനുണ്ട്’ എന്നു പരിഹസിക്കുന്നവർക്ക് അറിയാൻ വയ്യാത്ത ആ ത്യാഗത്തിന്റെ കഥ വെളിപ്പെടുത്തുന്നത് മറ്റാരുമല്ല, ഭർത്താവും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം തന്നെയാണ്. ക്രിസ്മസ് ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഡൽഹിയിൽ വച്ചു നടന്ന സംഭവം വിവരിക്കുന്നത്. പരിഹാസം നല്ലതാണെന്ന് പറയുന്ന അദ്ദേഹം പക്ഷേ മറ്റുള്ളവരെ പരിഹസിക്കാന്‍ നമുക്ക് എന്തു യോഗ്യതയാണുള്ളതെന്നുകൂടി ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും ഉപദേശിക്കുന്നു. കണ്ണന്താനത്തിന്റെ വാക്കുകൾ...

"ഈസ്റ്റ് ഡല്‍ഹിയില്‍ ആയിരുന്നു അന്ന് ഞങ്ങളുടെ പ്രവര്‍ത്തനം. അവിടുത്തെ എംഎല്‍എ അനധികൃതമായി പണിതിരുന്ന മൂന്നു വീടുകള്‍ ഞാന്‍ കമ്മിഷണര്‍ ആയിരിക്കുമ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. ആ പകയില്‍ അയാളുടെ അനുയായികള്‍ ഞങ്ങളെ വടിയും വാളുമായി ആക്രമിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന ഷീലയെ മരിച്ചു എന്നു കരുതതി അവര്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഞങ്ങളുടെ മക്കളെയും അവര്‍ ആക്രമിച്ചു. പന്ത്രണ്ടും പത്തും വയസായിരുന്നു അന്ന് അവര്‍ക്ക്. അപ്രതീക്ഷിതമായി ഒരു പൊലീസ് വണ്ടി വന്നതുകൊണ്ടുമാത്രം ഭാര്യ മരണത്തില്‍ നിന്നു രക്ഷപ്പെട്ടു. തലയില്‍ മുപ്പത്തിരണ്ട് തുന്നലിട്ടു. വളരെ നാളുകള്‍ക്കുശേഷമാണ് അവര്‍ ജീവതത്തിലേക്ക് തിരിച്ചുവന്നത്. കോമഡി ഷോയിലും വിഡിയോയിലും ഒക്കെ കൂളിംഗ് ഗ്ലാസും വച്ച് ‘ എന്റെമ്മേ..റിലാക്‌സേഷനുണ്ട്…’ എന്നൊക്കെ പറയുന്ന ഈ പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിനുവേണ്ടി ഇതുപോലെ ഒരുപാട് ത്യാഗം അനുഭവിച്ച ഒരാളെയാണ് കളിയാക്കുന്നതെന്ന്…

സമൂഹത്തിനു വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്രപേരുണ്ട് ഈ കളിയാക്കുന്നവര്‍ക്കിടയില്‍ എന്നും കണ്ണന്താനം ചോദിക്കുന്നു. ഭാര്യ ഷീല ഡല്‍ഹിയില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. ജനശക്തി എന്നാണ് പേര്. ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു വര്‍ഷം സര്‍വീസില്‍ നിന്നും അവധിയെടുത്ത് ആ സംഘടനയില്‍ പ്രവര്‍ത്തിച്ചു. ആ സമയത്താണ് ഡല്‍ഹിയില്‍ പ്ലേഗ് പടരുന്നത്. മിക്കവാറും ചേരികളിലായിരുന്നു പ്ലേഗിന്റെ ഭീകരത. ആള്‍ക്കാരൊന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത സാഹചര്യം. ഞങ്ങള്‍ ജനശക്തിയുടെ പ്രവര്‍ത്തകര്‍ പ്ലേഗിനെതിരേ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. തെരുവുകള്‍ വൃത്തിയാക്കി. എലി പെരുകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. രാവിലെ വീട്ടില്‍ നിന്നിറങ്ങും. റോഡരുകിലെ ചപ്പുചവറുകള്‍ വൃത്തിയാക്കും. ഉച്ചയ്ക്ക് വീടുകളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കും. വൈകുന്നേരം വരെ ജോലി തുടരും. ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല ഇതൊക്കെ. സമൂഹത്തിനു വേണ്ടി ജനശക്തി ഒരു നല്ല കാര്യം ചെയ്തു, അത്രതന്നെ.." -കണ്ണന്താനം പറയുന്നു.

'വനിത' വായിക്കാൻ ലോഗിൻ ചെയ്യൂ