23 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാകുമ്പോൾ കവിതയ്ക്കു പറയാൻ ഒരായിരം വിശേഷങ്ങളുണ്ട്.
മലയാളത്തിലെ മികച്ച ഹൊറര്‍ കോമഡി ചിത്രങ്ങളിലൊന്നായ പകൽപ്പൂരത്തിൽ മുകേഷിന്റെ നായികയായെത്തിയ പെൺകുട്ടിയെ പിന്നീടൊരിക്കലും മലയാളികൾ കണ്ടില്ല. പകൽപ്പൂരത്തിൽ അനാമികയായെത്തിയ ഡോ. കവിത ജോസ് കോഴിക്കോട് കോവൂരെ വീട്ടിലുണ്ടിപ്പോൾ.
ഒരേയൊരു സിനിമ മാത്രം അഭിനയിച്ചു പിൻവാങ്ങിയ കവിത 23 വർഷത്തിനു ശേഷം വീണ്ടും അഭിനയത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. മനോരമ മാക്സിൽ റിലീസായ പത്തുമാസം എന്ന സിനിമയിലൂടെ.
സന്തോഷത്തിന് ഇരട്ടി മധുരമേകാൻ കവിതയുടെ മകൾ റെയ്സയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്നതിനപ്പുറം ഡോക്ടർ, സംരംഭക, എഴുത്തുകാരി, ബിൽഡർ, ഇന്റീരിയർ ഡിസൈനർ എന്നിങ്ങനെ വ്യത്യസ്ത റോളുകളിൽ ബിസിയാണു കവിത.
തേടിവന്ന ‘പത്തുമാസം’
‘‘പകൽപ്പൂരം കഴിഞ്ഞ് 23 വർഷമായെന്നു ചിന്തിക്കാനാകുന്നില്ല. സുഹൃത്തും ഛായാഗ്രാഹകനുമായ സുധീറാണ് പത്തുമാസത്തെക്കുറിച്ചു പറഞ്ഞത്. സിനിമയിലെ നായിക പ്രസീതയെക്കുറിച്ചു കേട്ടപ്പോൾ അഭിനയിക്കണമെന്നു തോന്നി.
എങ്കിലും വീട്ടിലെ സാഹചര്യമോർത്തപ്പോ ൾ മനസ്സ് പിന്നോട്ടാഞ്ഞു. എന്നാൽ, റോഷനും മക്കളും ചാച്ചയും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്നു. സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തപ്പോൾ തന്നെ മകൾ റെയ്സയെ കൂടി അഭിനയിപ്പിക്കണമെന്നു സംവിധായകരായ സുമോദ് സാറും ഗോപു സാറും പറഞ്ഞിരുന്നു. മോൾക്കും താൽപര്യമായിരുന്നു. അങ്ങനെ പ്രസീദയായി ഞാനും നിധിയായി മോളും എത്തി.
റെയ്സ: സ്കൂളിൽ ആർട്സിലൊക്കെ സജീവമാണ്. പക്ഷേ, ക്യാമറയ്ക്കു മുന്നിൽ ഇതാദ്യമാണ്. അമ്മ തന്നെയായിരുന്നല്ലോ സിനിമയിലും അമ്മ. അതുകൊണ്ടു പലപ്പോഴും വീട്ടിലെ സീനുകൾ റിക്രിയേറ്റ് ചെയ്യുന്നതു പോലെയേ തോന്നിയുള്ളൂ.

കവിത: എനിക്കു ചെറുപ്പം മുതലേ സിനിമയി ൽ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. മെഡിസിൻ പഠനം പൂർത്തിയാക്കി കോഴി ക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലി ൽ ജൂനിയറായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് പകൽപ്പൂരത്തിൽ അഭിനയിക്കുന്നത്. വീട്ടിൽ നിന്നു ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛൻ ജോസ് ഞെള്ളിമാക്കൽ കട്ട സപ്പോർട്ടായിരുന്നു. ചാച്ച കലാകാരനും കലാസ്വാദകനുമാണ്. ‘നഷ്ടപ്പെടുത്തിയ അവസരത്തെയോർത്തു മോൾ വിഷമിക്കേണ്ടി വരരുത്. എന്തായാലും ശ്രമിച്ചു നോക്കൂ’ എന്നു പറഞ്ഞ് അന്നു തന്ന അതേ സപ്പോർട്ട് ചാച്ച ഇപ്പോഴും തരുന്നുണ്ട്.
