ഏഴു വർഷം മുൻപാണ്. ഓണം റിലീസ് സിനിമകൾ തിയറ്റർ നിറ ഞ്ഞോടുന്നു. അതിലൊന്നിലെ സുപ്രധാന രംഗത്തിൽ നായകന്റെ അപ്പൂപ്പൻ മരിക്കും. കാരണം എന്തെന്നോ? നായകൻ ലെയ്സ് പാക്കറ്റ് പൊട്ടിക്കുമ്പോൾ കേട്ട ശബ്ദത്തിന്റെ ഷോക്കിൽ സഡൻ കാർഡിയാക് അറസ്റ്റ്... നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കണ്ടവരൊക്കെ ചിരിച്ചുമറിഞ്ഞ സീനാണിത്.
ഒരു മരണരംഗം തിയറ്ററിൽ ചിരി നിറച്ച ആ സിനിമയിലൂടെ സംവിധാനത്തിൽ അരങ്ങേറിയതാണ് അൽത്താഫ് സലിം. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുമെങ്കിലും കുറിക്കു കൊള്ളുന്ന ഫലിതം അൽത്താഫിന്റെ സിനിമയിലുണ്ടാകുമെന്ന് ആദ്യചിത്രത്തിലൂടെ തന്നെ മലയാളി ഉറപ്പിച്ചു. നടനായും നായകനായും സിനിമയിൽ നിറഞ്ഞ അൽത്താഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഈ ഓണത്തിനു തിയറ്ററിലെത്തുന്നു. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും നായികാനായകന്മാരാകുന്ന ഓടും കുതി ര, ചാടും കുതിര.
ഞണ്ടിനു ശേഷം കുതിരയുമായി വരാൻ ഏഴു വർഷത്തെ ബ്രേക്ക് വ ന്നല്ലോ എന്നാണ് അൽത്താഫിനോട് ആദ്യം ചോദിച്ചത്. ചെറുചിരിയോടെ പതിഞ്ഞ, ഉറച്ച ശബ്ദത്തിൽ വന്നു മറുപടി, ‘‘സംവിധാനത്തിൽ ഡെഡ്‌ലൈൻ ഒട്ടും വർക്കാകില്ല. ഞണ്ടുകൾക്കു ശേഷം മനസ്സിൽ സിനിമയ്ക്കായി കരുതിവച്ചതു കുതിരയെ തന്നെയാണ്. അതിനായി ഇത്ര സമയം വേണ്ടി വന്നു എന്നു മാത്രം. ധൃതി പിടിച്ചു സിനിമ സംവിധാനം ചെയ്യണമെന്നില്ല. കാത്തിരിക്കാനും ഒട്ടും മടിയില്ല.’’
ഫാമിലി ഡ്രാമയ്ക്കു ശേഷം റൊമാന്റിക് കോമഡി... ജോണർ മാ റുകയാണല്ലോ ?
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കോമഡി ഫാമിലി ഡ്രാമയാണ്. അതുകൊണ്ടുതന്നെ കുതിരയുടെ ത്രെഡ് വന്നപ്പോൾ റൊമാന്റിക് കോമഡി മതി എന്നുറപ്പിച്ചു. ചെയ്ത ജോണറിൽ തന്നെ വീണ്ടും സിനിമ ചെയ്യാൻ അത്ര താത്പര്യമില്ല. മാറിമാറി ചെയ്യുന്നതാണു സംവിധാനത്തിലെ ത്രിൽ.
ഫഹദിനോടാണ് ആദ്യം കഥ പറഞ്ഞത്. വളരെ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണു ഫഹദ് ഓക്കെ പറഞ്ഞത്. കല്യാണിക്കു കോമഡി വഴങ്ങുമെന്നു ബ്രോ ഡാഡി കണ്ടപ്പോൾ മനസ്സിലായതാണ്. മുംബൈ മലയാളിയായ രേവതിയും നായികാപ്രാധാന്യമുള്ള റോൾ ചെയ്യുന്നുണ്ട്. സിനിമയുടെ ഒരുപാട് ഡീറ്റെയ്ൽസ് പറയാനാകില്ലെങ്കിലും കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ കാണാവുന്ന, മദ്യപാനമോ പുകവലിയോ ഒന്നുമില്ലാത്ത സ മ്പൂർണ ലഹരിമുക്ത സിനിമയാണിത്.
സുഹൃത്തായ ആഷിക് ഉസ്മാൻ നിർമിച്ച്, വിനയ് ഫോ ർട്ടും സുരേഷ് കൃഷ്ണയും ലാൽ സാറും അനുരാജും സുധീർ കരമനയും വിനീത് തട്ടിലുമൊക്കെ അഭിനയിക്കുന്ന ക്ലീൻ ഫാമിലി കോമഡി സിനിമ.
ചെറുപ്പത്തിൽ സിനിമയിൽ മോഹിപ്പിച്ചത് എന്താണ് ?
പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലേ സിനിമകളോടു വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, വിജി തമ്പി സിനിമകളുടെ ഫാനായിരുന്നു. എല്ലാത്തരം സിനിമകളും കാണുമെങ്കിലും ഇവരുടെ സിനിമകളോട് എന്തോ പ്രത്യേക ഇഷ്ടം. ചിന്താവിഷ്ടയായ ശ്യാമള വീട്ടിലെല്ലാവരും കൂടി തിയറ്ററിൽ പോയി കണ്ടതാണ്. മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, സസ്നേഹം ഒക്കെ ടിവിയിൽ കണ്ടു രസിച്ചിരുന്നിട്ടുണ്ട്.
സിനിമയോടുള്ള താത്പര്യം കൊണ്ടു സിഡി ലൈബ്രറിയിൽ നിന്നു ലോകസിനിമകളുടെ കസെറ്റുകൾ എടുക്കാൻ തുടങ്ങി. അതോടെ വൂഡി അലൻ, അലക്സാണ്ടർ പെയ്ൻ എന്നീ സംവിധായകരോടായി ഇഷ്ടം. നർമരസത്തിൽ പൊതിഞ്ഞു സിനിമ അവതരിപ്പിക്കുന്നതാണ് അവരുടെയും രീതി. അങ്ങനെയൊക്കെയാകും എന്റെ എഴുത്തിലേക്കും തമാശ കയറി വന്നത്. ഇൻട്രോവർട് ആയിരുന്നതുകൊണ്ട് ഒരു മത്സരത്തിനും സ്റ്റേജിൽ കയറിയിട്ടില്ല. ഒ ന്നോ രണ്ടോ വട്ടം കഥാരചനയിൽ പങ്കെടുത്തതു മാത്രമാണ് ഈ രംഗത്തെ ആകെ പരിചയം.
സിനിമാക്കാരനാകുന്നു എന്നു പറഞ്ഞപ്പോൾ എന്തായിരുന്നു വീട്ടുകാരുടെ മറുപടി ?
കൊച്ചി കളമശ്ശേരിക്കടുത്ത് ഏലൂരിലാണ് വീട്. വാപ്പ സലിമിനോ ഉമ്മ ഖദീജയ്ക്കോ അനിയൻ ആസിഫിനോ അനിയത്തി അൽഫിയയ്ക്കോ എന്നല്ല കുടുംബത്തിലാർക്കും സിനിമയുമായി യാതൊരു ബന്ധവുമില്ല.
സിനിമയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അവർക്കൊക്കെ ആശങ്കകളുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ള ജോലി അല്ലല്ലോ എന്ന പേടി. അതുകൊണ്ട് ഒരു നിബന്ധന വച്ചു, ജോലി കിട്ടുന്ന ഒരു കോഴ്സ് പഠിച്ച ശേഷം മതി സിനിമ. അങ്ങനെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു ബിടെക് എടുത്തു. അപ്പോഴേക്കും സിനിമാമോഹം കുറച്ചുകൂടി ഉറച്ചതായി.
