കളിമണ്ണ് സിനിമയിലെ പ്രസവരംഗവും വിവാദവുമൊക്കെ അടുത്തിടെയും ശ്വേത മേനോനെ വാർത്തകളിൽ നിറച്ചു. മലയാളത്തിന്റെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റു പദവിയിലെത്തിയ ശ്വേത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ വിഡിയോയെ കുറിച്ചും സംസാരിച്ചു.
കളിമണ്ണിലെ പ്രസവരംഗവും വിവാദവുമൊക്കെ മോളോടു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനു ശ്വേത പറഞ്ഞ മറുപടി ഇങ്ങനെ. ‘‘വിവാദങ്ങളെക്കാൾ ഏറെ സന്തോഷങ്ങൾ തന്നെ സിനിമയാണു കളിമണ്ണ്. ഗർഭിണിയായിരിക്കുമ്പോൾ വയറു കണ്ട് എല്ലാവരും പറഞ്ഞത് ആൺകുട്ടി ആകുമെന്നാണെങ്കിലും എന്റെ പ്രാർഥന മോളാകണേ എന്നായിരുന്നു. ആയിടയ്ക്കു ശ്രീയോടു പറഞ്ഞു, ‘‘ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ താലിയും ഒരു കമ്മലും രണ്ടു വളയും മാത്രം വച്ചിട്ടു ബാക്കി ഞാൻ വിൽക്കും. പെൺകുഞ്ഞാണെങ്കിൽ എന്റെ സ്വർണം മുഴുവൻ അവൾക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കും...’’
അന്നു ഷൂട്ട് ചെയ്ത പ്രസവ വിഡിയോ ഹാർഡ് ഡിസ്കിലാക്കി വച്ചിട്ടുണ്ട്. മോൾക്ക് 18 വയസ്സു പൂർത്തിയാക്കുമ്പോൾ സമ്മാനിക്കണം. പിന്നെ അന്നത്തെ പുകിലുകളൊക്കെ പറഞ്ഞു ചിരിക്കണം.’’
ടോംബോയ് ഇമേജിലൂടെ മലയാളത്തിന്റെ ‘ആൺകുട്ടി’യായി മാറിയ ശ്വേതയുടെ മകൾ സബൈനയ്ക്ക് അമ്മയുടെ സ്വഭാവമാണോ എന്നും ചോദിച്ചു. അതിന്റെ മറുപടി ഇങ്ങനെ. ‘‘മോൾക്കു ശ്രീയുടെ സ്വഭാവമാണ് കൂടുതൽ. 12 വയസ്സേ ഉള്ളൂവെങ്കിലും നല്ല പക്വതയുണ്ട്. എല്ലാവരോടും വേഗം ഇണങ്ങും. സിനിമയോട് അത്ര താത്പര്യമില്ലെങ്കിലും എന്റെ സിനിമകൾ കാണും. മറ്റു നടന്മാർക്കൊപ്പം അഭിനയിക്കുന്നത് അത്ര താത്പര്യമില്ല. ലാലീ ലാലീ... പാട്ടിൽ ബിജു മേനോൻ വയറു തടവി ഉമ്മ വയ്ക്കുന്ന സീൻ കാണുമ്പോൾ അവൾ ഇടംകണ്ണിലൂടെ അച്ഛനെ നോക്കും, ആ മുഖത്തു മാറ്റം വല്ലതുമുണ്ടോ ?
ദ് വീക്കിൽ മുംബൈ ബ്യൂറോ ചീഫായിരുന്ന, ഇപ്പോൾ ഐപിജിയിൽ (ഇന്റർ പബ്ലിക് ഗ്രൂപ്) ജോലി ചെയ്യുന്ന ശ്രീയുടെ എഴുത്തിന്റെ കുറച്ചു മോൾക്കും കിട്ടിയിട്ടുണ്ട്. നന്നായി പടവും വരയ്ക്കും. ജാപ്പനീസ് അനിമെ ആണിഷ്ടം.’’ ശ്വേത മേനോൻ പറയുന്നു. 34 വർഷത്തെ കരിയറിനിടെ നേരിട്ട വിവാദങ്ങളെ കുറിച്ചെല്ലാം ശ്വേത മേനോൻ സംസാരിക്കുന്ന അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം.