Friday 25 March 2022 04:26 PM IST

‘ബ്രേക് അപ് ആകുന്നതു മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ’: രജീഷയ്ക്ക് പറയാനുള്ളത്

Roopa Thayabji

Sub Editor

rajisha-vanitha-interview

ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. സ്ത്രീകേന്ദ്രീകൃത റോളുകളിലൂടെ ഒരു സിനിമയെ തന്നെ ചുമലിലേറ്റാവുന്ന തരത്തിൽ കരിയർ ഗ്രാഫിന്റെ വളർച്ച. രജീഷ വിജയനെ പരിചയപ്പെടുത്താൻ ഈ വിശേഷണങ്ങൾ മതി.

മലയാളവും തമിഴും കടന്ന് തെലുങ്കിലെ ആദ്യ ചിത്രത്തിന്റെ സന്തോഷം പങ്കുവച്ചാണ് രജീഷ ‘വനിത’യുടെ വിമൻസ് ഡേ സ്പെഷൽ കവർ ഷൂട്ടിനെത്തിയത്. Celebrating a SHERO എന്ന തീമിൽ തനിക്കൊപ്പം പോസ് ചെയ്ത ‘ഫാൻ ബോയ്സി’നെ പ്രോത്സാഹിപ്പിച്ചും പൊട്ടിച്ചിരിച്ചും രജീഷ ഫ്രെയ്മിൽ നിറഞ്ഞു. പിന്നെ, കണ്ണിൽ കുസൃതി നിറ ച്ച് സംസാരിക്കാനിരുന്നു. ആദ്യസിനിമ മുതൽ രജീഷയുടെ ആരാധകരായ നാലു പേരായിരുന്നു ചുറ്റും. അഭിനയത്തിലെ രസങ്ങളും ഓർമകളും അവർ ചോദിക്കുമ്പോൾ ഇടയ്ക്കു സീരിയസായും ഇടയ്ക്ക് മറുചോദ്യം ചോദിച്ചും രജീഷ അവരിലൊരാളായി.

‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിലെ കമന്റുകൾ ഒക്കെ കാണുന്നുണ്ടോ?

ഞാൻ പ്രതീക്ഷിച്ചിരുന്നു, ആരെങ്കിലുമൊക്കെ എന്നോട് സിനിമ കണ്ടിട്ട് പൊട്ടിത്തെറിക്കുമെന്ന്. പക്ഷേ, വീട്ടിൽ നിന്നു പോലും പോസിറ്റീവ് റിയാക്ഷൻ ആണ് കിട്ടിയത്. വളരെ ജസ്റ്റിഫൈഡ് ആയിരുന്നു ആ ചീത്തവിളിയെന്നു തോന്നുന്നു. തമിഴ് സംവിധായിക സുധ കോങ്കാര മുതൽ വളരെ വർഷമായി സംസാരിച്ചിട്ടു പോലുമില്ലാത്ത സ്കൂൾ മേറ്റ് വരെ സിനിമ കണ്ടിട്ട് വിളിച്ചു.

ആദ്യത്തെ സിനിമയിലും സൗബിക്കയുടെ കഥാപാത്രത്തെ ഞാൻ ചീത്തവിളിക്കുന്നുണ്ട്. കോളജിൽ പഠിക്കുന്ന കാലത്ത് ബസിൽ വച്ച് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഒരാളെ നല്ല ഉറക്കെ ചീത്ത വിളിച്ചിട്ടുമുണ്ട്. സിനിമയിൽ വന്നിട്ട് ആരെയും അങ്ങനെ വിളിക്കേണ്ടി വന്നിട്ടില്ല. ഇന്ന് അതു വേണ്ടി വരുമോ എന്നു നോക്കാം...

(ഫാൻസിന്റെ പരിഭ്രമം കണ്ട് രജീഷ ഗൗരവം നടിച്ചു)

സൗഹൃദവും പ്രണയവും ടോക്സിക് ആകുന്നതും സിനിമ പറയുന്നുണ്ടല്ലൊ?

വളരെ ഫണ്ണിയായാണ് സിനിമയിൽ ഇക്കാര്യം പറയുന്നതെങ്കിലും അത്ര ചിരിച്ചു തള്ളാവുന്നതല്ല കാര്യങ്ങൾ. സ്ത്രീകളെ പൊതുസ്ഥലത്തും സോഷ്യൽ മീഡിയയിലൂടെയും അപമാനിക്കുക, ആസിഡ് ഒഴിക്കുക, കൊല്ലുക... നമ്മുടെ നാട്ടിൽ തന്നെ എത്ര സംഭവങ്ങളുണ്ട് അങ്ങനെ.

ഒരാളെ അകമഴിഞ്ഞു സ്നേഹിക്കുമ്പോൾ അവർ നമ്മുടെ സ്വാതന്ത്ര്യത്തെ തടഞ്ഞാലും ആദ്യമൊക്കെ കണ്ടില്ലെന്നു നടിക്കും. അതിന്റെ കാഠിന്യം കൂടിക്കൂടി പൊട്ടിത്തെറിക്കും മുൻപ് രക്ഷപെട്ടില്ലെങ്കിലാണ് പ്രശ്നം. ബ്രേക് അപ് ആകുന്നതും ഡിവോഴ്സ് വാങ്ങുന്നതുമൊക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ. ബന്ധം വേണ്ട എ ന്ന് ഒരാൾ പറയുമ്പോൾ എതിർവശത്തു നിൽക്കുന്ന ആ ൾക്കു പോലും അതിന്റെ കാരണവും അർഥവും പൂർണമായി മനസ്സിലാകണമെന്നില്ല.

മുൻപ് ‘സ്റ്റാൻഡ് അപി’ലും ഇതേ വിഷയം പ്രമേയമായിരുന്നു. പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലുമൊന്നും സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങൾ സമ്മതിച്ചു കൊടുക്കരുത്.

2021ൽ തമിഴ് സൂപ്പർ സ്റ്റാറുകൾക്കൊപ്പം...

‘അനുരാഗ കരിക്കിൻ വെള്ളം’ റിലീസായ കാലത്തേ തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു. കാത്തിരിപ്പ് വെറുതേയായില്ല. ധനുഷിനൊപ്പം ‘കർണനി’ലും സൂര്യയ്ക്കൊപ്പം ‘ജയ് ഭീമി’ലും കഴിഞ്ഞ വർഷം അഭിനയിച്ചു.

‘കർണനി’ലേക്ക് മാരി സർ വിളിച്ചത് ‘ജൂൺ’ കണ്ടിട്ടാണ്. ‘ഫൈനൽസി’ന്റെ ഷൂട്ടിങ്ങിനിടെ പരുക്കു പറ്റി കാലിൽ ഇരുമ്പു പ്ലേറ്റ് ഇട്ടിരിക്കുകയാണ് അപ്പോൾ. ‘യാത്ര ചെയ്യാൻ പറ്റുമോ’ എന്ന ചോദ്യത്തിനു ‘നോ’ പറയാൻ ആകില്ലായിരുന്നു. വീൽചെയറിലാണ് എയർപോർടിൽ നിന്ന് അദ്ദേഹത്തിന്റെ ഓഫിസിലെത്തിയത്.

സൂര്യ സാറിനെ പോലെ ഹംപിൾ ആയ ഒരാളെ കണ്ടിട്ടേയില്ല. നമ്മുടെ ഷോട് എടുക്കുമ്പോഴും കറക്ട് റിയാക്ഷൻ കിട്ടാനായി അദ്ദേഹം ക്യാമറയ്ക്കു പിന്നിൽ വന്നു നിൽക്കും. ലിജോമോളോടും എന്നോടും ലിജോയുടെ മോളായി അഭിനയിച്ച കുട്ടിയോടും വരെ ഇതേ ആത്മാർഥതയോടെയാണ് ഇടപെടുന്നത്. ആ പാഷൻ കണ്ടു പഠിക്കണം.

തെലുങ്ക് സിനിമയെ കുറിച്ച് പറയൂ ?