പകൽപ്പൂരത്തിനു ശേഷം തമിഴിൽ നിന്നുൾപ്പെടെ അവസരങ്ങൾ വന്നെങ്കിലും മനസ്സ് ആ വഴി സഞ്ചരിച്ചില്ല. ജീവിത സാഹചര്യങ്ങൾ മാറിയപ്പോൾ എന്റെ പ്രധാന പരിഗണന കുടുംബമായിരുന്നു. അങ്ങനെ കുടുംബത്തിന് ഒന്നാം റാങ്ക് നൽകിയപ്പോൾ എന്റെ ഇഷ്ടങ്ങൾ അവസാന റാങ്കുകളിലേക്ക് ആയിപ്പോയി.
ബിഎംഎച്ചിൽ ജോലി ചെയ്യുമ്പോഴാണ് ഡോ. റോഷൻ ബിജ്‌ലിയെ പരിചയപ്പെടുന്നത്. അടുത്തപ്പോൾ ഞ ങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരുപാടു ഘടകങ്ങളുണ്ടെന്നു മനസ്സിലായി. നല്ല സുഹൃത്തിനു നല്ല ജീവിതപങ്കാളിയാകാൻ സാധിക്കുമെന്നു തോന്നിയപ്പോൾ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരായി.
എന്നേക്കാൾ മുന്നേ സിനിമയിലെത്തിയ ആളാണു റോഷൻ. തികഞ്ഞ കലാകാരൻ. സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെയൊരു കൂടുകൂട്ടാം എന്ന സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ആളാണ്. ഉപ്പുമാവിന്റെ ഇംഗ്ലീഷ് ചോദിച്ച് മാഷിനെക്കുഴപ്പിച്ച ആ കുട്ടി ഇദ്ദേഹമാണ്. ഒരു വടക്കൻ വീരഗാഥയിൽ സുരേഷ്ഗോപി അവതരിപ്പിച്ച ആരോമൽ ചേകവർ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലവും സർഗത്തിൽ കുട്ടൻ തമ്പുരാന്റെ ചെറുപ്പകാലവും റോഷനാണു അഭിനയിച്ചത്. പിന്നീട് മയൂഖം, ക്ലാസ്മേറ്റ്സ്, ആകാശം, പഴശ്ശിരാജ തുടങ്ങിയ സിനിമകളുടേയും ഭാഗമായി. ഇപ്പോൾ കേന്ദ്രസർക്കാരിനു കീഴിലുള്ള കോഴിക്കോട് സിആർസിയുടെ ഡയറക്ടറാണ് റോഷൻ. പക്ഷേ, ജോലിയും കുടുംബവുമായി മുന്നോട്ടു നീങ്ങിയപ്പോൾ പതിയെ സിനിമയെന്ന സ്വപ്നം ജീവിതത്തിൽ നിന്നു ഒതുങ്ങി മാറി നിന്നു.
അമ്മക്കിളിയും മൂന്നു മക്കളും
‘‘ദാ... ഒരേ സമയം എന്നെ അമ്മയാക്കിയ മൂന്നു പേർ. ഇവരാണു ഞങ്ങളുടെ ലോകം. ഒരു പ്രസവത്തിൽ പിറന്ന മൂന്നു മക്കൾ. അമ്മയാകാൻ പോകുന്നു എന്നറിഞ്ഞ നിമിഷം അനുഭവിച്ച നിറവു പറഞ്ഞറിയിക്കാനാവില്ല. ആ സന്തോഷം ഇന്നുെമന്റെ ഉള്ളിലുണ്ട്. പക്ഷേ, ആദ്യ സ്കാനിൽ ത ന്നെ ആനന്ദം ആശങ്കയ്ക്കു വഴിമാറി. ഒന്നല്ല, മൂന്നു കുഞ്ഞു ജീവനുകളാണ് ഉള്ളിൽ വളരുന്നത്.
