Thursday 09 April 2020 12:09 PM IST : By Shyama

നൊസ്റ്റാൾജിയയിൽ നിറയുന്ന വീണാ നാദം; പശ്ചാത്തല സംഗീതത്തിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ച് ഹരിതാ രാജ്

veena-2

ഹരിത രാജിന്റെ വീഡിയോസ് കണ്ടാൽ അറിയാം എപ്പോഴും ഒരു ചിരിയുമായിയിട്ടാണ് ഹരിത വീണയിൽ ഈണങ്ങൾ കൊണ്ട് ഋതുക്കൾ തീർക്കുന്നത്. കുറച്ച് നാൾ മുൻപേ തുടങ്ങിയതാണെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് #BGM_Seriesസുമായി ഹരിത ഇപ്പോൾ മുടക്കമില്ലാതെ എത്തുന്നുണ്ട്. കേട്ടും പാടിയും പരിചയിച്ച പാട്ടുകളുടെ പശ്ചാത്തല സംഗീതം വീണയിലൂടെ വായിച്ച് നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ചെന്നൈയിൽ താമസമാക്കിയ ഈ തിരുവനന്തപുരം സ്വദേശി.

"BGM series എന്നത് വളരെ അവിചാരിതമായി തോന്നിയൊരു ഐഡിയാണ്. മുൻപ് പാട്ടിന്റെ കവറുകൾ ചെയ്ത് ഇട്ടിരുന്നു. Bgm നേരത്തെ മുതൽ ശ്രദ്ധിക്കുമായിരുന്നു, സീരിസിൽ ഇതൊന്ന് പരീക്ഷിക്കാമെന്നോർത്തു...അങ്ങനെ ചെയ്ത് തുടങ്ങിയതാണ്. നല്ല പ്രതികരണമാണ് ഇതുവരേക്കും. ഇപ്പൊ ഈ സീരീസിൽ 25 വീഡിയോസ് ചെയ്തു. ലോക്ക് ഡൗണിന്റെ സമയത്ത് എല്ലാ ദിവസവും വീഡിയോസ് പോസ്റ്റ്‌ ചെയ്യാൻ നോക്കുന്നുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമാണ് പോസ്റ്റ്‌ ചെയ്യാറ്, ഇപ്പൊ ഈ സീരീസ് യൂട്യൂബിലും ഇട്ടിട്ടുണ്ട്. ആളുകളൊക്കെ വീട്ടിലായതുകൊണ്ട് നല്ല വ്യൂവേഴ്സ് ഉണ്ട്, എല്ലാവർക്കും ആശ്വാസം തരുന്നതാണല്ലോ സംഗീതം."

എട്ട് വയസ് തൊട്ടേ വീണ പഠിച്ച് തുടങ്ങിയതാണ് ഹരിത. അതിന് കാരണമായത് അച്ഛൻ ആർ. മുരുകനും. " സംഗീതത്തിൽ നല്ല താല്പര്യമുള്ള ആളായിരുന്നു അച്ഛൻ. പാടും, വയലിൻ വായിക്കും... എന്നിട്ടും സംഗീതഞ്ജനാവാൻ പറ്റിയില്ല. അക്കാലത്തെ സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. അതുകൊണ്ട് എന്നെയും ചേട്ടനെയും ചെറുപ്പം മുതലേ സംഗീതം പഠിക്കാൻ വിട്ടു. ആദ്യത്തെ ഗുരു സൗന്ദർ രാജൻ സർ ആണ്. പിന്നീട് പലരുടെ കീഴിലും പഠിച്ചു. വീണ കൂടാതെ ബി.എസ്.സി. സൈക്കോളജിയാണ് ഞാൻ പഠിച്ചത്.അച്ഛന് സ്വർണപ്പണിയായിരുന്നു അമ്മ പുഷ്പലത വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്നു. ചേട്ടൻ കൃഷ്ണ രാജ് മസാല കോഫി എന്ന ബാന്റിൽ വയലിനിസ്റ്റ് ആണ്.

"ഞാൻ മൂന്ന് വർഷമായി ചെന്നൈയിലെത്തിയിട്ട്. സംഗീതത്തിൽ തുടരാൻ വേണ്ടിയാണ് ഇങ്ങോട് വന്നത്. അന്ന് മുതൽ റെക്കോർഡിങ്ങുകൾക്ക് പോകുന്നുണ്ട്. അതിലൂടെയാണ് മ്യൂസിക് ഇൻഡസ്ട്രിയിലേക്ക് വരാൻ സാധിച്ചതും. യുവൻ ശങ്കർ രാജ സർ, ഹാരിസ് ജയരാജ്‌ സർ, ശരത് സർ പോലുള്ള പ്രമുഖർക്ക് വേണ്ടി സ്ഥിരമായി വീണ വായിച്ചിട്ടുണ്ട്. അതല്ലാതെ ഡിവോഷണൽ, സിംഗിൾസ്, ആൽബംസിനൊക്കെയായി വായിക്കാറുണ്ട്. ഇത് കൂടാതെ പല ബാൻഡുകൾക്കായി ഫ്രീലാൻസ് ആയി വായിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്വന്തം ബാൻഡ് ഉണ്ട് 'റിയാസ് ഓഫ് മദ്രാസ്' എന്നാണ് പേര്. സാരംഗി വായിക്കുന്ന മനോന്മണി ചേച്ചിയും ഞാനും ചേർന്നൊരു ഡ്യൂവറ്റ് എന്നൊരു കോൺസെപ്റ്റിലാണ് അത് പോകുന്നത്."വരൂ ഹരിത വീണയിൽ തീർക്കുന്ന മാന്ത്രികത ആസ്വദിക്കാം...

Tags:
  • Spotlight