‘രാമറാവു ഓൺ ഡ്യൂട്ടി’ എന്നാണ് സിനിമയുടെ പേര്. ഷൂട്ടിങ് കഴിഞ്ഞു. പാട്ടു സീൻ എടുക്കാനായി മാർച്ച് ആദ്യം പോകും. തമിഴിൽ കാർത്തി നായകനാകുന്ന ‘സർദാറി’ന്റെ ഷൂട്ടിങ്ങും മാർച്ചിൽ തന്നെ. മലയാളത്തിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’, തൊണ്ണൂറുകളിലെ ക്യാംപസ് കഥ പറയുന്ന ‘വേദ’ എന്നീ സിനിമകളുമുണ്ട്.

അച്ഛൻ വിജയൻ ആർമി ഉദ്യോഗസ്ഥനായതു കൊണ്ട് ഞാൻ ജനിച്ചതും വളർന്നതുമൊക്കെ നോർത് ഇന്ത്യയിലാണ്. സൗത്ത് ഇന്ത്യൻ ഭാഷകളിൽ മലയാളം മാത്രമേ അറിയൂ. അതുതന്നെ വീട്ടിലിരുത്തി അമ്മ പഠിപ്പിച്ചതാണ്.

നോർത്തിൽ ജനിച്ചു വളർന്നിട്ടും ആദ്യ സിനിമയിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്. ആള് സൂപ്പർ ആണല്ലോ ?

വർഷത്തിലൊരിക്കലാണ് നാട്ടിലേക്കു വരുന്നത്. അമ്മ ഷീല ആർമി സ്കൂളിൽ ടീച്ചറായിരുന്നു. വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാവൂ എന്ന് നിർബന്ധം. ബസിന്റെ ബോർഡെങ്കിലും വായിക്കാൻ അറിയണമല്ലോ. പുണെ, ത്രിപുര, മീററ്റ്, ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലായി ഏഴു സ്കൂളുകളിൽ മാറി മാറി പഠിച്ച ശേഷം ഒൻപതാം ക്ലാസിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയയിലെത്തി. പേരാമ്പ്രയാണ് അച്ഛന്റെയും അമ്മയുടെയും നാട്.

മലയാളം പഠിച്ചതിന്റെ ഗുണം മനസ്സിലായത് സിനിമയിൽ വന്നപ്പോഴാണ്. സ്ക്രിപ്റ്റ് വായിക്കാൻ പറ്റും. പല വാക്കുകളുടെയും ഉച്ചാരണം കൃത്യമായി അറിയാം. തമിഴും തെലുങ്കും ഡയലോഗുകൾ ഇംഗ്ലിഷിൽ എഴുതി പഠിക്കുന്നതിന്റെ ബുദ്ധിമുട്ടുമില്ല.

അച്ഛൻ വീട്ടിലും പട്ടാളചിട്ടയിലായിരുന്നോ ?

തനി പട്ടാളചിട്ടയിലാണ് അച്ഛൻ ജീവിക്കുന്നത്. എന്നു ഞാൻ പറയുമ്പോൾ നിങ്ങളോർക്കും ഞങ്ങളെയും അങ്ങനെ വളർത്തിയെന്ന്. മക്കളുടെ കാര്യത്തിൽ ആ ചിട്ടകളൊന്നും നടപ്പാക്കിയിട്ടേയില്ല. അമ്മയാണ് സ്ട്രിക്ട്. പഠിപ്പിസ്റ്റായിരുന്നു ഞാൻ. 50ൽ 49 മാർക്ക് വാങ്ങിയാലും ‘എന്താ ഒരു മാർക്ക് പോയതെ’ന്ന് അമ്മ ചോദിക്കും.

സ്കൂൾ കാലത്ത് ഞാൻ പഞ്ചാബിയും ബംഗാളിയും സംസാരിക്കുമായിരുന്നു. ഇപ്പോഴും കേട്ടാൽ മനസ്സിലാകും. ഒരുപാടു ആളുകളുമായി ഇടപഴകാൻ പറ്റിയതു കൊണ്ട് ആളുകളെ എങ്ങനെ ഡീൽ ചെയ്യണം എന്നറിയാം. അ താണ് ആർമി കിഡ് ആയതിന്റെ ഗുണം. എവിടെ പോയാലും ഫൂഡും പ്രശ്നമില്ല.