ഡോക്ടർമാരായതു കൊണ്ടുതന്നെ ട്രിപ്‍ലറ്റ് ഗർഭധാരണത്തിലുണ്ടാകുന്ന റിസ്കുകളെക്കുറിച്ചു ഞങ്ങൾക്കു നല്ല ധാരണയുണ്ടായിരുന്നു. എംബ്രിയോ റിഡക്‌ഷൻ പോലുള്ള പ്രതിവിധികൾ ഡോക്ടർമാർ നിർദേശിച്ചു. പക്ഷേ, അമ്മയല്ലേ, എനിക്കതിനാവില്ലല്ലോ.
റോഷൻ: ആദ്യത്തെ ആശങ്ക മാറിക്കഴിഞ്ഞപ്പോൾ ഞങ്ങൾ അത് ആസ്വദിക്കാൻ തുടങ്ങി. സ്കാനിങ് ഡേറ്റ് വരുമ്പോൾ വലിയ സന്തോഷമായിരുന്നു. മൂന്നുപേരുംകൂടി ഉള്ളിലെന്താണു ചെയ്യുന്നതെന്നു കാണാമല്ലോ.
ഒരിക്കൽ 3ഡി സ്കാൻ എടുത്തപ്പോൾ രസകരമായൊരു കാഴ്ചകണ്ടു. അമ്മുവിന്റെ രണ്ടു തോളുകളിലായി അച്ചുവും അപ്പുവും ഇരിക്കുന്നു. ബാലരമയിൽ മായാവിയുടെ തോളിൽ രാജുവും രാധയും ഇരിക്കുന്നതുപോലെ. മനോഹരമായ ആ ചിത്രം ഇന്നും മനസ്സിലുണ്ട്. ഏഴാം മാസത്തിന്റെ തുടക്കം മുതൽ കവിതയ്ക്ക് ഇടവിട്ടിടവിട്ടു പ്രസവവേദന വന്നു തുടങ്ങി. ഒടുവിൽ പ്രസവം വരെ ആശുപത്രിയിൽ അഡ്മിറ്റാകൂ എന്ന് ഡോക്ടർ നിർദേശിച്ചു.
കവിത: ദിവസങ്ങളെണ്ണിയുള്ള ആ കാത്തിരിപ്പിനൊടുവിൽ 31 ആഴ്ച പൂർത്തിയാക്കി അവരെത്തി. അവർക്കു ഞ ങ്ങൾ റെയ്സ (അമ്മു), റോണിത്ത് (അച്ചു), റോഹൻ (അപ്പു) എന്നു പേരു നൽകി.
ഓരോ മിനിറ്റിന്റെ വ്യത്യാസത്തിൽ പിറന്നവരുടെ ഭാരം ഒരു കിലോയിൽ താഴെയായിരുന്നു. രണ്ടു മാസത്തോളം മൂന്നുപേരും എൻഐസിയുവിൽ. അവിടെ മക്കളെ തനിച്ചാക്കി മുറിയിലേക്കു നടക്കുമ്പോൾ എന്റെയുള്ളു വിങ്ങും. പിന്നെ ആശ്വസിക്കും, മൂന്നാളും ഒരുമിച്ചാണല്ലോ. ഒരു കൂട്ട് ഉണ്ടായിരിക്കുക ജീവിതത്തിന്റെ ഏതു ഘട്ടത്തിലും പ്രധാനമാണല്ലോ. അക്കാര്യത്തിൽ അവർ ഭാഗ്യമുള്ളവരാണ്.
ഐസിയുവിൽ നിന്ന് അവരെ പൂർണമായി വിട്ടുകിട്ടിയ ദിവസം ഇന്നും നനവുള്ളൊരോർമയാണ്. പൂർണമായി ബെഡ്റെസ്റ്റിലായിരുന്നതുകൊണ്ട് എന്റെ മസിലുകൾ വളരെ ദുർബലമായി. ആറു മാസത്തോളം വേണ്ടിവന്നു എല്ലാം പഴയപടിയാകാൻ. മക്കളെ മൂന്നുപേരെയും ശ്രദ്ധിക്കാൻ തന്നെ വേണം മുഴുവൻ സമയവും. അതുകൊണ്ട് മെഡിസിൻ പ്രാക്ടീസ് വീട്ടിലാക്കി.
ആ സത്യം ഞങ്ങളറിഞ്ഞു
പക്ഷേ, ശരിക്കുള്ള യുദ്ധം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അവർ തമ്മിലുള്ള ഐക്യത്തിന്റെ ബലം കൂടുതൽ ശക്തമായി കണ്ടതു കരച്ചിലിലാണ്. ഒരാൾ കരഞ്ഞാൽ, ഒരു മിനിറ്റ് പോലും ക്ഷമിക്കാതെ മറ്റു രണ്ടു പേരും ഒപ്പം ചേരും. വയ്യാതെ വന്നാലും അങ്ങനെ തന്നെ. പക്ഷേ, അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.
മക്കൾക്ക് ആറു മാസമായപ്പോഴേക്കും അപ്പു ഐ കോണ്ടാക്ട് തരുന്നില്ലെന്നു ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ ആശങ്ക ചില ഡോക്ടർമാരുമായി പങ്കുവെച്ചപ്പോൾ തോന്നലാകുമെന്നവർ ആശ്വസിപ്പിച്ചു. എന്നാൽ, ഒന്നാമത്തെ പിറന്നാളിനു മുൻപ് ഉറപ്പിച്ചു, ഞങ്ങൾ ഭയക്കുന്നതു തന്നെയാണു സംഭവിക്കുന്നത്.
സുഹൃത്തുകൂടിയായ ഡോക്ടറുടെ നിർദേശ പ്രകാരം കുഞ്ഞുങ്ങളുമായി ഞങ്ങൾ ബെംഗളൂരുവിലേക്കു പോയി. ഒാട്ടിസത്തിന്റെ വകഭേദമായ പ്രശ്നമാണ് അപ്പുവിനെന്നു തിരിച്ചറിഞ്ഞു. പിന്നെ, അവിടെ തെറപ്പി ആരംഭിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഞാൻ തെറപ്പി പഠിച്ചു. ആറു വയസ്സിനു ശേഷമാണു അപ്പു മിണ്ടിത്തുടങ്ങിയത്. പിന്നീടെല്ലാം അവനു വേണ്ടിയായിരുന്നു.
(ഇതു പറയുമ്പോൾ കവിതയുടെ വാക്കുകൾ മുറിഞ്ഞു. അടുത്ത നിമിഷം അച്ചുവും അമ്മുവും സംസാരിച്ചുതുടങ്ങി. അപ്പുവിനു വേണ്ടി, അപ്പുവിനെക്കുറിച്ച്... )
അച്ചു : ഞങ്ങൾക്ക് ഓർമയുള്ളപ്പോൾ മുതൽ അപ്പുവിന് എ ല്ലാത്തിനോടും പേടിയായിരുന്നു. മണ്ണിൽ ചവിട്ടാൻ, കല്ലു കാണുമ്പോൾ. അങ്ങനെ എടുത്തുപറയാൻ പറ്റില്ല. അപ്പൂന് എല്ലാം പേടിയായിരുന്നു.
അമ്മ ഒപ്പമിരുന്ന് എല്ലാം പറഞ്ഞു കൊടുക്കും. മണ്ണ് പേടിയാണെങ്കിലും അമ്മ അപ്പുവിനെ മണ്ണിൽ നടത്തിക്കും. ഇപ്പോൾ അപ്പു ഒരുപാടു മെച്ചമായി. അമ്മയുടെ പ്രയത്നമാണ് അതിന്റെയെല്ലാം പിന്നിൽ. വൈബ് ആൻഡ് വോഗ് എന്ന ബുട്ടീക് അമ്മ ആരംഭിച്ചതും അപ്പുവിനായാണ്.
