Saturday 21 May 2022 12:33 PM IST

‘മമ്മൂക്കയെ കണ്ടപ്പോൾ ഇനി നിക്കണോ അതോ പോണോ എന്ന അവസ്ഥയായി, അത്ര കിടു’: ഷെബിന്‍ അഭിമുഖം

Ammu Joas

Sub Editor

shebin-benson

‘ഭീഷ്മപർവ’ത്തിലെ ഏബിളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് ഷെബിൻ ബെൻസൺ

ഗോൾഡൻ എൻട്രി

ഫെയ്സ്‌ബുക്കിൽ ‘ഇടുക്കി ഗോൾഡി’ന്റെ ഒഡിഷൻ കോൾ കണ്ടപ്പോൾ തന്നെ തീരുമാനിച്ചു, എന്തായാലും ശ്രമിച്ചു നോക്കണമെന്ന്. സിനിമയോടുള്ള കൗതുകവും അദ്ഭുതവുമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. പ്ലസ് ടുക്കാരാനായ എനിക്ക് അന്ന് എറണാകുളം പട്ടണം മുംബൈ പോലാണ്. സ്വന്തം നാടായ നിലമ്പൂരിൽ നിന്ന് ട്രെയിൻ കയറി കൊച്ചിയിലെത്തി. ഒഡിഷനു പങ്കെടുത്ത് തിരികെ പോരാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് സെലക്ഷൻ ആയെന്ന കോൾ. അങ്ങനെ മണിയൻപിള്ള രാജുച്ചേട്ടന്റെ ചെറുപ്പകാലം അഭിനയിച്ചു. ആ സിനിമ വീഞ്ഞു പോലെയാണ്. അന്നു ലഭിച്ചതിനേക്കാൾ സ്നേഹം ഇപ്പോഴും കിട്ടുന്നു.

വീട്ടിലെ മറ്റൊരാൾ കൂടി

വീട്ടില്‍ നിന്ന് മറ്റൊരാൾ കൂടി സിനിമയിലുണ്ട് കേട്ടോ, അനിയൻ നെബിഷ് ബെൻസണും സിനിമയിൽ സജീവമാണ്. എന്റെ രണ്ടാമത്തെ സിനിമയായ ‘ഇയ്യോബിന്റെ പുസ്തക’ത്തിൽ ഫഹദ് ഫാസിലിന്റെ ബാല്യം അവനും കൗമാരം ഞാനുമാണ് അഭിനയിച്ചത്. പിന്നീട് ചെയ്ത ‘വർഷ’ത്തിലും ഞാനും അനിയനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘വികൃതി’യും ‘രക്ഷാധികാരി ബൈജു’വുമടക്കം കുറേ സിനിമകളിൽ നെബിഷിനു നല്ല റോളുകൾ കിട്ടി. സിനിമകളിൽ ഞങ്ങൾ രണ്ടാളും സജീവമായതോടെ കൊച്ചിയിലേക്കു താമസം മാറി. അമ്മ മറിയാമ്മയും ഞങ്ങൾക്കൊപ്പം കൊച്ചിയിലുണ്ട്. അച്ഛൻ ചാണ്ടി ബെൻസൺ ഖത്തറിലാണ്.

ആ ചേർത്തുപിടിക്കൽ

‘വർഷം’ സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂക്കയെ കണ്ട ടെൻഷനിൽ ആദ്യ ടേക്ക് തന്നെ തെറ്റിച്ചു. മമ്മൂക്ക ചേർത്തുപിടിച്ച് ‘പേടിക്കാനൊന്നുമില്ല’ എന്നു പറഞ്ഞതോടെ എല്ലാ ടെൻഷനും കാറ്റില്‍ പറന്നു. ‘ഭീഷ്മപർവ’ത്തിൽ വീണ്ടും മമ്മൂക്കയോടൊപ്പം. മമ്മൂക്ക അടിപൊളിയാണെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ഞങ്ങൾക്കു രണ്ടുപേർക്കും ‘ഒരേ പ്രായ’മാണെന്നു തോന്നും. ‘ഭീഷ്മപർവ’ത്തിന്റെ പ്രമോഷന് സ്റ്റൈലൻ ഷർട്ട് ഒക്കെയിട്ടാണ് ഞാൻ പോയത്. അവിടെച്ചെന്ന് മമ്മൂക്കയുടെ കോസ്റ്റ്യൂം കണ്ടപ്പോൾ ഇനി നിക്കണോ അതോ പോണോ എന്നായി. അത്ര കിടു.

