Wednesday 06 October 2021 01:00 PM IST

‘അവതാരകയും നടിയുമായി ഞാൻ മാറാൻ കാരണം ആ വാക്കുകളായിരുന്നു’, അശ്വതി ശ്രീകാന്ത് വനിതയോട്

Roopa Thayabji

Sub Editor

Aswathi-sreekanth

‘‘പദ്മയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കാൻ വിളി വന്നത്. ഓഫർ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു മാസത്തിൽ ഒന്നേ ഷൂട്ടിങ് ഉള്ളൂ, അതും നാലു ദിവസം. ‘അവസരങ്ങൾ ഇപ്പോഴേ വരൂ, നാളെ കുഞ്ഞ് വളർന്ന് അവളുടെ വഴിക്കു പോകും. അപ്പോൾ നിരാശപ്പെട്ടിട്ട് കാര്യമില്ല.’ ശ്രീയുടെ ആ ഡയലോഗാണ് വഴിത്തിരിവായത്. ദുബായിൽ നിന്ന് കുഞ്ഞുമായി പാലായിലെ വീട്ടിലേക്കു വരും. അവളെ അവിടെയാക്കി വെളുപ്പിനു പിറവത്തെ സ്റ്റുഡിയോയിലേക്കു പോകും. രാത്രി ഒരു മണിക്കാണ് പലപ്പോഴും ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ ചെന്നിരുന്നത്.

പക്ഷേ, ഷോ ഹിറ്റായി. മാസത്തിൽ മൂന്നു പ്രാവശ്യം വരെ ഷെഡ്യൂൾ വന്നു. അങ്ങനെ ഒരിക്കൽ കുഞ്ഞിനെ ദുബായിൽ നിർത്തിയിട്ട് ഷൂട്ടിങ്ങിനു വന്നു. ഫോൺ ചെയ്യുമ്പോഴെല്ലാം ഫോണിലൂടെ പദ്മയുടെ കരച്ചിൽ കേൾക്കാം. തിരികെ പോകാൻ വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ അനൗൺസ്മെന്റ്, ഫ്ലൈറ്റ് നാലു മണിക്കൂർ ഡിലേ. ലോഞ്ചിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞുപോയി. എന്റെ കരിയറിനു വേണ്ടി നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന ഓപ്ഷൻ പറഞ്ഞതും ശ്രീ ആണ്. അങ്ങനെ കൊച്ചിയിൽ ഫ്ലാറ്റ് എടുത്തു.

ക്ലാസ്മേറ്റ് പിന്നെ ലൈഫ് മേറ്റ്

പ്ലസ് വണ്ണിനു പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നു അപ്പു എന്നു ഞാൻ വിളിക്കുന്ന ശ്രീകാന്ത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രണയം പരസ്പരം തുറന്നു പറഞ്ഞത്. മൂന്നാം വർഷം പ്രേമം വീട്ടിൽ പൊക്കി. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന്, അമ്മ തലയിൽ തൊട്ടു സത്യം ചെയ്യിച്ചു. പിന്നീട് ഒന്നര വർഷം സ്വയം പ്രഖ്യാപിത ബ്രേക് അപ്. ഞാൻ കോട്ടയത്ത് എംബിഎയ്ക്കു പഠിക്കുന്നതിനിടെ ഒരു ദിവസം കൂട്ടുകാരിയുടെ നമ്പർ തപ്പിപ്പിടിച്ച് ശ്രീ വിളിച്ചു. അങ്ങനെ ‘ക്ലാസ്മേറ്റ്സ്’ റിലീസായ തിയറ്ററിൽ വച്ചു വീണ്ടും കണ്ടു. സ്ക്രീനിൽ ‘കാത്തിരുന്ന പെണ്ണല്ലേ... കാലമേറെയായില്ലേ...’ കേട്ടപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു. പ്രേമം സീരിയസ്സാണെന്നു മനസ്സിലായതോടെ എല്ലാവരെ കൊണ്ടും നല്ലതു പറയിച്ച് വിവാഹം കഴിക്കണമെന്നു വാശിയായി. ദുബായിൽ സ്വന്തം ബിസിനസ് വിജയമായ ശേഷമാണ് ശ്രീ വിവാഹാലോചനയുമായി വന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം ഒക്ടോബർ 2–15, 2021 വനിതയിൽ