അമ്മു: അപ്പുവാണു ഞങ്ങളുടെ രാജാവ്. (അപ്പുവിനെ ചേർത്തു പിടിച്ച് അമ്മു പറഞ്ഞു. ഉള്ളിൽ നിറഞ്ഞ സന്തോഷം അപ്പു പ്രകടിപ്പിച്ചത് ഉയർന്നു ചാടിയും കവിതയ്ക്ക് ഉമ്മ കൊടുത്തുമാണ്) നാലാം ക്ലാസ് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ.
ഞാനും അച്ചുവും ഇപ്പോൾ ദേവഗിരി പബ്ലിക് സ്കൂളി ൽ പ്ലസ് വണിനു ചേർന്നു. അപ്പു ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. വീട്ടിൽ മാത്രമല്ല സ്കൂളിലും അപ്പു താരമാണ്. ചുറ്റും എപ്പോഴും സുഹൃത്തുക്കളുണ്ടാകും. അവനു ഭക്ഷണം വാരിക്കൊടുക്കാനും കളിക്കാനും സ്നേഹിക്കാനും ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. അപ്പു നല്ലൊരു കലാകാരനാണ്. മലയാളം മാത്രമല്ല തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളൊക്കെ അവനു മനസ്സിലാകും. പാട്ടുകളുടെ വരികളും ട്യൂണും എളുപ്പത്തിൽ പഠിക്കുകയും പാടുകയും ചെയ്യും.
ശാസ്ത്രീയ സംഗീതം, തബല, നാടോടി നൃത്തം, ഭരതനാട്യം തുടങ്ങിയവയാണു അച്ചുവിന്റെ മേഖല. സഹോദയ മത്സരത്തിൽ ജില്ലാ തലത്തിൽ മികച്ച നടനുമാണ് അച്ചു.
കവിത: അപ്പുവിനെ ഞങ്ങളേക്കാൾ സ്നേഹത്തോടെയും കരുതലോടെയും കൊണ്ടു നടക്കുന്നത് അമ്മുവും അച്ചുവുമാണ്. സത്യത്തിൽ എന്റെ സ്വർഗം അവരുടെ കൈക്കുള്ളിലാണ്. ഞാൻ അവരെയല്ല, അവർ എന്നെയാണു ചേർത്തു പിടിക്കുന്നത്.
റോഷൻ: തെറപ്പിയുടെ ഫലമായി അപ്പു ഇപ്പോൾ ഒരുപാടു മെച്ചപ്പെട്ടു. 85 ശതമാനവും അവൻ ഓക്കെയാണ്. യൗവനത്തിലേക്കു കടക്കുമ്പോൾ കുഞ്ഞ് ഇനിയും ബെറ്ററാകും എന്നാണ് ഡോക്ടർമാർ പറയുന്നത്.
എല്ലാവരുടേയും മുഖത്തു പ്രതീക്ഷയുടെ സൂര്യനാളം തെളിഞ്ഞു. പൂമ്പാറ്റയെപ്പോലെ, ഉത്സാഹത്തോടെ പാറിപ്പറക്കുന്ന അപ്പുവാണു ഈ വീടിന്റെ സന്തോഷത്തിന്റെ അച്ചുതണ്ട്. അമ്മയെക്കുറിച്ച് എന്താ അപ്പുവിനു പറയാനുള്ളത് എന്നു ചോദിച്ചപ്പോൾ ആദ്യം ഒന്നും മിണ്ടിയില്ല. ചോദ്യം ആവർത്തിക്കേണ്ടതില്ല എന്നു കരുതി പുറത്തേക്കിറങ്ങിയപ്പോൾ മുറ്റത്തെ പൂന്തോട്ടത്തിലേക്കോടിയ അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു ‘‘മേരി മാ, ഇസ് ദുനിയാ കി സബ്സെ അച്ചി മാ ഹെ...’’ കവിതയുടെ ചുണ്ടിന്റെയൊരു കോണിൽ അപ്പുവിന്റെ വാക്കുകൾ പുഞ്ചിരിയായി വന്നു തൊട്ടു.