‘നുണക്കുഴി’യിലെ പോലെ നിർമാതാവിനെ തേടി അലയേണ്ടി വന്നിട്ടുണ്ടോ ?
ഇല്ലേയില്ല. ആലുവക്കാരനായതു കൊണ്ടുതന്നെ അൽഫോൺസ് പുത്രനും ഷറഫുദ്ദീനും കൃഷ്ണശങ്കറും നിവിനും സിജു വിൽസണുമൊക്കെ സുഹൃത്തുക്കളായിരുന്നു. എല്ലാ ദിവസവും വൈകിട്ടു ഞങ്ങൾ ഗോപൂസിൽ ഒത്തുകൂടും. സിനിമ തന്നെയാണു ചർച്ച. ആ സമയത്ത് അൽഫോൺസ് ഷോർട് ഫിലിം ജോലിയിലൊക്കെയാണ്. ഒരിക്കൽ ഞണ്ടുകളുടെ കഥ അൽഫോൺസിനോടു പറഞ്ഞു.
ആശുപത്രിയിൽ മാനേജരായിരുന്ന വാപ്പ കാൻസർ രോഗികളുടെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രോഗികളെ സന്ദർശിച്ച വിവര മൊക്കെ വീട്ടിൽ വന്നു പറയും. അങ്ങനെയൊരു സംസാരത്തിൽ നിന്നാണു ഞണ്ടുകളുടെ കഥ വീണുകിട്ടിയത്. കാ ൻസർ രോഗത്തെ കുറച്ചുകൂടി ലൈറ്റായി പറയാമെന്ന ചിന്തയാണ് ആദ്യം വന്നത്.
കഥ കേട്ടിട്ട് അൽഫോൺസ് പറഞ്ഞതു നിവിനോടു ക ഥ പറയൂ എന്നാണ്. കഥ കേട്ട പാടേ നിവിൻ കൈ തന്നു.പിന്നെ, ഒരു സന്തോഷവാർത്ത കൂടി പറഞ്ഞു, ‘ഈ സിനിമ ഞാൻ നിർമിക്കാം.’

ഇൻട്രോവർട് ആയ ആൾ പ്രേമത്തിലേക്കു നടനായി എത്തിയതെങ്ങനെ?
പ്രേമത്തിന്റെ പ്രീ പ്രൊഡക്‌ഷൻ മുതൽ അൽഫോൺസിനൊപ്പമുണ്ട്. സിനിമയുടെ ടെക്നിക്കൽ കാര്യങ്ങളൊക്കെ പഠിക്കുകയാണു ലക്ഷ്യം. അങ്ങനെയാണു മേരിയുടെ കൂട്ടുകാരനായ ജഹാംഗീറാകാൻ അവസരം വന്നത്. സ്കൂൾ യൂണിഫോമിൽ റെഡിയായി, പറഞ്ഞു തന്നതു പോലെ അഭിനയിച്ചു. പക്ഷേ, ഷോട്ട് കഴിഞ്ഞു സംവിധായകൻ ക ട്ട് വിളിക്കുമ്പോൾ പഴയ ഇൻട്രോവർട് തന്നെയായി മാറി.
മന്ദാകിനിയിൽ നായകനാകാൻ സംവിധായകൻ വിനോ ദും ക്യാമറാമാൻ ഷിജുവും വിളിച്ചപ്പോഴും കൺഫ്യൂഷനായിരുന്നു. അത്ര ആത്മവിശ്വാസമില്ല എന്നൊരു തോന്നൽ. തിരക്കഥ വായിച്ചപ്പോഴാണു കംഫർട് സോണിൽ നിൽക്കുന്ന സിനിമയാണെന്നു മനസ്സിലായത്. സിനിമ വിജയിച്ചെങ്കിലും അതൊന്നും തിയറ്ററിൽ പോയി കാണാനുള്ള ധൈര്യം ഇല്ല.
പക്ഷേ, സഹസംവിധായികയെ പ്രണയിക്കാനുള്ള ധൈര്യം കാണിച്ചു ?
അൽത്താഫ് : സിനിമയുമായി അടുപ്പമുള്ളയാൾ എന്നതായിരുന്നു ശ്രുതിയോടു തോന്നിയ ഇഷ്ടത്തിന്റെ കാരണം. സംസാരിച്ചപ്പോൾ ആ ഇഷ്ടം കൂടി. മൂന്നു വർഷം പ്രണയിച്ച ശേഷമാണു വിവാഹം.
സൗഹൃദം പ്രണയത്തിലേക്കെത്തിയപ്പോൾ തന്നെ വീട്ടിൽ വിവരം പറഞ്ഞിരുന്നു. രണ്ടു മതത്തിൽ പെട്ടവരായതിന്റെ കൺഫ്യൂഷൻ ഉണ്ടായിരുന്നെങ്കിലും അവർക്കെല്ലാം സന്തോഷമായിരുന്നു ആ തീരുമാനം. വീട്ടിൽ വച്ചായിരുന്നു റജിസ്റ്റർ വിവാഹം.
ശ്രുതി : കോഴിക്കോടാണ് എന്റെ നാട്. വിഷ്വൽ കമ്മ്യൂണിണിക്കേഷനിൽ മാസ്റ്റേഴ്സ് ചെയ്തശേഷം സംവിധായിക അഞ്ജലി മേനോന്റെ അസിസ്റ്റന്റായി ബാംഗ്ലൂർ ഡേയ്സിലാണു തുടക്കം. പിന്നെ, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനൊപ്പം സപ്തമശ്രീ തസ്കര.
അദ്ദേഹത്തിന്റെ ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ഷൂട്ടിങ് കാട്ടിൽ നടക്കുമ്പോഴാണു പ്രേമം നാട്ടിൽ റിലീസായത്. അതുകൊണ്ടു സിനിമ കാണാൻ പറ്റിയിരുന്നില്ല. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഒറ്റപ്പാലത്തു നടക്കുന്നതിനിടെ ഒരു ദിവസം അനിലേട്ടൻ പറഞ്ഞു, ‘ഇന്നൊരു ഗസ്റ്റ് ഉണ്ട്, ദിവസം അഞ്ചു സിനിമ കാണുന്ന ഒരാളാണ് വരുന്നത്...’
കുറച്ചു സമയത്തിനകം അൽത്താഫ് വന്നു. കണ്ട സിനിമകളെ കുറിച്ചൊക്കെ വളരെ സോഫ്റ്റായി സംസാരിച്ച് എ ല്ലാവർക്കുമൊപ്പം ഉച്ചയൂണു കഴിച്ചാണ് അൽത്താഫ് പോയത്. കുറച്ചുദിവസം കഴിഞ്ഞ് അൽത്താഫിന്റെ ഫോൺ, ‘ഒന്നു സംസാരിച്ചാലോ...’ ആ സംസാരം പ്രണയത്തിലേക്കും വിവാഹത്തിലുമെത്തി.
പ്രണയകാലത്തു രണ്ടുപേരും ഒന്നിച്ച് ദിവസം അഞ്ചു സിനിമകള്‍ കണ്ടിട്ടുണ്ടോ ?
ശ്രുതി : സിനിമ കാണാൻ പോകുന്നതാണു ഞങ്ങളുടെ ഒ രു ഡേറ്റ്. അന്ന് ഐമാക്സ് കേരളത്തിൽ വന്നിട്ടില്ല. പല സിനിമയും കാണാൻ കോയമ്പത്തൂരിലെ ഐമാക്സിലേക്കു ഞങ്ങളൊന്നിച്ചു പോകുമായിരുന്നു.
ഞണ്ടുകളുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. അതിൽ സഹസംവിധായികയാകാൻ വിളിച്ചെങ്കിലും വേറേ വർക്കിന്റെ തിരക്കിലായതിനാൽ സബ് ടൈറ്റിൽ മാത്രമാണു ചെയ്യാനായത്. സിനിമ റിലീസായ ദിവസം ഞങ്ങൾ രണ്ടും കൂടി തിയറ്ററിൽ പോയി.
പക്ഷേ, അ ൽത്താഫ് അകത്തേക്കു കയറാതെ പടിക്കെട്ടിൽ തന്നെയിരുന്നു. ആ സിനിമ ഇപ്പോഴും അൽത്താഫ് കണ്ടിട്ടില്ല. വിവാഹം കഴിഞ്ഞ സമയത്താണു സഖാവ് റിലീസായത്. സിനിമ തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ ‘പോകാം’ എന്നു പറഞ്ഞ് അൽത്താഫ് പുറത്തിറങ്ങി, പിന്നാലെ ഞാനും. അതിനു ശേഷം അൽത്താഫ് അഭിനയിച്ച മൂന്നു സിനിമകളേ ഞാൻ തിയറ്ററിൽ പോയി (സുഹൃത്തുക്കൾക്കൊപ്പം) കണ്ടിട്ടുള്ളൂ, പാച്ചുവും അത്ഭുതവിളക്കും, മന്ദികിനിയും പ്രേമലുവും.
മോന്റെ കാര്യങ്ങളുമായി തിരക്കിലാകുന്നതു വരെ സിനിമ തന്നെയായിരുന്നു മേഖല. ആട്ടം വരെയുള്ള സിനിമകളിൽ സബ് ടൈറ്റിലിങ് ചെയ്തു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൻ തനയ് ഇഷാനു വേണ്ടി ഇപ്പോൾ തത്കാലം ബ്രേക് എടുത്തിരിക്കുകയാണ്.
അൽത്താഫിന്റെ മനസ്സിലുള്ള കഥകൾ ആദ്യം കേൾക്കുന്നതു ഞാനാണ്. ഓടും കുതിരയുടെ കഥ പറയുമ്പോ ൾ മോൻ ജനിച്ചിട്ടു പോലുമില്ല.
നായകനാകുന്ന പുതിയ സിനിമകളെ കുറിച്ചു പറയൂ...
അൽത്താഫ് : സതീഷ് തൻവി സംവിധാനം ചെയ്ത ഇന്നസെന്റിൽ നായകവേഷമാണ്, സിനിമ സെപ്റ്റംബറിൽ റിലീസാകും. ക്യാരക്ടർ റോളുകളും ഒരുപാടുണ്ട്.
ഇപ്പോൾ അഭിനയിക്കുന്നതു നിയാസ് എഴുതി ആദിത്യ ൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പ്ലൂട്ടോയിലാണ്. അതിൽ നീരജ് മാധവിനൊപ്പം ഒരു സ്പെഷൽ കാരക്ടറാണ്. നസ്‌ലൻ നായകനാകുന്ന മോളിവുഡ് ടൈംസാണ് അടുത്തത്.
അടുത്ത സിനിമയ്ക്കു കഥയായോ?
അടുത്ത സിനിമകളുടെയൊക്കെ ത്രെഡ് മനസ്സിലുണ്ട്. നസ്‌ലൻ പ്രോജക്ടാണ് അടുത്ത സംവിധാന സംരംഭം. കൂടുതൽ വിവരങ്ങൾ വഴിയേ പറയാം.
രൂപാ ദയാബ്ജി
ഫോട്ടോ: ശ്യാം ബാബു
സ്റ്റൈലിങ്: ശ്രുതി – Gayathri Sikhamani, Shiya Narayan, Sethu Parvathy അൽത്താഫ് – Afshan
കോസ്റ്റ്യൂം : G.O.D by Mashar Hamsa