Monday 05 April 2021 11:50 AM IST : By സ്വന്തം ലേഖകൻ

റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് രണ്ടു വയസ്സുകാരൻ; വെറും രണ്ടു മിനിറ്റിൽ ഇരുട്ടത്ത് ഓടിയെത്തി പൊലീസ് രക്ഷപ്പെടുത്തിയത് കുരുന്നു ജീവൻ, കുറിപ്പ്

kalamasshghf455

"വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഒടുവില്‍ ഒരമ്മയ്ക്ക് കിട്ടിയ രണ്ടു വയസുകാരന്റെ ജീവനാണ്."- ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇസഡ് ഫോർ മീഡിയ പങ്കുവച്ച കുറിപ്പ് വൈറലാണ്. 

ഇസഡ് ഫോർ മീഡിയ പങ്കുവച്ച കുറിപ്പ് വായിക്കാം;  

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഒടുവില്‍ ഒരമ്മയ്ക്ക് കിട്ടിയ രണ്ടു വയസുകാരന്റെ ജീവനാണ്.

ഏകദേശം ഒന്നര മണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നുപോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ട് നടന്നുപോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത്. ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന SI പ്രസന്നന്‍സാറും cpo മാരായ അനിലും Niyaz Meeran ഉം കുട്ടിയെ കണ്ടെന്നു പറയുന്ന സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. 

റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞുവരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു. ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ഡയറക്ഷനില്‍ അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെ കണ്ട വഴി തന്നെ അമ്മ തളര്‍ന്നിരുന്നു. 

പെട്ടെന്ന് തന്നെ കുഞ്ഞിനെ റോഡിലെക്കെത്തിച്ച് പൊലീസ് വാഹനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചു. ഭാഗ്യത്തിന് കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ട്രാക്കില്‍ തെന്നി വീണ കുറച്ച് മുറിവുകളും മാത്രമേ ഉണ്ടായിരുന്നുളളു. ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫറായി വന്ന ജീവനക്കാരിയാണ് കുഞ്ഞിന്‍റെ അമ്മ. കുഞ്ഞിനെ കാണാതായപ്പോള്‍ അവര്‍ അന്വേഷിച്ചത് കുഞ്ഞ് പോയതിന്റെ ഓപ്പോസിറ്റ് ഡയറക്ഷനിലേക്കായിരുന്നു. 

ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും നേരം അമ്മ നിങ്ങളെയൊക്കെ ജീവിതത്തില്‍ മറക്കില്ല എന്നു പറഞ്ഞ് നിറകണ്ണുകളോടെ കാക്കിധാരികള്‍ക്ക് നേരെ ഒന്ന് കൈകൂപ്പി. അവരെ പോലുളള ഒത്തിരി അമ്മമാരുടെ പ്രാര്‍ത്ഥനകളാണ് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പൊലീസിനെതിരായി മാത്രം വാര്‍ത്തകള്‍ എഴുതി വിടുന്ന ഇക്കാലത്ത് കേരളാ പൊലീസിന്റെ  യഥാര്‍ത്ഥ മനഃകരുത്ത്.  

-കടപ്പാട് ജനമൈത്രി പൊലീസ്

Tags:
  • Spotlight
  • Social Media Viral