രാമേശ്വരത്തെ കടൽ എല്ലാം ഏറ്റു വാങ്ങും പോലെ ശാന്തമായിരുന്നു. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ തീരം. അഗ്നിതീർഥമെന്ന ഈ തീരം ഒരിക്കലും ഉറങ്ങുന്നില്ലെന്നു തോന്നും. സമുദ്രസ്നാനം നടത്തുന്ന ഭക്തരുടെ കൂട്ടങ്ങളാണെങ്ങും. ഉയരുന്ന ‘നമഃശിവായ’ വിളികളും ‘രാമ രാമ’.. വിളികളും. ഭക്തരുടെ പ്രാർഥനകളും പാപദോഷങ്ങളും ആത്മാക്കളുടെ ശാന്തിക്കായുള്ള തർപ്പണങ്ങളും പിതൃബലിയുടെ മന്ത്രോച്ചാരണങ്ങളും എല്ലാമേറ്റുവാങ്ങി കടൽ പതുക്കെ തിരയടിച്ചു.
കടലിനെ നോക്കി നിന്നപ്പോൾ പുരാണകഥകളോർമ വന്നു. ഈ തീരത്താണ് ശ്രീരാമൻ രാവണ നിഗ്രഹത്തിനു ശേഷം ബ്രഹ്മഹത്യാ പാപം തീർക്കാൻ വന്നണഞ്ഞത്; ശിവഭഗവാനെ മനസ്സിൽ പ്രാർഥിച്ച്. കടൽത്തീരത്തെ മണലു കൊണ്ട് സീതാദേവി ഉണ്ടാക്കിയ ശിവലിംഗം ശ്രീരാമൻ പ്രതിഷ്ഠിച്ചാരാധിച്ചു. അങ്ങനെ രാമനാഥസ്വാമി ക്ഷേത്രമുണ്ടായി... ആ തീരത്തേക്ക് ഇന്ന് അലമാലകൾ പോലെ വന്നു ചേരുന്ന ഭക്തർ. സംസാര ദുഃഖങ്ങളിൽ നിന്നും സർവ പാപങ്ങളിൽ നിന്നും ഈ അഗ്നിതീർഥം മുക്തി തരുമെന്ന് അവർ വിശ്വസിക്കുന്നു.
സൂര്യൻ ഉദിച്ചിരുന്നില്ല. പക്ഷേ, തീരത്തെ ബലിതർപ്പണ മണ്ഡപത്തിൽ പൂജാരിമാർ നിരന്നിരിക്കുന്നു. അവർക്കു മുന്നിൽ മൺപാത്രത്തിൽ അഗ്നിയെരിയുന്നു. ദർഭ വിരലിൽ ചുറ്റിയ ഭക്തർ ഈറനായ ദേഹവുമായി പൂജാരി ചൊല്ലുന്ന മന്ത്രങ്ങളേറ്റു ചൊല്ലി.. ‘‘തിലതർപ്പണ രൂപേണാം..’’

ഭക്തിയുടെ സമുദ്രതീരം
ജീവിതത്തിന്റെ മറകളില്ലാത്ത പ്രവാഹമാണീ തീരത്ത്. മനുഷ്യർക്കിടയിലൂടെ അവരെ ഗൗനിക്കാതെ അലസമായി അലഞ്ഞു നടക്കുന്ന പശുക്കളും ആടുകളും. പശുക്കൾക്ക് പച്ചിലകൾ കൊടുക്കുന്നതു പുണ്യമായി കരുതുന്നതിനാൽ പച്ചിലകൾ വിൽക്കാൻ നിൽക്കുന്ന സ്ത്രീകളുമുണ്ട്. കിഴക്കേ ഗോപുരത്തിലേക്കുള്ള പാതയിൽ പലതരം ശംഖുകളും കൗതുക വസ്തുക്കളും ശിവലിംഗങ്ങളും നിരന്ന വഴിയോരക്കടകൾ. ജന്മദുഃഖങ്ങൾക്കൊടുവിൽ ഇവിടമാണ് അഭയമെന്ന മട്ടിൽ ഗോപുരത്തിലേക്കുള്ള വഴിയുടെ വശങ്ങളിൽ വന്നടിഞ്ഞിരിക്കുന്ന വൃദ്ധരായ ഭിക്ഷക്കാർ. ജനത്തിരക്കും ശുചിത്വക്കുറവും കാരണം കടൽത്തീരം അങ്ങേയറ്റം മലിനമാക്കപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക്കും തുണികളും അവശിഷ്ടങ്ങളും ചിതറിയ പാഴ് വസ്തുക്കളുമെല്ലാം...