പ്ലസ്ടു കാലത്ത് എല്ലാരെയും പോലെ മെഡിസിനു ത യാറെടുത്തതാണ്. മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന കസിനാണ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിനെ കുറിച്ച് പറയുന്നത്. അങ്ങനെ ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചു. പഠിത്തം കഴിഞ്ഞ പിറകേ ആങ്കറിങ്ങിലേക്കും അഭിനയത്തിലേക്കും എത്തി.

rajisha-11 ബാലഗോപാൽ, വിഷ്ണു പ്രസാദ്, കൃഷ്ണ വിജയചന്ദ്രൻ, രജീഷ വിജയൻ, ആരിഷ് റോമൽ

ജൂണിനു വേണ്ടി നീണ്ട മുടി മുറിച്ചപ്പോൾ വിഷമമായോ ?

അമ്മയുടെ മുടി കണ്ടിട്ടാണ് അച്ഛൻ ഇഷ്ടപ്പെട്ടത് എ ന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരും മുൻപ് മുടി ഒന്നു സ്റ്റൈൽ ആക്കണമെന്ന് എനിക്കു വലിയ ആഗ്രഹം. അങ്ങനെ മുടി ലെയർ കട്ട് ചെയ്തു. പക്ഷേ, വെട്ടിവെട്ടി അവർ നാലിഞ്ചോളം നീളം കുറച്ചു. വീട്ടിൽ ചെന്നപ്പോൾ അച്ഛൻ കത്തിയെടുത്തു.

ആദ്യസിനിമ കഴിഞ്ഞയുടനേ കേട്ട കഥയാണ് ‘ജൂണി’ ന്റേത്. പക്ഷേ, സ്ത്രീകഥാപാത്രം മുഖ്യവേഷത്തിൽ വരുന്ന വലിയ ബജറ്റുള്ള സിനിമയ്ക്ക് പ്രൊഡ്യൂസറെ കിട്ടാൻ വൈകി. ‘ജൂണി’നു വേണ്ടി മുടി മുറിച്ചപ്പോഴും രണ്ടാഴ്ച അച്ഛൻ പിണങ്ങിയിരുന്നു.

സിനിമയിൽ വന്ന ശേഷം ഹെയർ ഡ്രസർമാർക്കൊക്കെ വലിയ തലവേദനയാണ് എന്റെ മുടി. ഹെയർ സ്പ്രേയൊന്നും ഉപയോഗിക്കാൻ ഞാൻ സമ്മതിക്കില്ല. ഇപ്പോഴാണ് മുടി ആദ്യമായി കളർ ചെയ്തത്. ‘കീടം’ എന്ന പുതിയ ചിത്രത്തിൽ സൈബർ സെക്യൂരിറ്റി ഓഫിസറുടെ വേഷമാണ്. ആ ലുക്കിനായി വീണ്ടും മുടി വെട്ടി.

ഫൈനൽസ്, ഖൊഖോ... സ്പോർട്സ് നായിക ആണ് ?

അങ്ങനെയൊന്നും പറയല്ലേ. റൊമാന്റിക് കോമഡി, ത്രില്ലർ... പലതരം സിനിമകൾ ചെയ്തിട്ടുണ്ട്. അതിനിടയിലാണ് സ്പോർട്സ് പ്രമേയമായ സിനിമകൾ വന്നത്. ‘ജൂണി’നു വേണ്ടി പത്തു കിലോ ഭാരം കുറച്ചിരുന്ന സമയത്താണ് ‘ഫൈനൽസ്’ വന്നത്. പിന്നെയും മൂന്നു സിനിമകൾ കഴിഞ്ഞാണ് രാഹുൽ റിജി നായർ ‘ഖൊഖൊ’യുടെ കഥ പറയുന്നത്. ഒരു സാമ്യവുമില്ലാത്ത രണ്ട് കഥകളും കഥാപാത്രങ്ങളും ആയതുകൊണ്ടാണ് അതും കമ്മിറ്റ് ചെയ്തത്.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