മാസ് സിനിമ, മാസ് പ്രതികരണങ്ങൾ

ഇതുവരെ 20 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ‘ഭീഷ്മപർവ’ത്തിനു ശേഷമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമലേട്ടന്‍ (അമൽ നീരദ്) ആണ് ഈ സിനിമയിലേക്ക് വിളിക്കുന്നത്. ചെന്നു കണ്ടപ്പോൾ അഞ്ഞൂറ്റി തറവാട്ടിലെ ഇളംമുറക്കാരൻ ഏബിളിനെ എനിക്കു തന്നു. ഓരോ അഭിനേതാവിനും സ്പേസ് നൽകുന്ന സംവിധായകനാണ് അദ്ദേഹം. അഭിനയിക്കുന്നതിനിടെ ക്യാമറയ്ക്കു പിന്നിലിരുന്ന് എല്ലാം കണ്ടുപഠിക്കുന്നതും രസമാണ്. സിനിമ എന്ന പ്രോസസ്സിനോട് വല്ലാത്ത ഹരമാണെനിക്ക്. അഭിനയം ആണ് മെയിൻ എന്നതുകൊണ്ട് എല്ലാ ദിവസവും ജിമ്മില്‍ പോകും, ബാഡ്മിന്റൺ കളിക്കും. ഇടയ്ക്ക് ബോക്സിങ്ങും ഉണ്ട്.

‘അവഞ്ചേഴ്സി’ൽ ഒരവസരം ?

ചെന്നൈ എസ്ആർഎമ്മിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ ചേർന്നതു സിനിമയോടുള്ള ഇഷ്ടം കാരണമാണ്. മിക്ക വീക്കെൻഡിലും കൊച്ചിയിൽ വന്ന് ലൊക്കേഷനുകളിൽ പോയി അവസരം ചോദിക്കും. ഇപ്പോഴും അവസരങ്ങൾ ചോദിക്കാറുണ്ട്. സിനിമയ്ക്ക് നമ്മളെയല്ലല്ലോ, നമുക്കു സിനിമയല്ലേ ആവശ്യം. എ ല്ലാ ഭാഷയിലെ സിനിമകളിലേക്കും ശ്രമിക്കാറുണ്ട്. ‘അവഞ്ചേഴ്സ്’ എന്ന സിനിമയിലേക്ക് ഏഷ്യൻ ലുക്കുള്ള ചെറുപ്പക്കാരനെ തേടുന്നു എന്ന വാർത്ത കണ്ട് ഹോളിവുഡിലേക്ക് വരെ മെയിൽ അയച്ചിട്ടുണ്ട്.

സിനിമയാണ് പ്രധാനം

കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുടെയൊക്കെ ചെറുപ്പകാലം വിവിധ സിനിമകളിൽ അഭിനയിക്കാനായി. ഒരു നടനെ സംബന്ധിച്ച് പല ഷേഡുകളുള്ള കഥാപാത്രം ലഭിക്കുക എന്നതു സ്വപ്നവും ആത്മവിശ്വാസവുമാണ്. 10 കൽപനകൾ, കളി, വൈറസ് എന്നീ സിനിമകൾ അത്തരം കഥാപാത്രങ്ങൾ തന്നു. സിനിമയിലെ റോൾ ചെറുതോ വലുതോ എന്നു ചിന്തിക്കാറില്ല. നല്ല സിനിമയുടെ ഭാഗമാകുക എന്നതാണ് ലക്ഷ്യം. ടു സ്ട്രോക്, ഇരട്ട, ചാൾസ് എന്റർപ്രൈസസ്, അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. പുതിയ സിനിമയുടെ ഷൂട്ടിങ് മേയിൽ തുടങ്ങും.

അമ്മു ജൊവാസ്