എങ്കിലും എല്ലാത്തിനും മീതെ ഭക്തിയുടെ ഇരമ്പമുണ്ട്. തിരകൾ പോലെ കിഴക്കേ ഗോപുര കവാടത്തിലേക്ക് പ്രവഹിക്കുന്ന ഭക്തരുടെ ഒഴുക്ക്. സൂര്യൻ ഉണരും മുമ്പേയുള്ള ഈ തിരക്ക് രാവിലത്തെ സ്ഫടിക ലിംഗ ആരാധനയുടെ ദർശനത്തിനായാണ്. കാരണം, ഇതാണ് രാമേശ്വരം ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട പൂജ. രാവിലെ അഞ്ചേകാലിനാണ് സ്ഫടികലിംഗ പൂജാ ദർശനം ആരംഭിക്കുന്നത്.

രാമനാഥ സ്വാമിയുടെ സന്നിധി
കനത്ത സെക്യൂരിറ്റിയാണിപ്പോൾ ക്ഷേത്രത്തിന്. ക്യാമറയും മൊബൈൽ ഫോണും കർശനമായി നിരോധിച്ചിരിക്കുന്നു. ക വാടം കടന്നു ചെല്ലുമ്പോഴാദ്യം ഇടതു വശത്തായി വിനായകരുടെ സന്നിധിയാണ്. വിനായകരെ വണങ്ങി നടക്കുമ്പോൾ ഇരുവശത്തും പവിത്ര സ്നാനത്തിനുള്ള തീർഥങ്ങളുടെ അടയാളം കാണാം. കവാടം കടന്നു ചെല്ലുമ്പോൾ മൂന്നാം പ്രാകാരത്തിലെത്തുന്നു. ഇതാണ് പേരുകേട്ട രാമേശ്വരം ക്ഷേത്രത്തിന്റെ പ്രദക്ഷിണ ഇടനാഴി. ദ്വാരപാലകന്മാരെയും വ്യാളീ മുഖങ്ങളും കൊത്തിയ തൂണുകളും രാമകഥയുടെ ചിത്രങ്ങൾ വരച്ച മച്ചും സുന്ദരമാക്കിയ ഇടനാഴി മുറിച്ചു കടന്ന് അടുത്ത മണ്ഡപത്തിലേക്കെത്തി. മുന്നിൽ പടുകൂറ്റൻ നന്ദികേശ്വര സന്നിധിയാണ്. നന്ദി ശ്രീകോവിലിനു മുന്നിലാണ് സ്വർണക്കൊടിമരം.
ശിവന്റെ ശ്രീകോവിലിനെ അഭിമുഖീകരിക്കും പോലെയാണ് നന്ദി സന്നിധി. നന്ദിയെ വണങ്ങി വീണ്ടും ചെല്ലുന്നത് ക്ഷേത്രത്തിലെ പ്രധാന സന്നിധിയായ രാമനാഥസ്വാമി സന്നിധിയിലേക്കാണ്. തമിഴ്നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിലെ പോലെ ഇവിടെയും സ്പെഷൽ ദർശനത്തിനായുള്ള ടിക്കറ്റെടുത്ത് വലിയ ക്യൂവിൽ നിൽക്കാതെ തന്നെ സന്നിധിയുെട മുന്നിലെത്താം. പക്ഷേ, രാവിലത്തെ സ്ഫടികലിംഗ ദർശനത്തിന് എല്ലാവരും തന്നെ സ്പെഷൽ ടിക്കറ്റെടുത്തവരാണെന്നു തോന്നുന്നു. കാരണം, രാമനാഥസ്വാമിയുടെ ശ്രീകോവിലിനു മുന്നിൽ അറ്റം കാണാനാവാത്ത ക്യൂ ആയിരുന്നു.
ആ ക്യൂവിലൊന്നും കയറാതെ തന്നെ ‘ശിവശിവാ’ ഉരുവിട്ട് ഇടനാഴിയിൽ അൽപം മാറി കണ്ണടച്ചിരിക്കുകയാണ് വീൽചെയറിൽ കൗസല്യയെന്ന മുത്തശ്ശി. ട്രിച്ചിയിൽ നിന്നാണ്. പക്ഷാഘാതം ശരീരത്തെ തളർത്തിയിരുന്നു. എന്നെങ്കിലും, എണീറ്റിരിക്കാനായാൽ രാമനാഥ സ്വാമിയെവന്ന് തൊഴാമെന്ന് നേർന്നിരുന്നു. അങ്ങനെയാണീ വരവ്. ‘‘എല്ലാമേ എനക്ക് രാമനാഥ സ്വാമിതാൻ..’’ അവര്‍ പതുക്കെ പറഞ്ഞു.
ശ്രീകോവിൽ ശിൽപഭംഗിയുള്ള കരിങ്കൽ തൂണുകളാൽ അലംകൃതമാണ്. ശ്രീകോവിലിന്റെ ഇടതു വശത്തായി 64 നായ നാർമാരുടെ കരിങ്കൽ ശിൽപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്യൂവിലെ ഭക്തരോരോരുത്തരും അക്ഷമരായിരുന്നു. രാമ രാമ വിളികളുമായി ഗുജറാത്തിൽ നിന്നു വന്ന ഒരു കൂട്ടം ഭക്തർ... ഒടുവിൽ ഭക്തരുടെ തിരത്തള്ളലിലൂടെ ഒഴുകി ശ്രീകോവിലിന്റെ മുന്നിലെത്തി. വെള്ളിവാതിലുള്ള ശ്രീകോവിലിനുള്ളിൽ ദീപാലംകൃതമായ അന്തരീക്ഷത്തിൽ സ്ഫടികലിംഗം...!
അധികം നേരം ദർശനത്തിന് സമ്മതിക്കാതെ ഭക്തരെ വേഗം തള്ളി മാറ്റുകയാണ് ക്ഷേത്ര ജീവനക്കാർ. ഇവിടുത്തെ ശ്രീകോവിലിൽ രണ്ടു ശിവലിംഗങ്ങളുണ്ട്. ശ്രീകോവിലിനു മുന്നിലായി ആഞ്ജനേയ സന്നിധിയും വലതു വശത്തായി ശ്രീരാമ, ലക്ഷ്മണ, സീത, സുഗ്രീവ സന്നിധിയും ഉണ്ട്.
ശിവലിംഗത്തിനൊപ്പം ‘ആഞ്ജനേയനായ’ ഹനുമാനും മുഖ്യസ്ഥാനമുണ്ട് ഈ ക്ഷേത്രത്തിൽ. അതിന്റെ പിന്നിലും ഉണ്ട് പുരാണ കഥ. ശ്രീപരമേശ്വരനെ ധ്യാനിക്കാൻ ശ്രീരാമനോട് ഋഷികൾ നിർദേശിച്ചപ്പോള്‍ ശിവലിംഗം കൊണ്ടു വരാനായി ആദ്യം അയച്ചത് ഹനുമാനെയാണ്, ഹിമാലയത്തിലേക്ക്. പക്ഷേ, ഹനുമാൻ തിരികെ വരാൻ െെവകിയതിനാൽ സീതാദേവി മണൽ കൊണ്ട് ഉണ്ടാക്കിയ ശിവലിംഗം ശ്രീരാമൻ പ്രതിഷ്ഠിച്ചു ധ്യാനിച്ചു. വൈകാതെ തിരിച്ചെത്തിയ ഹനുമാൻ പ്രതിഷ്ഠ നടത്തിയതറിഞ്ഞു പരിഭവിച്ചു. ശ്രീരാമൻ ഹനുമാന്റെ പരിഭവം മാറ്റാനായി പറഞ്ഞു; താൻ ആദ്യം പ്രതിഷ്ഠിച്ച ശിവലിംഗം എടുത്തു മാറ്റിക്കൊളളാൻ. അങ്ങനെ ഹനുമാൻ തന്റെ വാൽ കൊണ്ട് ശക്തി മുഴുവൻ സംഭരിച്ചു വലിച്ചു നോക്കിയെങ്കിലും ശിവലിംഗം ഒന്ന് അനക്കാൻ പോലും സാധിച്ചില്ല. ഹനുമാൻ സ്വയം വിനീതനായി. എങ്കിലും ഭക്തവൽസലനായ ശ്രീരാമൻ തന്റെ ഭക്തനായ ഹനുമാൻ കൊണ്ടു വന്ന ശിവലിംഗവും ഇടതു വശത്തായി പ്രതിഷ്ഠിച്ചു. ആദ്യത്തെ പൂജ ആ ബിംബത്തിനായിരിക്കണം എന്ന് തീർച്ചപ്പെടുത്തുകയും ചെയ്തത്രേ. ഇന്നും ഈ ചിട്ട പാലിക്കപ്പെടുന്നു.
ശ്രീകോവിലിനു പിന്നിലായി ദക്ഷിണാമൂർത്തി സന്നിധി, രാമലക്ഷ്മണ സന്നിധി, സോമസുന്ദര സന്നിധി ഇങ്ങനെ പല സന്നിധികളുമുണ്ട്. അവിടെയെല്ലാം വണങ്ങി ചുറ്റി വരുമ്പോൾ പർവ്വതവർദ്ധിനി അമ്മൻ സന്നിധിയാണ് ഇടത്തു വശത്ത്. ഇവിടവും ഒരു ക്ഷേത്രം പോലെ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നു. മുന്നിലായി നന്ദി ശ്രീകോവിലും സ്വർണധ്വജവും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപം അനേകം കരിങ്കൽ ശിൽപങ്ങളാൽ മനോഹരമാക്കപ്പെട്ടിട്ടുണ്ട്. പ്രദക്ഷിണ വഴികളുടെ ചുറ്റുമ്പോൾ കാണാം; പല കോണുകളിലായി പള്ളികൊണ്ട പെരുമാൾ സന്നിധി, പതഞ്ജലി മഹർഷി സന്നിധി, രാമലിംഗ സന്നിധി ഇങ്ങനെ ഭക്തി സാന്ദ്രമായ അനവധി സന്നിധികൾ. അവിടെയെല്ലാം കാണിക്കയർപ്പിച്ചു നില്ക്കുന്ന ഭക്തരെയും.

22 തീർഥങ്ങളിലെ കുളി
രാമനാഥസ്വാമി ക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങൾ സ ദാ ഈറനണിഞ്ഞു കിടക്കുന്നു. തീർഥ സ്നാനത്തിന്റെ ജലം ഈ നിലത്തിനെ എപ്പോഴും നനയ്ക്കുന്നു. രാമേശ്വരം ക്ഷേത്രത്തെ സവിശേഷമാക്കുന്നത് ഇവിടുത്തെ പവിത്രമായ തീർഥങ്ങളാണ്. 22 തീർഥങ്ങളാണ് ക്ഷേത്രത്തിനകത്ത്. ഇതിൽ കുളിക്കുന്നതോടെ ഭക്തരുടെ സർവപാപദോഷങ്ങളിൽ നിന്നും വിമുക്തിയുണ്ടാകുമെന്നാണ് വിശ്വാസം. 22 തീർഥങ്ങൾ ശ്രീരാമന്റെ വില്ലിലെ 22 അമ്പുകളെയാണത്രേ സൂചിപ്പിക്കുന്നത്. ഏറ്റവും പ്രധാനം അഗ്നി തീർഥമെന്ന സമുദ്രതീരം തന്നെ. അതിനാൽ ക്ഷേത്രത്തിലെ തീർഥത്തിൽ കുളിക്കും മുമ്പ് സമുദ്രസ്നാനം നടത്തണമെന്നാണ് ആചാരം.
ശുഭ്രവസ്ത്രവും ചന്ദനക്കുറിയും അണിഞ്ഞ് രാമമൂര്‍ത്തി എത്തി. ക്ഷേത്രജീവനക്കാരനും ഗൈഡുമാണ്. ‘‘25 രൂപ ടിക്കറ്റെടുത്താൽ തീർഥസ്നാനത്തിനായി തനിയെ പോകാം. 250 രൂപ അടച്ചാൽ ഒാരോ തീർഥത്തിലേക്കും ഗൈഡ് കൂട്ടി കൊ ണ്ടു പോകും. തീർഥം കോരി ദേഹത്ത് ഒഴിക്കും.’’ പണമടച്ചപ്പോൾ അദ്ദേഹം തീർഥങ്ങളിലേക്കുള്ള വഴിയേ നയിച്ചു. ശ്രീമഹാലക്ഷ്മി തീർഥമാണ് ഒന്നാമത്തെ തീർഥം. തീർഥക്കിണറ്റിലെ ജലം ക്ഷേത്ര ജീവനക്കാർ ബക്കറ്റിൽ കോരിയെടുത്ത് ഭക്തരുടെ ശിരസ്സിലൂടെ ഒഴിക്കുന്നു. തീർഥക്കുളി, ഭക്തിയുള്ള ഒരാളെ സംബന്ധിച്ച് ആത്മീയാനുഭൂതി പകരുന്ന അനുഭവമാണ്! വാക്കുകളാൽ അതിനെ വർണിക്കാൻ പ്രയാസമാണ്. കണ്ണടച്ച് നിൽക്കെ തീർഥം ശിരസ്സിനെയും ശരീരത്തെയാകെയും നനയ്ക്കുമ്പോൾ ഭഗവാനെ മനസ്സിൽ വിചാരിച്ചു പോകും.
സർവദോഷങ്ങളിൽ നിന്നും സംസാര ദുഖങ്ങളിൽ നിന്നും വിമുക്തി തരുന്ന ഏതോ പുണ്യം അനുഭവപ്പെടും! ക്ഷേത്രത്തിനകത്ത് ഇരുവശങ്ങളിലായിട്ടുള്ള മതിൽക്കെട്ടുകൾക്കുള്ളിൽ പലയിടത്തായിട്ടാണ് തീർഥക്കിണറുകൾ. ഒാ രോ തീർഥവും കടന്ന് അടുത്തതിലേക്ക് വഴികാട്ടിയുടെ പിന്നാലെ നടന്നു. സാവിത്രി തീർഥം, ഗായത്രി തീർഥം, സരസ്വതി തീർഥം... ഇതു കഴിഞ്ഞാലുള്ള സേതുമാധവതീർഥം വിശാലമായ താമരക്കുളമാണ്. ഇനി ഗന്ധമാദന തീർഥം, ഗവാക്ഷ തീർഥം, കവായ തീർഥം, നള തീർഥം, നിള തീർഥം, ശങ്കു തീർഥം, ചക്ര തീർഥം, ബ്രഹ്മഹത്യാ വിമോചന തീർഥം, സൂര്യ തീർഥം, ചന്ദ്ര തീർഥം, ഗംഗാ തീർഥം, യമുനാ തീർഥം, ഗയാ തീർഥം, ശിവ തീർഥം, സത്യ മിത്ര തീർഥം, സർവ തീർഥം... ഇനി അവസാനത്തെ തീർഥം. അത് കോടി തീർഥമാണ്. ഇവിടെ ഒരു കൊച്ചു പാത്രത്തിൽ വെള്ളമെടുത്ത് ശിരസ്സിലേക്കു കുടഞ്ഞ് നനയ്ക്കുന്നതേയുള്ളൂ.

കോടി തീർഥത്തിലും കൂടി നനയുന്നതോടെ ശരീരവും മനസ്സും പവിത്രമാക്കപ്പെടുന്ന അനുഭവം തോന്നും. നനഞ്ഞ വസ്ത്രവുമായി ഭഗവാനെ ദർശിക്കാൻ പാടില്ല. അതിനാൽ തീർഥക്കുളിക്കു ശേഷം പുറത്തുനിന്ന് തൊഴുതശേഷം വസ്ത്രം മാറി വന്നിട്ടു വേണം ശ്രീകോവിലിൽ പോയി തൊഴാൻ. തീർഥസ്നാനം ഇവിടുത്തെ ഗൈഡുമാരുടെ വരുമാനമാർഗം കൂടിയാണ്. അടുത്ത ഭക്തരുടെ അടുക്കലേക്ക്് തിരക്കിട്ട് രാമമൂർത്തി ഒാടിപ്പോയി. പൂജകൾ ചെയ്യാനാഗ്രഹിക്കുന്നവർക്കായി പൂജാരിമാർ കാത്തു നിൽക്കുന്നു. ഇടനാഴിയിലൂടെ നടക്കുമ്പോൾ അങ്ങനെ കുടുംബമൊന്നിച്ചു ചെയ്യുന്ന പൂജയുടെ മന്ത്രോച്ചാരണങ്ങൾ കാതിൽ വന്നലയ്ക്കുന്നു.
തൊഴുതിറങ്ങി വരുമ്പോൾ മുന്നിൽ വിസ്മയം പോലെ മൂന്നാമത്തെ പ്രദക്ഷിണ ഇടനാഴി. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും വച്ച് ഏറ്റവും നീളമുള്ള പ്രദക്ഷിണ ഇടനാഴി ഇതാണ്. നീളം കിഴക്ക് – പടിഞ്ഞാറ് 400 അടിയും തെക്കു – വടക്ക് 640 അടിയും ആണ്. വ്യാളീ മുഖവും ചിത്രപ്പണികളും മനോഹരമാക്കിയ 1212 തൂണുകൾ. ഈ ഇടനാഴിയിലൂടെ നടക്കുമ്പോൾ രാമനാഥസ്വാമി ക്ഷേത്രത്തെ ഇന്നത്തെ രൂപത്തിലാക്കിയെടുത്ത പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും സേതുപതി രാജാക്കന്മാരെക്കുറിച്ചും ചിന്തിച്ചു പോകും.
അതി പ്രാചീന കാലത്ത് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒാലക്കുടിലിലായിരുന്നുവത്രേ! അന്ന് അത് സംരക്ഷിച്ചിരുന്നത് ഒരു സന്യാസിയായിരുന്നുവെന്നാണ് വിശ്വാസം. പിന്നീട് പല കാലഘട്ടങ്ങളിലായി ഭക്തരായ അനേകം രാജാക്കന്മാർ ഈ ക്ഷേത്രത്തെ മണ്ഡപങ്ങളും പ്രാകാരങ്ങളും കൊത്തുപണികളും സന്നിധികളും പണിയിപ്പിച്ച് വലുതാക്കി കൊണ്ടിരുന്നു. 12–ാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാക്കന്മാരാണ് ക്ഷേത്രത്തെ ആദ്യം മനോഹരമായി പടുത്തുയർത്തിയത്. ജാഫ്നയിലെ ഭക്തരായ രാജാക്കന്മാർക്കും ക്ഷേത്രം വലുതാക്കുന്നതിൽ പ്രധാന പങ്കുണ്ട്. 17 –ാം നൂറ്റാണ്ടിൽ സേതുപതിമാരാണ് മൂന്നാം പ്രദക്ഷിണ ഇടനാഴി പണിയിപ്പിച്ചത്. പടിഞ്ഞാറേ ഗോപുരത്തിനടുത്തായി സേതുപതിമാരിൽ പ്രമുഖരുടെ ഛായാചിത്രം വരച്ചു വച്ചിട്ടുണ്ട്.

ജീവിതത്തിന്റെ തിരകൾ
സായാഹ്നത്തിൽ കടൽതീരത്തേക്ക് വീണ്ടുമെത്തി. ഒരിക്കലും വിരാമമില്ലാത്തതു പോലെയാണ് അഗ്നിതീർഥത്തിലെ മ ണ്ഡപത്തിൽ പിതൃബലിയുടെ പൂജകൾ നടക്കുന്നത്. സൂര്യനുദിക്കും മുമ്പേ തുടങ്ങുന്ന പൂജകൾ രാത്രിയിലും നീളുന്നു. ലക്ഷ്മീനാരായണ ശർമ എന്ന പൂജാരി പറഞ്ഞു: ‘‘ഒരു ദിവസം ഞാൻ നൂറു പൂജകളെങ്കിലും ചെയ്യുന്നുണ്ട്. മരിച്ച പ്രിയപ്പെട്ടവരുടെ ആത്മാവിനു ശാന്തി കിട്ടാനുള്ള പ്രാർഥനകളുമായിട്ടാണ് ഒാരോരുത്തരുമിവിടെ വരുന്നത്. വേർപാടിന്റെ ഭാരം ശിവ ഭഗവാന്റെ നടയിലർപ്പിച്ച്....
ഇവിടെ ഞങ്ങളുടെ ഒാരോ ദിവസത്തെയും എല്ലാവരുടെയും വരുമാനം വൈകിട്ട് ഒന്നിച്ച് ശേഖരിക്കും. നാനൂറോളം അംഗങ്ങളുണ്ട്് ഞങ്ങളുടെ കൂട്ടത്തിൽ. എല്ലാവർക്കുമിടയിൽ ഈ തുക പങ്കിട്ട് എടുക്കുകയാണ് പതിവ്... പൂജാരിമാർ മാത്രമല്ല, സഹായികളായ ചെറിയ ജോലിക്കാർക്ക് വരെ.
20 വർഷമായി ഞാൻ പിതൃപൂജ ചെയ്യുന്നു. പൈതൃകമായി ലഭിച്ചതാണീ പൂജാരി സ്ഥാനം. എന്റെ അച്ഛനും പൂജാരിയായിരുന്നു. ഒാരോ ദിവസവും മറക്കാനാവാത്ത അനുഭവങ്ങളാണ്. ദുഃഖഭാരം നിറഞ്ഞ എത്രയെത്ര മുഖങ്ങൾ! അച്ഛൻ ചൊല്ലുന്ന മന്ത്രങ്ങൾ കേട്ടു പഠിച്ചു തുടങ്ങിയതാണ് ഞാൻ...!’’
ഒരു കൊച്ചു കുട്ടിയും അവന്റെ അമ്മയും അദ്ദേഹത്തിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. കുട്ടി വിരലിലെ ദർഭ കൗതുകത്തോടെ ചുറ്റിക്കൊണ്ടിരുന്നു കുടുംബാംഗങ്ങളെല്ലാം അവർക്കു ചുറ്റും സ്നേഹത്തോടെ, അടക്കി വച്ച ദുഃഖത്തോടെ നിരന്നു നിന്നു. ലക്ഷ്മീനാരായണൻ മന്ത്രങ്ങൾ ചൊല്ലി:
‘‘ഗോത്രാണാം വസുരുദ്രേ... ആദിത്യേ സ്വരൂപാണാം...
....... സ്വഥ തർപ്പയാമി...........’’
കുട്ടി അതേറ്റു ചൊല്ലുന്നു. ഒടുവിൽ എള്ളും പൂവും നിവേദ്യവുമെടുത്ത് അവർ കടലിലേക്കിറങ്ങി. തിരിച്ചു കയറുന്ന വഴിക്ക് ആ വീട്ടമ്മ സ്വയം പരിചയപ്പെടുത്തി: ‘‘ചെന്നൈയിൽ ഉദ്യോഗസ്ഥയാണ്. ലക്ഷിത. മകൻ പ്രണവ്. സ്വദേശം മധുരയാണ്. രണ്ടു വർഷം മുമ്പായിരുന്നു കുട്ടിയുടെ അച്ഛന്റെ മരണം. പൂജ ചെയ്തിട്ട് വേഗം മടങ്ങണം...’’
കുട്ടി കൗതുകത്തിലായിരുന്നു. ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൻ അമ്മയോട് എന്തോ കൗതുകം വിവരിച്ച് പുഞ്ചിരിച്ചു. അമ്മ കടലിനെ നോക്കി പ്രാർഥിച്ചു. മരിച്ചയാളിന്റെ ഒാർമ സ്മൃതിയിൽ നിറയുന്നു. എങ്കിലും ജീവിതത്തിന്റെ തിരക്കിട്ട ഒഴുക്കിൽ എല്ലാം സ്വാഭാവികമായതു പോലെ. ആത്മാവിന്റെ ശാന്തിക്കായുള്ള പ്രാർഥനകൾ. എല്ലാം ഏറ്റു വാങ്ങുന്ന അഗ്നിതീർഥത്തിലെ കടൽ ആ പ്രാർഥനയും ഏറ്റുവാങ്ങി. കടൽ അപ്പോഴൊരു ‘കാരുണ്യവാരിധി’ പോലെ...
പിന്നെ, കടൽതീരത്ത് ഇരുട്ടിന് കട്ടി കൂടിക്കൂടി വന്നു. പ ക്ഷേ, അപ്പോഴും തിരക്കൊഴിയുന്നേയില്ല. എല്ലാവരും നിഴലുകൾ പോലെ ഒന്നിച്ച് ഒരു പ്രവാഹം പോലെയൊഴുകി. ആ ഒഴുക്കിലലിഞ്ഞ് വീണ്ടുമൊരിക്കൽ കൂടി രാമനാഥ സ്വാമിയുടെ സന്നിധിയിലേക്ക്, അലയുന്ന പശുക്കളെയും ഭിക്ഷക്കാരെയും സന്ന്യാസിമാരെയും എല്ലാം കടന്ന് നടന്നു. ദൂരെ കിഴക്കേ ഗോപുരം മഞ്ഞ നിറത്തിൽ കുളിച്ചു നിൽക്കുന്നു... അവിടെ തെളിയുന്നു ആരുടെയോ ഹൃദയത്തിലെ ദീപ്തമായ പ്രാർഥന പോലെ ശിവ ശിവ എന്ന മന്ത്രാക്ഷരങ്ങൾ! അപ്പോഴും പിന്നിൽ കേൾക്കാം, രാമ കഥ പാടുന്ന കടലിന്റെ നേർത്ത ഇരമ്പം.

രാമേശ്വരത്തിനടുത്തുള്ള കാഴ്ചകൾ
12 ജ്യോതിർ ലിംഗക്ഷേത്രങ്ങളിലൊന്നും ഹൈന്ദവരുടെ ച തുർ ധാമ ക്ഷേത്രങ്ങളിലൊന്നുമാണ് രാമേശ്വരം. ദ്വാരക, പുരി, ബദരി ഇവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. രാമേശ്വരം ദീപിലെങ്ങും രാമായണ െഎതിഹ്യത്തിന്റെ അടയാളങ്ങൾ ചിതറിക്കിടക്കുന്നു. ശ്രീരാമൻ സേതു ബന്ധനത്തിനു മുമ്പ് ഏകാന്തനായി പ്രാർഥിച്ചെന്നു കരുതുന്ന പ്രാചീന ക്ഷേത്രമാണ് ഏകാന്തരാമേശ്വരം ക്ഷേത്രം. ഇത് രാമേശ്വരത്തു നിന്ന് ഏഴു കിലോമീറ്റർ ദൂരെ തങ്കച്ചിമാടം റെയിൽവെ സ്റ്റേഷനടുത്താണ്. ഗന്ധമാദന പർവതത്തിൽ ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞുവെന്നു വിശ്വസിക്കുന്ന കല്ലുണ്ട്. വില്ലൂന്നി തീർഥവും അതിനടുത്താണ്.
ധനുഷ്കോടി
രാമകഥകളുടെ പുണ്യം തേടുന്നവർ ധനുഷ്കോടിയിലേക്കും പോകണം. ഇത് രാമേശ്വരത്തു നിന്ന് 27 കിലോമീറ്റർ ദൂരത്തായി പാമ്പൻ ദ്വീപിലാണ്. മുമ്പ് ധനുഷ്കോടിയും രാമേശ്വരം പോലെ തന്നെ തിരക്കേറിയൊരു ജനവാസകേന്ദ്രമായിരുന്നു. 1964 –ലെ ചുഴലിക്കാറ്റ് ധനുഷ്കോടിയെ തൂത്തെറിഞ്ഞു. ധനുഷ് കോടിയിലെ കടൽത്തീരത്താണ് രാമസേതു അഥവാ രാമൻ ലങ്കയിലേക്ക് നിർമിച്ച പാലം. സമുദ്രത്തിനടിയിൽ ഇന്നും രാമസേതുവെന്ന ആ പാലമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് 27 കിലോമീറ്റർ ദൂരമേയുള്ളൂ.
ദേവിപട്ടണം
രാമേശ്വരത്തു നിന്നും രാമനാഥപുരത്തേക്കുള്ള വഴിക്കു സമീപമായിട്ടാണ് ദേവിപട്ടണം. ഇവിടെ സമുദ്രത്തിനുള്ളിലായുള്ള നവഗ്രഹപ്രതിഷ്ഠ ശ്രീരാമൻ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കുന്നു. ‘നവബാഷാണം’ എന്നറിയപ്പെടുന്ന ഈ കൊച്ചു ക്ഷേത്രത്തിലേക്ക് ഭക്തർ ഗ്രഹദോഷ ശാന്തിക്കായി വന്നുചേരുന്നു. കടലിലെ നവഗ്രഹശിലകളെ ചുറ്റി ജലത്തിലൂടെ പ്രദക്ഷിണം ചെയ്യുന്നു ഇവിടെ ഭക്തർ. രാമേശ്വരത്തെ കരയോടു ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ത്യാഗ ജീവിത ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജന്മഗൃഹ മ്യൂസിയം എന്നിവയും രാമേശ്വരത്തെ കാഴ്ചകളാണ്. പാമ്പന്‍പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്ര ആര്‍ക്കും അവിസ്മരണീയമായ അനുഭവം നല്‍കും.
